കബനി | ഭാഗം 2 | ചാന്ദിനി

തൻ്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞത് കൊണ്ടാകും ശ്രീരാജിനോട് ഒപ്പമുള്ള യാത്രയ്ക്ക് അച്ഛനോ അമ്മയോ തടസ്സം നിന്നില്ല ... പിന്നെ അനിയത്തിയും ഭർത്താവും തൻ്റെ പരിഗണനയിൽ പെടാത്തവർ ആയതുകൊണ്ട് തന്നെ അവരോട് ചോദിക്കാനോ പറയാനോ ഒന്നും ഉണ്ടായിരുന്നില്ല... 

ഓഫീസിലെ തിരക്ക് കുറഞ്ഞ സമയം ശ്രീ വീണ്ടും തൻ്റെ അരികിൽ വന്നു ...

കബനി , താൻ വരില്ലേ എൻ്റെ കൂടെ  ...?

ഞാൻ വീട്ടിൽ അമ്മയോട് ഒക്കെ പറഞ്ഞു കേട്ടോ താൻ വരുന്ന കാര്യം ...

പറഞ്ഞത് കേട്ടിട്ടും മൗനം പാലിച്ചിരിക്കുന്നവൾ അവനിൽ നിരാശ പടർത്തി.   

അപ്പോ താൻ എന്നെ പറ്റിക്കുമെന്ന് സാരം...അതല്ല ഇനി വിശ്വാസക്കുറവാണ് വിഷയമെങ്കിൽ ഞാൻ നിർബന്ധിക്കില്ല കേട്ടോ...

വേദന മറച്ച് പിടിച്ച് തനിക്ക് മുന്നിൽ ചിരിച്ച് കൊണ്ട് നില്ക്കുന്നവനെ കൗതുകത്തോടെ അവൾ നോക്കിക്കണ്ടു ... 

മുൻപൊരിക്കലും താൻ ഇതുപോലെ പരിഗണിക്കപ്പെട്ടിട്ടില്ല ...ആരാലും ഒപ്പം കൂട്ടാൻ ഉത്സാഹം കാണിച്ചിട്ടില്ല ... ഇവന് മാത്രം എന്തായിരിക്കും തന്നോട് ഇത്ര അടുപ്പം ... ഇനി ഇത് വെറുമൊരു സൗഹൃദത്തിന് പുറത്തേക്ക് വേരിറങ്ങി തീരാവുന്ന ...

എടോ താൽപ്പര്യം ഇല്ലെങ്കിൽ വേണ്ട ... 

കാടുക്കയറി തുടങ്ങിയ ചിന്തകളിൽ നിന്ന് അവളെ ഉണർത്തിയത് അവൻ്റെ തന്നെ ശബ്ദം ആയിരുന്നു ...

വീട്ടുകാർക്ക് താൽപ്പര്യം ഉണ്ടാകില്ല അല്ലേ ... കുഴപ്പമില്ലടോ...അമ്മയെ വിളിച്ച് കാര്യം പറഞ്ഞു വെയ്ക്കാം... വെറുതെ നമ്മളെ പ്രതീക്ഷിച്ച് ഇരിക്കണ്ടല്ലോ ... 

ചെറുതായി നിറഞ്ഞ കണ്ണുകൾ അവളെ കാണിക്കാതെ മറച്ചു പിടിക്കാൻ എന്നവണ്ണം ശ്രീ കാബിനിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞു...

അവനെ പോലും ഞെട്ടിച്ചുകൊണ്ട് പെട്ടെന്നാണ് അവളുടെ കൈകൾ അവനിൽ പിടുത്തമിട്ടത് ...

എനിക്ക് സമ്മതമാണ് ...

ശരിക്കും ...

അവൻ്റെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു ...

ശരിക്കും ... 

അവളും അവനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി...

ഇനി ഒരു രണ്ട് ദിവസത്തെ കാത്തിരിപ്പ് അത്രയല്ലേ വേണ്ടൂ ... നമുക്ക് അവിടെ പോയി പൊളിച്ച് അടുക്കാം...

തിരിച്ച് ഒരു ആലിംഗനം പ്രതീക്ഷിച്ച് നിന്ന തന്നെ ഞെട്ടിച്ച് കൊണ്ട്  അവൻ കൈകൾ വായുവിൽ ചുഴറ്റി ഡാൻസ് കളിക്കുകയായിരുന്നു ... 

