ഹിമമഴയിൽ | ഭാഗം 8 | അളകനന്ദ

 

" അപ്പൂ... ഇനി ഹരിഗോവിന്ദന്മാർ നമുക്കിട്ട് എന്തെങ്കിലും വേല ഒപ്പിക്കാനാണോ . അവന്മാരായതുകൊണ്ട് എനിക്ക് തീരെ വിശ്വാസമില്ല.. "
" എനിക്കും സംശയമില്ലാതെയില്ല .. ഇങ്ങനൊരു സിറ്റുവേഷൻ ആയിപോയി.. ഇല്ലങ്കിൽ എന്റെ പട്ടി പോയേനെ അവന്മാരുടെ കാല് പിടിക്കാൻ.. "
അവൻ പറഞ്ഞു നിർത്തിയപ്പോളാണ് അതിലെ അബദ്ധം കത്തിയത്.. പിന്നിൽ മീനു അവനെ കടിച്ചു കീറാൻ പാകത്തിൽ നിൽപ്പുണ്ടായിരുന്നു..
" എന്നാലും എന്റെ മീനൂസേ .. നീ എന്തൊക്കെയാ അവരോട് ചെന്ന് ചോദിച്ചത്..? നിന്നെ പറഞ്ഞു വിട്ട എന്നെ അടിക്കണം.. "
അവൾ ആണേൽ ഇതൊക്കെ എന്ത് എന്നാ ഭാവത്തിൽ ആണ് നിൽപ്.
" ആദ്യം വേറെ എന്തെങ്കിലും സംസാരിക്കണം എന്നു നീ തന്നെയല്ലേ പറഞ്ഞത്.. ഞാൻ ഇതൊക്കെ അല്ലാതെ അവരോട് എന്ത് കാര്യം പറയാനാ..? "
" ഹോ.. എന്ത് അനുസരണയാ എന്റെ കുട്ടിയ്ക്.. പറയുന്നതിൽ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ഒരിഞ്ച് മാറില്ല.. എന്തായാലും കൊള്ളാം.. "
ആ സംസാരം അവിടെ കൊണ്ട് നിർത്തി..
രാത്രിയിൽ കിടക്കാനായി മുറിയിൽ ചെന്നപ്പോൾ ആണ് രസം..
അപ്പുവും മീനുവും കൂടി ഇരുന്നു ഭയങ്കര ഭജനയും ബഹളവും ആണ്.. പേരറിയാത്ത ദൈവങ്ങളെ വരെ വിളിച്ച് പ്രാര്ഥനയിലാ കക്ഷികൾ .. രണ്ടും ഫോണിൽ നോക്കിയാണ് ഇരിപ്പും. ഡിസ്‌പ്ലേയിൽ കൃഷ്ണനും ക്രിസ്തുവും എല്ലാരും ഉണ്ടല്ലോ..
ചോദിച്ചപ്പോൾ
പ്രേതം ഏത് റിലീജിയൻ ആണെന്ന് പറയാൻ പറ്റുല്ലല്ലോ.
അതുകൊണ്ട് ഒരു മുന്കരുതലിനു വേണ്ടിയാ പോലും..
" ആഹ്ഹ് കൊള്ളാല്ലോ.. ഒരു തട്ടത്തിൽ കുറച്ചു കർപ്പൂരം കത്തിച്ചതും ഒരു മണിയും കൂടി ഉണ്ടായിരുന്നേൽ പൂർത്തിയായേനെ .. "
" എന്നാൽ ഞാൻ താഴെ പോയി പൂജാമുറിയിൽ നിന്നെടുത്തോണ്ട് വരട്ടെ."
" എന്റെ പൊന്നു മീനുവേ.. ഞാൻ ഒന്നും പറഞ്ഞിട്ടില്ല.. നീ അവിടെ തന്നെ ഇരുന്നോ.. "
ഞാൻ തൊഴുതുകൊണ്ട് പറഞ്ഞു.. അവസാനം എന്നേം പിടിച്ചിരുത്തി .
പ്രേതം പോയിട്ട് ഒരു മനുഷ്യകുഞ്ഞുപോലും ഇനി ഈ ഭാഗത്തേയ്ക് വരില്ല.. അമ്മാതിരി തൊണ്ടകീറിയുള്ള ഒച്ചവെപ്പ് അല്ലെ രണ്ടിന്റേം..
അപ്പു നേരത്തെ പായയും തലയിണയുമൊക്കെ ആയിആണ് എത്തിയത്.
പക്ഷെ അങ്ങ് മൂലയ്ക്കാണ് കിടക്കുന്നതു.. ചോദിച്ചപ്പോൾ ഇന്നലെത്തെ പോലെ റിസ്ക് എടുക്കാൻ വയ്യാന്നു..ഹി ഹി..
അങ്ങനെ അന്നത്തെ രാത്രി സംഭവബഹുലമായി കടന്നു പോയി. പക്ഷെ അന്നു അസ്വാഭാവികമായി ഒന്നും ഉണ്ടായില്ല എന്നുള്ളത് ആശ്വാസം നൽകുന്നത് ആയിരുന്നു.
💜💜💜💜💜💜💜💜💜💜💜
രാവിലെ തൊട്ട് ഒരു മനസ്സമാധാനവുമില്ലാതെ മുറിയ്ക്കകത് അങ്ങോട്ടും ഇങ്ങോട്ടും നടപ്പായിരുന്നു ഞങ്ങളുടെ ജോലി.
ഹരിഗോവിന്ദന്മാർ എന്തായിരിക്കും ഉദ്ദേശിച്ചിരിക്കുന്നത് എന്നറിയാതെ ആകെ ടെൻഷൻ..
അവസാനം ഒന്നൂടെ ചോദിച്ചു നോകാം എന്നു തീരുമാനിച്ചു..
പക്ഷെ അവിടെങ്ങും അവരെ കണ്ടില്ല.. ഇതെവിടെ പോയി ഇവന്മാർ ഈ രാവിലെ തന്നെ..
