വീണ്ടും | ഭാഗം 5 | Lachumma

അന്ന് നടന്ന സംഭവങ്ങൾക്ക് ശേഷം വാവാച്ചിയും മധുവും ഒരേപോലെ പേടിച്ചിരുന്നു.... അതിന് ശേഷം കുറച്ച് നാളത്തേക്ക് വാവച്ചിയെ കൂട്ടി അവൾ പാർക്കിൽ പോയിരുന്നില്ല...

ആൻ കുറെ പറഞ്ഞു നോക്കിയെങ്കിലും അതൊന്നും കേൾക്കാൻ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല മധു.... വാവച്ചിയെ വെച്ചു ഇനിയൊരു പരീക്ഷണത്തിനും അവൾ തയ്യാറായിരിന്നുന്നില്ല....
തനിക്കു ഈ ലോകത്ത് ആകെയുള്ള സ്വത്താണ് തന്റെ സ്വന്തമാണ് വാവച്ചി.... അവൾടെ ദേഹത്ത് ഒരു തരി മണ്ണുവീഴുന്നത് പോലും സഹിക്കില്ല....അവളുടെ കണ്ണുനിറഞ്ഞാൽ ആ കുഞ്ഞ് മുഖമൊന്നു വാടിയാൽ പിടയുന്നത് തന്റെ ഇടനെഞ്ചാണ്....
അവളെ പുറത്തെങ്ങും ഒറ്റക്ക് കളിക്കാൻ വിടാതെ ഫ്ലാറ്റിൽ അവളുടെ കളിപ്പാട്ടങ്ങളും കളറിങ് ബുക്കും കൊടുത്തു പിടിച്ചിരുത്തുകയായിരുന്നു പിന്നീട് മധു ചെയ്തത്....
ഫ്ലാറ്റിനുള്ളിൽ അടച്ചിരുന്നു വാവാച്ചിയും മടുപ്പ് പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ ആൻ വിജയെ കണ്ടു കാര്യം അറിയിച്ചു.....
വാവച്ചി വീണ ദിവസത്തിന് ശേഷം പിന്നീട് വിജയുടെ കണ്ണുകൾ അവൻ പോലും അറിയാതെ വാവാച്ചിക്കൊപ്പം അവളുടെ അമ്മയെയും ഒപ്പിയെടുക്കാൻ തുടങ്ങിയിരുന്നു....
അവളെ കാണുന്നത് വളരെ വിരളമായി ആണെങ്കിൽ പോലും അവളിലെ ഓരോ ചലനങ്ങളെയും ശ്രദ്ധാപൂർവം ഒപ്പിയെടുത്തുകൊണ്ടിരുന്നു....
ഇത്രയും നാൾ ആയിട്ടും താൻ അവളെ ശ്രദ്ധിച്ചിരുന്നില്ല എന്ന കാര്യം അവനെ അത്ഭുതപെടുത്തി....
സദാ വളരെ ശാന്തമായ മുഖഭാവവും, വിരിഞ്ഞ ഉണ്ടക്കണ്ണുകളും, ചിരിക്കുമ്പോൾ മാത്രം തെളിയുന്ന ഇടത്തെ കവിളിലേ നുണക്കുഴിയും എല്ലാം ഒരുവേള ആദ്യമായി കാണും പോലെ അവൻ നോക്കി നിന്നു....
വാവാച്ചിയാണ് അവളുടെ ലോകം...അവൾക്കു വേണ്ടി മാത്രമാണ് ജീവിക്കുന്നത് പോലും ... ഉപഗ്രഹം പോലെ അവളെ മാത്രം വലയം ചെയ്തുള്ള ജീവിതം.....
അവളെ ഓർത്ത് അവളിലെ അമ്മയെ ഓർത്ത് അന്നാദ്യമായി അവന് ബഹുമാനം തോന്നി... ഒറ്റയ്ക്ക് പൊരുതി ജീവിച്ചു കാട്ടാനുള്ള അവളുടെ മനസിനെ അവളിലെ ധൈര്യത്തെ ഓർത്തു അഭിമാനം തോന്നി....
സ്വന്തം ജീവിതത്തേകാളോ സുഖസൗകര്യത്തെക്കാളൊ വലുതല്ല മക്കളോടുള്ള സ്നേഹവും കരുതലും അവരുടെ സന്തോഷവും എന്ന് കരുതുന്ന ഈ കാലത്തെ മാതാപിതാക്കളിൽ നിന്നും വ്യത്യസ്തമായി തന്റെ പോന്നോമനയ്ക്കായി അതെല്ലാം ത്യജിച്ചു അവളെ നോക്കാനായി ഒറ്റക്ക് മുന്നിട്ട് ഇറങ്ങിയ മധു അവന് അത്ഭുതം തന്നെയായിരുന്നു....