മതി ശ്രീ ദേ ബാക്കിയുള്ളവരൊക്കെ ശ്രദ്ധിക്കുന്നു ... 

ഓക്കേ ഫൈൻ കാണാംട്ടോ...

മുഖത്ത് ചെറുതായി ഒന്ന് തട്ടി ബാക്കിയുള്ള എല്ലാ ജോലികളും ഉത്സാഹത്തോടെ ചെയ്ത് തീർക്കുന്നവനെ കാൺകെ അവളിലും ആവേശം അലതല്ലി...

                        ❣❣❣❣

രണ്ട് ദിവസം പൂക്കൾ കൊഴിയുന്ന ലാഘവത്തോടെ കടന്നുപോയി ... 

ഒടുവിൽ ദിവസങ്ങളോളം കാത്തിരുന്ന സ്വപ്നം കണ്ട ആ സുദിനം വന്നെത്തി...

ഓഫീസിൽ നിന്നും ഉച്ചയ്ക്ക് തന്നെ ഇറങ്ങിയിരുന്നു ... നല്ല തണുപ്പ് ഉള്ള സ്ഥലം ആയതുകൊണ്ട് അതിന് പറ്റിയ വസ്ത്രങ്ങൾ ഒക്കെ കബനി കൈയിൽ കരുതി വെച്ചു ... 

വീട്ടുമുറ്റത്ത് നിന്ന് ആരെയും ഒളിക്കാതെ പേടിക്കാതെ ജീവിതത്തിൽ ആദ്യമായി ഒരാണിൻ്റെ കൂടെ ഇറങ്ങി പുറപ്പെട്ട ദിവസം കൂടി ആയിരുന്നു അത് ... 

പോകുന്നത് ഒക്കെ കൊള്ളാം വല്ല കുരുത്തക്കേടും ഒപ്പിച്ചു വന്നാൽ പിന്നെ നീ ഈ വീടിൻ്റെ പുറത്ത് ആയിരിക്കും പറഞ്ഞേക്കാം  ...

അതിന് എൻ്റെ പേര് കാവേരി എന്നല്ല ചെറിയമ്മേ... 

ഓ ... ഒരുത്തൻ കൂടെ ഉണ്ടെന്ന് കരുതി അല്ലേ നിൻ്റെ പ്രകടനം ... കാണാം നമുക്ക് പട്ടി ചന്തയ്ക്ക് പോയതുപോലെ നീ തിരിച്ചു വരുന്നത് ... 

ദുഷിച്ച നാവുകൊണ്ട് പിന്നെയും എന്തൊക്കെയോ പ്രാകിതുള്ളി നടക്കുന്നവരെ നോക്കാതെ അച്ഛൻ്റെ അടുത്ത് നിന്നും അനുവാദം വാങ്ങിക്കൊണ്ട് വേഗം വീടിൻ്റെ പടി ഇറങ്ങി ശ്രീയുടെ അടുത്തേക്ക് നടന്നു ...

താൻ പറഞ്ഞപ്പോൾ ഇത്ര ഭീകരം ആയിരിക്കുമെന്ന് കരുതിയില്ല ...

അവളുടെ മുഖത്തേക്ക് ദയവായ്പ്പോടെ അവൻ നോക്കി നിന്നു...

പോകാം ശ്രീ ... ഇനിയും നിന്നാൽ ഇതല്ല ഇതിനപ്പുറവും കേൾക്കേണ്ടി വരും...

പോയേക്കാം ... നല്ലൊരു യാത്ര തുടങ്ങുമ്പോൾ ഇത്തരം നെഗറ്റീവ് എനർജി ഒന്നും നമുക്ക് വേണ്ട ... താൻ വാ ...

ശ്രീയുടെ കൈകൾ അവളുടെ മൃദുലമായ കൈപ്പത്തിയെ ബലമായി കവർന്നു പിടിച്ചു ... കാറിൻ്റെ ഫ്രണ്ട് ഡോർ തുറന്ന് അവളെ ഇരുത്തി ബാഗ് ബാക്കിലെ സീറ്റിലേക്ക് എടുത്ത് വെച്ചു...

അവിടെ നിന്നും കാർ സ്റ്റാർട്ട് ആയതും കബനി തൻ്റെ വീട്ടിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി... എല്ലാ മുഖങ്ങളും കാഴ്ചയിൽ പിന്നെയും നിറഞ്ഞു ... അവരെ പൂർണമായും മറന്നു കളയാൻ തനിക്ക് ഇപ്പോഴും കഴിയുന്നില്ലെന്ന് അവൾ വേദനയോടെ ഓർത്തു...

