ഭദ്ര | ഭാഗം 4 | ആതിര

 

ഭദ്ര ചെല്ലുമ്പോൾ മുറിയിലുണ്ടായിരുന്ന മേശയ്ക്ക് അരികിലിരുന്ന് എന്തോ എഴുതുകയാണ് ദേവൻ.
"എന്താ ദേവേട്ടാ" വിറച്ചു വിറച്ചാണവൾ ചോദിച്ചത്.
"ഭദ്ര വന്നേ." ദേവൻ കസേരയിൽ നിന്നെണീറ്റ് കട്ടിലിൽ വന്നിരുന്നു.
"അത് കോളേജ് ആണ് നമ്മുടെ വീടല്ല. അവിടെ ഞാൻ ദേവേട്ടനല്ല... മോൾടെ സർ ആണ്. ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കണം കേട്ടോ. പഠിപ്പിക്കുമ്പോൾ മറ്റ് വല്ലതും ചിന്തിച്ചിരിക്കുന്നത് കണ്ടാൽ പഠിപ്പിക്കുന്നവർക്ക് ദേഷ്യം വരും. ദേവേട്ടനും ദേഷ്യം വരും. ക്ലാസ്സിൽ കയറി കഴിഞ്ഞാൽ അവിടെയുള്ള മറ്റ്‌ കുട്ടികളെ പോലെയാണ് ഏട്ടന് ഭദ്രയും.
പിന്നെ സീനിയർസ്. അവര് വരും പോകും. വല്യ റാഗിങ് ഒന്നുമില്ല. പിന്നെ ഉണ്ടായാൽ തന്നെ അത് ഏട്ടനോട് പറഞ്ഞാൽ മതി..."
"ഭദ്ര കേൾക്കുന്നില്ലേ." മിണ്ടാതെയുള്ള പെണ്ണിന്റെ നിൽപ്പ് കണ്ട് ദേവൻ ചോദിച്ചു.
"മ്മ്..." ഒന്ന് മൂളിയതെയുള്ളൂ അവൾ.
മുറി വിട്ട് ഇറങ്ങുമ്പോൾ അത്ഭുതം തോന്നി. ദേവേട്ടൻ ഇത്രേം സ്നേഹത്തോടെ സംസാരിക്കുന്നത് വിരളമാണ്. സാധാരണ അങ്ങനെ സംസാരിക്കണമെങ്കിൽ ഒന്നുകിൽ ഭദ്രയ്ക്കോ കാശിയ്ക്കോ ഒക്കെ പനിയോ മറ്റ്‌ വയ്യായ്കയോ വരണം. അല്ലാത്തപ്പോഴൊക്കെ ശകാരങ്ങളാണ് ഏറെയും.
രാത്രി പഠിക്കാൻ വിളിച്ചിരുത്തി ദേവേട്ടൻ തന്നെയാണ് ഓരോന്ന് പറഞ്ഞ് തന്നത്. ഇന്ന് ക്ലാസ്സിൽ പഠിപ്പിച്ച ഭാഗം തന്നെ വീണ്ടും വ്യക്തമായി പറഞ്ഞു തന്നു.
പിറ്റേന്ന് കാലത്ത് കോളേജ് എൻ‌ട്രൻസ് കഴിഞ്ഞ് അകത്തേക്ക് കടക്കുമ്പോൾ കഴിഞ്ഞ ദിവസത്തെ അത്ര ഭയം തോന്നിയില്ല. ആർക്കും മുഖം കൊടുക്കാതെ ദേവേട്ടനൊപ്പം നടന്നു. ഡിപ്പാർട്മെന്റ് എത്തിയതും ദേവേട്ടൻ സ്റ്റാഫ് റൂമിലേക്കും ഞാൻ ക്ലാസ്സിലേക്കും നടന്നു.