അവളെ ഓർത്ത് ആദ്യമായി അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.... പല വർണ്ണങ്ങളും പല വിധ അർത്ഥങ്ങളും ഒളിഞ്ഞു കിടക്കുന്ന നറുപുഞ്ചിരി....
🤎🤎🤎🤎
ആൻ പറഞ്ഞ പ്രകാരം വാവാച്ചിയേം മധുവിനേം കാണാനും അവരെ കൂട്ടി ഒന്ന് പുറത്തേക്ക് പോകാനും തീരുമാനിച്ച് രാഹുലും വിജയും ഒരിക്കൽ ഫ്ലാറ്റിലെത്തി.... ഇവിടെ നടന്ന സംഭവങ്ങളും മധുവിന്റെ ജീവിതത്തെയും കുറിച്ച് എല്ലാം അന്ന് തന്നെ വിജയ് പറഞ്ഞു അവൻ അറിഞ്ഞിരുന്നു....
മധു ആദ്യമൊക്കെ വരില്ലെന്ന് എതിർത്തെങ്കിലും പിന്നീട് വാവച്ചിയുടെ മുഖം കണ്ട് സമ്മതം പറഞ്ഞു....
വിജയുടെ തലവെട്ടം കണ്ടപ്പോൾ മുതൽ വാവച്ചി അവനൊപ്പം ആയിരുന്നു....ആനും മധുവും റെഡി ആയി വരുന്ന നേരം വരെയും ഒരുങ്ങി ഇരുന്ന വാവച്ചി അവന്റെ മടിയിൽ കയറി ഇരുന്നു കുഞ്ഞി കൈകളാൽ അവന്റെ മുഖം മുഴുവൻ തൊട്ട് നോക്കി, മീശ പിരിച്ചും താത്തിയും വെച്ചു , താടിയിൽ പിടിച്ചു വലിച്ചും കളിച്ചുകൊണ്ടിരുന്നു... അവൾ താടി പിടിച്ചു വലിക്കുമ്പോൾ വിജയ് വേദനയെടുക്കുന്ന പോൽ ശബ്ദം പുറപ്പെടുവിക്കും അത്‌ കണ്ട് കുഞ്ഞി ചുണ്ടിലെ ചിരി പതിയെ മാഞ്ഞു അവിടെ സങ്കടം നിഴലിക്കാൻ തുടങ്ങും.... അവന് വേദനിക്കുന്നു എന്നു കാണുമ്പോൾ വാവാച്ചിക്കും വേദനിക്കും... അവളുടെ കുഞ്ഞി കൈകൾ ഉയർത്തി ചെവിയിൽ പിടിച്ചു അവനെ നോക്കി സോറി എന്നപോൽ ആംഗ്യം കാണിക്കും.... അത്‌ കണ്ടു ചിരിയോടെ അവളെ വാരിയെടുത്തു നെഞ്ചോടു ചേർത്തു നെറ്റിയിലും കവിളിലും ആയി മാറി മാറി മുത്തുന്ന വിജയേ അത്ഭുതത്തോടെ നോക്കി ഇരുന്നു രാഹുലും.... ഇന്നുവരെ കണ്ടിട്ടില്ലാത്ത വിജയുടെ മറ്റൊരു ഭാവം... മറ്റൊരു മുഖം...
ഇവരുടെ കളിചിരികൾ പിന്നിൽ നിന്നും കണ്ടു നിന്ന ആനിന്റെ ചുണ്ടിലും ഒരു ചിരി വിടർന്നു ഒപ്പം മനസിലുടെ പലവിധ ചിന്തകളും കടന്ന് പോയ്കൊണ്ടിരുന്നു......
അത്യാവശ്യം ഷോപ്പിങ്ങും കഴിച്ചുകൂട്ടി വൈകിട്ടോടെ വീണ്ടും ബീച്ചിലേക്കാണ് അവർ പോയത്... ഈ നേരമത്രയും വാവച്ചി വിജയോടൊപ്പം ആയിരുന്നു.... അവന്റെ കയ്യിൽ തൂങ്ങി, അവൻ വാങ്ങികൊടുത്ത ബലൂൺസും ആയി സന്തോഷത്തോടെ നടക്കുന്നവളെ കാൺകെ മധുവിനും അല്പം ആശ്വാസമായി.... വാവാച്ചിക്കുവേണ്ടി മാത്രമാണ് ഇന്ന് താല്പര്യമില്ലാഞ്ഞിട്ടു കൂടി പുറത്തേക്കിറങ്ങിയത്.... അവളുടെ സന്തോഷത്തെ ഓർത്തു മാത്രമാണ് സമ്മതിച്ചു.... ഇപ്പോൾ എന്തുകൊണ്ടും എടുത്തത് നല്ല തീരുമാനം തന്നെയാണെന്ന് അവൾക് തോന്നി....
