നവ്യ | ഫുൾ പാർട്ട്‌ | Lachumma

നടക്കില്ല...!!

എന്ത് പറഞ്ഞാലും ഞാൻ ഇതിനു സമ്മതിക്കില്ല.... എനിക്കെങ്ങും വയ്യാ ചായകുടിക്കാൻ വരുന്ന ഏതോ ഒരു കോന്തന്റെ മുന്നിൽ കെട്ടിയൊരുങ്ങി നിൽക്കാൻ....

ദേ.. നവ്യ.... ഒരെണ്ണം അങ്ങ് വെച്ച് തന്നാലുണ്ടല്ലോ.... നിന്റെ നാക്ക് കുറച്ചു കൂടുന്നുണ്ട്....ഒന്നേയുള്ളു എന്നുകരുതി ഞങ്ങൾ കൊഞ്ചിച്ചു തലയിൽ കേറ്റി വെച്ചതിന്റെയാ....

വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ... അവരിപ്പോൾ എത്തും... അമ്മ പറയുന്നത് ഒന്ന് കേൾക്ക് നീ....വേഗം റെഡി ആയി താഴേക്ക് വാ... അപ്പ വിളിക്കുന്നുണ്ട്....

നന്ദുസേ.... എന്റെ പൊന്ന് അമ്മക്കുട്ടി ഒന്ന് കേൾക്കേടാ കുട്ടാ... എനിക്കു എന്തിനാ ഇപ്പോൾ കല്യാണം ഒക്കെ...!! ഞാൻ നിങ്ങളുടെ പുന്നാര വാവാച്ചി അല്ലെ.... ഒന്ന് അപ്പയോട് പറ ചക്കരെ....

ഒരു സെറ്റ് അംഗം കഴിഞ്ഞു ബെഡിന് മുകളിൽ നിന്നും താഴെക്കിറങ്ങി അമ്മയുടെ താടി തുമ്പിൽ പിടിച്ചു സോപ്പിടുന്നവളെ മൂക്കിൽ ഒന്ന് ചെറുതായി പിടിച്ചു വലിച്ച് കയ്യിൽ ഇടാനുള്ള ഡ്രെസ്സും എടുത്തു കൊടുത്തവർ മുറിവിട്ടിറങ്ങി....

കയ്യിലേക്ക് വെച്ച് തന്ന ഡ്രസ്സ്‌ ഒന്ന് നോക്കി അതെടുത്തു ബെഡിലേക്ക് ഒരേറും വെച്ച് കൊടുത്തവൾ ടേബിളിൽ ഇരിക്കുന്ന ഫോൺ എടുത്തു ശേഷം "Mr. G❤" എന്ന് സേവ് ചെയ്ത നമ്പറിലേക് ഡയൽ ചെയ്തു.... മൂന്ന് വട്ടം റിങ് ആയി കാൾ കട്ട്‌ ആയതും അരിശം താങ്ങാനാവാതെ അതും എടുത്തു ബെഡിലേക്കേറിഞ്ഞു....

കണ്ണാടിക്ക് മുന്നിൽ പോയി നിന്നു മുടിപൊക്കി ഒതുക്കി സ്വയം നോക്കി...

ചുണ്ട് കോട്ടികോക്രി കാട്ടി..

ഹും.! ഫോൺ വിളിച്ചാൽ എടുക്കില്ല...

കള്ളപോലീസ്... പതിയെ മൊഴിയുമ്പോൾ ചുണ്ടിനു കോണിൽ എന്തോ ഓർമയിൽ ഒരു പുഞ്ചിരി കൂടി വിരിയുന്നുണ്ടായിരുന്നു....

                   🌼🤍💛🌼🤍💛🌼

ഏകദേശം ഒന്നര വർഷങ്ങൾക്ക് മുൻപുള്ളൊരു ദിനം....

രാവിലെ പതിവിന് വിപരീതമായി തുരുതുരെ ഉള്ള മെസ്സേജ് നോട്ടിഫിക്കേഷൻ കേട്ടാണ് ഉണർന്നത്.... കണ്ണുതുറക്കാതെ പുതപ്പിനുള്ളിൽ നിന്നും കയ്യെത്തി ഫോൺ എടുത്തു വീണ്ടും പുതപ്പിനുള്ളിൽ നുഴഞ്ഞു കേറി....

പതിയെ ഫോൺ നേരെ പിടിച്ചു ഒറ്റക്കണ്ണ് തുറന്നൊന്നു നോക്കി....

ഓഹ്... നിത്യയോ....42 മെസ്സേജസ്!!

പെണ്ണിന് രാവിലെ തന്നെ പ്രാന്തായോ..!?

കൂടുതലും ദേഷ്യത്തോടെയുള്ള ഇമോജിസ്... കൂടെ വോയിസ്‌ മെസ്സേജും....

ഒരെണ്ണം പ്ലേ ചെയ്തു നോക്കാം....

"ടി.... നവ്യയെ.... എത്ര നേരമായി ഞാൻ മെസ്സേജ് അയക്കുന്നു.... നിനക്കൊന്ന് കണ്ടാൽ എന്താ? മനുഷ്യനിവിടെ വാലിനു തീപിടിച്ചിരിക്യാ..... എടി പോത്തേ ഒന്ന് ഫോൺ എടുക്കെടി... ഞാൻ ഒന്നൂടെ വിളിക്കും നിന്നെ.... മര്യാദക്ക് എടുത്തോണം...."

അപ്പോഴാണ് അവൾ അത് ശ്രദ്ധിക്കുന്നത് 15 മിസ്സ്ഡ് കാൾസ് ഉണ്ട്...പറഞ്ഞു തീർന്നതും ദാ വരുന്നു അടുത്ത കാൾ....വീണ്ടും കട്ട്‌ ആകുന്നതിനു മുന്നേ എടുത്തു....

"ഹ...ലോ....."

 എടി കോപ്പേ... നീ ഇതുവരെ എണീറ്റിട്ടിലെ?? സമയം 8:30 ആയല്ലോ...

അയ്യോ... എന്താ നീ പറഞ്ഞെ??

ചാടി എണിറ്റു പുതപ്പു മാറ്റി നേരെ ക്ലോക്കിൽ നോക്കി... ശെരിയാണ്... ദൈവമേ ഇന്നും ലേറ്റ് ആയല്ലോ...!!

എടി എനിക്കു നിന്റെ ഒരു സഹായം അത്യാവശ്യം ആയി വേണം....

എന്റെയോ?? എന്റെ എന്ത് സഹായം..?

എടി... അതേ... അത് പിന്നെ...

ഞാനും സൂര്യയും ആയി ഒന്ന് ഉടക്കി....

ബ്രേക്കപ്പ് എന്നൊക്കെ പറഞ്ഞിരിക്കുവാ അവൻ...എനിക്കു പറ്റില്ലടി അവൻ ഇല്ലാതെ... എനിക്കു വേണ്ടി നീ പോയി അവനോട് സംസാരിക്കണം പ്ലീസ്..... പറ്റില്ലാന്ന് പറയല്ലേ ടി...

ഓഹ്..! ഞാൻ പോകാനോ? എടി നിങ്ങൾ തമ്മിൽ ഉള്ളത് നിങ്ങൾ....

പറയുന്നത് മുഴുവപ്പിക്കാൻ സമ്മതിക്കാതെ വീണ്ടും നിത്യ പറഞ്ഞു തുടങ്ങി..

എടി... പ്ലീസ്... ഞാൻ സംസാരിച്ചാൽ വീണ്ടും ഞങ്ങൾ തമ്മിൽ ഓരോന്ന് പറഞ്ഞു വഴക്കാവും... അതുകൊണ്ടാണ് നിന്നോട് സഹായം ചോദിക്കുന്നത് പ്ലീസ് ടി... നിവി...!

മ്മ്... ആഹ്‌ ശെരി... നീ ആൾടെ ഫോട്ടോ അയക്ക്.... ഞാൻ നോക്കാം...

ഏഹ്... നീ കണ്ടിട്ടില്ലേ അവനെ നിവി....

പിന്നെ നീ ഇങ്ങനെ മാസത്തിൽ ഓരോരുത്തരെ മാറ്റികൊണ്ടിരുന്നാൽ ഇവരെയൊക്കെ ഓർത്തുവെക്കലല്ലേ എന്റെ പണി.... മര്യാദക്ക് ഫോട്ടോയും മീറ്റ് ചെയ്യേണ്ട സ്ഥലത്തിന്റെ ഡീറ്റെയിൽസും അയക്ക്....

എടി... അത്‌... അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ അവന്റെ ഫോട്ടോസെല്ലാം ഡിലീറ്റ് ചെയ്തു കളഞ്ഞു....

എന്റെ പൊന്ന് നിതി നീ കളിക്കാതെ.... മര്യാദക്ക് തപ്പിയെടുത്തു അയക്ക് വെറുതെ രാവിലെ ഓരോ പണിയുമായി ഇറങ്ങിയിരിക്കുവാണോ നീ!?

എടി നീ ഇപ്പോൾ അങ്ങനെ ഫോട്ടോ ഒന്നും കാണണ്ട.. അയ്യെടി നിന്റെയുള്ളിലെ കോഴി കുഞ്ഞുങ്ങളെ ഭദ്രമായി ഉള്ളിൽ തന്നെ വെച്ചാൽ മതി...നീ തത്കാലം രാവിലെ ഒരു 11 മണി ആകുമ്പോൾ Beach Bay Cafe യിൽ ചെല്ല്.. അവിടെ ലാസ്റ്റ് ടേബിളിൽ യെല്ലോ കളർ ഷർട്ട്‌ അതാണ് സൂര്യ...

എല്ലാം പറഞ്ഞു വെച്ചിട്ടുണ്ട്... നീ ഒന്ന് പോയി ok ആക്കിയാൽ മതി.... എന്റെ ചക്കരയല്ലേ... പ്ലീച്..

ഓഹ് ഇവളെ ഇന്ന് ഞാൻ (ആത്മ )

ഹ്മ്മ് ok ok ശെരി ഞാൻ കണ്ടിട്ട് പറയാം.....