കുട്ടികളോടൊക്കെ ഉണ്ടായിരുന്ന പരിചയക്കുറവ് കുറഞ്ഞു വന്നു. അന്നും ഉണ്ടായിരുന്നു ദേവേട്ടന്റെ ക്ലാസ്സ്‌. ദേവേട്ടൻ പറഞ്ഞതൊക്കെ ഓർത്ത് വച്ചു മറ്റൊന്നും ചിന്തിക്കാതെ ക്ലാസ്സിൽ തന്നെ ശ്രദ്ധിച്ചാണ് ഇരുന്നത്.
കോളേജും ക്ലാസ്സുമൊക്കെയായി നല്ലപോലെ ഇണങ്ങി. പഠിത്തം അല്ലാതെ മറ്റൊന്നും ചിന്തകളിലേക്ക് പോലും കടന്നു വന്നില്ല. വീട്ടിലെത്തിയാലും ദേവേട്ടന്റെ വക ട്യൂഷനുമുണ്ട്.
അടുത്ത ദിവസവും കാലത്ത് ഭദ്രയും ദേവനും ഒന്നിച്ചാണ് കോളേജിലേക്ക് ഇറങ്ങിയത്. ബസ് സ്റ്റോപ്പ്‌ വരെയും ഇന്നലെ പഠിപ്പിച്ച ഭാഗത്ത് നിന്ന് ഭദ്ര ചോദിച്ച ഡൌട്ട് ക്ലിയർ ചെയ്ത് കൊടുത്തുകൊണ്ടാണ് ദേവൻ അവൾക്കൊപ്പം നടന്നത്.
ബസ് വന്ന് ഭദ്ര മുൻപിലും ദേവൻ പിന്നിലുമായാണ് കയറിയതെങ്കിലും ഭദ്രയിലായിരുന്നു ദേവന്റെ രണ്ട് കണ്ണുകളും.
ആദ്യമുണ്ടായിരുന്ന ഭയമില്ല പെണ്ണിനിപ്പോൾ. എന്നോടുമുള്ള അകലം കുറഞ്ഞു വരികയാണ്. മുൻപൊക്കെ ദേവേട്ടാ എന്ന് ഉറക്കെ ഒന്ന് വിളിക്കാൻ മടിയുള്ളവളാണ് വീടെത്തിയാലും സംശയങ്ങൾ ചോദിച്ചു പിന്നാലെ വരുന്നത്.
എന്തോ ബുദ്ധിമുട്ട് ഉണ്ടായിരിക്കണം ഇടയ്ക്കിടെ ആ കണ്ണുകൾ പിന്നിലേക്ക് നീളുന്നു... തിരക്കുള്ള ബസിൽ ഒതുങ്ങി നിൽക്കാൻ പാട് പെടുന്നു.
അപ്പോഴാണ് ദേവൻ ഭദ്രയ്ക്ക് പിന്നിൽ നിൽക്കുന്നവനെ ശ്രദ്ധിച്ചത്. അവന്റെ കൈകൾ ഇടയ്ക്കിടെ അവളിലേക്ക് നീളുന്നുണ്ട്.
"ഡാ..." എന്ന് ദേവൻ അലറിയതേ ഭദ്രയ്ക്ക് ഓർമ്മയുള്ളു.
"എന്റെ പെണ്ണിനെ തൊടുന്നോടാ. " എന്ന് ചോദിച്ചു ദേവൻ പാഞ്ഞു വന്ന് കോളറിൽ പിടിച്ചു കുലുക്കി അവന്റെ കരണത്തു കൈ വച്ചു.
കാര്യം മനസ്സിലാക്കിയ യാത്രക്കാരുടെ വകയായിരുന്നു പിന്നീട് അവനുള്ള തല്ല്.
ദേവന്റെ മുഖത്തെ ഭാവം കാണുന്തോറും പേടിയായിരുന്നു ഭദ്രയ്ക്ക്. അവളാകെ വിയർത്തു പോയിരുന്നു.