വാവാച്ചിയേം കൂട്ടി വിജയ് അല്പം മുന്നിലായി കേറി നിന്നു.... മറ്റു മൂവരും കടൽക്കരയിൽ അധികം ആൾതിരക്കില്ലാത്ത ഒഴിഞ്ഞ ഒരിടത്ത് സ്ഥാനം പിടിച്ചു..... കടൽ കണ്ടതും വാവച്ചിയുടെ കണ്ണുകൾ തിളങ്ങി ചുണ്ടിൽ സന്തോഷത്തിന്റെ ചിരി വിടർന്നു.... എന്നാൽ ഒരിക്കൽ പോലും മധു അവളെ വെള്ളത്തിൽ ഇറക്കാൻ അനുവദിക്കാത്തതിനാൽ പതിവ് പോലെ സമ്മതത്തിനായി അവളെ തിരിഞ്ഞു നോക്കി..
ഇന്നെങ്കിലും അനുവദിക്കുമോ എന്നപോൽ തന്റെ നേരെ നോക്കുന്ന വാവച്ചിയെ നോക്കി ഇല്ല എന്ന് തല ചലിപ്പിച്ചു.... അത് കണ്ടതും വാവച്ചിയുടെ മുഖത്തെ ചിരി മങ്ങി സങ്കടത്തോടെ തല താഴ്ത്തി നിന്നു..
അമ്മയും മകളും തമ്മിലുള്ള കണ്ണുകൊണ്ടുള്ള സംഭാഷണം ശ്രദ്ധിച്ചു നിന്ന വിജയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു....
നിമിഷനേരത്തിൽ വാവച്ചി വായുവിൽ ഉയർന്നതറിഞ്ഞു.... വിജയ് അവളെ ഇരുകയ്യാലും കോരി എടുത്തു തോളിൽ കേറ്റി ഇരുത്തി വെള്ളത്തിനടുത്തേക്ക് നടക്കുകയായിരുന്നു..... അത്‌ കണ്ടു ഒരുനിമിഷം മധു പതറിയെങ്കിലും രാഹുലും ആനും അവളെ തടഞ്ഞു വെച്ചു വിജയ് നോക്കിക്കോളും എന്ന് ഉറപ്പു നൽകി....
എങ്കിലും അവർ ഇരുവരിലും തന്നെ കണ്ണുകൾ പതിപ്പിച്ചു അസ്വസ്ഥമായ മനസോടെ ഇരുന്നു അവൾ....
വാവച്ചിയെ എടുത്തു പൊക്കി നടന്ന വിജയ് വെള്ളത്തിലേക്കിറങ്ങി പതിയെ അവളെ തോളിൽ നിന്നും ഇറക്കി തന്റെ രണ്ടു പാദത്തിനും മുകളിലായി നിർത്തി.... തിരമാല അടുത്തേക്ക് വരുന്നതനുസരിച്ചു അവളെ വീണ്ടും രണ്ടു കയ്യലും പൊക്കിയും താത്തും കളിച്ചുകൊണ്ടിരുന്നു.... അവൻ പൊക്കുന്നതും താഴ്ത്തുന്നതും അനുസരിച്ചു വാവച്ചി അവളാൽ ആകും പോൽ കൊച്ച് ശബ്ദങ്ങൾ പുറപെടുവിച്ചു പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു.....
ആ കാഴ്ച കണ്ടു ദൂരെ നിന്ന മധുവിൽ വേദന കലർന്നൊരു ചിരി വിടർന്നു..... കണ്ണുകൾ നിറഞ്ഞു കടൽ കാറ്റിൽ അവ തട്ടി തെറിച്ചു....
ഓരോ തവണ ബീച്ചിൽ വരുമ്പോഴും അൽപനേരം മണ്ണിൽ കളിച്ചു ഷീണിച്ച് വാവച്ചി തന്റെ മടിയിൽ വന്നിരിക്കും.... അമ്മയും മകളും മാത്രം ഉള്ള അവരുടേത് മാത്രമായ് കുറച്ച് സമയം....