                    🌼🤍💛🌼🤍💛🌼

നിത്യ പറഞ്ഞപോലെ തന്നെ 11 ആയപ്പോൾ Beach Bay യിൽ എത്തി.... സ്കൂട്ടി പാർക്ക്‌ ചെയ്തു ഉള്ളിൽ കേറി ചുറ്റും നോക്കി.... അധികം തിരക്കില്ലാത്ത സമയം ആയിരുന്നു.... ആകെ ഓരോ മൂലയിൽ ഒന്നോ രണ്ടോ ആളുകൾ മാത്രം അവരവരുടെ ലോകത്ത് മുഴുകിയിരിക്കുന്നു....

കഫേയിലെ മ്യൂസിക് സിസ്റ്റത്തിൽ നിന്നും പതിഞ്ഞ ശബ്ദത്തിൽ പാട്ട് വെച്ചിട്ടുണ്ട്....വളരെ ആകർഷകമായ സ്ഥലവും അന്തരീക്ഷവും....

നോട്ടം വലത്തേ അറ്റത്തെ അവസാനത്തെ ടേബിളിൽ എത്തി നിന്നു.... ഒരു ന്യൂസ്‌ പേപ്പറാൽ മുഖം മറച്ച രീതിയിൽ ഒരാൾ ഇരിപ്പുണ്ട്....

ഇത് തന്നെയാവും അവളുടെ സൂര്യ എന്ന് മനസിൽ പറഞ്ഞുകൊണ്ട് അയാൾക്കടുത്തേക്ക് ചുവടുകൾ വെച്ചു....

എസ്ക്യൂസ്‌ മി....

പറഞ്ഞതും പേപ്പർ അല്പം താന്നു വന്നു

ആദ്യ കാഴ്ച്ചയിൽ തന്നെ ഇരുവരുടെയും കണ്ണുകൾ കൊരുത്തു അവ അത്ഭുതത്താൽ ഒന്ന് വിടർന്നു....

വിരിഞ്ഞ തേജസ്സാർന്ന മുഖം....

ആരെയും ആകർഷിക്കുന്ന കണ്ണുകൾ

വെട്ടിയൊതുക്കിയ താടി.... 

ശെടാ.... എന്നാലും നിതി എങ്ങനെ ഇയാളെ വളച്ചു.. കണ്ടിട്ട് അത്ര മണ്ടനെ പോലെ തോന്നുന്നില്ലല്ലോ..!? (ആത്മ )

ഹെലോ.... എസ്ക്യൂസ്‌ മി? 

കണ്ണുകൾക്ക് നേരെ വിരൽ ഞൊടിച്ചു ഗംഭീര്യമാർന്ന ശബ്ദത്തോടെ അയാൾ വിളിച്ചതും അവൾ ഏതോ മായികലോകതെന്ന പോൽ ഞെട്ടി പിടഞ്ഞു അവനെ നോക്കി.... എന്നിട്ട് മുഖത്ത് കുറച്ച് അധികം നിഷ്കളങ്കത വാരി വിതറി ....

മെയ് ഐ?

എന്നു ചോദിച്ചു അവനെയും മുന്നിലെ കസേരയിലും മാറി മാറി നോക്കി...

അവളുടെ ചോദ്യത്തിന് മുഖത്ത് വന്ന ഭാവം ചോദ്യചിഹ്നം ആയിരുന്നു.... ഒട്ടൊന്ന് ആലോചിച്ച ശേഷം പതിയെ തലയാട്ടി ഇരുന്നോളാൻ പറഞ്ഞു ഫോണിലേക്ക് കണ്ണുകൾ പൂഴ്ത്തി...

ശെടാ എന്നോട് ഇരുന്നോളാൻ പറഞ്ഞിട്ട് ഇയാൾ ഒരു മൈൻഡും ഇല്ലാണ്ട് ഫോണിൽ കുത്തി ഇരിക്കുവാണല്ലോ... ഇപ്പോൾ എങ്ങനാ ഒന്ന് സംസാരിച്ചു തുടങ്ങുന്നേ!!

ഒന്ന് പതിയെ അവനെ നോക്കി മുരടനക്കിയതും അയാൾ തലയുയർത്തി നോക്കി....

അതേ... ഞാൻ ഡയറക്റ്റ് ആയി കാര്യത്തിലേക്ക് വരാം....!

പറഞ്ഞു വന്നപ്പോൾ അല്പം ശബ്ദം ഉയർന്നതും ചുറ്റും ഇരുന്നവരെല്ലാം അവരിരുവരേം നോക്കി...

അബദ്ധം പറ്റിയപോലെ അവൾ കണ്ണുകൾ ഇറുക്കെ ചിമ്മി നാക്കു കടിച്ചു...

അല്പം ശബ്ദം താഴ്ത്തി ചുറ്റും നോക്കി സോറി...പറഞ്ഞു...വീണ്ടും അവന് നേരെ തിരിഞ്ഞു...

അതേ... ലൈഫിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും...പക്ഷെ നമ്മൾ അഡ്ജസ്റ്റ് ചെയ്യണം എന്നാലെ നമുക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റു...

ഇതെല്ലാം കേട്ട് താടിക്ക് കയ്യും കൊടുത്തു ചുണ്ടിനു കുറുകെ ഒരു വിരൽ വെച്ചു അന്തംവിട്ടു കേട്ടുകൊണ്ടിരുന്നു അവൻ.....

ഈ... നമ്മൾ അല്ല.... നിങ്ങൾ....

അവന്റെ ഇരിപ്പ് കണ്ട് അബദ്ധം പറ്റിയപോലെ വീണ്ടും അവൾ തിരുത്തി പറഞ്ഞു...

നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നം എന്താണെന്ന് എനിക്കറിയില്ല പക്ഷെ നിങ്ങളെ പഴയപോലെ ആക്കേണ്ടത് എന്റെ ഡ്യൂട്ടി ആണ്.....

ഇങ്ങനെ തുടങ്ങി അടുത്ത 30 മിനുട്ടിന് ഒരു വാക്കുപോലും അവനെ സംസാരിക്കാൻ അനുവദിക്കാതെ പെണ്ണ് കത്തി വെച്ചുകൊണ്ടിരുന്നു....

ഇതെല്ലാം അതേ ഇരുപ്പിൽ ഇരുന്ന് കണ്ണുകൾ മാത്രം ഇടയ്ക്കിടെ ചലിപ്പിച്ചു ചുണ്ടിലൊളിപ്പിച്ച ചിരിയോടെ അവൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു...

സംസാരിച്ചു രസം പിടിച്ചു അതിന്റെ ഉന്നതങ്ങളിൽ നില്ക്കുമ്പോളാണ് പിന്നിൽ നിന്നും ഒരാൾ ഗൗതം എന്ന് വിളിച്ചു അവർക്കടുത്തേക്ക് വന്നത്....

വിളികേട്ട് അവൻ ഞെട്ടി പിടഞ്ഞു നോക്കി.... വന്നയാളുടെ വിളിയും ഇയാളുടെ നോട്ടവും കണ്ട് നവ്യക്ക് ഒന്നും മനസിലായില്ല....

എടാ... ഗൗതമേ....

നീ വന്നിട്ട് ഒത്തിരി നേരമായോ? സോറി അളിയാ ഭയങ്കര ട്രാഫിക് ആയിരുന്നു വരുന്നവഴിയിൽ... അതാ താമസിച്ചേ...

അല്ല ഇതാരാ ടാ??

അവളെ ചൂണ്ടിക്കാട്ടി വന്നയാൾ തിരക്കിയതും അവനും ഉത്തരം ഇല്ലായിരുന്നു.....

അവൾ എന്തോ ചോദിക്കാൻ തുണിഞ്ഞതും പിന്നിൽ നിന്നും അവൾക് വിളി വന്നിരുന്നു...

നവ്യ.....

തിരിഞ്ഞു നോക്കിയതും കണ്ടു നിത്യയും ഒപ്പം ഒരു ചെറുപ്പകാരനും....

ഒന്നൂടെ സൂക്ഷിച്ചു നോക്കിയതും അവളുടെ കണ്ണുകൾ തള്ളി.....

ഈശ്വരാ.... യെല്ലോ ഷർട്ട്‌!

അപ്പോൾ ഇതോ?? ഇതാരാ...! 

മുന്നിൽ ഇരിക്കുന്നയാളെയും നിത്യയുടെ ഒപ്പം നില്കുന്നയാളെയും മാറി മാറി നോക്കികൊണ്ട് തന്നെതാനെ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചുകൊണ്ടിരുന്നു.....

എടി നവ്യ.... നിന്റെ ഫോൺ എവിടെ..?

എത്രനേരമായി മനുഷ്യൻ വിളിച്ചുകൊണ്ടിരിക്യാ....

അവൾ നിത്യയെ കൂട്ടി കാഫെയുടെ ഒരു കോണിലേക്ക് മാറി നിന്നു...

അത്‌... അത് പോട്ടെ നിതി ഇതാരാ നീന്റെയോപ്പം വന്നത്??

എടി ഇതാ എന്റെ സൂര്യ.... അത്‌ പറയാനാ ഞാൻ നിന്നെ വിളിച്ചുകൊണ്ടിരുന്നേ....

ഇവൻ നേരെ എന്നെ കാണാൻ വന്നു ഹോസ്റ്റലിൽ.... ഞങ്ങൾ തമ്മിൽ സംസാരിച്ചു എല്ലാം സോൾവ് ആക്കി....

നീ കാഫെയിലേക്ക് പോകണ്ട എന്ന് പറയാൻ നിന്നെയുടൻ വിളിച്ചിരുന്നു പക്ഷെ നീ എടുത്തില്ല...

ഉയ്യോ!!

 എല്ലാം കേട്ടയുടൻ നവ്യയുടെ ഒരു അലർച്ച ആയിരുന്നു വീണ്ടും കാഫേയിലെ മുഴുവൻ ആളുകളുടെയും ശ്രദ്ധ അവളിലേക്ക് പതിക്കാൻ ഇടയായത്....

എടാ... നിവി... എന്താ എന്തിനാ നീ ഇപ്പോൾ അലറിയെ??

എടി കോപ്പേ നിനക്കെന്ന കുറച്ച് കൂടി നേരത്തെ വന്നുകൂടായിരുന്നോ.... ഈശ്വരാ നിന്റെ സൂര്യയാണെന്ന് കരുതി ഏതോ ഒരുത്തനോട് ഞാൻ കഴിഞ്ഞ അരമണിക്കൂർ ആയി സംസാരിച്ചുകൊണ്ടിരുന്നത്....

അതാരാ...?