" അമ്മായി.. ഹരിയേട്ടനും ഗോവിന്ദേട്ടനും എവടെ പോയി..? "
" ആ അറിയില്ല രേവു.. രാവിലെ തന്നെ അത്യാവശ്യമായിട്ട് എവിടെയോ പോകണം എന്നു പറഞ്ഞു ഇറങ്ങുന്നത് കണ്ടു.. എങ്ങോട്ടാണെന്ന് ചോദിച്ചിട്ട് പറഞ്ഞില്ല.. പെട്ടെന്ന് വരുമെന്ന് പറഞ്ഞു.
എന്താ മോളെ .? "
" ഒന്നുല.. അമ്മായി.. കണ്ടില്ല അതുകൊണ്ട് വെറുതെ ചോദിച്ചെന്നെ ഉള്ളൂ.. "
" ഇത് അത് തന്നെ.. !"
" എന്താടാ.. അപ്പു..? "
"അവന്മാർ മുങ്ങിയതായിരിക്കും ..ഉറപ്പാ "
" ഏയ്യ്.. അതായിരിക്കില്ലടാ .. വേറെ എന്തേലും ആവശ്യത്തിന് പോയതാവും.. "
മീനു പറഞ്ഞതു ഞാനും ശെരിവെച്ചു.. അപ്പു അലസമായി ഒന്ന് മൂളുക മാത്രം ചെയ്തു..
അമ്മായിയ്ക്കൊപ്പം അടുക്കളയിലും പറമ്പിലുമൊക്കെ അല്ലറ ചില്ലറ സഹായവുമൊക്കെ ആയി പിന്നീടുള്ള സമയം ചിലവഴിച്ചു..
വൈകിട്ട് ടീവിയും കണ്ടോണ്ട് ചായയും ചൂട് നെയ്യപ്പവും കഴിച്ചുകൊണ്ട് ഇരിക്കുന്നതിനടയിൽ ആണ് പുറത്തു കാറിന്റെ ശബ്‌ദം കേട്ടത്..
ഹരിഗോവിന്ദന്മാർ ഇപ്പോളാണോ വരുന്നത്..?. ഇതുവരെ ഇവന്മാർ എവ്ടെയാരുന്നോ എന്നോ..
കേറി വന്നതും ഞങ്ങൾ വെറുതെ ഒന്ന് നോക്കിയിട്ട് മുറിയിലേയ്ക്കു വെച്ചു പിടിക്കുന്നത് കണ്ടു.. എന്തൊക്കെയോ കെട്ടിപൊതിഞ്ഞു കൊണ്ട് വന്നിട്ടുണ്ടല്ലോ . എന്താണോ എന്തോ ആഹ് ആർക്കറിയാം.
പെര പൊളിക്കാൻ വെല്ല ബോംബോ മറ്റോ ആണോ.. ഞങ്ങളുള്ളതുകൊണ്ട് അവന്മാർ അതും ചെയ്യും അതിനപ്പുറവും ചെയ്യും..
വൈകിട്ട് നോക്കിയപ്പോൾ മീനുവും അപ്പുവും കൂടി ഓടുന്നു ചാടുന്നു ഒന്നും പറയണ്ട . എന്താ സംഭവം എന്നു വെച്ചു നോക്കിയപ്പോൾ മീനു ഭയങ്കര തൂപ്പും തുടപ്പും പൂജാമുറി വൃത്തിയാക്കലും വിളക് കഴുകലും ഒന്നും പറയണ്ട.. അപ്പു ആണേൽ കിണ്ടിയിൽ വെള്ളമെടുക്കലും പൂ പറിയ്ക്കലും ആകെപ്പാടെ ഒരു കോലാഹലം.. അപ്പോൾ ഇന്നും പൂജയും ഭജനയും ഒക്കെ ഉണ്ട്.
അമ്മായിയും അമ്മാവനും കൂടി താടിയ്ക് കൈയും കൊടുത്ത് അന്തം വിട്ട് നോക്കിനിൽപ്പുണ്ട് . പതിവില്ലാത്ത ഓരോ കാഴ്ചകൾ കണ്ട് പാവങ്ങൾ പേടിച്ചു നിൽപ്പാണ്.. എന്തായാലും ഹരിഗോവിന്ദന്മാർ ആ ഭാഗത്തു ഇല്ലാതിരുന്നത് നന്നായി.. ഇല്ലങ്കിൽ അവന്മാർ ഇപ്പോളും പറഞ്ഞേനെ ഇതുങ്ങൾക് പ്രാന്താന്ന്.
രാത്രി ആഹാരം കഴിക്കുമ്പോളും ഹരിഗോവിന്ദന്മാർ വലിയ മൈൻഡ് ഒന്നും ചെയ്തില്ല. ഞങ്ങളും നോക്കാൻ പോയില്ല.. പിന്നെ ഒരു കാര്യം പ്ലേറ്റിൽ നിന്ന് കണ്ണെടുത്താൽ അല്ലെ അവന്മാർക് ചുറ്റും ഉള്ളവരെ ഒക്കെ കാണാൻപറ്റു . ഇത് ഫുൾ കോൺസെൻട്രേഷൻ പ്ലേറ്റിലും കലത്തിലും ആണ്.. രണ്ടിന്റേം ഭാവം കണ്ടാൽ ഇതൊക്കെ ആരെങ്കിലും എടുത്തോണ്ട് ഓടുമെന്നു തോന്നിപോകും.
രാത്രിയായപ്പോളും എല്ലാം പഴയത് പോലെ തന്നെ.. അപ്പുവും മീനുവും എന്റെ ഇടതും വലതും ഇരുന്ന് പ്രാർത്ഥന തന്നെ..
" കുറച്ചു നേരമെങ്കിലും രണ്ടും എനിക്ക് ഇച്ചിരി സ്വസ്ഥത .. താ.. "
പിന്നെ വലിയ കുഴപ്പം ഇല്ലായിരുന്നു.. 11 മണിയായിട്ടും ഹരിഗോവിന്ദന്മാരുടെ അടുത്ത് നിന്ന് നോ റെസ്പോൺസ്..
ഇനിയിപ്പോൾ അവന്മാരോട് പോയി പണിനോക്കട്ടെ എന്നും പറഞ്ഞു കിടക്കാൻ തുടങ്ങിയതും ഫോൺ റിങ് ചെയ്തു..
ഹരികുട്ടൻ ആയിരുന്നു..
ബാൽക്കണിയുടെ അടുത്തേക് ചെല്ലാൻ..