                       💔💔💔💔💔

നീണ്ട യാത്രയ്ക്ക് ശേഷം അടിവാരത്തിൽ ഞങ്ങൾ എത്തിച്ചേർന്നു .... ഇടയ്ക്ക് പലയിടത്തായി കാർ നിർത്തി ശ്രീ കഴിക്കാനും കുടിക്കാനും വേണ്ടതൊക്കെ വാങ്ങി തരുമ്പോഴും നിർബന്ധപൂർവ്വം കഴിപ്പിക്കുമ്പോഴും അമ്മയെ ഓർത്തു... നഷ്ടപ്പെട്ടു പോയ സ്നേഹവാത്സല്യങ്ങൾ ഒക്കെയും ശ്രീയിലൂടെ തിരിച്ച് കിട്ടിയ സന്തോഷത്തിൽ ആയിരുന്നു കബനി...ചില സമയങ്ങളിൽ ഉറക്കെ ചിരിച്ചും വഴക്ക് അടിച്ചും കളിയാക്കിയും അവളും അവനെ പോലെ ആയി മാറിയിരുന്നു ...

കബനി നമുക്ക് ഇവിടെ നിന്നും എന്തെങ്കിലും കഴിക്കാം ... ഇനി ചുരം കയറി കഴിഞ്ഞ് അവിടെ എത്തുമ്പോഴേക്കും രാത്രി ആകും ... 

വേണ്ട ശ്രീ ... ചുരം കഴിഞ്ഞിട്ട് നമുക്ക് കഴിക്കാം ...അതാകും നല്ലത് ... ഇല്ലെങ്കിൽ വയറ്റിലേക്ക് പോയത് ഒക്കെ അതേപ്പടി തിരിച്ച് വരും ...

ഓക്കേ ... തൻ്റെ കംഫർട്ട് എങ്ങനെയാണോ അതുപോലെ ചെയ്യാം ...

ശ്രീ ചിരിയോടെ പതുക്കെ ചുരം കയറാൻ തുടങ്ങി... കാറിൽ നിന്നും കൊച്ചു കുട്ടിയുടെ ഭാവത്തോടെ എല്ലാം നോക്കിയും കണ്ടും ഇരിക്കുന്നവളെ അവനും കൗതുകത്തോടെ നോക്കി ഇരുന്നു ... സ്ഥിരമായി കാണുന്ന കാഴ്ചകൾക്ക് അന്ന് ആദ്യമായി അവന് കൂടുതൽ ഭംഗി തോന്നി ...

ചുരം കഴിഞ്ഞ് അടുത്ത് കണ്ട ഹോട്ടലിൽ തന്നെ അവർ ഭക്ഷണം കഴിക്കാൻ കയറി ... കൈ കഴുകി ടേബിളിൽ ഇരുന്നതും ശ്രീയുടെ പരിചയക്കാരായ ഒന്ന് രണ്ടു പേരെ അവിടെ നിന്നും പരിചയപ്പെട്ടു ... സുഹൃത്ത് ആണെന്ന് പറഞ്ഞു തന്നെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തുവെങ്കിലും വിശ്വാസം വരാത്തതുപോലെ അവർ ശ്രീയെ ചുഴിഞ്ഞ് നോക്കുന്നത് ഞാൻ വ്യക്തമായി കണ്ടു...ശ്രീ അപ്പോഴും സ്വതസിദ്ധമായ ശൈലിയിൽ കാര്യങ്ങൾ പറഞ്ഞ് അവരെ പതുക്കെ ഒഴിവാക്കി വിട്ടു...

തൻ്റെ മുഖം എന്താ വാടിയത്??? അവർ വന്നിട്ട് ആണോ ... ???

അവർ എന്തൊക്കെയോ അർത്ഥം വെച്ച് സംസാരിക്കുന്നത് പോലെ തോന്നി...

എൻ്റെ കബനി ... അവന്മാർ അങ്ങനെയാ...നാട്ടിൽ ആരുടെ കൂടെ ആരെ കണ്ടാലും നൂറ് ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ടാകും ... ഒന്നിൻ്റെയും കല്യാണം കഴിഞ്ഞിട്ടില്ല ...അതുകൊണ്ടാ ഈ ചൊറിച്ചിൽ ... താൻ അത് വിട്ടേക്ക് ... 

ശ്രീയുടെ വാക്കുകൾ  അവളിൽ ആശ്വാസം നിറച്ചു...