ആഹ്‌ എനിക്കറിയില്ല.... നീ പറഞ്ഞ അടയാളങ്ങൾ വെച്ച് സൂര്യ ആകുമെന്ന് ഉറപ്പിച്ചു ഞാൻ നേരെ മിണ്ടി തുടങ്ങുവായിരുന്നു... ശേ!!

എടാ... ദേ അയാൾ ഇങ്ങോട്ടാണല്ലോ വരുന്നത്....

ഹലോ.... അതേ അരമണിക്കൂർ ആനകാര്യം സംസാരിക്കുന്നതിനു മുന്നേ ഒറ്റ വാക്കിൽ പേരെന്താ എന്നെങ്കിലും ചോദിക്കണേ ഇനിയെങ്കിലും....

തന്റെ ഫ്രണ്ടിനെ ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്ക് ടോ ....

പോട്ടെ....

അത്രയും പറഞ്ഞയാൾ നടന്നകലുമ്പോൾ ഇത്രയും നേരം കടിച്ചു പിടിച്ച ചിരി ഗൗരവം എന്ന മറ ഭേദിച്ചു പുറത്തു വന്നിരുന്നു...

ശേ!!! ആകെ ചമ്മിയല്ലോ ഈശ്വരാ...

രാവിലെ തന്നെ ഇത്രയും വല്യ പണി നീ എനിക്കു മേടിച്ചു തന്നല്ലോ....

നീ ഒറ്റയൊരുതിയ ഇതിനൊക്കെ ഉത്തരവാദി....ഞാൻ പോവ്വാ.... ഹും!!

നിത്യയെ നോക്കി അത്രയും പറഞ്ഞു നവ്യ മുഖം കോട്ടി പുറത്തേക്കിറങ്ങി...

തന്നെത്താനെ പിറുപിറുത്തോണ്ട് ഇറങ്ങിവന്നു സ്കൂട്ടി എടുക്കുന്നവളെ അങ്ങ് അകലെ ഒരുവൻ ചുണ്ടിൽ നിറഞ്ഞ ചിരിയോടെ നോക്കി നിന്നു...

"നവ്യ.. " എന്തോ ഓർമയിൽ പതിഞ്ഞ ശബ്ദത്തിൽ ആ പേര് മൊഴിഞ്ഞു...

അന്ന് രാത്രി നടന്ന സംഭവങ്ങളെല്ലാം ഓർത്തെടുത്തു നിന്ന നവ്യയുടെ ചുണ്ടിലും അവസാനം വിരിഞ്ഞത് പുഞ്ചിരിയായിരുന്നു....

                     🌼🤍💛🌼🤍💛🌼

വീണ്ടും പലയിടങ്ങളിൽ വെച്ചു ഇരുവരും കാണാൻ ഇടയായി....

ഒരിക്കൽ കോളേജിൽ പോകും വഴി പോലീസ് പരിശോധനയ്ക്കിടെയാണ് വീണ്ടും ആ മുഖം അവൾ കാണുന്നത്....

ദൈവമേ.. ഇയാൾ പോലീസ് ആയിരുന്നോ....

അവളുടെ വണ്ടി കണ്ടതും അത്രയും നേരം ഗൗരവത്തോടെ നിന്നവന്റെ മുഖം പ്രകാശഭൂരിതം ആയി....

അവൾ അടുത്തേക്ക് വന്നതും കൈകാട്ടി വണ്ടി നിർത്താൻ പറഞ്ഞു..

പോലീസ് യൂണിഫോമിൽ തന്റെ മുന്നിൽ നില്കുന്നവനെ കണ്ണെടുക്കത്തെ നോക്കി നിന്നു അവൾ...

ഈശ്വരാ... ഇത്രയും ഗ്ലാമർ ഉള്ള പോലീസുകാരനോ..! അയ്യേ നിവി നീ എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടണെ പെണ്ണെ.. കണ്ട്രോൾ....

സ്വയം പറഞ്ഞുകൊണ്ട് അവനെ തന്നെ നോക്കി നിന്നു.... അപ്പോഴാണ് അവന്റെ പേര് ശ്രദ്ധിക്കുന്നത്...

"ഗൗതം പത്മനാഭൻ "

കൊള്ളാം നല്ല പേര്.... മനസ്സിൽ പറഞ്ഞു പുറമെ അധികം പരിചയം കാട്ടാതെ വിനയത്തോടെ നിൽക്കുന്നതായി ഭാവിച്ചു....

മറുപുറം....

അവന്റെ മനസിലൂടെയും അവളെ കണ്ടപ്പോൾ മുതൽ പലവിധ ചിന്തകളും കടന്ന് പോയികൊണ്ടിരുന്നു...

കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വപ്നത്തിൽ പോലും വിടാതെ പിന്തുടരുന്ന മുഖം, കാണാൻ കൊതിതോന്നുന്ന മുഖം, അവളെ ഓർക്കുമ്പോൾ ഉള്ളിൽ പടരുന്ന തണുപ്, ചുണ്ടിൽ വിരിയുന്ന ചിരി ഇതെല്ലാം പുതുമയുള്ള അനുഭവങ്ങളായി തോന്നിയിരുന്നു അവന്....

 അവളെ പറ്റി കൂടുതൽ അറിയാനും അടുക്കാനും തോന്നിയിരുന്നു....

അന്ന് അബദ്ധത്തിൽ ആണെങ്കിൽ കൂടി വന്നിരുന്നത് മുതൽ പെണ്ണെ ചെവിക്ക് റസ്റ്റ്‌ തന്നിട്ടില്ല.... കലപില ചിലച്ചുകൊണ്ടേയിരുന്നു... അവളൊരു വായാടി ആണെന്ന് പറയാതെ പറഞ്ഞുകൊണ്ടിരുന്നു....

ഓരോ കാര്യങ്ങളും പറയുമ്പോൾ

ആകാംശയോടെ വിടരുന്ന കുഞ്ഞി കണ്ണുകളും, സദാ ചിരി മാത്രം തൂവുന്ന കുഞ്ഞി ചുണ്ടുകളിലും മാത്രമായിരുന്നു അവന്റെ കണ്ണുകൾ പതിഞ്ഞത്...

പക്ഷെ ഇപ്പോൾ ഇവളെന്താ അറിയാത്തപോലെ നില്കുന്നത് എന്നുമാത്രം മനസിലാകുന്നില്ല...

ഇനി തന്നെ മറന്നുപോയോ? അതോ വീണ്ടും അറിയാത്തപോലെ ഭാവിക്കുന്നതോ??

കണ്ടെത്താം....

മ്മ്...ലൈസൻസ് ഉണ്ടോ??

യെസ് സർ... ഉണ്ട്...

ആ എടുക്ക്.. നോക്കട്ടെ....

അവൻ പറഞ്ഞതും സ്കൂട്ടി തുറന്ന് എടുത്തുകൊണ്ടു വന്നു അവന് നേരെ നീട്ടി... അപ്പോഴും മുഖത്ത് ഒരു തരിപോലും പരിചിതഭാവം ഉണ്ടായിരുന്നില്ല....

നവ്യ പ്രഭാകർ..

ഡോട്ടർ ഓഫ് പ്രഭാകർ വർമ്മ

ഇന്ദീവരം

കവടിയാർ

തിരുവനന്തപുരം....

ഓക്കേ ... യു മേ ഗോ നൗ...

ലൈസൻസ് തിരിച്ചു നൽകി അവളോട് പറഞ്ഞു...

തിരിഞ്ഞു പോകാനാഞ്ഞതും തൊട്ട് പുറകിലായി അവന്റെ സ്വരം....

അതേ.. ഇപ്പോൾ നീ പൊയ്ക്കോ... വൈകാതെ വീണ്ടും കാണും... കാണണം...നിന്നെ അപ്പോൾ എടുത്തോളാം ഞാൻ....

 ചെവിയിൽ തട്ടുന്ന അവന്റെ ചുടു നിശ്വാസം.... ശരീരത്തിലൂടെ ഒരു തരിപ്പ് പാഞ്ഞു പോയി.... നിന്നനിൽപ്പിൽ ഐസ് പോലെ മരവിച്ചു നിന്നു റോഡിൽ....

ശേഷം എവിടുന്നോ കിട്ടിയ ധൈര്യത്തിന് മുന്നോട്ടേക്കാഞ്ഞു നടന്നു സ്കൂട്ടിയെടുത്തു അവനെ നോക്കാതെ ഓടിച്ചുപോയി.... ചുണ്ടിൽ മിന്നിമാഞ്ഞ ചിരിയോടെ അവൻ അവളെ തന്നെ നോക്കി നിന്നു..

                      🌼🤍💛🌼🤍💛🌼

ദിവസങ്ങൾ വീണ്ടും ഞെട്ടറ്റു വീണുകൊണ്ടിരുന്നു... ആദ്യത്തെ കണ്ടുമുട്ടലിന്റെ ചമ്മൽ മാറി പതിയെ ഇരുവരും നല്ല സൗഹൃദത്തിലേക്ക് വഴുതി മാറിയിരുന്നു....

പിന്നീട് എന്തിനും ഏതിനും CI സർ നിവിയുടെ ഏത് കുരുത്തക്കേടിനും കൊടിപിടിച്ചു മുന്നിൽ തന്നെ ഉണ്ടായിരുന്നു....

നവ്യയുടെ എല്ലാ കൂട്ടുകാരുമായും ഇടപഴകി അവരിൽ ഒരുവനായി ഗൗതവും മാറിയിരുന്നു....

ഒപ്പം മൗനമായി പരസ്പരം ഉള്ളിൽ കൊണ്ടുനടന്നു പ്രണയിക്കുകയും ചെയ്തുകൊണ്ടിരുന്നു....

പൊതുവെ ഗൗരവക്കാരനായ മകന്റെ അപ്രതീക്ഷിത മാറ്റത്തിന്റെയും, ചിരിയുടെയും ഒകെ കാരണം തേടി നടന്നിരുന്നു അവന്റെ അച്ഛനും അമ്മയും.... ഈ മാറ്റം നല്ലതിന്റെയാണെന്നുള്ള ശുഭ പ്രതീക്ഷയോടെ....

തുടരും..

ഭാഗം രണ്ട് 

ഓരോ ദിവസം കൊഴിഞ്ഞു വീഴുന്തോറും ഇരുവർക്കുമുടയിൽ ദൃഢമായൊരു സുഹൃത്ബന്ധം ഉടലെടുത്തു കഴിഞ്ഞിരുന്നു...