ഫോൺ കട്ട്‌ ചെയ്ത് ഞാൻ അവിടെ തന്നെ ഇരുന്നു.. പോകണോ വേണ്ടയോ എന്നായി അപ്പോൾ ആലോചന..സത്യം പറഞ്ഞാൽ മൂന്നുപേർക്കും അപ്പോൾ പോകണം എന്നില്ലായിരുന്നു . പിന്നെ എന്തും വരട്ടെ എന്ന ചിന്തയായി . കറന്റ്‌ എപ്പോളോ പോയിരുന്നു.
മഴയ്ക്കുള്ള തയ്യാറെടുപ്പിനായി ആകാശവും ഒരുങ്ങി നില്പുണ്ട്.. ആകെപാടെ ഒരു പന്തികേട്..
ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു.. ഒരു ധൈര്യത്തിനായി അപ്പുവിന്റെ കൈയിൽ ചേർത്ത് പിടിച്ചു.. ഒപ്പം മീനുവും.. ആരു വാതിൽ തുറക്കും എന്നതിൽ തന്നെ അവിടെ ഒരു യുദ്ധം നടന്നു. പിന്നെ മൂന്നുപേരുടെ ഒരുമിച്ച് തന്നെ തുറക്കാം എന്നായി..
നടക്കുന്നതിനനസരിച് കാൽ പിന്നോട്ട് വലിക്കുന്നത് പോലെ.. വേഗത പോരാതെ ആയി.. എങ്ങനെയോ ബാൽക്കണി വരെ എത്തി.
എമർജൻസി ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ടു ഇളിച്ചോണ്ടിരിക്കുന്ന ഹരിഗോവിന്ദന്മാരെ.. സത്യം പറഞ്ഞാൽ അതുങ്ങളെ കണ്ടപ്പോളാ ഉള്ളിലെ പേടി ഇരട്ടിച്ചത്.
ഞങ്ങൾ അടുത്തേക് ചെന്നതും ഗോവിന്ദ് ലൈറ്റ് ഓഫ്‌ ചെയ്തതും ഒരുമിച്ചായിരുന്നു.. പെട്ടെന്നുള്ള ഇരുട്ടിൽ ആകെ പേടിച്ചു പോയി.. മീനു നിലവിളിക്കുന്നതിനു മുൻപേ അപ്പു വാ പൊതികളഞ്ഞിരുന്നു .ഇല്ലങ്കിൽ താഴെ അമ്മായിയും അമ്മാവനും ഒക്കെ ഉണർന്നേനേം .. മരുന്നുകൾ കഴിക്കുന്നവരായതുകൊണ്ട് അതിന്റെ ക്ഷീണം കൊണ്ട് നല്ല മയക്കം ആകും.. എന്നാലും..
അപ്പോളേക്കും ഹരിയേട്ടൻ ഒരു മെഴുകുതിരി കത്തിച്ചിരുന്നു . അതിന്റെ അരണ്ട വെളിച്ചം മാത്രം അവിടെ തങ്ങി നിന്നു.
" അയ്യേ.. ഈ ഇരുട്ടത്ത് ക്യാരംസ് കളിയ്ക്കാനാണോ ഇവന്മാർ നമ്മളെ ഈ പാതിരാത്രി ഇങ്ങോട്ട് വിളിച്ചത്..? "
അപ്പു പറയുന്നത് കേട്ടാണ് ഹരിഗോവിന്ദന്മാർക് മുന്നിലെ ടേബിളിലേയ്ക് നോക്കിയത്.. ഈ സാധനം.. ഞാൻ എവിടെയോ.. അതേ.. അത് തന്നെ..
" എടാ.. പൊട്ടാ.. അത് ക്യാരംസ് ബോർഡ്‌ അല്ല.. സൂക്ഷിച്ചു നോക്കി.. ഓജോ ബോർഡ്‌ ആണ്..!!!"
പറഞ്ഞു നിർത്തിയതും.. അയ്യോ..അമ്മേ എന്നു നിലവിളിച്ചോണ്ട് അവൻ വന്നവഴിയെ തിരിഞ്ഞോടാൻ തുടങ്ങി.. ഒരു വിധം പിടിച്ചു നിർത്തിയതും മീനുവിനെ നോക്കിയപ്പോൾ ദാ.. അവൾ എപ്പോഴേ നിലംപൊത്തിയിരുന്നു.. അതിനേം വലിച്ചു പൊക്കി മുന്നോട്ട് നടക്കുമ്പോൾ അപ്പുവിന്റെ മുട്ടിയ്ക്കുന്ന ശബ്‌ദമാണോ എന്റെ നെഞ്ചിടിക്കുന്ന ശബ്‌ദം ആണോ മുഴങ്ങി കേൾക്കുന്നത് എന്നറിയാത്ത കൺഫ്യൂഷനിൽ ആയിരുന്നു ഞാൻ..
" വാ.. വാ ഇരിക്.. "
ഹരിയേട്ടൻ അടുത്തുള്ള കസേര നീക്കിയിട്ടു തന്നു.. ഞാൻ അപ്പുവിനെ പിടിച്ചു അതിൽ ഇരുത്തി.. അവനല്ലാരുന്നോ ഹരിഗോവിന്ദന്മാരോട് പറയാൻ മുട്ടിയിരുന്നത്..
മീനുവിനെ ഗോവിന്ദിന്റെ അടുത്തുള്ള ചെയറിൽ ചാരി വെച്ചു.
" ഒന്ന് നോക്കിക്കോണേ.. കണ്ണ് തുറന്നു വെച്ചിട്ടുണ്ടെന്നേയുള്ളു.. "
ഗോവിന്ദിനോട് പറഞ്ഞിട്ട് ഞാൻ അടുത്തുള്ള സ്റ്റൂൾ നീക്കിയിട്ട് മീനുവിനും അപ്പുവിനും ഇടയിൽ ആയി ഇരുന്നു..
"ഹ്.. ഹരിയേട്ടാ.. ഇതൊക്കെ എന്താ..? "
" ഇതെന്താണെന്ന് നിനക്കറിയില്ലേ .ഇത് ഓജോ ബോർഡ്‌.. സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ....? "
" അല്ല.. ഇതെന്തിനാ ഇപ്പോൾ ഇവിടെ..? "
തൊണ്ടയിലെ വെളളം വറ്റിയിരുന്നു.