കടലിൽ ഇറങ്ങി അച്ഛനും അമ്മയ്ക്കുമൊപ്പം കളിക്കുന്ന കുരുന്നുകളെ കാണുമ്പോൾ വാവാച്ചിയും എന്റെ മുഖത്തേക്ക് നോക്കും.... അവളുടെ ആ നോട്ടത്തിൽ പറയാതെ പറയും അവളുടെ പരിഭവങ്ങൾ.....
അതുപോലെ ഒന്നും ന്റെ കുട്ടിക്ക് കളിക്കാൻ ഉള്ള യോഗം ഇല്ല എന്ന ചിന്ത എത്രയോ ദിവസങ്ങളിൽ തന്നെ കീറി മുറിച്ചിരിക്കുന്നു....മനഃപൂർവം ആണ് താൻ അവളെ കൂട്ടി ഇങ്ങനെ ഉള്ള ഇടങ്ങളിൽ പോവാത്തത്.....
പല കാഴ്ചകളും അവളെയും തന്നെയും ഒരേപോലെ വേദനിപ്പിച്ചേക്കാം....
അതൊന്നും വേണ്ടെന്ന് വെച്ചിട്ടാണ് എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നതും.....
പക്ഷെ ഇന്ന്... അറിഞ്ഞോ അറിയാതെയോ തന്റെ വാവച്ചിയുടെ ഒരുപാട് നാളത്തെ ആഗ്രഹം ആണ് വിജയിലൂടെ സാധിച്ചതു....
രാഹുലിന്റെ വിളിയാണ് തന്നെ വീണ്ടും ഉണർത്തിയത്.... അവനും ആനുമായുള്ള സംഭാഷണത്തിലേക്ക് വെറുതെ കാതോർത്തു.....
നിങ്ങൾക്കറിയോ.... വിജയ്... അവനെ ഒരിക്കലും ഇങ്ങനെ ഞാൻ കണ്ടിട്ടേ ഇല്ല.... ആദ്യമായിട്ടാണ് ഒരാളോട് ഇത്രയും അടുപ്പവും സ്നേഹവും അവൻ കാണിക്കുന്നത്.... അവന്റെ ഉള്ളിൽ ഇത്രയും സോഫ്റ്റായ ഒരു മനുഷ്യൻ ഉണ്ടെന്നു തന്നെ ഇവിടെ വന്നതിനു ശേഷമാണു അറിഞ്ഞത്.....
ജീവിതത്തിൽ ഒരിക്കലും എന്റേത് എന്ന് പറഞ്ഞു ചേർത്ത് പിടിക്കാൻ ആരും ഇല്ലാത്തവനാണ് വിജയ്...
വളരെ കൈപ്പു നിറഞ്ഞ ബാല്യത്തിന്റെ ഓർമ്മകൾ പേറി ആരോടൊക്കെയോ ഉള്ള ദേഷ്യവും വാശിയും സ്വന്തം ജീവിതത്തിൽ തീർത്ത് വളരെ അധികം ഒറ്റപെട്ടു പോയൊരു അവസ്ഥയിലാണ് അവനെ ഞാൻ പരിചയപെടുന്നത്....
കൃത്യമായി പറഞ്ഞാൽ ഊട്ടി കോൺവെൻറ് സ്കൂളിൽ ആറാം ക്ലാസിൽ....
അവന്റെ പത്താം വയസിൽ സെപ്പറേറ്റഡ് ആയതാണ് പേരെന്റ്സ്.... വല്യ ബിസിനസ്മാൻ ആയിരുന്നു അച്ഛൻ...
പക്ഷെ ആയിടയ്ക്ക് വലിയ സാമ്പത്തിക തകർച്ച നേരിട്ടു കടം കേറി ഉണ്ടായിരുന്നതെല്ലാം വിറ്റു....
അവന്റെ അച്ഛന്റെ പിടിപ്പുകേട് കൊണ്ടാണ് എല്ലാം നഷ്ടമായതെന്നുള്ള അമ്മയുടെ നിരന്തരമായ കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും അയാളെ മദ്യത്തിന് അടിമയാക്കി.....
എല്ലാത്തിനും മേലെ ഇനിയും ഇങ്ങനൊരു ജീവിതം തുടരാൻ താല്പര്യമില്ല എന്ന് പറഞ്ഞു അമ്മയും മറ്റൊരാളോടൊപ്പം സ്വന്തം സുഖസന്തോഷങ്ങൾക്ക് പ്രാധാന്യം നൽകി അവനെ ഒറ്റക്ക് ആക്കി പോയി.....
എല്ലാം കണ്ടും കേട്ടും എന്ത് ചെയ്യണം എന്നറിയാതെ നിന്ന ഒരു പത്തു വയസ്സുകാരൻ പയ്യൻ....