രാവിലെ കണ്ണു തുറക്കുമ്പോൾ ഉള്ള ഗുഡ് മോർണിംഗ് വിഷ് മുതൽ രാത്രി കിടക്കുന്നതുവരെ ഉള്ള നിമിഷം വരെയും ഇരുവരും പരസ്പരം ഉള്ളിൽ നിറച്ചുവെച്ചിരുന്നു...

പുറമേ കർകശക്കാരന്റെ മുഖമൂടി അണിഞ്ഞു ഉള്ളിൽ അവളോടൊപ്പം അവളുടെ അതേയളവിൽ അവനും എല്ലാം ആസ്വദിച്ചുകൊണ്ടിരുന്നു....

ഇന്നുവരെ ജീവിതത്തിൽ ഉണ്ടാവാത്ത പുത്തൻ അനുഭവങ്ങളിലൂടെ കടന്ന് പോയിക്കൊണ്ട് ...

സ്ഥല കാല ബോധം പോലും ഇല്ലാതെ താനൊരു CI ആണെന്ന ഓർമ പോലും ഇല്ലാതെ ചിലസമയം വിളിച്ചുകൂവുന്നതും തല്ലുകൂടാൻ വരുന്നതും തുരുതുരെ ഫോൺ വിളിക്കുന്നതും എല്ലാം തന്റെ സഹപ്രവർത്തകർ കണ്ടുകൊണ്ടിരിക്കുമ്പോഴും .. അതെല്ലാം ഒരു ചെറു ചിരിയിൽ താൻ ഒതുക്കുമ്പോഴും പലപ്പോഴും അത്ഭുതത്തോടെ തന്റെ മുഖത്തേക്ക് നീളുന്ന കണ്ണുകളുടെ അർത്ഥം കണ്ടെത്താൻ ശ്രമിച്ചിരുന്നു....

ഇന്നുവരെ പരിചിതം അല്ലാത്ത അവരുടെ മേലുദ്യോഗസ്ഥന്റെ മറ്റൊരു മുഖം വെളിപ്പെട്ടതാവാം ആ മുഖങ്ങളിൽ അത്ഭുതം നിറയാൻ കാരണം....

അവളുമായി ചിലവഴിക്കുന്ന ഓരോ നിമിഷവും വളരെയധികം പ്രത്യേകതയുള്ളതായിരുന്നു അവന്...

ഓരോ പുലരിയും അവൾക്കുവേണ്ടിയുള്ളതായി തോന്നി തുടങ്ങിയിരുന്നു....

മറുവശത്ത്, അവളും എന്തിനും ഏതിനും മന്ത്രം പോലെ ഗൗതം എന്നുമാത്രം ഉരുവിട്ടുകൊണ്ടിരുന്നു....

വർഷങ്ങൾക്കിപ്പുറം ആദ്യമായി ഒരാളോട് ഇത്രക്കും അടുപ്പം സൂക്ഷിക്കുന്നത്.... തന്റെ എല്ലാ കുരുത്തക്കേടിനും വാശിക്കും ഇഷ്ടത്തിനും ഒപ്പം നിൽക്കുന്ന, തന്റെ മാത്രം അത്രമേൽ പ്രിയപ്പെട്ട ഒരുവൻ....

എല്ലാരും തങ്ങളുടെ ബന്ധത്തെ പറ്റി ചോദിക്കുമ്പോൾ... കൃത്യമായി ഒരു പേരിൽ ഒതുങ്ങി കൂടുന്ന ഒന്നല്ല തല്ക്കാലം എന്ന ഉത്തരമായിരുന്നു അവൾ നൽകിയിരുന്നതെങ്കിലും.... ഉള്ളിൽ അവളും അതേ ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു....

നിതി ഒരിക്കൽ ചോദിച്ചപ്പോഴും അവളുടെ രസകരമായ മറുപടി ആയിരുന്നു...കയ്യിലിരിക്കുന്ന ബിസ്‌ക്കറ് പാക്കറ്റ് ചൂണ്ടികാട്ടി ഗൗതം എനിക്കു 50-50 മസ്‌ക ചസ്‌ക ബിസ്‌ക്കറ് പോലെയാണെന്ന്.... പകുതി സ്വീറ്റ് പകുതി സോൾട്ടി... കുറച്ച് ഒക്കെ തന്നോടൊപ്പം ഓരോ കുറുമ്പിനു കൂടുമെങ്കിലും ബാക്കി സമയം കാര്യഗൗരവത്തോടെ വളരെ പക്വതയോടും കൈകാര്യം ചെയ്തിരുന്നു....

                     🌼🤍💛🌼🤍💛🌼

 സന്തോഷകരമായി ഒന്നര വർഷം കടന്ന് പോയി... പരസ്യമായി കൂട്ടുകൂടിയും തല്ലുകൂടിയും മൗനമായി പ്രണയിച്ചും ഇരുവരും നടന്നു..

പല ഋതുക്കളും വഴിമാറി പോയി....

അങ്ങനെ ഇരിക്കെയാണ്... അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം രാവിലെ IG ഓഫീസിൽ നിൽകുമ്പോൾ നിവിയുടെ കാൾ വരുന്നത്.. എടുക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നതിനാൽ കട്ട്‌ ആക്കി വീണ്ടും ജോലിയിൽ ഏർപെട്ടു...

എന്നാൽ വീണ്ടും ഉള്ള തുരു തുരെ വിളിയിൽ അരിശം കേറി അറിയാതെ ചീത്ത പറഞ്ഞു പോയി...

അവളും ഉരുളയ്ക്കുപ്പേരി പോൽ മറുപടി പറയുമെന്ന് ഓർത്ത് ഇരുന്നതും പതിവിന് വിപരീതമായി കാൾ കട്ട്‌ ആക്കി പോയി.....

അവളുടെ ആ പ്രവർത്തിയിൽ അല്പം അത്ഭുതവും ചെറിയൊരു വേദനയും തോന്നിയിരുന്നു...പക്ഷെ പിണക്കവണ്ടി അധിക ദൂരം പോവില്ലെന്ന വിശ്വാസത്തോടെ വൈകിട്ട് നേരിട്ട് പോയി കാണാം എന്ന തീരുമാനത്തോടെ ഇരുന്നു...

എന്നാൽ വൈകിട്ടോടെ വന്ന ഫോൺ കാൾ എന്റെ സകല നിയന്ത്രണവും തെറ്റിച്ചു....

വൈകിട്ട് നേരത്തെ ഇറങ്ങി നിവിയെ കണ്ടു പിണക്കം മാറ്റാൻ ഇരുന്ന എന്നെ തേടിയെത്തിയത് നിത്യയുടെ കാൾ ആയിരുന്നു....

ഹലോ... നിത്യ പറഞ്ഞോ ടോ..

What??? നീ എന്താ പറയുന്നേ....

അഹ്.... ഓക്കേ... ഞാൻ ദാ വരുന്നു ഒരു 15 മിനിറ്റ്... നീ അവിടെ തന്നെ ഉണ്ടാവണേ.....

പിന്നൊന്നും നോക്കാതെ സ്റ്റേഷനിൽ നിന്നു വണ്ടിയെടുത്തു നേരെ ഇറങ്ങി...

ചെന്ന് നിന്നത്....

വല്യ നീല ബോർഡിൽ മഞ്ഞയിൽ എഴുതിയ...

Paradise Bar ന്റെ മുന്നിലും.....

വണ്ടി പാർക്ക്‌ ചെയ്തു ഉള്ളിൽ കേറിയതും കണ്ടു ഉള്ളിൽ ഒരുപറ്റം ആളുകൾ അന്തംവിട്ടു ഒരു ദിശയിലേക്കി നോക്കി നില്കുന്നത്...

തന്നെ യൂണിഫോമിൽ കണ്ടതും എല്ലാരും പേടിയോടെ പിരിഞ്ഞു പോയി....

ബാർ കൗണ്ടറിൽ നോക്കിയപ്പോഴുണ്ട് അറ്റെൻഡറെ ചീത്ത പറഞ്ഞു ചാരി നിൽക്കുന്ന സ്വന്തം നിവി പെണ്ണ്.. അവളെ പിന്നിൽ നിന്നും താങ്ങി നിൽക്കുന്ന നിത്യയും ഒപ്പം സൈഡിൽ തലയ്ക്കു കയ്യും കൊടുത്തു നിൽക്കുന്ന സൂര്യയും...

അവർക്കടുത്തേക്ക് നടന്നതും കേള്കുനുണ്ടായിരുന്നു അവളുടെ സംസാരം....

ടോ..!! തന്നോ...ട് വീ...ടിന്റെ ആ....ധാരം ഒന്നും അല്ലാ....ലോ വേണമെന്ന് ചോദിച്ചേ...

ഒരു ചെറിയ ഷോട്സും കൂടെ.. അല്ലെ....

എനിച്ചു മേണം..... താൻ എനിക്ക് തരണം... ഇല്ലെങ്കിൽ ഞാൻ കേറി എടുക്കും.....

രണ്ടു കാലേൽ നിൽക്കാൻ മേലെങ്കിലും പെണ്ണിന്റെ സുരേഷ്‌ഗോപി കളിക്ക് ഒരുകുറവും ഇല്ല... സത്യത്തിൽ കണ്ടപ്പോൾ ചിരിവന്നു പോയി....

എന്താ ടോ... എന്താ ഇവിടെ പ്രശ്നം....

അവർക്കടുത്തേക്ക് വന്നുകൊണ്ട് തന്നെ ചോദിച്ചു....

ഹായ്.... വന്നല്ലോ.... സീ.... ഐ..... സാറ്.....

ഇത് കണ്ടോ..... ന്റെ ഫെണ്ട് ആ......

അവനെ കണ്ടതും നാക്കു കുഴഞ്ഞും അറ്റെൻഡറെ നോക്കി അവനെ പിടിച്ചുകൊണ്ടു വാക്കുകൾ കൂട്ടിപെറുക്കി നവ്യ പറഞ്ഞു കൊടുത്തു....

സാറേ... കുറെ നേരമായി ഈ കൊച്ച് ഇവിടെ കിടന്നു ബഹളം വെക്കുന്നു....4 എണ്ണം ഓൾറെഡി കൊടുത്തു ഇനിയും വേണമെന്ന് പറഞ്ഞപ്പോൾ മനസ്സ് കേട്ടില്ല സാറേ അതുകൊണ്ട് ഇല്ലാന്ന് അങ്ങ് പറഞ്ഞു... എന്റെ മോൾടെ പ്രായമേ കാണു.... അതോർത്തു നല്ലതിന് വേണ്ടി പറഞ്ഞതാ....