" നിങ്ങൾക് അല്ലെ ഇവിടെ ആത്മാവ് ഉണ്ടോന്ന് സംശയം.. അത് നമുക്ക് ഇപ്പോൾ ശെരിയാകാം.. "
ദൈവമേ ഇയാൾ ഇതെന്തു ഭാവിച്ചാ..സിനിമയിൽ ഒക്കെ കാണുന്നത് പോലെ ഇതിൽ വെല്ല സത്യം ഉണ്ടാവുമോ.. ഇതിപ്പോൾ വഴിയിൽ കൂടി പോയ ഗോസ്റ്റിനെ കൈകാട്ടി വിളിച്ച് വീട്ടിൽ കേറ്റിയപോലെ ആവുമല്ലോ..
" എനിക്കൊരു സംശയവുമില്ല.. ഞാൻ പൊക്കോട്ടെ..? "
" എടാ.. കാലാ.. അവസാനം കാലുമാറുന്നോ..? "
ഞാൻ അപ്പുവിന്റെ കൈയിൽ ഞെക്കി.
ഹരിഗോവിന്ദന്മാർ തമ്മിൽ തമ്മിൽ നോക്കി കണ്ണും കൈയും വെച് കഥകളി കാണിക്കുന്നുണ്ട്.
" വൺ മിനുട്ട്.. ഞാൻ ഇപ്പോൾ വരാം.. "
ഗോവിന്ദൻ എഴുന്നേറ്റ് പോകുന്നത് കണ്ടു.. ഇയാൾ ഇതിപ്പോൾ എവടെ പോയതാ..
" എടി.. പ്രേതം വെല്ലോം വന്നാൽ എന്തേലും ചെയ്യുവോ..? "
" ഏയ്യ്.. ഒന്നും ചെയ്യൂല.. പിടിച്ചു ഉമ്മ വെക്കും... ഒന്ന് മിണ്ടാതിരിയ്ക്കേടാ"
അല്പസമയം കഴിഞ്ഞു ഗോവിന്ദ് അതേപോലെ തിരികെ വരികയും ചെയ്തു.
" അപ്പോൾ നമുക്ക് തുടങ്ങാം.. എന്തെ..? "
എന്ത് തുടങ്ങാം എന്നാണോ എന്തോ.. എല്ലാം അവസാനിക്കാൻ പോവല്ലേ.. ഇയാൾ ഞങ്ങളേം ആത്മാക്കൾ ആക്കാനുള്ള പരിപാടിയാണോ
പെട്ടെന്നായിരുന്നു ഒരു വലിയ ഇടി മുഴങ്ങിയത് ഒപ്പം മിന്നൽ പിണറും.. !
അപ്രതീക്ഷിതമായിരുന്നതിനാൽ മൂന്നും പേടിച്ചരണ്ട് ചേർന്നിരുന്നു.
ഒപ്പം എന്തൊക്കെയോ അപശബ്തങ്ങളും.. വിറച്ചിട്ടാണെങ്കിൽ ഇരിക്കാനും നിൽക്കാനും വയ്യാ.
ഹരിയും ഗോവിന്ദും അവർ കാണാതെ തമ്മിൽ നോക്കി ചിരിക്കുന്നുണ്ട്.
" വെയിറ്റ്... "
അപ്പുവാണ്..
എന്തിനാണോ എന്തോ.. ഓടാൻ ആയിരിക്കുവോ..
"എടാ മോനെ ഇതൊന്നും വേണ്ടാന്ന് പറയെടാ.. നിനക്ക് പുണ്യം കിട്ടും. "
അവൻ ഞാൻ പറയുന്നതൊന്നും കേൾക്കാതെ എന്തോ തപ്പുവാ. അവസാനം പോക്കറ്റിൽ നിന്ന് ചെറിയൊരു കൃഷ്ണ വിഗ്രഹം എടുത്തുവെച്ചു. അതിൽ നോക്കി ഭയങ്കര പ്രാർത്ഥനയും.. ഈശ്വരാ അമ്മായിയുടെ പൂജാമുറിയിൽ നിന്ന് അടിച്ചു മാറ്റിയതാണെന്ന് തോന്നുന്നു.
ഹരിഗോവിന്ദന്മാർ ആണേൽ ഇതൊക്കെ എന്തോന്നാ എന്നാ ഭാവത്തിൽ ഇരുപ്പുണ്ട്..
" എടാ.. എടാ.. മതി മതി.. "
" കഴിഞ്ഞോ..? അപ്പോൾ നിങ്ങളിൽ ആരെങ്കിലും ഈ കോയിൻ പിടിയ്ക്.. എന്നിട്ട് ഞാൻ പറയുന്നപോലെ ചെയ്യണം.. ഓക്കേ"
മ്മ് ഞങ്ങള്ക്ക് അറിയാം.. ഗുഡ് സ്പിരിറ്റ്‌ പ്ലീസ് കം അങ്ങനെ പറയാൻ അല്ലെ.. നടക്കില്ല മോനെ ഹരികുട്ടാ നടക്കില്ല.
ഗുഡ് ഒന്നും അല്ല വരുന്നതെങ്കിൽ തീർന്ന്.
ഹരികുട്ടൻ പറയുന്നത് കേട്ട് ഞങ്ങളുടെ കാറ്റ് പോകുന്നത് പോലെയാ തോന്നിയത്.. ഇയാൾക്കു ചെന്നൈയിൽ ഇതായിരുന്നോ പണി..
" ഞങ്ങളോ.. !!"
" ആഹ്ഹ് നിങ്ങളല്ലേ കണ്ടത്.. അപ്പോൾ മനസ്സ് കോണ്സന്ട്രേറ്റ് ചെയ്ത് ആ സ്പിരിറ്റിനെ വിളിക്ക് . "
" എന്റെ പൊന്നോ... നിങ്ങളിതെന്തൊക്കെയാ മനുഷ്യാ ഈ പറയുന്നേ..മനസ്സിൽ വിചാരിച് വിളിച്ചാൽ ഉടനെ വരാൻ ഞാൻ കണ്ടത് എന്റെ കുഞ്ഞമ്മേടെ മോനെ ഒന്നുവല്ല. . പ്രേതവാടോ പ്രേതം... "
" അപ്പോൾ നിങ്ങൾക് കാണണ്ടേ..? "
" എനിക്ക് കാണണ്ട.. ദോ.. അവന്റെ കൈയിൽ കൊടുക്.. അവനായിരുന്നു നിർബന്ധം.. "
ഞാൻ അപ്പുവിനെ ചൂണ്ടി..
