കബനി | ഭാഗം 1 | ചാന്ദിനി

 

കബനി , എത്ര ദിവസമായി നീ ഇരിപ്പ് ഇരിക്കാൻ തുടങ്ങിയിട്ട് ... അച്ഛൻ ഇന്ന് രാവിലെ കൂടി ചോദിച്ചു . നീ ഇനി പുറത്തേക്ക് ഒന്നും പോകില്ലെന്ന് ഉറപ്പിച്ചാണോ...

വിരൽത്തുമ്പ് കൊണ്ട് മുന്നിലെ മര പലകയിൽ മെല്ലെ തട്ടി കൊണ്ട് ഇരുന്നത് അല്ലാതെ കബനി ഒന്നും മിണ്ടിയില്ല ...

നിൻ്റെ കാര്യം ചോദിക്കാനേ ഇവിടെ വരുന്നവർക്ക് ഒക്കെ നേരം ഉള്ളൂ ...

ഒരു കല്യാണം മുടങ്ങി പോയെന്ന് കരുതി ഇങ്ങനെ ഒതുങ്ങിക്കൂടി മുറിയ്ക്ക് അകത്ത് ഇരിക്കണോ... 

ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു അവർ... 

കബനി , നിന്നോട് ആണ്....

എന്താ നിൻ്റെ തീരുമാനം.

എനിക്ക് ഒന്ന് കിടക്കണം...

അത്ര മാത്രം പറഞ്ഞുകൊണ്ട് അവൾ അടുത്തുള്ള കിടക്കയിലേക്ക് ചുരുണ്ടുകൂടി ...

നാശം ഏത് നേരത്ത് ആണാവോ ആ ചെക്ക‌ന് ഇങ്ങോട്ടേക്ക് വരാൻ തോന്നിയത് ... വന്നതോ പോട്ടെ പോയ പോക്കിൽ ഇവളെക്കൂടി കൊണ്ടുപോയിരുന്നുവെങ്കിൽ ബാക്കിയുള്ളവർക്ക് ഒരു സമാധാനം ആയേനെ ... ഇതിപ്പോ തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല ... നശൂലം ...

പ്രാകിതുള്ളി നടന്നു പോകുന്നവരുടെ കാലടി ശബ്ദം പോലും അവളോടുള്ള അനിഷ്ടം വിളിച്ചോതുന്നുണ്ടായിരുന്നു...

അമ്മയെപറ്റി ഓർക്കുമ്പോൾ ഒക്കെ കണ്ണ് നിറയും നെഞ്ച് വിങ്ങും ...ഒരിക്കൽ പോലും ആ സ്നേഹ തണൽ തന്നിൽ നിന്ന് വിട്ടകന്നിരുന്നില്ല ... കാലം തെറ്റി പെയ്ത ഒരു മഴയിൽ അമ്മയെ നഷ്ടപ്പെടുമ്പോൾ തലയ്ക്ക് അകത്ത് ഒരു തരിപ്പ് മാത്രം അവശേഷിച്ചു.ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അതെല്ലാം ചീവിടിൻ്റെ മൂളലുപോലെ ചെവിയിൽ മുഴങ്ങി കേട്ടു...വർഷം പലത് കഴിഞ്ഞുപോയി ... ഒരു പെൺകുട്ടി ആയതുകൊണ്ട് മാത്രം തനിക്ക് ഒരു പുതിയ അമ്മയെ കിട്ടി ... 

ആദ്യമൊക്കെ വലിയ കാര്യമായിരുന്നു ... സ്നേഹത്തോടെ ഉള്ള ചേർത്ത് പിടിക്കലും ഊട്ടലും ഉറക്കലും തുടങ്ങി അമ്മ ചെയ്തുപോന്ന പല കാര്യങ്ങളും ചെറിയമ്മ മനോഹരമായി ആവർത്തിച്ചുപോന്നു... അങ്ങനെയിരിക്കെ ഒരു പകൽ തങ്ങൾക്കിടയിലേക്ക് പുതിയ ഒരു അതിഥി കൂടി കടന്നു വന്നു...ഒപ്പം കളിക്കാനും ആടാനും പാടാനും എല്ലാത്തിനും പുറമേ സ്വന്തമെന്ന് കരുതി സ്നേഹിക്കാൻ ലാളിക്കാൻ ഒരു കുഞ്ഞനുജത്തി.   