അയാൾ പറഞ്ഞവസാനിപ്പിച്ചതും എവിടുന്നോ ഒരു എങ്ങൽ കേട്ടു....

ങി...... ങി.........

സൈഡിലേക്ക് നോക്കിയതും നിത്യയുടെ അടുത്ത് കുനിഞ്ഞു നിന്നു വിതുമ്പി കരയുന്നു നിവി.... പതിയെ താടിയിൽ പിടിച്ചുയർത്തിയതും പൊടുന്നനെ തന്നെ വട്ടം പിടിച്ചു എങ്ങി എങ്ങി കരയുവാൻ തുടങ്ങി....

ഒരുനിമിഷം ശ്വാസം നിലച്ചപോലെ തോന്നിപോയി അവളുടെ അപ്രതീക്ഷിത നീക്കത്തിൽ....

ശേഷം അവളെ പതിയെ ഒരുകയ്യാൽ ചേർത്തു പിടിച്ചു മറുകയ്യാൽ തലയിൽ തഴുകി കൊടുത്തു....

അവളെ അലട്ടുന്ന പ്രശ്നം എന്താണെന്ന് അവളോട് തന്നെ ചോദിച്ചറിയാൻ തീരുമാനിച്ചു....

അവളെ അടർത്തി മാറ്റി ഇരുകയ്യാലും പൊക്കിയെടുത്തു ചെയറിൽ കേറ്റി ഇരുത്തി....

നിവി.... നിവി.....എന്നെ നോക്ക്.....

ടി... എന്താ... എന്തൊക്കെയാ നീ ഈ കാട്ടിയെ?

എന്താ നിന്റെ പ്രശ്നം.....എന്തിനാ ഇപ്പോൾ ഇങ്ങനെ കുടിച്ചു ബോധം ഇല്ലാണ്ട് ഇരിക്കുന്നെ?

ഗൗ... ആം..... ഗൗതം......

ഐ ആം ഷോറി.....

എനിക്ക്.... നിക്ക്.... എങ്ങോട്ടേലും ഓടി പോയാലോ എന്ന് തോന്നുവാ....

എനിക്ക് കല്യാണം... കഴിക്കണ്ട....

നാളെ.... വേണ്ട....

വിക്കി വിക്കി ഓരോ വാക്കും ശ്രമപ്പെട്ടു പറഞ്ഞു നിർത്തിയതും എന്തൊക്കെയോ മനസിലായിരുന്നു അവന്....

ആരാ ഇപ്പോൾ കല്യാണം കഴിക്കാൻ പറഞ്ഞെ? എന്താ ഉണ്ടായേ?

വളരെയധികം ക്ഷമയോടെ അവളോട് മയത്തിൽ കാര്യങ്ങൾ ചോദിച്ചറിയുവാൻ ശ്രമിച്ചു അവൻ...

അപ്പ... അപ്പ ഇന്ന് പറഞ്ഞു... നാളെ ന്നേ ആരോ കാണാൻ വരും.....

അപ്പയുടെ ഫ്രണ്ടിന്റെ ഫാമിലി....

കല്യാണം കൈക്കാൻ.....

എനിക്കങ്ങും മേണ്ട....

 "ഹിക്ക്" (വിക്കൽ )

അയ്യോ... എനിക്ക് കല്യാണം കഴിക്കണ്ടായേ.....!!

വീണ്ടും അലറി കൂവാൻ തുടങ്ങിയ അവളുടെ വായ മൂടി പിടിച്ചു അവൻ....

ചിരിക്കണോ കരയണോ എന്നറിയാതെ ചുറ്റും നിത്യയും സൂര്യയും അവനെ നോക്കി ദയനീയമായി ഇളിച്ചു കാണിച്ചു....

നിവി... ടാ... ഇങ്ങോട്ട് നോകിയെ...

പതിയെ താടിത്തുമ്പിൽ പിടിച്ചുയർത്തിയതും വീണ്ടും അതേപടി തല താഴ്ത്തി....

വീണ്ടും തന്നെത്താനെ തലയുയർത്തി അവന്റെ മുഖത്തേക്ക് തന്നെ ഗൂഢമായി നോക്കികൊണ്ടിരുന്നു... ഒറ്റപിരികം പൊക്കി ഒരു വിരൽ താടിയിൽ മുട്ടിച്ചു എന്തോ ഗഹനമായ ആലോചനയിൽ....

കിട്ടിപ്പോയി...!!!

എന്ന് അലറി ഒറ്റ കുതിപ്പിന് അവന്റെ തോളിൽ പിടിച്ചു കൈ കുറുകെ വട്ടം ചുറ്റി....

മിഷ്ടർ ഗൗതം....

ഞാൻ ഒരു സീക്രെട് പറയട്ടെ.?

പതിയെ അവന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ച് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു....

മ്മ്ഹ... എന്ത് സാധനമാടി വലിച്ച് കേറ്റിയെ?? ഹോ!! എന്റമ്മേ....

ഈൗ.... ശു ശു.... ഇങ്ങ് ബാ... പറയട്ടെ....

എന്താ.... അല്പം അരിശത്തോടെ അവൻ ചോദിച്ചു ഒപ്പം അടുത്തേക്ക് നീങ്ങി..

അവന്റെ ചെവിക്കടുത്തേക്ക് നീങ്ങി എന്തോ കാര്യമായി പറയാൻ....

അതേ.... അതേ.... നമുക്കെ ഈ പെണ്ണുകാണൽ കലക്കാം??

ഏഹ്... നീ എന്താ ഈ പറയുന്നേ.... ചുമ്മാ ഇരിക്ക് നിവി... ബോധം ഇല്ലാണ്ട് ഓരോ....

ശു ശു ശൂ....... ഞാൻ പറയട്ടെ CI ഷാരെ.....

എന്റെ കയ്യിലൊരു പ്ലാൻ ഉണ്ട്... ബട്ട്‌ എന്നെ ഹെല്പ് ചെയ്യണം..? പോമിസ്?

കൈപ്പതി നീട്ടി അവന്റെ നേരെ പിടിച്ചു കണ്ണുകൾ ശ്രമപ്പെട്ടു ചിമ്മി ചോദിച്ചു....

അല്ലെങ്കിലും പരിചയപ്പെട്ട അന്നുമുതൽ കുരുത്തക്കേട് കൂടപ്പിറപ്പായ നവ്യയെ നന്നായി അറിയാം.... ഇത്തവണയും അതേപോലെ എന്തോ ഒപ്പിക്കാനാണ് തന്റെ സഹായം ആവശ്യപ്പെടുന്നതെന്നും അവന് ബോധ്യായി..

മ്മ്ഹ നീ പറ എന്താ പ്ലാനെന്നു.... എന്നിട്ട് ആലോചിക്കാം കൂടെ നിൽക്കണോ വേണ്ടയോ എന്ന്....

ചുണ്ടിലൊളിപ്പിച്ച ചിരിയോടെ അവൻ അത്രയും പറഞ്ഞതും പെണ്ണ് ചുണ്ട് കൂടി പിടിച്ചു മുഖം ചുളിച് കോക്രി കാട്ടി...

അത്‌ കണ്ടവൻ നിറഞ്ഞു ചിരിച്ചു...

ശെരി... ശെരി.. നീ പറ... നമുക്ക് കലക്കാം...!

ശെരിക്കും????

അതൊരു അലർച്ചതന്നെ ആയിരുന്നു പക്ഷെ ആവേശത്തിന്റേതാണെന്നു മാത്രം...

ഓഹ് എന്റെ നിവി പതുക്കെ... ആഹ്‌ നീ പ്ലാൻ പറ നമ്മൾ കലക്കും നാളെ... പോരേ??

ആഹ്‌ ഓക്കേ ഓക്കേ... ഇങ്ങ് ബാ....

നാളെ.... നാളെ ആ കോന്തൻ വരട്ടെ...

അപ്പോൾ ഞാൻ നിന്നെ വിളിക്കാം അതേ ടൈമിൽ നീയും വരണം വീട്ടിൽ...

ഞാൻ പറയും നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്ന്.....

ചുമ്മാ പറയുന്നതിലും നല്ലത് കാണിച്ചു കൊടുക്കുന്നതല്ലേ....സിമ്പിൾ... അതോടെ പെണ്ണുകാണൽ സ്വാഹാ..

കല്യാണം സ്വാഹാ...

പിന്നെ ഞാൻ പടക്കം പൊട്ടിച്ചു ആഘോഷിക്കും നോക്കിക്കോ.....

എങ്ങനെണ്ട് എങ്ങനേണ്ട്...??

രണ്ടു പിരികവും ഉയർത്തി കാട്ടി ഒരീണത്തിൽ പറഞ്ഞു നിർത്തുന്നവളെ കാട്ടി കള്ളച്ചിരിയോടെ അവനും തലയാട്ടി...

ഡീൽ?? അവന്റെ നേരെ കൈനീട്ടി ആകാംശയോടെ ചോദിച്ചു....

ഒട്ടൊന്ന് ആലോചിച്ച ശേഷം... അവനും കൈചേർത്തു " ഡീൽ "....

ഒരുവിധം സമാധാനിപ്പിച്ചു അവിടുന്ന് എണീപ്പിച്ചു നിരക്കി ഇറക്കി മൂവരും...

അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു...

നിത്യ ഈ കോലത്തിൽ ഇവളെ എങ്ങനാ വീട്ടിൽ വിടുന്നെ??

അറിയില്ല ഗൗതം..... ഈ അവസ്ഥയിൽ വീട്ടിൽ വിട്ടാൽ ശെരിയാവില്ല.....

ഒരു കാര്യം ചെയ്യാം തല്ക്കാലം ഇവളെ എന്റെ PG യിലേക്ക് കൊണ്ടുപോവാം...

ഞാൻ അവളുടെ വീട്ടിൽ വിളിച്ചു പറയാം എന്റെ കൂടെ ഉണ്ടെന്ന്... നാളെ രാവിലെ വീട്ടിൽ എത്തിക്കാമെന്നു....

ഹാ എന്നാൽ അത്‌ മതി....

കെട്ടൊന്നിറങ്ങട്ടെ.....