" എനിക്കെങ്ങും വേണ്ട.
എനിക്കെന്റെ അമ്മെ കണ്ടാൽ മതിയേ..."
അവനും ഒഴിഞ്ഞു.
" ആഹ്ഹ് അതുകൊള്ളാല്ലോ.. നിനക്കൊക്കെ അല്ലായിരുന്നോ ഇവടെ പ്രേതം ഭൂതം ഒക്കെ ഉണ്ടോന്നു സംശയം.. ഇപ്പോൾ എന്താ എല്ലാം മാഞ്ഞു പോയോ..? "
ഹരികുട്ടൻ ദേഷ്യപെടുന്നുണ്ട്.. അതും പറഞ്ഞു ഹരിയേട്ടൻ ആ കോയിൻ ആ ബോര്ഡിലേയ്ക് ഇട്ടതും കത്തിച്ചുവെച്ചിരുന്ന മെഴുകു തിരികൾ അണഞ്ഞു പോയി.. ഒരില പോലും അനങ്ങുന്നില്ല.. പിന്നെങ്ങെനെയാ.. !
അതുടെ ആയപോളെക്കും പിന്നെ പറയണ്ട
മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങ വീണെന്ന് പറഞ്ഞത് പോലെ കൂട്ടക്കരച്ചിൽ ആയി.
"എനിയ്ക്കാരേം കാണേണ്ടയെ.. എനിക്ക് വീട്ടിൽ പോയാൽ മതിയേ..എന്നെ കൊണ്ട് വിടോ "
" എടി.. പ്രേതം വെല്ലോം വന്നാൽ എന്ത് ചെയ്യും..? " കരയുന്നതിനിടയിലും അവളുടെ ഒരു ഉണക്ക സംശയം..
" വന്നാൽ കേറ്റിയിരുത്തി ഒരു ബിരിയാണി വാങ്ങി് കൊടുക്കെടി "
ഹല്ല പിന്നെ.. മനിഷ്യനിവിടെ പ്രാന്ത് പിടിച്ചിരിക്കുമ്പോളാ അവളുടെ ഒലക്കേമേലെ സംശയം.
" ഇത് വഴി മരിച്ചു പോയ ആരെ വേണേലും കാണാൻ പറ്റുവോ.. സംസാരിക്കാനൊക്കെ പറ്റുവോ..? "
അപ്പുവിന്റെയാണ് അടുത്ത സംശയം.. ഇവന് മതിയായില്ലേ..
" മ്മ്മ്... ഈ കോയിൻ ഓരോ ലെറ്റേഴ്സലൈക് നീങ്ങുമ്പോൾ അത് കൂട്ടിവായിച്ചാൽ മതി.. "
" അപ്പോൾ എന്റെ അമ്മുവിനോടും പറ്റുവോ..? "
അത് പറയുമ്പോൾ അപ്പുവിന്റെ മുഖത്ത് ദുഃഖം നിറഞ്ഞു. ഞാനും വല്ലാതെ ആയി..
മീനു ഇപ്പോൾ കരയും എന്ന അവസ്ഥയായി.
അവൻ ദീർഘനിശ്വാസത്തോടെ ചോദിച്ചത് കേട്ടപ്പോൾ ഹരിഗോവിന്ദന്മാരുടെ മുഖവും മാറി.. എന്തോ ഗൗരവമുള്ളതാണെന്ന് അവർക്കും മനസ്സിലായി എന്നു തോന്നുന്നു.
" എങ്ങനെയാ.. മരിച്ചത് ..? "
ഹരിയേട്ടൻ വളരെ പതിഞ്ഞ ശബ്‌ദത്തോടെയാണ് ചോദിച്ചത്..
" ആക്‌സിഡന്റ് ആയിരുന്നു.. "
അപ്പുവിന്റെ ശബ്‌ദം ഇടറി .. എന്തോ ആ അന്തരീക്ഷം തന്നെ ആകെ മൂകമായി..
" പക്ഷെ അവൾക് ഇംഗ്ലീഷ് അറിയില്ല.. പിന്നെങ്ങനെയാ..? !"
അപ്പു കോയിൻ കൈയിലെടുത്തു ബോര്ഡിലെ അൽഫബെറ്റ്സിലേയ്ക് നോക്കി..
അവൻ പറയുന്നത് കേട്ട് ഹരിഗോവിന്ദന്മാർ മുഖത്തോട് മുഖം നോക്കുന്നുണ്ട്..
" എന്റെ പൊന്നു ഹരിയേട്ടാ.. ഈ അമ്മു എന്നു പറയുന്നത് ആരാന്നു കരുതിയാ ..? "
" ആ.. ഇവന്റെ ഗേൾഫ്രണ്ട് ആയിരുന്നോ..? "
" ഒലക്കയാ.. അത് ഇവൻ വളർത്തിയ ഒരു പരട്ട പൂച്ചയാ..
ഇവന് വെച്ചിരുന്ന മത്തി വറുത്തത് എടുതു കഴിച്ചെന്നു പറഞ്ഞു ഒരു ദാക്ഷണ്യവുമില്ലാതെ കരിങ്കല്ലും വെച്ചു അതിനെ എറിഞ്ഞു കൊന്നതാ ഈ പന്നി.. എന്നിട്ട് അവന്റെ ഒടുക്കത്തെ ഒരു സെന്റിമെൻസും "
പിന്നല്ലാതെ.. എനിക്കാണേൽ കലി വരുന്നുണ്ടായിരുന്നു.. മനുഷ്യൻ ഇവിടെ ചാകാൻ കിടക്കുമ്പോളാ..
" നോ.... ! കരിങ്കല്ല് അല്ല.. ഇഷ്ടിക.. "
ഹോ എത്ര സത്യസന്ധൻ
" നീ എഴുന്നേറ്റ് പോടാ കാട്ടുമാക്കാനേ . "
" നീ പോടീ കാക്കത്തലച്ചി .. "
" നീ പോടാ...മ..മ മത്തങ്ങാതലയാ.."