"വാ... നടക്ക്." ഭദ്രയുടെ കയ്യിൽ പിടിച്ച് ദേവൻ ബസിൽ നിന്നിറങ്ങി.
പിന്നെ ഓട്ടോയിലായിരുന്നു കോളേജ് വരെ യാത്ര. രാവിലത്തെ സംഭവത്തിന്റെ ദേഷ്യം വൈകുന്നേരം വരെ ദേവന്റെ മുഖത്ത് പ്രതിഭലിച്ചിരുന്നു.
ക്ലാസ്സ്‌ എടുക്കുമ്പോഴും മുഖമാകെ വലിഞ്ഞു മുറുകിയാണ് നിന്നത്. ഇടയ്ക്കിടെയുള്ള ചോദ്യം ചോദിക്കലുകളിൽ ആദ്യം പഠിപ്പിച്ച ഭാഗത്ത് നിന്ന് വരെയുള്ള ചോദ്യങ്ങളുണ്ടായിരുന്നു. ഉത്തരം പറയാതെ എണീറ്റ് നിന്ന ആൺകുട്ടികൾക്ക് സ്ത്രീകളെ എങ്ങനെ ബഹുമാനിക്കാം എന്നതിനെ പറ്റിയുള്ള ക്ലാസ്സ്‌ ആയിരുന്നു.
ആദ്യമായി ദേവന്റെ മുഖത്തെ ദേഷ്യം കണ്ട് ഭദ്രയ്ക്ക് ചിരി വന്നു. ഈ സർ എന്തിനാ ഇപ്പോൾ ഇതൊക്കെ പറയുന്നതെന്ന ഭാവമാണ് കുട്ടികളിൽ പലരുടെയും മുഖത്ത്.
വൈകുന്നേരം വീട്ടിലേക്ക് വന്നതും ഓട്ടോയിൽ തന്നെയായിരുന്നു. പതിവ് കുളിയും അമ്പലത്തിൽ പോക്കുമൊന്നും ഇല്ലാതെ വേഷം പോലും മാറാതെ ദേവേട്ടൻ എവിടേയ്‌ക്കോ പോകുന്നത് കണ്ടു.
വീട്ടിൽ ചെന്ന് കുളി ഒക്കെ കഴിഞ്ഞ് പഠിക്കാനായി ദേവേട്ടന്റെ അടുത്തേക്ക് ചെല്ലുമ്പോഴും ആള് തിരികെ വന്നിട്ടുണ്ടായിരുന്നില്ല.
"ഭദ്രേച്ചി.. ചേച്ചിയെ ഒരുത്തൻ ഉപദ്രവിച്ചോ ബസിൽ വച്ച്..." ദേവുവാണ്.
"മോളോട് ആര് പറഞ്ഞു." ദേവേട്ടൻ അമ്മാമയോട് പറേണത് കേട്ടല്ലോ.
"ഒത്തിരി ഉപദ്രവിച്ചോ ഭദ്രേച്ചി."ഗൗരിയും സങ്കടത്തോടെ ചോദിച്ചു
"ഇല്ലാട്ടോ. ഭദ്രേച്ചിയെ ഒന്നും ചെയ്തില്ല. ചെയ്യാൻ ദേവേട്ടൻ സമ്മതിച്ചില്ല. ഭദ്രേച്ചിയെ ഉപദ്രവിക്കാൻ വന്നപ്പോഴേക്കും ദേവേട്ടൻ ഓടി വന്ന് അവനെ അടിച്ചു ശെരിയാക്കി." ഭദ്ര പറേന്നത് കേട്ട് രണ്ടാളും കൂടി കൈകൊട്ടി ചിരിക്കുന്നുണ്ടായിരുന്നു.
" ദേവേട്ടൻ കാർ വാങ്ങാൻ പോയതാ. ഇനി തൊട്ട് ഭദ്രേച്ചി ബസിൽ പോകണ്ടാന്നു പറഞ്ഞു."