ആൺ കുട്ടി അല്ലെ എന്നെങ്കിലും ഒരുനാൾ സ്വയം രക്ഷപെട്ടോളും എന്ന അവന്റെ അച്ഛന്റെ ചിന്തയിൽ അവനെ കൊണ്ട് ഊട്ടി കോൺവെൻറ് സ്കൂളിൽ ബോർഡിങ്ങിൽ ആക്കി കുറച്ച് പൈസയും ഏല്പിച്ചു പോയ അദ്ദേഹത്തെ പിന്നീട് കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു മൂന്ന് ദിവസത്തിന് ശേഷം.....ആത്മഹത്യ ആയിരുന്നു അത്‌....
അവിടുന്ന് പിന്നീട് കോൺവെന്റിലെ ഏകാന്ത ജീവിതം... എല്ലാത്തിനോടും എല്ലാവരോടും ആദ്യം വെറുപ്പായിരുന്നു....ആരുമായും ഇടപഴകാതെ ഒരുതരം ഒറ്റയാൻ ജീവിതം.... അന്നുവരെ സ്നേഹമെന്തെന്നും ചേർത്ത് പിടിക്കൽ എന്തെന്നും അറിഞ്ഞിട്ടില്ലാത്തതാവണം......
എന്റെ അച്ഛൻ വിദേശത്തും അമ്മ നാട്ടിൽ ബാങ്കിൽ AGM ഉം ആയിരുന്നു.... ട്രാൻസ്ഫറിന്റെ പ്രശ്നം കാരണം എന്റെ സ്കൂളിംഗ് ശെരിയാകുന്നില്ല എന്ന തോന്നലിൽ എന്നെ കൊണ്ട് ഊട്ടി കോൺവെൻറ് സ്കൂളിൽ ആക്കി.....
അവിടുന്ന് തുടങ്ങിയതാണ് അവനുമായുള്ള എന്റെ ബന്ധം.. ആദ്യമൊക്കെ മറ്റെല്ലാവരെയും പോലെ എന്നെയും അകറ്റി നിർത്തിയിരുന്നു പക്ഷെ പിന്നീട് പതിയെ അവനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി.... അടുത്ത് കഴിഞ്ഞാണ് എന്നോട് ഇതെല്ലാം അവൻ പറയുന്നത്... അന്നാദ്യമായി ജീവിതത്തിൽ തന്നെ ആദ്യമായി അവൻ എന്നെ കെട്ടിപിടിച്ചു വാവിട്ടു കരഞ്ഞു.... വർഷങ്ങളായി ഉള്ളിൽ കെട്ടികിടന്ന സങ്കടങ്ങൾ പേമാരി കണക്കെ ആർത്തു പെയ്തു ഒഴുക്കി കളഞ്ഞു......
പിന്നീട് എന്റെ അമ്മയും അച്ഛനും അവനും അതേപോലെ ആയി.... ഞങ്ങളുടെ ഒപ്പം വെക്കേഷന് അവനും വന്നു താമസിച്ചിരുന്നു..... അവന്റെ പാഷൻ, ഇന്റെരെസ്റ്റ് എല്ലാം വളരെ വ്യത്യസ്തമാണ് അതാണ് അല്പം ചിത്ര രചനയും, സാഹിത്യവും, കഥയെഴുതും ഒക്കെയായി സിനിമ രംഗത്ത് കേറിയതും അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക്‌ ചെയ്തതും.....
അവൻ ആകെ മയത്തിൽ സംസാരിച്ചു കണ്ടിരിക്കുന്നത് എന്നോടും എന്റെ വീട്ടുകാരോടും മാത്രമാണ്... അങ്ങനെ ഉള്ള വിജയ് ഇതാദ്യമയാണ് വാവച്ചിയുമായി ഇത്രയും ചുരുങ്ങിയ കാലയളവിൽ അടുപ്പവും ആത്മബന്ധവും സ്ഥാപിച്ചിരിക്കുന്നത്...
എനിക്ക് സത്യത്തിൽ ഈ മാറ്റം വിശ്വസിക്കാനാക്കുനില്ല....
വിജയേ പറ്റി അറിഞ്ഞ കാര്യങ്ങൾ എല്ലാം കേട്ടു എന്ത് പറയണം എന്നറിയാതെ തറഞ്ഞു നിന്നു ആനും മധുവും... സത്യത്തിൽ വിജയ്ക്ക് ഇങ്ങനൊരു പാസ്ററ് ഉണ്ടായിരുന്നുവെന്ന് ഇന്നുവരെയും അറിവില്ലാത്ത കാര്യമായിരുന്നു.... അവനോട് വല്ലാത്തൊരു സഹതാപവും അലിവും വന്നു നിറയുന്നതായി മധുവിന് തോന്നി.....