. ഇതിപ്പോൾ പ്രേതത്തേക്കാൾ മുൻപേ ഇവൻ എന്നെ കൊല്ലുമെന്നുള്ള അവസ്ഥയായാലോ.
" മത്തിയ്ക്ക് ഇത്രേം വില കൂടിയ ഈ സമയത്ത് ഞാൻ ചെയ്തത് ഒരു തെറ്റാണോ.. ആണോ ഹരിയേട്ടാ.. പറ."
" എടാ. ഹരി.. ഇതൊക്കെ എന്തിന്റെ കുഞ്ഞാടാ..? വട്ട് മൂത്താൽ ഇങ്ങനേം ആവുമോ..? "
ഹരിയാണേൽ ഇപ്പോളും കിളി പോയി ഇരിക്കുവാ..
"ഇതിപ്പോൾ പണികൊടുക്കാൻ ഇറങ്ങിത്തിരിച്ചിട്ട് ഇതുങ്ങൾ നമ്മളെ പെട്ടിലടയ്ക്കുന്ന അവസ്ഥയായല്ലോ.."
" എടാ.. നമ്മുടെ ഭാഗത്തും ഉണ്ട് തെറ്റ്.. പണി കൊടുത്താൽ അറ്റ്ലീസ്റ്റ് അത് മനസ്സിലാവാനുള്ള ബുദ്ധി എങ്കിലും വേണം.. അതുപോലും ഇല്ലാത്ത ഇതുങ്ങളോട് ഇനി പറഞ്ഞിട്ടൊന്നും കാര്യമില്ല.. നമുക്ക് സൈഡ് വഴി മുങ്ങിയാലോ..? "
ഗോവിന്ദൻ പറയുന്നത് കേട്ട് ഹരി അവനെ നോക്കി പല്ല് കടിച്ചു.
" എടാ.. ഹരി.. ഇതുങ്ങളെ പിടിച്ചു മാറ്റുന്നുണ്ടോ.. ഇല്ലങ്കിൽ ഇതിലൊരാൾ ഇപ്പോൾ ആത്മാവ് ആവും.. "
ഗോവിന്ദ് പറയുന്നത് കേട്ട് നോക്കിയപ്പോൾ അവിടെ രേവുവും അപ്പുവും കൂടി മുടിഞ്ഞ അടി.. രണ്ടും തമ്മിൽ തമ്മിൽ കഴുത്തിൽ പിടി മുറുകിയിട്ടുണ്ട്..
"മുടിയിൽ നിന്ന് വിടെടാ ഉണ്ടക്കണ്ണാ... "
" ഉണ്ടക്കണ്ണൻ നിന്റെ... "
" നീ ഇതുങ്ങളെ സമാധാനിപ്പിക് ഞാൻ ഇപ്പോൾ വരാമേ.. "
ഗോവിന്ദൻ മുങ്ങി.
ഹരിയാണേൽ രണ്ടിനേം പിടിച്ചു മാറ്റുന്ന തിരക്കിലാണ്..
എന്റെ പൊന്നോ.. ഓജോ ബോർഡും പ്രേതവും എല്ലാം മറന്നു പോയി...നട്ടപ്പാതിരയാണെന്ന് പോലും നോക്കാതെ അടിയോടടിആയിരുന്നു..
എന്റമ്മോ പുത്തരിക്കണ്ടം മൈതാനത്തിൽ പൊരിഞ്ഞ അടി.. !!🤭
അതിനിടയിൽ കേറി വന്ന ഹരിയേട്ടനും ഭേഷായിട്ട് കിട്ടുന്നുണ്ട്..
" അയ്യോ.... "
ഗോവിന്ദന്റെ നിലവിളി കേട്ടാണ് പിന്നെ ഞങ്ങള്ക്ക് ബോധം വന്നത്.. ഹരിയേട്ടന് പിന്നാലെ ഞങ്ങൾ മൂന്നും ഓടി..
ഗോവണിയുടെ കീഴിൽ അനക്കം കേട്ട് അങ്ങോട്ടേയ്ക് നടന്നു.. ആകെ ഇരുട്ടാണ്..
പെട്ടെന്ന് കറന്റ്‌ വന്നു.
തലയും പൊത്തി പിടിച്ചു നിൽക്കുന്ന ഗോവിന്ദിനെയാണ് കണ്ടത്..
" ഗോവിന്ദേ.. എന്താടാ.. എന്തുപറ്റി..?
തല ചെറുതായി പൊട്ടി ചോര പൊടിയുന്നുണ്ടായിരുന്നു.
" ഹരി.. ദാ.. നോക്കിക്കേ.. "നിലത്തു കിടന്നു ഒരു കല്ലെടുത്തു കൊണ്ട് ഗോവിന്ദ് പറഞ്ഞു.
" ആരോ എറിഞ്ഞതാടാ.. ജനൽ വഴി.. ഒരു നിഴലനക്കം ഞാൻ കണ്ടതാ.., "
" ആര് ..? "
" സത്യം പറ.. നിങ്ങളിൽ ആരോ അല്ലെ..? "
ദാ ഗോവിന്ദൻ ഞങ്ങളുടെ നേരെ തിരിഞ്ഞു.
ആഹ്ഹ് ബെസ്റ്റ് കട്ടവനെ കിട്ടിയില്ലങ്കിൽ കിട്ടിയവനെ പിടിക്കുന്നോ..
" ഞങ്ങൾ ആരാടോ.. കുമ്പിടിയോ.. മുകളിൽ നിന്ന ഞങ്ങൾ എങ്ങനെയാടോ പുറത്ത് നിന്ന് തന്നെ എറിയുന്നേ..? "
" അത് സത്യമാണല്ലോ.. പിന്നെ ആരാടാ ഹരി..? "ഗോവിന്ദിന്റെ ശബ്ദത്തിൽ ചെറിയ പേടി കലർന്നിരുന്നു. ഹരിയേട്ടനും മറുപടി ഉണ്ടായിരുന്നില്ല..