"കാറോ." ദേവു പറയുന്നത് കേട്ട് ഭദ്ര അതിശയിച്ചു.
"മ്മ്. അതെ ഭദ്രേച്ചി. അച്ഛൻ പറഞ്ഞു നീ ആ കുട്ടിനെ കൊണ്ട് ബസിൽ പോകുന്നത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന്... കുറെ ആയില്ലേ ഒരു കാർ വാങ്ങാൻ പറേണു എന്നൊക്കെ.
പിന്നെ ദേവേട്ടൻ പറഞ്ഞു ഇനി വാങ്ങിയേ പറ്റുന്ന്. അങ്ങനെ പോയതാ."
രാവിലെ മുതലുണ്ടായിരുന്ന സംഭവങ്ങൾ ഓർത്തെടുത്തു ഭദ്ര. ദേവന്റെ മുഖത്ത് കൂടെ മിന്നിമറഞ്ഞ ഭാവങ്ങൾ...
"എന്റെ പെണ്ണിനെ തൊടുന്നോടാ.." എന്ന് ചോദിച്ചു അലറിയവന്റെ മുഖമോർക്കവേ പുതിയൊരു വികാരം തന്നിൽ മുളപൊട്ടിയതറിഞ്ഞവൾ...
എന്തായിരുന്നു ഉള്ളിൽ തോന്നിയ വികാരത്തിന്റെ നിറം... പക്ഷേ പതിവ് ഭയം തോന്നിയില്ല. അനുവാദാമില്ലാതെ തന്റെ മേൽ കൈവച്ചവന് നേരെ അരിശത്തോടെ പാഞ്ഞടുത്ത ദേവന്റെ ചിത്രം ഓർത്തു. കരുതലിനും വാത്സല്യത്തിനുമപ്പുറം എന്തൊക്കെയോ മിന്നി മാഞ്ഞിരുന്നില്ലേ ആ മുഖത്ത്.
"എന്റെ പെണ്ണ്..." ദേവേട്ടൻ അങ്ങനെ തന്നെ ആയിരുന്നോ പറഞ്ഞത്. ഒരിക്കൽ കൂടെ ഓർത്തു നോക്കിയവൾ.
കവിളുകളിലെ നാണം കുട്ടികൾ കാണാതെ മറയ്ക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും എത്ര മറച്ചു പിടിച്ചാലും മായാതെ നിൽക്കുന്നൊരു ചിരി ഉണ്ടായിരുന്നു ചുണ്ടിൽ.
"ദേ വരുന്നു ദേവേട്ടൻ..."
"കാർ വാങ്ങിയോ ദേവേട്ടാ." കുഞ്ഞി പരിവാരത്തിന്റെ ഒച്ച കേട്ടപ്പോഴാണ് ഭദ്രയും ദേവനെ കണ്ടത്.
ആ മുഖത്തേക്ക് നോക്കുമ്പോൾ ആദ്യമായി ഭയത്തിനും ബഹുമാനത്തിനും മീതെ മറ്റൊരു വികാരം പിറവി കൊള്ളുന്നുവോ.
"എന്താ ദേവാ. ശെരിയായോ പോയ കാര്യം." അകത്തു നിന്നും പൊതുവാൾ ഇറങ്ങി വന്നു.
"ഉവ്വ് അച്ഛാ... പക്ഷേ ഒരാഴ്ച താമസം പിടിക്കും." അതും പറഞ്ഞു ദേവേട്ടൻ അകത്തേക്ക് കയറി പോകുന്നതിനിടയിൽ ഭദ്രയെ ഒന്ന് പാളി നോക്കാനും മറന്നില്ല.
ബസിലെ സംഭവം അറിഞ്ഞപ്പോൾ മുതൽ സേതുവിനും ഭരതനും ഒക്കെ പേടി തോന്നിയിരുന്നു. ദേവൻ ആണല്ലോ ഭദ്രയുടെ കൂടെ ഉള്ളതെന്ന ചിന്ത ആയിരുന്നു അപ്പോഴും അവരുടെയൊക്കെ ആശ്വാസം...