അത്യാവശ്യം തിരക്കുള്ള ഹോട്ടൽ ആയത് കൊണ്ട് കുറച്ച് നേരം എടുത്താണ് അവർക്ക് കഴിക്കാനുള്ള ഭക്ഷണം എത്തിയത് ...മുന്നിൽ കൊണ്ടുവെച്ച പൊറോട്ടയുടെയും ബീഫിൻ്റെയും മണം മൂക്കിൽ തട്ടിയതും ശ്രീ വേഗം കഴിക്കാൻ തുടങ്ങി...

നമ്മുടെ അവിടത്തെ പോലെ അല്ലാട്ടോ...ഇവിടുത്തെ ഫുഡ് ഒക്കെ സൂപ്പറാ ...

അവൻ പറഞ്ഞത് ശരിയായിരുന്നു കഴിച്ച് കഴിഞ്ഞപ്പോൾ ഭക്ഷണത്തിന് എന്നും ഇല്ലാത്ത രുചി ആയിരുന്നു...മനസ്സിൻ്റെ സന്തോഷം കൊണ്ട് തോന്നുന്നത് ആകാം...എന്നിരുന്നാലും ശ്രീയോടൊപ്പമുള്ള ഓരോ നിമിഷവും അത്രമേൽ പ്രിയപ്പെട്ടത് ആയി മാറിയിരുന്നു ... 

❣❣❣❣❣

നേരം ഇരുട്ടി തുടങ്ങി ... തണുപ്പ് ശരീരത്തിൻ്റെ ഓരോ രോമകൂപങ്ങളെയും കീഴ്പ്പെടുത്തി തുടങ്ങിയിരുന്നു...

തണുക്കുന്നുണ്ടോ...??

ചുരിദാറിൻ്റെ ഷാൾ മുഴുവനായും ചുറ്റി ചുരുണ്ട് കൂടി ഇരിക്കുന്നത് കണ്ടുകൊണ്ടാകും ശ്രീ പതുക്കെ തന്നോട് അങ്ങനെ ചോദിച്ചത് ...

ശീലം ഇല്ലല്ലോ ശ്രീ അതുകൊണ്ട് ആണ്...

ഗ്ലാസ്സ് മുഴുവൻ കയറ്റി ഇട്ടോ...കുറച്ച് ദൂരം കൂടി പോകാനുണ്ട് ...നമ്മൾ ഏകദേശം എത്താറായി. ..

കുഴപ്പമില്ല ശ്രീ ... തണുത്ത കാറ്റ് അടിക്കുമ്പോൾ നല്ല സുഖം ...

മ്മ് ... 

ആ നിമിഷം സ്റ്റീരിയോയിലൂടെ മറ്റൊരു യുഗ്മ ഗാനം പാടി തുടങ്ങി... കാറ്റിൻ്റെ തലോടലിൽ അറിയാതെ അവളുടെ കണ്ണുകൾ ചിമ്മി അടഞ്ഞു ... 

ഏകദേശം പത്ത് മണിയോടെ ശ്രീ കബനിയുമായി വീട്ടിൽ എത്തിച്ചേർന്നു ... 

ഉറക്കത്തിൽ പെട്ടുപോയ കബനിയെ പതുക്കെ അവൻ തട്ടിയുണർത്തി. ..

വീട് എത്തി വാ ...

കണ്ണുകൾ ഇറുക്കി ചിമ്മി അവളൊന്നു മൂരി നിവർത്തി... റോഡ് കഴിഞ്ഞ് കാർ കുന്ന് കയറിയത് ഒന്നും കബനി  അറിഞ്ഞിരുന്നില്ല ...

ചില്ലുകൊണ്ട് തീർത്ത ജാലകങ്ങളും വാതിലും ഉള്ള ആ കൊച്ചു വീടിൻ്റെ മുൻപിൽ ആയി കബനി ഇറങ്ങി നിന്നു ...

അമ്മ ഉറങ്ങി കാണും...നേരം ഇത്ര ആയില്ലേ ... താൻ വാ വാതിൽ ചാരി വെച്ചിട്ടേ ഉണ്ടാകൂ ...

ശ്രീ പറഞ്ഞതുപോലെ തന്നെ വാതിൽ ചാരി വെച്ചിട്ട് ആയിരുന്നു അമ്മ കിടക്കാൻ പോയത് ... കാത്തിരുന്ന് മുഷിഞ്ഞു കാണും അല്ലെങ്കിൽ ശ്രീ വരുന്ന ദിവസങ്ങളിൽ  ആ അമ്മയ്ക്ക് ഇതൊരു ശീലവും ആയിരിക്കാം. 