" അയ്യോ.. പ്രേതം.... "
അത്രേം നേരം കിളിപോയി നിന്നിരുന്ന മീനുവിന്റെ അലർച്ച കേട്ട് എല്ലാവരും ഒരുപോലെ ഞെട്ടി.. പൊടുന്നനെ.. മിന്നി മിന്നി ലൈറ്റ് എല്ലാം ഓഫായി. ചുറ്റും നിൽക്കുന്നവരുടെ ഉയർന്ന ശ്വാസഗതി മാത്രമേ കേൾക്കാനുള്ളു..
തമ്മിൽ തമ്മിൽ കൈകോർത്തു പിടിച്ചു എല്ലാരും നിശ്ചലമായി..
കാലിലൂടെ എന്തോ ഇഴഞ്ഞു നീങ്ങുന്നത് പോലെ തോന്നിയപോൾ കാലും കുടഞ്ഞു അയ്യോന്നു നിലവിളിച്ചോണ്ട് ഞാൻ ഇരുട്ടത് തേരാ പാര ഓടി. പിന്നെ അവിടെ എന്തൊക്കെയാ നടന്നതെന്നു എനിക്കറിയില്ല.. എല്ലാരും എന്റെ അമ്മച്ചിന്നു വിളിച്ചോണ്ട് തെക്കോട്ടും വടക്കോട്ടും ചിതറി ഓടി..
അപ്പു ഓടി ചെന്നു ജനലിന്റെ അഴിയിൽ അള്ളിപിടിച്ചിരുന്നു.. അവന് പിന്നെ മരംകേറ്റത്തിൽ പി ഏച് ഡി ഉള്ളോണ്ട് കുഴപ്പമില്ല.ഇതൊക്കെ നിസ്സാരം .
മീനു അടുത്ത് കണ്ട സോഫയ്ക്കടിയിലും..
ഗോവിന്ദൻ ഹാളിലെ ഭരണിയ്യ്ക്കകത്തും.
ഹരികുട്ടനെ സത്യം പറയാലോ ഞാൻ കണ്ടില്ല.
വരുന്നത് വരട്ടെ എന്നു കരുതി
ഓടി ചെന്ന് മുന്പിലെ വാതിൽ തുറന്നു ഓടാൻ തുനിഞ്ഞപ്പോൾ മുൻപിൽ അതാ ഒരു സ്ത്രീരൂപം..!!
ആരാ എവിടുന്നാ എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു.. എന്തുചെയ്യാനാ കഷ്ടകാലം പിടിക്കാൻ അപ്പോളേക്കും എന്റെ ബോധം പോയി..
💜💜💜💜💜💜💜💜💜💜
" രേവു.. മോളെ.. കണ്ണ് തുറക്ക്.. "
മുഖത്ത് ശക്തിയായി വെളളം പതിച്ചപ്പോഴാണ് കണ്ണ് തുറന്നത്.. ചുറ്റും എല്ലാരും ഉണ്ടായിരുന്നു.. ദാണ്ടെ
കുറച്ചു മുൻപ് കണ്ട ആ പെണ്ണ് അതേ പോലെ മുൻപിൽ നില്കുന്നു..
" അയ്യോ... പ്രേതം... "
" എടി...എടി.. അത് വേദികയാ... "പിന്നേം ബോധം പോകുന്നതിനു മുൻപ് മീനു പറഞ്ഞു.. കണ്ണ് തിരുമ്മി ഒന്നുകൂടി നോക്കി..
ഹോ.. ഇവളായിരുന്നോ!! ഇവളെക്കാൾ ഭേദം വെല്ല യക്ഷിയായിരുന്നു..
ഇത് മറുത അല്ലെ.. ആനമറുത..
ഈ കുരിശും കുറ്റിയും പറിച്ചോണ്ട് ഇങ്ങോട്ട് വന്നോ ഈശ്വരാ..
ഇത് വേദിക.. അമ്മായിയുടെ ആങ്ങളയുടെ മോളാ.. ഞങ്ങളുടെ ബദ്ധശത്രു.. പണ്ടേ ആ പെണ്ണിനെ ഞങ്ങള്ക് കണ്ടുകൂടാ.. അവൾക്കു ഞങ്ങളേം..
ഇതിപ്പോൾ ഞങ്ങൾ ഇവിടെ ഉണ്ടെന്ന് അറിഞ്ഞുള്ള വരവായിരിക്കും അവളുടെ മുഖം ഒരു കൊട്ട ഉണ്ട്.. ഹും.. ഞങ്ങളും പുച്ഛത്തോടെ മുഖം തിരിച്ചു.. അവൾക് മാത്രേ പറ്റുള്ളോ ..
" വേദിക.. താൻ എന്താ ഈ നേരത്ത്..? "
" വൈകിട്ട് വരണ്ടതായിരുന്നു.. വഴിയിൽ വെച് വണ്ടി ഒന്ന് ബ്രേക്ക്‌ ഡൌൺ ആയി ഹരി.. അതാ ഇത്ര ലേറ്റ് ആയതു.."
ഞാഞ്ഞയിപ്പോയി.. ഹും.
ഗോവിന്ദ് അവളെയും കൈയിലിരുന്ന കല്ലിലോട്ടും മാറി മാറി നോക്കുന്നുണ്ട്..
ഇനി ഇവളെങ്ങാനും... "! ഏയ്.. ആയിരിക്കില്ല..
എല്ലാവരോടും പോയി കിടക്കാൻ പറഞ്ഞിട്ട് അമ്മായി വേദികയും കൂട്ടി മുറിയിലേയ്ക്കു പോകുന്നത് കണ്ടു.. അവൾ തിരിഞ്ഞു നോക്കി കലിപ്പിക്കുന്നുണ്ടല്ലോ.. എന്തിനാണോ എന്തോ..
ആഹ്ഹ് ഒരു കണക്കിന് ഈ മാരണം വന്നത് കൊണ്ട് അമ്മായി ഇവിടെ നടന്നതൊന്നും കൂടുതൽ ചോദിക്കാൻ വന്നില്ല.. അതെന്തായാലും രക്ഷയായി.
" നന്ദിയുണ്ട്.. വളരെ നന്ദിയുണ്ട്.. എടുത്തോണ്ട് പൊക്കോണം.. ഓജോ ബോർഡ്‌.. ഒലക്കേടെ മൂട്.. "
ഹരിഗോവിന്ദന്മാരുടെ കിളികളും ഏകദേശം രാജ്യം വിട്ട കണക്കാണ്.. നിൽപ് കണ്ടിട്ട്..