ശെരിക്കും പറഞ്ഞാൽ വാവാച്ചിയും വിജയും ഏകദേശം ഒരേ തോണിയിലെ യാത്രക്കാരെ പോലെയാണ് അല്ലെ ആൻ...?
ചോദിക്കണമെന്ന് ഉദ്ദേശിച്ചതല്ലെങ്കിലും അറിയാതെ മധുവിൽ നിന്നും ഉയർന്ന ചോദ്യം കേട്ട് ആനും രാഹുലും ഒരുപോലെ ഞെട്ടി.....
ഒരിക്കലും അല്ല മധു..... അതെങ്ങനെ ശെരിയാകും.... വാവാച്ചിക്ക് നീയില്ലേ..... എന്തിനും ഏതിനും അവളെ ഒറ്റക്ക് ആക്കാതെ സ്വയം പൊരുതി ഇവിടെ വരെ എത്തിയിലെ നീ മധു.... അല്ലാതെ ആ സ്ത്രീയെപ്പോലെ പോലെ ഒരു പ്രശ്നം വന്നപ്പോൾ കളഞ്ഞിട്ട് ഓടിയില്ലല്ലോ....
അവൾക്കു മറുപടി പറയാൻ തുടങ്ങിയ രാഹുലിനെ വിലക്കികൊണ്ട് പിന്നിൽ നിന്നും വിജയുടെ സ്വരം ഉയർന്നു.....
ഞെട്ടിത്തിരിഞ്ഞു നോക്കിയതും പിന്നിലായി വാവച്ചിയെ തോളിലിട്ടു നിൽക്കുന്നു വിജയ്.... തങ്ങൾ സംസാരിച്ച വിഷയം എന്താണെന്നു മനസിലായി കാണണം.... അവന്റെ നോട്ടം നേരിടാൻ കഴിയാതെ മധു തലകുനിച്ചു......
ഒന്ന് മാത്രം പറയാം മധു.....
എന്റെ കാഴ്ചപ്പാടിൽ ഇന്നീ ലോകത്തിൽ വാവാച്ചിയോളം ഭാഗ്യവതി ആയൊരു കുഞ്ഞിനെ ഞാൻ കണ്ടിട്ടില്ല.....
എന്താണെന്നോ....?
നിന്നെപ്പോലെ ഒരമ്മ അവൾക്കുണ്ട് എന്നതാണ്...... അതാണ് അവൾക്കുള്ള ഏറ്റോം വല്യ ഭാഗ്യം.... അതിനു മുന്നിൽ അവളുടെ ഒരു കുറവും മുന്നിട്ട് നിൽക്കില്ല..... എനിക്കുറപ്പുണ്ട്.......
ഇത്രയും പറഞ്ഞു വാവാച്ചിയേം തോളിലിട്ട് നടന്നകലുന്നവനെ കണ്ണീരിനിടയിലും അവൾ കണ്ടു.... ചെവിയിൽ വീണ്ടും വീണ്ടും അവന്റെ വാക്കുകൾ അലയടിച്ചുകൊണ്ടിരുന്നു......
ഇതെല്ലാം കേട്ടു നിന്ന ആനിന്റെ ചിന്ത അപ്പോഴും മറ്റെന്തിലോ കുരുങ്ങി കിടന്നിരുന്നു....
🤎🤎🤎🤎
തിരികെ ഫ്ലാറ്റിലെത്തിയതും തന്റെ തോളിൽ ഉറങ്ങി കിടക്കുന്ന വാവച്ചിയെ ഉണർത്താതെ വിജയ് മധുവിന്റെ കയ്യിലേക്ക് കൊടുത്തു....
അവളെയും കൊണ്ട് മധു റൂമിലേക്ക് പോയതും തിരിഞ്ഞു നടന്ന വിജയേ ആൻ വിളിച്ചു....
എന്താ ആൻ.....
വിജയ്.... എനിക്കൊരു കാര്യം അറിയണം.....
എന്താ... ഇപ്പോൾ ഒരു മുഖവുര... ചോദിക്ക് ആൻ....
അത്‌.... അത്... നിനക്ക് വാവച്ചിയെ ഇഷ്ടമാണോ??
അവളുടെ ചോദ്യത്തിന് ഉത്തരമായി വെറുതെ ഒന്ന് ചിരിച്ചു അവൻ....