രാത്രി കിടക്കുമ്പോഴൊക്കെ പിന്നിൽ നിന്ന് ശല്യം ചെയ്യാൻ ശ്രമിക്കുന്നവനിൽ നിന്നും അകന്നു മാറാൻ ശ്രമിക്കുന്ന പെണ്ണിന്റെ മുഖമായിരുന്നു ദേവന്റെ ഉള്ളിൽ. ആ കണ്ണിലെ ദയനീയ ഭാവമോർക്കവേ മുഖമാകെ വലിഞ്ഞു മുറുകിയിരുന്നു അവന്റെ.
താൻ കൂടെ ഉണ്ടായിട്ടും അവൾക്കങ്ങനെയൊരു പ്രശ്നം നേരിടേണ്ടി വന്നല്ലോ എന്ന വേദന ആയിരുന്നു അവന്. അപ്പോഴും തനിക്ക് ഗൗരവമായിരുന്നു... ചേർത്ത് നിർത്തേണ്ടതായിരുന്നില്ലേ അവളെ.
"എന്റേതല്ലേ... എന്റെ മാത്രം... " തലയ്ക്കു പിന്നിൽ കൈ വച്ചു ഭദ്രയുടെ മുഖമോർത്ത് കിടക്കവേ ദേവന്റെ ചുണ്ടിലുമൊരു ചിരി വിരിഞ്ഞു തുടങ്ങിയിരുന്നു.
🥀🥀 🥀🥀 🥀🥀
കാശിയുടെ ശബ്ദം കേട്ടാണ് കാലത്തെ ഭദ്ര ഉറക്കം ഉണർന്നത്. അടുത്ത മുറിയിൽ ഉറങ്ങി കിടക്കുന്ന ദേവുവിനെയും ഗൗരിയെയും ഉണർത്താനുള്ള ബഹളമാണ്.
കാശി ആണെന്ന് അറിഞ്ഞതും കാശിയേട്ടാ എന്ന് വിളിച്ചു രണ്ടാളും ഉത്സാഹത്തോടെ ഒച്ച ഉണ്ടാക്കുന്നത് കേട്ടാണ് ഭദ്ര മുറി വിട്ടിറങ്ങി വന്നത്.
"കാശി..." അവനെ കണ്ടതും അത്ര സന്തോഷത്തോടെയാണവൾ വിളിച്ചത്.
"ഭദ്രേ..." പ്രത്യക്ഷത്തിൽ എടുത്തുപറയത്തക്ക മാറ്റമൊന്നും ഇല്ലെങ്കിലും കാശിയിൽ എവിടെയൊക്കെയോ ഭാവവ്യത്യാസങ്ങൾ ഉണ്ടെന്ന് തോന്നിയവൾക്ക്.
"രണ്ടാഴ്ച്ച കൊണ്ട് നീ മാറിയോ കാശി."
"എയ്... എന്ത് മാറ്റം നിനക്ക് തോന്നണതാ."
പിന്നെടുള്ള രണ്ടാളുടെയും വിശേഷം പറച്ചിലിന് കേൾവ്വിക്കാരാകാൻ കുളപ്പടവിൽ ഗൗരിയും ദേവുവും ഉണ്ടായിരുന്നു.
കാശിയെ ഇനി എങ്ങോട്ടും വിടില്ലെന്ന് പറഞ്ഞു രണ്ടാളും ഇടയ്ക്കിടെ ബഹളം വെയ്ക്കുന്നുണ്ട്.
പുതിയ കോളേജിനെയും സുഹൃത്തുക്കളെയും പറ്റിയുള്ള ചർച്ചകളായിരുന്നു ഭദ്രയ്ക്കും കാശിയ്ക്കുമിടയിൽ. കാശിയുടെ ലോകം ഒരുപാട് വലുതായെന്ന് തോന്നി ഭദ്രയ്ക്ക്.