ബാറിന്റെ പുറത്തെ സോഫയിൽ ചാരി ബോധം പോയിരിക്കുന്നവളെ നോക്കി ചെറുചിറിയാലേ അവൻ പറഞ്ഞു....

നിത്യയോടൊപ്പം ആക്കാം എന്ന തീരുമാനത്തിൽ അവളെ പതിയെ താങ്ങി പിടിച്ചു നടക്കാനാഞ്ഞതും കൊഞ്ചലോടെ തന്റെ നേരെ രണ്ടു കയ്യും വിരിച്ചു ചിണുങ്ങി....

വേറെ വഴിയില്ലാതെ അവളെ കൈകളിൽ കോരിയെടുത്തു വണ്ടിക്കരുകിലേക്ക് നടന്നു....

ഗൗ.... തം..... ഗൗതം........

ആഹ്‌ എന്താടി....

നിനക്കെ..... നിനക്കെ... നമ്മടെ രാജുട്ടന്റെ നല്ല ഛായ ഉണ്ട്....

ഒരു കയ്യിലെ വിരലാൽ മുഖം മുഴുവൻ ഓടിച്ചു പറഞ്ഞു തോളിലേക്ക് ചാഞ്ഞു കിണുങ്ങി ചിരിക്കാൻ തുടങ്ങി പെണ്ണ്...

ഏത് രാജുട്ടൻ...?

ഹാ... വേറാരു നമ്മുടെ പ്രിത്വിരാജ്.... ❤

മം മം... മതി അടങ്ങി കിടക്കവിടെ....

ഒരുവിധം തൂക്കിയെടുത്ത് നിത്യയുടെ റൂം വരെ എത്തിച്ചു ബെഡിൽ കിടത്തി തിരിഞ്ഞതും.... കയ്യിൽ കേറി വട്ടം പിടിച്ചു...

പതിയെ അവളുടെ അടുത്ത് നിലത്തു മുട്ടുകുത്തി നിന്നതും പകുതി മയക്കത്തിലും അവൾ മൊഴിഞ്ഞു കൊണ്ടിരുന്നു..

ഗൗ.. തം..... ഷോറി.....

ഐ ആം... ഷോറി.....

ഇനി.... കു... കുടി...കൂല്ല....

ഷോറി.....

ആർദ്രമായി അവളുടെ തലയിൽ തഴുകി നെറ്റിൽ ചെറുതായൊന്നു ചുംബിച്ചു മുറിവിട്ടിറങ്ങി....

ചുണ്ടിൽ നിറഞ്ഞ ചിരിയോടെ....

ആ ചിരി പകർന്നു തന്ന പെണ്ണിനെ മനസ്സിൽ നിറച്ചു.....

തുടരും...

അവസാന ഭാഗം

അങ്ങനെ പ്ലാൻ ചെയ്ത പ്രകാരം രാവിലെ നിത്യയോടൊപ്പം വീട്ടിലേക്ക് വന്നു ഒരു സെറ്റ് കാലുപിടിക്കലും കെഞ്ചലും കഴിഞ്ഞു ഒടുക്കം നിവർത്തി ഇല്ലാതെ തോറ്റു പിണങ്ങി റൂമിൽ കേറി ഇരുന്നപ്പോഴാണ് നമ്മുടെ നന്ദുസ് എന്ന നന്ദിത പ്രഭാകർ അതായത് നവ്യയുടെ അമ്മ വന്നു മാറ്റാനുള്ള ഡ്രസ്സ്‌ എടുത്തു കൊടുത്തിട്ട് പോയത്.....

ഈ നേരം വരെയും തന്റേടത്തോടെ പിടിച്ചു നിന്നു ഗൗതം വരുമെന്ന വിശ്വാസത്തിൽ... പക്ഷെ ഇതുവരെയും ഫോൺ ചെയ്യുകയോ, വിളിച്ചാൽ എടുക്കുകയോ, മെസ്സേജസ് കാണുകയോ ചെയ്തിട്ടില്ല... സമയത്തോടെ അടുക്കുന്തോറും വല്ലാത്ത ടെൻഷനും വെപ്രാളവും ഉടലെടുക്കുന്നതായി തോന്നി തുടങ്ങി....

അവസാനം വേറെ വഴിയില്ലാതെ ഒരുങ്ങി കെട്ടി മുഖം കൊട്ടക്ക് വീർപ്പിച്ചു വെച്ചു അനിഷ്ടത്തോടെ മുറിവിട്ടിറങ്ങി....

താഴെ കളിചിരിയും ബെഹളവും ഉച്ചസ്ഥായിൽ നിന്നിരുന്നു.... പതിയെ അവരുടെ കണ്ണിൽ പെടാതെ അടുക്കളയിലേക്ക് വിട്ടു... നന്ദുസും നിത്യയും വന്നവർക്ക് കൊടുക്കാൻ ചായയും പലഹാരവും എടുത്തു വെക്കുന്നുണ്ടായിരുന്നു..... വെറുതെ അതിൽ പോയി കയ്യിടാൻ നോക്കിയതും കിട്ടി കൈപ്പത്തിയുടെ പിന്നിൽ നല്ലൊരടി...

ടി ശു ശു... നിതി... ഇങ്ങ് വാ....

അമ്മ കാണാതെ നിതിയെ അടുത്തേക്ക് വിളിച്ചു.... അവളെയും കൊണ്ട് പുറകുവശത്തെ മരത്തിന്റെ ചുവട്ടിൽ കൊണ്ടുപോയി....

എടി.. ആ പന്ന CI ചെക്കനെ ആലോചിച്ചിരുന്നിട്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല ഇനി...കാര്യങ്ങൾ കൈവിട്ടു പോകുന്നതിനു മുന്നേ ഞാൻ തന്നെ എന്തേലും ചെയ്യണം....

മം... ടി നമുക്കെ വിം കലക്കിയാലോ??

എന്റെ പൊന്ന് നിവി ഈ വക അബദ്ധങ്ങൾ ഒന്നും കാണിച്ചേക്കല്ലേ.... അവർ വെറുതെ ഒന്ന് കണ്ടിട്ട് പോട്ടെടി.... ഞാൻ കണ്ടു ചെക്കനെ.. കാണാൻ തരക്കേടില്ല...

വേണേൽ നമുക്കൊന്ന് ആലോചിക്കാം...

പോടീ കോപ്പേ..... എനിക്ക് വല്ലാത്ത ടെൻഷൻ ആകുന്നെടി..... എന്തോ സംഭവിക്കാൻ പോണ ഫീൽ.... എടി... ഗൗതം എന്താ ഫോൺ എടുക്കാത്തെ?

അറിയില്ല ടാ... നോക്കാം....

നിനക്കറിയില്ലേ അവനെ... കാര്യം നിന്റെ ഓരോ തല്ലിപൊളിത്തരത്തിനും കൂട്ടുനിൽക്കുമെങ്കിലും ഇത്രയും വലിയൊരു കാര്യത്തിന് അവൻ കൂടെ നിൽക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?? സാരമില്ല.... നീ ഇപ്പോൾ ചെല്ല് ചെന്നവരെ ഒന്ന് കാണു.... ബാക്കി ഒക്കെ പിന്നെ.....

എല്ലാം കേട്ടു നവ്യയുടെ കണ്ണു നിറയുന്നുണ്ടായിരുന്നു.... പെട്ടെന്ന് ഉൾകൊള്ളാൻ ആകുന്നില്ലെങ്കിലും ഗൗതമിന്റെ അഭാവം അവളെ വേദനിപ്പിക്കുവാൻ തുടങ്ങിയിരുന്നു....

ഒപ്പം ഇത്രയും നാൾ അവനോടുണ്ടായിരുന്നത് മറ്റൊന്നുമല്ല കറകളഞ്ഞ പ്രണയം തന്നെയായിരുന്നു എന്ന് ഇപ്പോൾ ഉറപ്പാക്കുകയും ചെയ്തു....

വരുന്നേടത് വെച്ച് കാണാം എന്ന് തന്നെ തീരുമാനിച്ച് ഉള്ളിലേക്കു നടന്നു.... കിച്ചണിൽ ചെന്നപ്പോൾ നിത്യയും നന്ദിതയും ഹാളിലേക് പോയിരുന്നു.... അവൾ മുഖം അമർത്തി തുടച്ചു ചുറ്റും നോക്കിയതും കണ്ണുകൾ നിരത്തി വെച്ച ചായക്കപ്പുകളിലും ഒപ്പം ടേബിളിൽ ഇരിക്കുന്ന ഉപ്പുപാത്രത്തിലും എത്തി നിന്നു... ചുണ്ടിൽ കള്ളച്ചിരി വിരിഞ്ഞു പഴയപോലെ തുള്ളിചാടി ചെന്നു...

                    🌼🤍💛🌼🤍💛🌼

കയ്യിൽ ചായ പലഹാരങ്ങളുടെ ട്രേയും പിടിച്ചു നമ്രശിരസ്കയായി മുഖത്ത് എക്സ്ട്രാ നാണം ഫിറ്റ്‌ ചെയ്തു പതിയെ പതിയെ അവൾ നടന്നടുത്തു....

ഹാളിൽ നോക്കിയപ്പോൾ അപ്പയുടെ ഒപ്പം ഇരിക്കുന്ന മധ്യവയസ്കനായ ഒരാളും അമ്മയുടെ ഒപ്പം നിൽക്കുന്ന ഒരു ആന്റിയെയും കണ്ടു.... സോഫയിലായി ചിരിയോടെ തന്നെ നോക്കി ഇരിക്കുന്ന സുമുഖനായ ഒരു ചെറുപ്പക്കാരൻ....

പക്ഷെ ഇവരെയെല്ലാം എവിടെയോ കണ്ടു മറന്ന പോലെ...ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ല....

ആഹ്‌ ദാ എത്തിയല്ലോ....

വാ വാ.... ഞങ്ങളെ ഒക്കെ ഓർമ്മയുണ്ടോ നവ്യ മോൾക്ക്‌??

തന്നെ കണ്ടതും നിറഞ്ഞ ചിരിയോടെ വന്നു ചേർത്തു പിടിച്ചു ആ ആന്റി ചോദിച്ചു....അവർക്ക് മറുപടിയായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു നോട്ടം ആ ചെറുപ്പക്കാരനിൽ പതിപ്പിച്ചു...

ഇന്നത്തെ തന്റെ ഇര....