" ഇനി നിന്നോട്.. നിനക്ക് അടിക്കണമെങ്കിൽ ഇപ്പോൾ ഈ പോസിൽ ചെയ്തോണം.. അതല്ല.. എഴുന്നേറ്റ് നിർത്തി അടിക്കാനാണ് പ്ലാൻ എങ്കിൽ..? "
അപ്പുവിനെ നോക്കി പറഞ്ഞു.
" എങ്കിൽ..? "
" എന്നെകൊണ്ട് വയ്യാ.. അതുകൊണ്ടാ.. "
അവസാനം അപ്പുവും മീനുവും കൂടി താങ്ങിയെടുത്തോണ്ട് പോയി.
ഇവിടെ വന്നതിൽ പിന്നെ മനുഷ്യൻ രണ്ടു ദിവസത്തിൽ കൂടുതൽ നേരെ നിന്നിട്ടില്ല.. അതിനുമുമ്പേ ആരെങ്കിലും അടിച്ചിടും.. എന്ത് ദ്രാവിഡാണ് ദൈവമേ..
💜💜💜💜💜💜💜
രാവിലെ ചായ കുടിച്ചുകൊണ്ട്
അടുക്കള വാതിൽക്കൽ നിൽക്കുകയായിരുന്നു..
" മോളെ.."
" ആഹ്ഹ് എന്താ അമ്മായി...? "
" രേവു.. മോളിൽ ബാൽക്കണിയ്ക് വടക്കുഭാഗത്തെ മുറിയില്ലേ.. ശ്രീനിയുടെ.അത് ഒന്നു തുറന്നിട്ടേക്കണേ.. അവൻ പോയപ്പോൾ പൂട്ടിയതാ.. ജനൽ ഒക്കെ തുറന്നിട്ടേക് ഒന്ന് കാറ്റ് കേറട്ടെ.. അവൻ നാളെ വരുവല്ലേ.. "
" ശെരി അമ്മായി.. താക്കോലോ..? "
"താക്കോൽ ഞാൻ ഇപ്പോ എടുത്ത് തരാം . രാവിലത്തേയ്ക് ഉള്ളത് എന്തേലും ഒന്ന് ഒരുക്കട്ടെ . എന്നിട്ട് വേണം അതിനകം വൃത്തിയാക്കാൻ . "
" മ്മ്... "
അമ്മായി കൊണ്ട് തന്ന താക്കോലുമായി ഞാൻ മുകളിലേയ്ക്കു പോയി..
ഹാളിൽ അപ്പു ഇരുന്നു ടീവി കാണുന്നുണ്ട് .. മീനുവിനെ കണ്ടില്ലല്ലോ.. വേദികയും ഹരിഗോവിന്ദൻമാരും ഒന്നും എഴുന്നേറ്റ ലക്ഷണം കാണുന്നില്ല..
ബാൽക്കണി ലക്ഷ്യമാക്കി നടന്നു. പകലായിരുന്നിട്ടും ആകെ മൂകമായി അനുഭവപെട്ടു അവിടം.. അകാരണമായ ഒരു ഭയം എന്റെ ഉള്ളിൽ തിങ്ങി നിറഞ്ഞു. ആരോ പിന്തുടരുന്നത് പോലെ..
തിരിച്ചു പോകാൻ തോന്നി ഒരുനിമിഷം..അല്ലങ്കിൽ അപ്പുവിനെയെങ്കിലും ഒന്ന് വിളിക്കാമായിരുന്നു. കാലുകൾ വലിച്ചെടുത്തു പതിയെ നടന്നു.. അമ്മായി പറഞ്ഞ മുറിയുടെ മുൻപിൽ എത്തി.
ഒരുപാട് നാളായി തുറന്നിട്ടെന്ന് കാണുമ്പോൾ തന്നെ മനസ്സിലാവുമായിരുന്നു..
താക്കോൽ ഇട്ട് പൂട്ട് തുറന്നു.
വല്ലാത്തൊരു ശബ്ദത്തോടെ ആ വാതിൽ പാളികൾ അകന്നു മാറി.
തെല്ലൊരു സംശയത്തോടെയാണ് അതിനുള്ളിലേയ്ക് കയറിയത്..
ആകെ പൊടിപിടിച്ചു മാറാല തൂങ്ങി
നശിച്ചിരുന്നു അതിനകം.
അധിക നേരം നിൽക്കണ്ട എന്നു കരുതി വേഗം കർട്ടൻ മാറ്റി ജനൽ പാളികൾ തുറന്നിടാൻ ഒരുങ്ങി.. ഷാളിന്റെ ഒരറ്റം എടുത്ത് വായും മുഖവും മറച്ചു.. ആകെ പൊടിയാണ്..
പക്ഷെ ഒരുപാട് നാളായി തുറക്കാതിരുന്നതിനാൽ കൊളുത്ത എല്ലാം തുരുമ്പിച്ചിരുന്നു.തുറക്കാൻ വല്ലാത്ത പ്രയാസം തോന്നിച്ചു.. അവസാനം തോറ്റ് പിന്മാറേണ്ടി വന്നു... പോയി ജിമ്മൻ മാരെ ആരെയെങ്കിലും വിളിച്ചോണ്ട് വരാം മൂന്നെണ്ണം വെറുതെ ചൊറിയും കുത്തി ഇരിപ്പുണ്ടല്ലോ.. എന്തെങ്കിലും പ്രയോജനം ഉണ്ടാവട്ടെ...
പോകാൻ തിരിഞ്ഞതും കൈതട്ടി മേശമുകളിൽ ഇരുന്നതെന്തോ നിലത്തു വീണു .. ഇരുട്ടായതു കൊണ്ട് എന്താണെന്ന് കാണാൻ പറ്റിയില്ല.. നിലത്തിരുന്നു കൈകൊണ്ട് തപ്പി തടഞ്ഞു നോക്കുന്നതിനിടയിൽ മുഖമുയർത്തി നോകിയപോളെക്കും വലിയൊരു മുഴക്കത്തോടെ ശക്തിയായി ആ വാതിൽ എനിക്ക് മുൻപിൽ അടഞ്ഞു കഴിഞ്ഞിരുന്നു .. !!
(തുടരും.. )

അഭിപ്രായങ്ങള്‍