അവൾ ഈ ഭൂമിയിലേക്ക് പിറന്നു വീണതിൽ ഇത്ര അധികം സന്തോഷിച്ചതും അതിലേറെ അധികം കരഞ്ഞതും ഞാൻ മാത്രമായിരിക്കും...

ഓരോ ദിവസവും അവളുടെ കളിച്ചിരികൾ കൊണ്ട് ആ വീട് ഉണരുമായിരുന്നു...ചില ദിവസങ്ങളിൽ രാത്രി സമയങ്ങളിൽ കൈകാലുകൾ അടിച്ച് കളിച്ച് ഉറങ്ങാത്ത അവൾക്ക് താൻ കൂട്ടിരുന്നു...അവളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഞാൻ കൂടെ ഉണ്ടായിരുന്നു ...

ആ ചെറിയ ഇടവേള കൊണ്ട് ചെറിയമ്മയിൽ ഉണ്ടായ മാറ്റം ആണ് പിന്നെ എന്നെ അൽഭുതപ്പെടുത്തിയത് ... 

ആദ്യം തോന്നൽ മാത്രം ആയിരിക്കും എന്ന് കരുതി ആശ്വസിച്ചു ... പിന്നീട് ഒരു രാത്രി അച്ഛനോട് ചെറിയമ്മ പറയുന്ന വാക്കുകൾ കേട്ട് സത്യത്തിൽ ഞാൻ ഇല്ലാതായത് പോലെ തോന്നി...

ആ രാത്രിയിൽ സ്നേഹത്തിൻ്റെ സ്ഥാനം സ്വത്തും പണവും കൈയേറിയപ്പോൾ തനിക്ക് നഷ്ടമായത് അമ്മയ്ക്ക് ഒപ്പം അച്ഛനെ കൂടി ആയിരുന്നു...

പിന്നീടുള്ള ദിവസങ്ങളിൽ അതിൻ്റെ വ്യാപ്തി കൂടിക്കൂടി വന്നു...പ്രത്യക്ഷമായും പരോക്ഷമായും ചെറിയമ്മയുടെ വാക്കുകളിൽ നീരസം നിറഞ്ഞു... അതെല്ലാം സഹിച്ചും ക്ഷമിച്ചും ഒരുവിധം പിടിച്ച് നിന്നു... 

എല്ലാത്തിനും ഒരു അറുതി ഉണ്ടാകുന്ന ദിവസം വരുമെന്ന് മാത്രം സ്വപ്നം കാണുകയും കാത്തിരിക്കുകയും ചെയ്തു ... 

വർഷങ്ങൾ അതിവേഗം കടന്നുപോയി ... തൻ്റെ വളർച്ചയ്ക്ക് ഒപ്പം അമ്മയും ഞാനും തമ്മിലുള്ള അന്തരം മാത്രം മാറ്റമില്ലാതെ തുടർന്നു ... ആവശ്യത്തിന് മാത്രമുള്ള സ്നേഹ പ്രകടനം നേരിയ ഇടവേളകളിൽ മാത്രം ഒതുങ്ങി...

ബികോം പഠനം കഴിഞ്ഞതും അടുത്തുള്ള പ്രൈവറ്റ് സ്ഥാപനത്തിൽ അക്കൗണ്ട്സ് സെക്ഷനിൽ ജോലി നേടി ജീവിതത്തിലെ മറ്റൊരു ഏടിലേക്ക് ഉള്ള യാത്രയിൽ ആണ് അദ്ദേഹത്തെ കാണുന്നത് ... 