എന്താ ഇപ്പോൾ അങ്ങനെയൊരു സംശയം.....
അതല്ല വിജയ്... ഞാൻ സീരിയസ് ആയിട്ട് ചോദിക്കുവാണ്..... ഇഷ്ടമാണോ അവളെ??
നിന്റെ ചോദ്യത്തിന് ഉത്തരം ഇതാണ് ആൻ...
എനിക്ക് ഒരുപാട് ഇഷ്ടമാണ് ആൻ അവളെ.... വാവച്ചിയെ.... പലപ്പോഴും എനിക്കവൾ എന്റെ ആരെല്ലാമോ ആണെന്ന് തോന്നാറുണ്ട്..... അത്രയും ഇഷ്ടമാണ്....ഒരുപാട്...
അളവില്ലാതെ.....
അവളെ മകളെ പോലെ കണ്ടു സ്നേഹിക്കാൻ കഴിയുമോ നിനക്ക് വിജയ്?
അവളുടെ ആ ചോദ്യത്തിൽ അവന്റെ ചുണ്ടിലെ ചിരി പതിയെ മാഞ്ഞു.....
പറ വിജയ്.... അവളെ സ്വന്തം കുഞ്ഞായി കണ്ടു ഇന്നുവരെ അവൾ അനുഭവിച്ചിട്ടില്ലാത്ത സ്നേഹം നിന്നെക്കൊണ്ട് നൽകാൻ കഴിയുമോ?? എന്നാൽ എനിക്ക് തോന്നിട്ടുണ്ട് നിന്നെക്കൊണ്ടതിനു സാധിക്കുമെന്ന്......
പലപ്പോഴായി നിങ്ങൾ രണ്ടു പേരുടെയും കൊഞ്ചലിൽ കളി ചിരിയിൽ എനിക്ക് കാണാൻ കഴിഞ്ഞത് അതാണ് .... വാവച്ചി ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത സ്നേഹവും കരുതലും... അതവൾക്കു നിന്നിലൂടെ ലഭിക്കുന്നുണ്ട് വിജയ്.... അവളും അതിന് പലപ്പോഴായി കൊതിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.... നിനക്കത് മനസിലായിട്ടുണ്ടോ എന്നെനിക്കറിയില്ല.....
ആ കുരുന്നിനു മിണ്ടാൻ സാധിച്ചിരുന്നേൽ ചിലപ്പോൾ അവളായിട്ട് അത്‌ നിന്നോട് ചോദിച്ചേനെ അല്ലെങ്കിൽ പറഞ്ഞേനെ..... അവളുടെ കണ്ണിൽ ഞാൻ കണ്ടിട്ടുണ്ട് ആ തിളക്കം..... നിന്നെ കാണുമ്പോൾ അവളുടെ കുഞ്ഞി കണ്ണുകളിൽ ഞാൻ കണ്ടിട്ടുണ്ട് അവൾ അനുഭവിക്കുന്ന സന്തോഷം.....
മധുവിനേം വാവാച്ചിയേം അടുത്തറിയാവുന്ന ഒരാളായത് കൊണ്ട് ഞാൻ ഇത് ചോദിച്ചതാണ്....
അവരെ രണ്ടുപേരെയും ഇതുപോലെ എത്ര കാലം എന്നെകൊണ്ട് ഒപ്പം നിർത്താനാകുമെന്ന് എനിക്കറിയില്ല....
പക്ഷെ എന്തോ.... വാവച്ചി നിന്നെപ്പോലൊരു അച്ഛനെ ആഗ്രഹിക്കുന്നതായി എന്നിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്....
അഥവാ നിന്നെപ്പോലൊരാളെ ആണ് അവൾ അച്ഛനായി അർഹിക്കുന്നതും എന്നെനിക്ക് തോന്നുന്നു.....
നിങ്ങളെ ഒപ്പം കാണുമ്പോൾ അറിയാതെ ആശിച്ചു പോകുന്നു നിങ്ങൾ ശെരിക്കും അച്ഛനും മകളും ആയിരുന്നുവെങ്കിൽ എന്ന്......
ആലോചിച്ചു നോക്ക് വിജയ്...
ഇന്ന് നിന്റെ പഴയ കാര്യങ്ങളും അറിഞ്ഞപ്പോൾ എന്തോ.... പറയണം എന്ന് തോന്നി.....പോട്ടെ...
ഇത്രയും പറഞ്ഞു കണ്ണുകൾ തുടച്ചുകൊണ്ട് അകന്നു പോകുന്ന ആനിനെ തന്നെ നോക്കി നിന്നു വിജയ്....