വാതിൽ പടിയിൽ നിന്ന് ആലോചിച്ച് നിൽക്കുന്ന തന്നെ ശ്രീ കയ്യോടെ പിടിച്ചു കൂടെ നടത്തി....

എന്താ ഇത്ര ഗഹനമായി ചിന്തിച്ചു കൂട്ടുന്നത് ... തൻ്റെ വീടും കുടുംബവും വിഷമങ്ങളും ഒക്കെ ഇനിയുള്ള കുറച്ച് ദിവസത്തേക്ക് മറന്നുകള...എന്നിട്ട് ദേ ഇങ്ങനെ ചിരിച്ചോണ്ട് നിൽക്ക്...

മുഖത്തെ പുഞ്ചിരി മായ്ക്കാതെ തന്നോട് അത്രയും പറഞ്ഞു കേൾപ്പിച്ചു കൊണ്ട് അവൻ വാതിൽ അടച്ച് പൂട്ടി...

ഇവിടെ മൂന്ന് മുറിയുണ്ട് ഞങ്ങള് രണ്ടാളും ഒന്നിച്ച് ഒരു മുറിയിൽ കിടക്കും ... മറ്റ് രണ്ടും വൃത്തിയാക്കി ഇടും.   ബന്ധുക്കളോ മറ്റോ ഇതുപോലെ വന്നാലോന്ന് കരുതി ...

ഞാൻ വിരുന്നുകാരി ആണ് അപ്പോ...

അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ കൊച്ചേ...

കൊച്ചോ??

അയ്യോ സോറി , ഇവിടെ അച്ചായൻമാരാ കൂടുതൽ ഇവിടെ വന്നു കഴിഞ്ഞാൽ പിന്നെ ഈ കൊച്ച് വിളി ഉള്ളിൽ കയറി വരും ... അവിടേക്ക് തിരിച്ച് പോയി രണ്ട് ദിവസം കഴിഞ്ഞാലേ ഈ കൊച്ചു വിളി എന്നെ വിട്ട്  പോകൂ...

അവൻ്റെ സംസാരം കേട്ട് കബനി അറിയാതെ  ചിരിച്ചു പോയി...

ദേ ഈ കാണുന്ന മുറിയിലേക്ക് കയറിക്കോ ... ഇവിടെ ഈ അലമാരയിൽ തൻ്റെ ബാഗ് ഒക്കെ വെക്കാം...പിന്നെ ഇവിടുന്ന് നോക്കിയാൽ ഈ കുന്നും ചെരിവും ചുറ്റുപാടും ഒക്കെ നല്ല അടിപൊളി ആയിട്ട് കാണാം ...

അമ്മയെ ഇനി രാവിലെ കാണാം...അതാകും നല്ലത് ...

തനിക്ക് ഫ്രഷ് ആവണോ ???

ഒന്ന് മേൽകഴുകിയാൽ കൊള്ളാമെന്നുണ്ട് ... നല്ല തണുപ്പ്...അതുകൊണ്ട് ഇനി രാവിലെ കുളിക്കാം അല്ലേ ...

കൊള്ളാം രാവിലെ കോട ഇറങ്ങി താൻ കിടക്കയിൽ നിന്ന് തന്നെ എഴുന്നേൽക്കാൻ പോകുന്നില്ല... നിൽക്ക് അടുപ്പിലെ തീ അണഞ്ഞിട്ടുണ്ടോ നോക്കട്ടെ ... ഇല്ലെങ്കിൽ കുറച്ച് വെള്ളം ചൂടാക്കി തരാം ... അത് കുറച്ച് പച്ചവെള്ളം ചേർത്ത് മേൽ കഴുകി കിടന്നോ ,വണ്ടിയിൽ ഇരുന്നു വന്ന ക്ഷീണം ഒക്കെ മാറി നന്നായിട്ട് ഉറങ്ങാൻ പറ്റും ... 

ഇട്ട് വന്ന വേഷം പോലും മാറാതെ അത്രയും പറഞ്ഞു കൊണ്ട് അടുക്കള ഭാഗത്തേക്ക് നടന്നു പോകുന്നവൻ്റെ പിന്നിലായി അവളും നടന്നു തുടങ്ങി ....