അവൻ വാചാലമാവുന്നതൊക്കെയും തനിക്ക് അപരിചിതമായൊരു ലോകത്തെ കുറിച്ചായിരുന്നു. പുതിയ സുഹൃത്തുക്കളെയും... ഹോസ്റ്റൽ ജീവിതത്തെ പറ്റിയുമൊക്കെ അവൻ ഇടതടവില്ലാതെ പറയുമ്പോൾ ദേവന് കോളേജിലുള്ള ഹീറോ പരിവേഷത്തെക്കുറിച്ച് പറയാനായിരുന്നു ഭദ്രയ്ക്ക് തിടുക്കം.
ഇതുവരെ തനിക്ക് പരിചിതമല്ലാതിരുന്ന ദേവന്റെ നായക പരിവേഷത്തെ കുറിച്ചോർക്കവേ അത്ഭുതം തോന്നി കാശിയ്ക്ക്.
"ഞാനൊക്കെ കോളേജിൽ ഒന്നിനെ വളക്കാൻ തലകുത്തി നിന്നിട്ട് നടക്കുന്നില്ല. അപ്പോഴാണോ ഏട്ടൻ ഈ പെൺപടകളെ ഒക്കെ മൈൻഡ് ചെയ്യാതെ നടക്കുന്നത്."
"അതിന് നിന്നെ പോലെയാണോ ദേവേട്ടൻ. അവിടെയും ഇവിടുത്തെ പോലെയാ എല്ലാർക്കും പേടിയാണ്. വേഷത്തിൽ മാത്രേയുള്ളു വ്യത്യാസം."
"ഏട്ടന് ഭദ്ര ഉണ്ടല്ലോ പിന്നെന്തിനാ വേറൊരാൾ." അത് കേൾക്കെ നാണം വിരിയുന്ന ഭദ്രയുടെ കവിളുകൾ കാൺകെ ആശ്ചര്യം തോന്നി കാശിയ്ക്ക്. ഇതുവരെ അവളിൽ ഇല്ലാത്തിരുന്നൊരു ഭാവം.
"ഏഹ്... ഭദ്രയ്ക്ക് നാണമോ. ഞാൻ പോയി രണ്ടാഴ്ചയ്ക്കുള്ളിൽ ഇവിടെന്താ ഇപ്പൊ സംഭവിച്ചേ."
"എനിക്ക് നാണം ഒന്നുമില്ല... നീ പോയെ കാശി." അതും പറഞ്ഞു ഭദ്ര എണീറ്റ് തിരികെ നടക്കാൻ തുടങ്ങവേ "ഭദ്രേച്ചിയ്ക്ക് നാണം." എന്ന് പറഞ്ഞു കിലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു രണ്ട് കുട്ടി പട്ടാളങ്ങൾ.
"കണ്ടോ കാശി. നീ കാരണാ ഇവരെന്നെ കളിയാക്കുന്നത്." ദേവുവിനെയും ഗൗരിയെയും ചൂണ്ടിക്കൊണ്ട് ഭദ്ര പറഞ്ഞു.
"ഗൗരി മോളെ... ദേവൂട്ടി." കാശിയുടെ ഗൗരവത്തോടെയുള്ള വിളി കേൾക്കെ രണ്ടാളും വായ പൊത്തിയിരുന്നു.
"ആഹ് ഇനി പറ. എന്താ ഭദ്രയ്ക്ക് ദേവേട്ടനോട്."
"എനിക്കെന്താ ഒന്നുല്ല കാശി."
"എന്നാ ഇപ്പൊ ഇത് ഞാൻ ദേവേട്ടനോട് പറയും."
"അയ്യോ വേണ്ട..." കാശിയുടെ കയ്യിൽ രണ്ടും കൂട്ടിപ്പിടിച്ചു അപേക്ഷയോടെ ഭദ്ര പറയുന്നത് കണ്ടപ്പോൾ ചിരി വന്നു അവന്.