ആദ്യമൊക്കെ തമ്മിൽ കണ്ടാൽ മിണ്ടാനൊന്നും അദ്ദേഹം വരാറില്ല... 

ചെറിയ പുഞ്ചിരി ചുണ്ടിൽ തൂകി എപ്പോഴും പ്രസന്നവതനായി മാത്രം അദ്ദേഹത്തെ കണ്ടുവന്നു...

അപ്പോഴും തൻ്റെ ജീവിതം മാറ്റങ്ങളൊന്നും കൂടാതെ കടന്നുപോയി...

🍂🍂🍂🍂

ഒരു തൃസന്ധ്യ നേരം വീടിൻ്റെ ഉമ്മറത്ത് ഇരിക്കുന്ന രണ്ടപരിചിതരെ കണ്ടുകൊണ്ട് ആയിരുന്നു വീടിനുള്ളിലേക്ക് കയറി ചെന്നത് ...

അതിൽ ഒരാളെ നല്ല കണ്ട് പരിചയം തോന്നി... വഴിവക്കിലും ചായ പീടികയിലെ സ്ഥിരം കാഴ്ചക്കാരിലും അയാളെ പലപ്പോഴും കണ്ടിട്ടുണ്ട്...

കബനി മോൾക്ക് എന്നെ അറിയില്ലേ ഇത് ഞാനാ മോളേ ബ്രോക്കർ നാരായണൻ... 

പല്ലുകൾ മുഴുവൻ പുറത്തേക്ക് കാട്ടി ചിരിക്കുന്ന മനുഷ്യൻ .... എന്തോ വലിയ തമാശ കേട്ടത് പോലെ അച്ഛൻ എന്ന രൂപം അയാളുടെ കൂടെ ഉറക്കെ ചിരിക്കുന്നു ... 

ക്ഷമിക്കണം , എനിക്ക് പെട്ടെന്ന് കണ്ടപ്പോൾ മനസ്സിലായില്ല...

അത് കുഴപ്പമില്ല കുഞ്ഞേ ... 

മ്മ് ... 

ഒന്ന് തലയനക്കി അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് നാല് കപ്പ് ചായയും ചിരിച്ച മുഖവുമായി അമ്മ പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടത് ...

കബനി നീ എത്തിയോ ...ദേ ഈ ചായ കൈയിൽ പിടിക്ക് എന്നിട്ട് ദേ അവർക്ക് കൊണ്ടുപോയി കൊടുക്ക് ...അമ്മ പലഹാര പാത്രം എടുത്തിട്ട് വരാം...

അൽഭുതത്തോടെ മാത്രമേ അമ്മയുടെ പ്രവർത്തികൾ നോക്കിക്കാണാൻ ആയുള്ളൂ ... 

അൽപ്പ സമയം കൊണ്ട് അമ്മ പറഞ്ഞത് പോലെ തിരികെ വന്നു...

ഒന്ന് തിരിഞ്ഞ് നിന്ന ഒഴിവിൽ അച്ഛനൊപ്പം മറ്റൊരാളും കൂടി വന്നിരുന്നത് അറിഞ്ഞിരുന്നില്ല... ആളെ കണ്ടതും പെട്ടെന്ന് ശരീരം ആകെ ഒരു വിറയൽ കടന്നുകൂടി ... 

നോക്കി നിൽക്കാതെ ചായ എടുത്ത് കൊടുക്ക് മോളെ...

അത് പറയുമ്പോൾ അച്ഛനെ ഒന്ന് നോക്കാതിരിക്കാൻ കഴിഞ്ഞില്ല ...