ജീവിതത്തിൽ സ്നേഹമെന്താണെന്നു അറിഞ്ഞിട്ടില്ലാത്ത ഒരുവനും സ്നേഹം കൊണ്ട് മുറിവേറ്റ ഒരുവളും.....
🤎🤎🤎🤎
ആൻ പറഞ്ഞ കാര്യങ്ങളിൽ തന്നെ കുരുങ്ങി കിടന്നിരുന്നു വിജയുടെ ചിന്തകൾ..... ഒരുവേള താനും ആഗ്രഹിച്ചിരുന്നതല്ലേ ഇത് എന്ന് മനസ്സ് പറയുന്നതുപോലെ....
വാവച്ചിയെ കാണുമ്പോൾ തന്നെ ഉള്ളിൽ ഉടലെടുക്കുന്ന പേരറിയാത്തൊരു വികാരം... അതിനെ എന്ത് വിളിക്കണമെന്ന് അറിയാതൊരു അവസ്ഥ..... ഒപ്പം മധു..... അവളും ഇങ്ങനെ ചിന്തിച്ചു കാണുമോ?? അറിയില്ല.....
മധു...... അവളോടും അങ്ങനെയൊരു ഇഷ്ടം എപ്പോഴെങ്കിലും തോന്നിയിരുന്നുവോ...? അതും അറിയില്ല.....
അവളെ പോലെ ഉശിരുള്ള ഒരു പെണ്ണിനെ ഓർത്തു അഭിമാനം തോന്നിയിരുന്നു, അവൾ കടന്ന് വന്ന വഴിയേ പറ്റി അറിഞ്ഞപ്പോൾ സഹതാപം തോന്നിയിരുന്നു, അവളുടെ കണ്ണീർ കണ്ടപ്പോൾ അലിവ് തോന്നിയിരുന്നു, വാവാച്ചിയോടുള്ള വാത്സല്യവും സ്നേഹവും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയിരുന്നു....
അവളിലെ അമ്മയോട് അളവിൽ കവിഞ്ഞ ബഹുമാനം....
ഇതിനിടയിൽ പ്രണയം..... അങ്ങനെയൊന്നു മനസ്സിൽ ഉണ്ടായിരുന്നോ??
ഇന്നുവരെയും ആരോടും തോന്നാത്ത ഒന്ന്.....
പക്ഷെ അവരെ രണ്ടു പേരെയും വേറാർക്കും കൊടുക്കാതെ പൊതിഞ്ഞു പിടിക്കാൻ തോന്നിയിട്ടുണ്ട്.... തന്റേത് മാത്രം ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്..... എന്നും തന്നോടൊപ്പം ഉണ്ടെങ്കിൽ എന്ന് നിനച്ചിട്ടുണ്ട്......
അത്രയ്ക്കും..... അത്രയ്ക്കും ആ അമ്മയും മകളും തന്റെ ഓരോ അണുവിലും നിറഞ്ഞു നില്കുന്നതായി തോന്നി അവന്.....
അവരെ രണ്ടു പേരെയും മനസ്സിൽ നിറച്ചു നിറഞ്ഞ പുഞ്ചിരിച്ചു.... ആനിന്റെ ചോദ്യത്തിനുള്ള ഉത്തരം മറനീക്കി പുറത്തു വന്നെന്ന സന്തോഷത്തിൽ ഇരുവരേം കണ്ണിലും മനസിലും ഒരുപോലെ നിറച്ചു ബാൽക്കണിയിലെ ചാരുകസേരയിലേക്ക് ചാഞ്ഞു.....
അന്നത്തെ നിലവിനു പോലും അവരുടെ രൂപമാണെന്ന് തോന്നി.....
അത്രയും തെളിമയോടെ....
അത്രയേറേ ഭംഗിയോടെ നിലാവുദിച്ചു നിന്നു...
ആകാശത്തും... അവന്റെ ഉള്ളിലും....
ഇതൊന്നും അറിയാതെ തന്റെ ബെഡിൽ ഇരുന്ന് പല നിറത്തിലുള്ള ഛായപെൻസിലുകളാൽ പുതിയൊരു ചിത്രം വരച്ചുകൊണ്ടിരുന്നു വാവച്ചി.....
രണ്ടു വല്യ രൂപങ്ങൾക്കിടയിലായി രണ്ടു കയ്യും പിടിച്ചൊരു കൊച്ച് രൂപം.....
അവളുടെ സ്വപ്‌നങ്ങൾ കണ്ട മനോഹരമായൊരു നാളെയുടെ ചിത്രം......
തുടരും..

അഭിപ്രായങ്ങള്‍