അവന്റെ വാലും പൊക്കിയുള്ള ഇന്നത്തെ ഓട്ടം ആലോചിച്ചതും അറിയാതെ ചിരിപൊട്ടി.....

പറ്റാവുന്നത്ര കടിച്ചു പിടിച്ചു പുറത്തു വരാതിരിക്കാൻ ശ്രമിച്ചപ്പോൾ ദാ വന്നു അടുത്ത ഡയലോഗ് ആന്റിയുടെ വക എല്ലാരോടുമായി....

ആഹാ ദാ നോക്കിക്കേ പെണ്ണിന് നാണം വന്നെന്നു തോന്നുന്നു....

ഏഹ്... നാണമോ... ഇവൾക്കോ...

അങ്ങനെ വരാൻ സാധ്യത ഇല്ലല്ലോ...

എന്ന അപ്പയുടെ ഒറ്റ കൗണ്ടറിൽ പൊട്ടി വന്ന ചിരി മാഞ്ഞു കാറ്റുപോയ ബലൂൺ പോലെ ആയിപോയി മുഖഭാവം....

കൂട്ടച്ചിരി മുഴങ്ങിയതും ഒതുക്കത്തിൽ അപ്പയ്ക്ക് മാത്രം കാണാൻ പാകത്തിന് ചുണ്ട് കൂർപ്പിച്ചു നോക്കി...

അത്‌ കണ്ടതും രണ്ടു കയ്യും ചെവിയിൽ പിടിച്ചു സോറി എന്നപോൽ കാണിച്ചു....

ചിരിച്ചോ ചിരിച്ചോ എല്ലാരും....

കുറച്ച് കഴിയുമ്പോൾ കാണാം എന്താ സംഭവിക്കാൻ പോണതെന്ന്...

മനസ്സിൽ പറഞ്ഞുകൊണ്ട് 

ശോഭന ചേച്ചിയെ മനസ്സിൽ ധ്യാനിച്ചു

ട്രെയുമായി അവർക്കടുത്തേക്ക് നടന്നു...

ആദ്യം തന്നെ ചെക്കന്റെ അടുത്തേക്ക് നീട്ടിയതും ഇത് എടുത്തോളൂ എന്ന് പറഞ്ഞു ഒരു കപ്പ്‌ ചൂണ്ടികാട്ടി ഉള്ളിൽ അവനെ തെറിപറഞ്ഞു പുറമെ കൃത്രിമ നാണത്തോടെ പറഞ്ഞു...

എല്ലാർക്കും കൊടുത്തു മാറി നിന്ന് ആസ്വദിക്കാം എന്നൊക്കെ വിചാരിച്ചുനിന്ന എന്റെ സകല പ്ലാനുകളും തെറ്റിച്ചു കപ്പ്‌ എല്ലാം താഴെ വെച്ചു വീണ്ടും സംസാരത്തിലേക്ക് തിരിഞ്ഞു.... ചുമ്മാ നിന്ന എന്നെ പിടിച്ചു അടുത്തിരുത്തുകയും ചെയ്തു...


നിവി മോൾക് ഞങ്ങളെ ഒകെ ഓർമ്മയുണ്ടോ?

കാണാൻ വഴിയില്ല അച്ഛേ അന്ന് തീരെ കുഞ്ഞതായിരുന്നില്ലേ...അഞ്ചോ ആരോ വയസ്സ് അല്ലെ?

അയാൾക്കുത്തരം വന്ന ചെറുപ്പക്കാരൻ തന്നെ നൽകി...

മ്മ്ഹ ശെരിയാ... ഇവളും അപ്പുവും തമ്മിൽ 4 വയസ്സിന്റെ വ്യത്യാസം അല്ലെ ഉള്ളു.... അന്ന് എന്തോരം വഴക്ക് കൂടിയിരിക്കുന്നു നിങ്ങൾ.... ഓർമ്മയുണ്ടോ??

അവർ പറഞ്ഞ ഓരോ കാര്യവും ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു നവ്യ....

ശേ എന്താ ഇത് പപ്പേട്ടാ... മോൾക് പറഞ്ഞു കൊടുക്കുന്നതിനു പകരം അവളെ എല്ലാരും കൂടി വട്ടുകളിപ്പിക്കാതെ... പാവം എന്റെ മോള്....

ആന്റി ഇത് പറഞ്ഞതും സംശയത്തോടെ അവൾ എല്ലാരുടെയും മുഖത്തേക്ക് ഉറ്റു നോക്കി.... താൻ അറിയാത്തതായി എന്തോ അണ്ടർഗ്രൗണ്ട് പ്ലാനിങ് നടന്നിട്ടുണ്ട് എന്നത് വ്യക്തം..... എല്ലാരുടെ മുഖതും ഒരേ പോലെ കള്ളച്ചിരി വിടരുന്നുണ്ട്....

ശെരി അപ്പ പറയാം മോളിവിടെ വാ....

പണ്ട് നീ കുഞ്ഞായിരുന്നപ്പോൾ നമ്മൾ ബാംഗ്ലൂർ താമസിച്ചിരുന്നത് ഓർക്കുന്നോ..? ഓർമ കാണില്ല നിനക്കന്ന് 5 വയസ്സ്.... നമ്മുടെ അടുത്ത ഫ്ലാറ്റിൽ ഉണ്ടായിരുന്ന എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകനും സുഹൃത്തും ഒക്കെയാണ് ദാ ഈ ഇരിക്കുന്ന പപ്പൻ എന്ന പദ്മനാഭൻ, ഇത് ഭാര്യ പാർവതി, ഇത് മകൻ ഗൗരവ് പദ്മനാഭൻ....

പിന്നെ ഒരു കാര്യം കൂടി ഉണ്ട്....അത്‌..

അത് പറയാനുള്ള ആൾ ഓൺ ദി വേ ആണ് അങ്കിളെ.....

അത്....ആഹ്‌ ദാ എത്തിയല്ലോ ആൾ .....

ഗൗരവ് ഡോറിലേക്ക് നോക്കി പറഞ്ഞതും ആരെയാണെന്ന് കാണാൻ തിരിഞ്ഞ എന്റെ കണ്ണുകൾ നിമിനേരത്തിൽ വിടർന്നു....

ഗൗതം......

അവിശ്വസനീയതയോടെ മൊഴിഞ്ഞു..

ഹാ... ഇതാണ് അപ്പു.... അല്ല ഗൗതം...

എന്റെ മൂത്തവൻ..... ഇവന് വേണ്ടിയാണു മോളെ കാണാൻ വന്നത് ഞങ്ങൾ.....

അങ്കിൾ ഇത് പറയുമ്പോഴും പ്രതികരിക്കാനാവാതെ ഗൗതമിനെ തന്നെ നോക്കി നിന്നു.....

ഹോ!! എനിക്ക് ഇനി ചത്താലും വേണ്ടില്ല... ഇവൾ ഇങ്ങനെ വാലുമുറിഞ്ഞു നിൽക്കുന്ന കാഴ്ച ഒരിക്കലെങ്കിലും കാണാൻ പറ്റിയല്ലോ ഈശ്വരാ.... നിനക്ക് നന്ദി....!!

അപ്പ അത് പറഞ്ഞതും അവിടെ കൂട്ടച്ചിരി മുഴങ്ങി....

ഇതെല്ലാം കണ്ടു എന്ത് പറയണം എന്നറിയാതെ ചുണ്ടുകൾ പുറത്തേക്ക് ഉന്തി സങ്കടത്തോടെ നിന്നു പ്യാവം നിവി കൊച്ച്.....

പണി കൊടുക്കാൻ ഇരുന്നു സ്വയം പണി വാങ്ങിയപോലെ ആയില്ലേ....

മതി മതി... അവൾക്കിതുതന്നെ വല്യ ഷോക്ക് ആയിരിക്കും....വെറുതെ കൊച്ചിനെ വട്ടുകളിപ്പിക്കാതെ കാര്യം പറയ്‌ അപ്പു....

ഗൗതം എന്റെ നേർക്ക് തിരിഞ്ഞു എന്തോ പറയാൻ ആഞ്ഞതും ഞാൻ ആരെയും നോക്കാതെ വെട്ടിതിരിഞ്ഞു മുകളിലേക്ക് പോയി....

                    🌼🤍💛🌼🤍💛🌼

നേരെ റൂമിൽ കേറി ചെന്ന് ഡോർ ശക്തിയിൽ ഒച്ച കേൾക്കാൻ പാകത്തിന് അടച്ചു..

തോളിൽ കുത്തിയിരുന്ന ഷാൾ എടുത്തു തറയിൽ വലിച്ചെറിഞ്ഞു....

നേരെ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു മുടി പൊക്കി വെച്ചു നിവർന്നും ചെരിഞ്ഞും ഒക്കെ നോക്കി... പതിയെ മുഖത്ത് നിറഞ്ഞു നിന്ന ദേഷ്യവും ഗൗരവമും പൊട്ടിച്ചിരിക്ക്‌ വഴിമാറി....

ആ നിമിഷം തോന്നുന്ന വികാരം കടന്ന് പോകുന്ന സന്തോഷത്തിന്റെ അളവിനും അതിരില്ലായിരുന്നു ...

യാ.......ഹൂ.....!!! യെയ്......!!! 

വട്ടം കറങ്ങിയും തുള്ളി ചാടിയും ചിരിച്ചു നേരെ വന്നു കട്ടിലിലേക്ക് വീണു....

അമ്പട കള്ളപോലീസേ....!!

അപ്പോൾ എല്ലാം കരുതി കൂട്ടി ആയിരുന്നല്ലേ...! കാണിച്ചു തരാം.... എന്നെ അവസാനമിട്ടു ടെൻഷൻ അടിപ്പിച്ചില്ലേ...

മ്മ് വരട്ടെ കാണിച്ചു കൊടുക്കാം....

ഇതേസമയം താഴെ അവളുടെ കതകടയ്ക്കുന്ന ശബ്ദം കേട്ടതും സ്റ്റെപ് കേറി പകുതി വഴിയിൽ എത്തിയ ഗൗതവും ഗൗരവും ഒരേപോലെ ചെവി പൊത്തി....

അപ്പുവേട്ട.... ഞങ്ങൾ ഇതെല്ലാം ചെയ്തത് നീ പറഞ്ഞതുകൊണ്ട് മാത്രമാണ്.... ഇതിന്റെ പരിണിത ഫലങ്ങൾ എന്താണേലും നീ തന്നെ കൊണ്ടോണം....അതിൽ എനിക്ക് പങ്കില്ലാ കേട്ടല്ലോ..?