എന്തൊരു പ്രകടനം നേരിയ തോതിൽ ദേഷ്യം വന്നു തുടങ്ങിയിരുന്നു എനിക്ക് ... വീട്ടിൽ ഞാൻ എന്നൊരാൾ ഉണ്ടെന്നോ ഇല്ലെന്നോ ആൾ മറന്ന് തുടങ്ങിയിട്ട് നാളുകൾ കുറച്ചായി ... ഇന്ന് വന്നവരുടെ മുൻപിൽ അച്ഛൻ മോശക്കാരൻ ആയാൽ അത് മതിയാകും അമ്മയുടെ ദേഷ്യത്തിന് ... 

കബനി ... ഇയാളെ അറിയാതിരിക്കാൻ തരമില്ലല്ലോ ...

ആൾക്ക് നേരെ ട്രേ നീട്ടുമ്പോൾ ബ്രോക്കർ നാരായണൻ പറയുന്നത് കേട്ടത് കൊണ്ടാകും തനിക്ക് നേരെ ഒന്ന് ചിരിച്ചുകാട്ടി അയാൾ ചായ ഗ്ലാസ് എടുത്ത് ചുണ്ടോടു ചേർത്തു...

ഓഫീസിൽ വെച്ച് കണ്ടിട്ടുണ്ട് ... 

ഇവനും അതേ ... കേട്ടോ കേശവാ വിവാഹ പ്രായം ആയിട്ടും ഒന്നും അങ്ങോട്ട് ശരിപ്പെടാതെ നിൽക്കുന്ന സമയത്താണ് ഇവിടത്തെ കുട്ടിയെ ഇവൻ കാണുന്നതും ഇഷ്ടപ്പെടുന്നതും ...

ആൾക്ക് ഒപ്പം വന്ന അമ്മാവൻ വലിയ കാര്യത്തിൽ പറഞ്ഞു നിർത്തി...

പരിചയപ്പെടുത്താൻ മറന്നു ഇത് പ്രഭാകർ ... ഇത് ആളുടെ അമ്മാവൻ സോമൻ ... 

കബനി പ്രഭാകർ പേര് തന്നെ എന്താ ചേർച്ച... 

ബ്രോക്കർ നാരായണൻ്റെ അവസര യോജ്യമല്ലാത്ത തമാശ തനിക്ക് ഒഴികെ ബാക്കിയുള്ളവരിൽ രസചരട് സൃഷ്ടിച്ചു ....

അപ്പോ ശേഖരൻ , നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം ...

എൻ്റെ പെങ്ങൾക്ക് ദേ ഇവൻ ഒരു മകൻ മാത്രമേ ഉള്ളൂ...അളിയൻ പട്ടാളത്തിൽ ആയിരുന്നു ... ആയിടെ നടന്ന ഒരു ഏറ്റുമുട്ടലിൽ ആൾ മരണപ്പെട്ടു ...

പെങ്ങൾക്ക് നിങ്ങളുടെ കുട്ടിയെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് വൈകാതെ തന്നെ ഇവിടേക്ക് പുറപ്പെട്ട് ഇറങ്ങിയത് ...

തീരുമാനം എന്ത് ആണെങ്കിലും പരസ്പരം അറിഞ്ഞു വെക്കുന്നത് നല്ലതാണ്...പിന്നീട് ഒരു സംസാരത്തിന് ഇടവരാതെ നോക്കാല്ലോ...

അമ്മാവൻ തനത് രീതിയിൽ 

കാര്യങ്ങളെല്ലാം ഭംഗിയായി അവതരിപ്പിച്ചു...

എൻ്റെ ഭാര്യ മരിച്ച ശേഷം പൊന്ന് പോലെയാണ് ഞാൻ ഇവളെ വളർത്തിയത്... എൻ്റെ തീരുമാനത്തിന് അപ്പുറം അവൾക്കൊരു അഭിപ്രായം ഉണ്ടാകില്ല ...

അതേ അത് അങ്ങനെ തന്നെ ആണല്ലോ വേണ്ടതും ... തറവാട്ടിൽ പിറന്ന കുട്ടികൾക്ക് അനുസരണ ശീലം വേണ്ടുവോളം ഉണ്ടാകും ....