പുറത്ത് നിന്ന് കാണുമ്പോൾ വീട് വളരെ ചെറുതാണെങ്കിലും അകത്ത് ആവശ്യത്തിലധികം സൗകര്യങ്ങൾ ഉണ്ടായിരുന്നു ... അടുക്കളയിലെ ലൈറ്റ് തെളിയിച്ച് ശ്രീ അടുപ്പിലേക്ക് ഒരു വലിയ ചെരുവം എടുത്ത് വെച്ചു...തൂക്കുകളിൽ നിറച്ചു വെച്ച വെള്ളം അതിലേക്ക് എടുത്ത് ഒഴിച്ച ശേഷം പകുതി അടഞ്ഞ തീ ഊതി വീർപ്പിച്ച് മുഴുവനായും കത്തിച്ച് എടുത്തു... അടുപ്പിന് കീഴെ കൂട്ടിയിട്ട ഉണങ്ങിയ മരക്കഷണങ്ങൾ രണ്ട് എണ്ണം കൂടി അടുപ്പിലേക്ക് തിരുകി കേറ്റി...

ഒരു പത്ത് മിനിറ്റ് പ്പോ റെഡിയാകും ...

ശ്രീ , തന്നെ പറ്റി ഞാൻ ഇങ്ങനെ ഒന്നും അല്ല കരുതിയത് ...

അറിയാം അവിടത്തെ എൻ്റെ ഗെറ്റപ്പ് ഒക്കെ കണ്ട് താൻ അടക്കം പലരും എന്നെ തെറ്റിദ്ധരിച്ച് കാണുമെന്ന് ... നമ്മുടെ ഇല്ലായ്മയും വല്ലായ്മയും ഒക്കെ നമ്മൾ മാത്രം അറിഞ്ഞാൽ പോരേ... മറ്റുള്ളവരെ അതൊക്കെ അറിയിച്ചിട്ട് എന്ത് കിട്ടാനാ... അല്ല ഞാൻ ഇത് ആരോടാ ഈ പറയുന്നത് ... 

ശരിയാണ് താനും അങ്ങനെ തന്നെയല്ലേ...ശ്രീ അല്ലാതെ മറ്റൊരാൾക്കും തൻ്റെ വിഷമങ്ങൾ അറിയില്ല.ആരോടും പറഞ്ഞിട്ടുമില്ല.

പിന്നെയും കുറച്ച് നേരം തമ്മിൽ സംസാരിച്ച് ഇരുന്ന സമയം കൊണ്ട് അടുപ്പിൽ വെച്ച വെള്ളം തിളച്ചു...ശ്രീ ശ്രദ്ധയോടെ അത് ബാത്റൂമിലെ ബക്കറ്റിൽ ഒഴിച്ച് തന്ന് മുറിയുടെ പുറത്തേക്ക് ഇറങ്ങി...

കുളി കഴിഞ്ഞ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് പിന്നെ അവൻ മുറിയിൽ കയറിയത്. ..

താൻ കുളിച്ചോ ???

മ്മ്. .. തലയ്ക്ക് ഒരു കനംപോലെ ... 

ഓക്കേ... തനിക്ക് ഇവിടെ ഒറ്റയ്ക്ക് കിടക്കാൻ പേടി ഒന്നും ഇല്ലല്ലോ ...

ഇല്ല ... 

ഞാൻ അടുത്ത മുറിയിൽ ഉണ്ടാകും ...എന്തെങ്കിലും പ്രശ്നം തോന്നിയാൽ വിളിച്ചാൽ മതി...

ശരി ...

എന്നാ ഞാനും പോയി ഒന്ന് കുളിക്കട്ടെട്ടോ ... ആകെ വിയർത്തു കുളിച്ചു...നമുക്ക് രാവിലെ കാണാം ...അപ്പോ ഗുഡ് നൈറ്റ്...

ഗുഡ് നൈറ്റ്...

വാതിൽ ചാരി അവൻ പുറത്തേക്ക് പോയി ... അന്ന് ആദ്യമായി കബനിയിൽ  നിറമുള്ള സ്വപ്നങ്ങൾ വിടർന്നു ... അവളുടെ ചെഞ്ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു ... ഒരു മതിൽക്കെട്ടിന് അപ്പുറം ഉള്ളവൻ തൻ്റെ സ്വന്തമാണെന്ന്  അവൾക്ക് തോന്നി തുടങ്ങിയിരുന്നു...

                          💕💕💕💕💕

( തുടരും )

അഭിപ്രായങ്ങള്‍