സംഭവിക്കാൻ പോണത് എന്താണെന്ന് ഏകദേശം ഊഹം കിട്യപ്പോൾ ഗൗരവ് മുൻ‌കൂർ ജാമ്യം വാങ്ങി പിൻവാങ്ങി....

പോടാ കോപ്പേ.... നീ മിണ്ടാതെ താഴേക്ക് പൊക്കോ... ആറ്റം ബോംബിനു കയ്യും കാലും വെച്ച സാധനമാണ് അങ്ങോട്ട് പോയേക്കുന്നത്.... എന്തായാലും കണ്ടറിയാം.....

നിവിയുടെ ഡോറിന് മുന്നിൽ എത്തിയതും ഇരുവരും ഒന്ന് നിന്നു... ഗൗതം ദീർഘമായൊന്നു നിശ്വസിച്ചു ശേഷം കതകിൽ തട്ടി....

കതകിൽ മുട്ട് കേട്ടതും നിവി ബെഡിൽ നിന്നു ചാടി എണിറ്റു... ആരാണെന്നു ഊഹികാവുന്നതിനാൽ സ്വാഭാവികമായും ഒരു കുസൃതി ചിരി വിടർന്നു എന്നാൽ അത്‌ വേഗം മറച്ചു വെച്ചു മുഖത്ത് ഗൗരവം എടുത്തണിഞ്ഞു ഡോർ തുറന്നു....

എന്താ...? ആരാ... എന്തുവേണം...??

നിവി.....

എന്റെ പേര് നവ്യ എന്നാ... നവ്യ പ്രഭാകർ.... അങ്ങനെ വിളിക്കാമെങ്കിൽ വിളിച്ചാൽ മതി....

എനിക്ക് ഇഷ്ടമുള്ളവർ മാത്രമേ എന്നെ നിവിന്നു വിളിക്കാറുള്ളു.....

മുഖത്ത് പരിഭവം നിറച്ചു അവന്റെ കണ്ണിൽ നോക്കാതെ പറഞ്ഞുകൊണ്ടിരുന്നു അവൾ....

അമ്പടി മോളെ...!!! നിന്റെ അഭിനയം ആണെന്ന് എനിക്ക് നന്നായി അറിയാം... ശെരിക്കും ഡ്രാമ ക്വീൻ!! ( ഗൗതം ആത്മ )

നിവി ഞാൻ പറയട്ടെ....

വേണ്ട എനിക്ക് ഒന്നും കേക്കണ്ട കേക്കണ്ട കേക്കണ്ട....!!

ചെവി പോത്തി പിടിച്ചു അത്രയും പറഞ്ഞതും പൊടുന്നനെ ഗൗതം അവളുടെ രണ്ടു കയ്യും പിടിച്ചു അവളെ ഒന്ന് വട്ടം കറക്കി അവന്റെ നെഞ്ചിലേക്ക് ചാരി നിർത്തി... ചെവിക്കടുത്തേക്ക് വന്നു പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു...

"നച്ചു....."

അതിശയത്തോടെ തലയൊന്നു ചെരിച്ചു അവനെ നോക്കി....

നച്ചു എന്ന് അവളുടെ അപ്പയും അമ്മയും ഒരുപാട് സ്നേഹം തോന്നുമ്പോൾ വിളിക്കുന്നതാണ്...

ആ വിളി ഗൗതമിന് എങ്ങനെയറിയാം എന്നായിരുന്നു അവളുടെ നോട്ടത്തിന്റെ അർത്ഥം..

ഇങ്ങനെ നോക്കണ്ട... നിന്നെ ആദ്യമായി നച്ചു എന്നുവിളിച്ചത് ഞാനാ... അപ്പുവിന്റെ സ്വന്തം നച്ചു ആയിരുന്നു.... എനിക്ക് ഒൻപതും നിനക്ക് അഞ്ചും വയസ്സുള്ളപ്പോൾ....

അന്നേ കുരുത്തക്കേടിന്റെ പര്യായപദമാണ് നവ്യ..... കാണിക്കാത്തതായി ഒരു കുറുമ്പ് പോലും ഇല്ല....

അവൻ ഓർത്തോർത്തു പറയുന്ന ഓരോന്നും കേട്ട് ആകാംശയോടെ കണ്ണുകൾ വിടർത്തി നിന്നു കേട്ടു നവ്യ...

നിന്നെ പിന്നീട് കാണുമെന്നു അതും ഇങ്ങനൊരു കണ്ടുമുട്ടൽ ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.... അന്ന് ആ കഫെയിൽ വെച്ചു കണ്ടപ്പോഴും എനിക്കറിയില്ലായിരുന്നു അത്‌ എന്റെ നച്ചുവാണെന്നു.... പിന്നെടും പലയിടത്തും പലതവണ നമ്മൾ തമ്മിൽ കണ്ടു... നിന്റെ ആദ്യത്തെ പരിചയപ്പെടൽ മുതൽ നീ എന്റെ ഉള്ളിൽ കയറി കൂടിയിരുന്നു...നീയാണ് നച്ചു എന്നറിയാതെ ഞാൻ നിന്നെ ഇഷ്ടപ്പെട്ടിരുന്നു....

പക്ഷെ അന്ന് നിന്റെ ലൈസൻസ് കണ്ടപ്പോളാണ് എനിക്ക് ചെറിയൊരു സംശയം വന്നത്... പിന്നീട് അന്വേഷിച് കണ്ടെത്തിയതാണ് ഈ നവ്യ പ്രഭാകർ ആണ് അച്ഛൻ പറയാറുള്ള പ്രഭൻ അങ്കിളിന്റെ മകൾ എന്റെ നച്ചു എന്ന്....

അന്ന് തന്നെ ഞാൻ വീട്ടിൽ നിന്നെ പറ്റി പറഞ്ഞിരുന്നു.... പിന്നീട് ഇങ്ങനെയൊരു പ്ലാൻ ഉണ്ടാക്കിയത് മുഴുവൻ നമ്മുടെ രണ്ടു വീട്ടുകാരും ആണ്.... നിനക്ക് ഒരു സർപ്രൈസ് ആവട്ടെ എന്നുകരുതി ഇരുന്ന എനിക്ക് ഇന്നലെ വൈകിട്ട് നീ തന്ന സർപ്രൈസ് എന്തായാലും കലക്കി.....

നീ ഇത് മുടക്കാൻ ഏതറ്റം വരെ പോകുമെന്ന് കാണാൻ കാത്തിരിക്കുവായിരുന്നു ഞാൻ.....

എല്ലാം കേട്ടു അവനെ ചുണ്ട് കൂർപ്പിച്ചു നോക്കി അവൾ....

കള്ള പോലീസ്..! പതിഞ്ഞ ശബ്ദത്തിൽ മൊഴിഞ്ഞതും അത് കേട്ടു അവൻ പൊട്ടിച്ചിരിച്ചു.....

പതിയെ പതിയെ ആ ചിരി അവളുടെ ചുണ്ടിലേക്കും പടർന്നു.....

അപ്പോൾ എങ്ങനാ കാര്യങ്ങൾ??

കലക്കുവല്ലേ നമ്മൾ...?

ഒറ്റക്കണ്ണിറുക്കി അവളോട്‌ ചോദിച്ചു....

കലക്കാം....!!!💛💛

                   🌼🤍💛🌼🤍💛🌼

മുകളിൽ നിന്നു ചിരിയോടെ ഇറങ്ങി വരുന്നവരെ കണ്ടു എല്ലാരുടേം മനസ്സ് നിറഞ്ഞു....

ഹാ..... ദാ വരുന്നു... ഇപ്പോൾ പറഞ്ഞതെ ഉള്ളു നിവിയെ പറ്റി...

എന്താ പറഞ്ഞെ??

അതോ... പണ്ട് ഒരിക്കൽ ഇവൻ നിന്റെ ഏതോ ഒരു ടോയ് കാർ എടുത്തു എന്ന് പറഞ്ഞു കയ്യിൽ കിട്ടിയ എന്തോ കൊണ്ട് ഇവന്റെ തല തല്ലി പൊളിച്ചില്ലേ നീ... അത്‌ പറഞ്ഞതാ....

ഗൗരവിനെ ചൂണ്ടി കാട്ടി അപ്പ പറഞ്ഞതും അവനെ നോക്കി നന്നായൊന്നു ഇളിച്ചു കാണിച്ചു കൊടുത്തു നിവി.....

ആഹ്‌ അപ്പോൾ എല്ലാം സോൾവ് ആയ സ്ഥിതിക്ക് നമുക്ക് ഇനി ചായ കുടിക്കാല്ലോ.....

എന്ന് പറഞ്ഞു ഗൗരവ് കപ്പ്‌ എടുത്തു ചുണ്ടോടാടുപ്പിക്കാൻ ശ്രമിക്കവേ.... നിവി ചാടി വീണു....

"നോ.....!!!!"

അവളുടെ ആ നീക്കത്തിൽ സംശയം തോന്നി ഗൗതം എന്താണെന്ന് അന്വേഷിച്ചു.....

അതേ... അതുപിന്നെ.... ഈ പെണ്ണുകാണൽ കുളം ആക്കാൻ...

ഗൗതം കയ്യൊഴിഞ്ഞു എന്ന് തോന്നിയപ്പോളെ.... ഞാൻ ചെറുക്കന് കൊടുക്കാൻ വെച്ച ചായയിൽ കുറച്ച് ഉപ്പു ചേർത്തു....

മടിച്ച് മടിച്ച് പറഞ്ഞു നിർത്തിയ നിവിയെ നോക്കി ഗൗതം തലയ്ക്കു കൈകൊടുത്തു....

ഗൗരവിന്റെ കണ്ണുതള്ളിയുള്ള നിൽപ് കണ്ടു നിവിക്കും ചിരി വന്നുപോയി...

ഒരുപാട് ഒന്നുമില്ല ട്ടോ.... വെറും... ഒന്ന്... രണ്ട്... മൂന്നു.... നാലു സ്പൂൺ....

കൈവിരലുകൾ ഓരോന്നായി നിവർത്തി എണ്ണി പറഞ്ഞതും അവിടെ ആകമാനം കൂട്ടച്ചിരി മുഴങ്ങി.....

ശുഭം... 🌼

അഭിപ്രായങ്ങള്‍