സോമൻ മുന്നിലെ പലഹാര പാത്രത്തിൽ നിന്നും ഒരു നെയ്യ് ‌വട വായയ്ക്ക് അകത്തേക്ക് തിരുകി ... 

സാമ്പത്തികമായി കുറച്ച് പിന്നിലേക്ക് ആണെങ്കിലും തറവാട് മഹിമ കാത്തു സൂക്ഷിക്കുന്നവരാണ് ഞങ്ങൾ അതുകൊണ്ട് തന്നെ ഈ ബന്ധത്തിന് ഞങ്ങൾക്ക് പൂർണ്ണ സമ്മതമാണ് ...

കബനി എല്ലാം മുൻകൂട്ടി പ്രതീക്ഷിച്ചത് പോലെ ഒന്നും മിണ്ടാതെ മാറി നിന്ന് മുന്നിലെ കാഴ്ചകൾ വീക്ഷിച്ചു ...

കോളേജ് കഴിഞ്ഞ് കാവേരി വീട്ടിലേക്ക് എത്തിയ സമയം ആയിരുന്നു അത് ... 

പെട്ടെന്നാണ് വന്ന ആളുടെ നോട്ടവും അവളിലേക്ക് ചാഞ്ഞത് ... 

തന്നെക്കാൾ പ്രായം കുറഞ്ഞ,നിറം കൂടിയ ,മോഡേൺ സ്റ്റൈലിൽ ഡിസൈൻ ചെയ്ത വസ്ത്രത്തോട് കൂടി മുന്നിൽ നിൽക്കുന്നവളെ അടി തൊട്ട് മുടി വരെ അയാളുടെ കണ്ണുകൾ ഒപ്പി എടുക്കുന്നത് കബനി കണ്ടു...

ഇത്ര സമയം നോട്ടം തന്നിൽ ആയിരുന്നു ...കാവേരി വന്നതിൽ പിന്നെ ആ കണ്ണുകൾ തന്നെ തേടി വന്നതേയില്ല എന്നത് കബനിയിൽ ആശ്വാസം നിറച്ചു ...

അയാളുടെ അമ്മാവനും അച്ഛനും ബ്രോക്കറും കുറേ കാര്യങ്ങൾ കൂടി സംസാരിച്ച ശേഷമാണ് പിരിഞ്ഞത്.   

അച്ഛനെ മാറ്റി നിർത്തി അയാളുടെ അമ്മാവൻ എന്തോ പറയുന്നത് കൂടി കണ്ടപ്പോൾ കബനി ഉറപ്പിച്ചു ഈ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ ഒക്കെ വെറുതെ ആണെന്ന് ... 

രാത്രി ഊൺ മേശയിൽ ഇരുന്നുകൊണ്ട് അച്ഛൻ തന്നെ കാര്യങ്ങളെ പറ്റി പറഞ്ഞു തന്നു ... തന്നെ കണ്ടപ്പോൾ തോന്നിയ ഇഷ്ടം അനിയത്തിയെ കണ്ടപ്പോൾ ഇല്ലാതായി പോലും. .. കേട്ടു കഴിഞ്ഞപ്പോൾ ഒന്ന് ഉറക്കെ ചിരിക്കാൻ തോന്നി ... അയാളെ കണ്ടപ്പോൾ തിളങ്ങിയ ചെറിയമ്മയുടെ കണ്ണുകൾക്ക് ചുറ്റും വീണ്ടും പ്രകാശം നിറഞ്ഞു ... തറവാടും കുടുംബ മഹിമയും പണവും ജോലിയും എല്ലാം കൂടി ഒത്ത് വന്ന ആളായത് കൊണ്ട് ഒരു ചോദ്യമോ പറച്ചിലോ ഒന്നും ഇല്ലാതെ തന്നെ കബനിയെ വേണ്ടെന്ന് വെച്ച് കാവേരിയെ അയാളിലേക്ക് അവർ എളുപ്പം ചേർത്ത് വെച്ചു...