"എന്നാ പറ."
"എനിക്കറിയില്ല കാശി. ഇന്നലത്തെ സംഭവം കഴിഞ്ഞത് മുതൽ എന്തൊക്കെയോ...." പാതിയിൽ നിർത്തി ഭദ്ര.
"എന്ത്..."
"ആ... എനിക്ക് അറിയില്ല. ദേവേട്ടന് എന്നോട് നല്ല കരുതലാണ്. നല്ല സ്നേഹാണ്.
പേടിയുണ്ട് എനിക്ക്... പക്ഷേ ഇന്നലെ ദേവേട്ടൻ പഠിപ്പിച്ചതൊന്നും ഞാൻ കേട്ടില്ല. ദേവേട്ടനിൽ ആകെ ഓടി നടക്കുകയായിരുന്നു എന്റെ കണ്ണുകൾ.
നിനക്കറിയോ ദേവേട്ടൻ ചിരിക്കുമ്പോൾ കണ്ണുകളും ചെറുതാകും. പുരികം മെല്ലെ ഉയരും. വിരിഞ്ഞ നെറ്റിയാണ് ദേവേട്ടന്റെ... ഇതൊക്കെ ഞാൻ ഇന്നലെയാണ് കാണുന്നത്. അതെന്താപ്പോൾ ഇങ്ങനൊക്കെ...ഞാനും ആലോചിച്ചു നോക്കി."
"ആഹ്... ഇത് അത് തന്നെ..." വിജയഭാവത്തിൽ ചിരിച്ചു കൊണ്ട് കാശി പറഞ്ഞു.
"ഏത്..."
"പ്രണയം."
"അയ്യേ. പോ കാശി."
"ഞാൻ പറയുമ്പോ അയ്യേ. പഠിപ്പിക്കുമ്പോൾ നിനക്ക് എന്റെ ഏട്ടനെ വായി നോക്കാം അല്ലേ."
"അയ്യേ..."
"എഡി പൊട്ടി... ഇപ്പോൾ ദേവേട്ടനെ കല്യാണം കഴിക്കാൻ പറഞ്ഞാൽ നീ പറയുവോ ദേവേട്ടനെ പേടി ആണെന്ന്."
"പേടി ഉണ്ടല്ലോ."
"ഓ അതല്ല. ദേവേട്ടനെ കല്യാണം കഴിക്കണ്ട എന്ന് പറയോ നീയ്."
"അത്...എനിക്ക് അറിയില്ല."ചെറിയ നാണത്തോടെ മടിച്ചു മടിച്ചു ഭദ്ര പറയുന്നത് കേട്ടു കാശി ചിരിച്ചു.
"അപ്പോൾ നിന്നെ ഇനി ഞാൻ ഏട്ടത്തി എന്ന് വിളിക്കേണ്ടി വരുമോ." പിന്നെ കാശിയും കുട്ടി സംഘവും കൂടെ ഭദ്രയെ കളിയാക്കലോട് കളിയാക്കൽ തന്നെയായിരുന്നു.
പുറമെ ദേഷ്യം നടിക്കുന്നെങ്കിലും ഉള്ളിന്റെ ഉള്ളിൽ താനും അതൊക്കെ ആസ്വദിക്കുന്നുവെന്നവൾ തിരിച്ചറിഞ്ഞു. ദേവട്ടന്റെ പേര് ഓരോ തവണ കേൾക്കവേ അടിവയറ്റിൽ സുഖമുള്ളൊരു തണുപ്പറിഞ്ഞു...
അതിനെ എന്ത് പേരിട്ടു വിളിക്കണമെന്നറിയാതെ തന്നെ ആ സുഖമുള്ള വികാരത്തെയവൾ താലോലിച്ചു തുടങ്ങിയിരുന്നു.
തുടരും...

അഭിപ്രായങ്ങള്‍