💔

വർഷങ്ങൾ പലതും കടന്ന് പോയി ... 

ജോലി വീട് , വീട് ജോലി എന്നല്ലാതെ പുതുമ ഒന്നും ഇല്ലാതെ കടന്നുപോയ ജീവിതത്തിൽ വളരെ ആകസ്മികമായി പ്രണയം ഒരു മഴയായി പെയ്തിറങ്ങി ...

ഓഫീസിലേക്ക് സ്ഥലം മാറി വന്ന ഒരു പാവം ചങ്ങാതി,സംസാരിച്ച് തുടങ്ങിയപ്പോൾ ജീവിത സാഹചര്യങ്ങൾ തമ്മിൽ എന്തോ വല്ലാത്ത സാമ്യത തോന്നി... 

പരിചയപ്പെട്ടു കഴിഞ്ഞ രണ്ടു മാസത്തിനിടെ ആരുമായും

ഉടലെടുക്കാത്ത ഒരു ആത്മബന്ധം തമ്മിൽ ഉണ്ടാകുകയും ചെയ്തു...

ശ്രീരാജ് അതായിരുന്നു ആളുടെ പേര്... നാട് വയനാട് ...ഒതുങ്ങിയ പ്രകൃതം ...അതിരുവിട്ട ബന്ധങ്ങൾ ഒന്നും ഇല്ലാത്തത് മുതൽ അറുത്ത് മുറിച്ചുള്ള സംസാരം വരെ അയാളിലേക്ക് തന്നെ അടുപ്പിക്കാൻ കാരണങ്ങൾ ഏറെയാണ്... 

ഓഫീസിലെ തിരക്ക് ഒഴിഞ്ഞ ദിവസത്തെ ഒരു ഒഴിവ് സമയം ...

കബനി , വരുന്ന ആഴ്‌ച്ച അഞ്ച് ദിവസം നിരത്തി ലീവ് അല്ലേ ...എന്താ തൻ്റെ പ്ലാൻ ??? കുടുംബത്തോടൊപ്പം എവിടേയ്ക്ക് എങ്കിലും ടൂറോ മറ്റോ പ്ലാൻ ചെയ്തിട്ടുണ്ടോ?

കബനി ഇല്ലെന്ന് അപ്പോ തന്നെ മറുപടി പറഞ്ഞു...

എന്തുപറ്റി ? ഈ ലീവിന് ഒക്കെ വീട്ടിൽ തന്നെ കുത്തി ഇരിക്കാൻ ആണോ ഉദ്ദേശ്യം ... ഇതിലും വലിയ ചാൻസ് ഇനി കിട്ടില്ലാട്ടോ കബനി ...

സൗഹൃദപരമായ ആ കളിയാക്കൽ ആസ്വദിച്ച് കൊണ്ട് തന്നെ വീട്ടിലെ അവസ്ഥ ഓർത്ത് കബനി വെറുതെ ചിരിച്ചു ... 

താൻ തെറ്റി ധരിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ...???

മുഖവുര ഒന്നും ആവശ്യമില്ല ശ്രീ , ചോദിച്ചോളൂ ... 

വീട്ടിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ ?? അല്ല എപ്പോഴും തൻ്റെ മുഖത്ത് ഒരു സങ്കട ഭാവം ആണ് ... അതുകൊണ്ട് ചോദിച്ചതാ ...

പെട്ടെന്നുള്ള ചോദ്യത്തിന് മുന്നിൽ ഒന്ന് പതറി എങ്കിലും കബനി അവനോട് മനസ്സ് തുറന്ന് സംസാരിക്കാൻ തയ്യാറായി 

...തൻ്റെ ഓർമ്മയിലെ കുട്ടിക്കാലം മുതൽ മുടങ്ങി പോയ വിവാഹം വരെ ഉള്ള കാര്യങ്ങളൊക്കെ അവനെ അവൾ പറഞ്ഞു കേൾപ്പിച്ചു ... 

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ശ്രീ അവളുടെ കൈകൾ കോർത്ത് പിടിച്ചു...

എൻ്റെ കൂടെ പോരുന്നോ ..

വീട്ടിൽ ഒരു പാവം അമ്മ മാത്രമേ ഉള്ളൂ ... തന്നെ അമ്മയ്ക്ക് ഇഷ്ടപ്പെടും തീർച്ച...

ശ്രീ ... ഞാൻ ...

തന്നോടുള്ള സഹതാപം കൊണ്ടൊന്നും അല്ല...ഏതെങ്കിലും വിധത്തിൽ തനിക്ക് അല്പം സന്തോഷം കിട്ടുമല്ലോ എന്ന് കരുതിയാണ് ... 

അമ്മയ്ക്ക് ശേഷം തൻ്റെ സന്തോഷം ആഗ്രഹിക്കുന്ന ഒരാൾ, കബനിയ്‌ക്ക് അവനെ ഒന്ന് ഇറുകെ പുണരാൻ തോന്നി... 

അവൻ എന്ത് കരുതും എന്ന തോന്നലിൽ കബനി സ്വയം നിയന്ത്രിച്ച് നിന്നു...

ആലോചിച്ചിട്ട് മതി ... വീട്ടുകാർ തടസ്സം നിൽക്കില്ല എങ്കിൽ വരുന്ന ലീവിന് നമുക്ക് എൻ്റെ നാടും വീടും ഒക്കെ ഒന്ന് കണ്ടിട്ട് വരാം...

കബനി അവനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു ...

വൈകുന്നേരം വീട്ടിലേക്ക് പോകുമ്പോൾ എന്നുമില്ലാത്ത ഒരു ഉത്സാഹം കബനിയെ പൊതിഞ്ഞു ...

വീട്ടിലെ അകത്തളത്തിൽ കുറുകി ഇരിക്കുന്ന കൃഷ്ണയെയും ഭർത്താവിനെയും കണ്ട് അന്ന് കബനിയ്‌ക്ക് വേദന തോന്നിയില്ല....

ആദ്യമായി ഒരു വിക്കലും കൂടാതെ ധൈര്യത്തിൽ കാര്യം പറയുമ്പോൾ അതിശയം നിറഞ്ഞ മിഴികളെ വിജയ ഭാവത്തിൽ അവളൊന്നു നോക്കി ... 

ഇത്ര നാളും എൻ്റെ ശബ്ദം പോലും ഈ മതിൽകെട്ടിന് പുറത്തേക്ക് പോയിട്ടുണ്ടായിരുന്നില്ല ... അതിൻ്റെതാകും ഈ അതിശയ ഭാവം .... കബനി പ്രഭാകർ കാവേരി പ്രഭാകർ ആയതുമുതൽ മനസ്സിനെ ബലപ്പെടുത്തി തന്നെയാണ് മുന്നോട്ട് നടന്നിരുന്നത് ... കുത്ത് വാക്കുകൾ പലതും ചെവിയിൽ തട്ടി തെറിക്കുമെങ്കിലും അതിനെ അത്ര കാര്യത്തോടെ കാണാതിരിക്കാൻ പഠിച്ചു...തൻ്റെ മുന്നിലെ പ്രണയലീലകൾ പതിവായപ്പോൾ വാതിൽ കൊട്ടി അടച്ച് എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി...

മറ്റുള്ളവർക്ക് വേണ്ടി എത്ര നാളിങ്ങനെ കടന്നു പോകും ... എനിക്കും ജീവിക്കണം ... എൻ്റെ ഇഷ്ടത്തിന് ...

                             🔹🔹🔹🔹🔹

(തുടരും )

അഭിപ്രായങ്ങള്‍