ഹിമമഴയിൽ | ഭാഗം 3 | അളകനന്ദ ലച്ചു

വാതിലിനടുത്തേയ്ക് നിഴൽ അടുക്കുന്നത് കണ്ടതും ഞാൻ കണ്ണുകൾ ഇറുകെ അടച്ചു .. തടികഷ്ണം ഉയർത്തി പിടിച്ചു.. 

" അടിക്കടി.. "

അപ്പുവിന്റെ ശബ്‌ദവും ഒപ്പം 

ഠോ !എന്നൊരു ഒച്ചയും.. പോരാത്തതിന് അയ്യോ എന്നൊരു നിലവിളിയും . 

കണ്ണ് തുറന്നു നോക്കിയപ്പോൾ 

കള്ളൻ ധാ.. നിലത്തു മുഖമടിച്ച കമിഴ്ന്നു കിടക്കുന്നു ... അപ്പോൾ ഞാൻ അടിച്ചല്ലേ..

കള്ളൻ വീണേ ... ഹാ ഹാ ഹയ്യമ്മോ . ഞാൻ ആണേൽ അവിടെ നിന്ന് ഞാൻ തന്നെ കണ്ടുപിടിച്ച രണ്ട് സ്റ്റെപ്ഉം ഇട്ടു ഒന്ന് ഡാൻസ് കളിച്ചു. 

അല്ല.. ന്റെ കൂടെ ഉണ്ടായിരുന്ന രണ്ടെണ്ണം ഉണ്ടായിരുന്നല്ലോ.. അതുങ്ങൾ ഇത് എവടെ പോയി.. 

ചുറ്റും നോക്കിയപ്പോൾ വീണു കിടക്കുന്ന കള്ളന്റെ അരികിലായി കിളിപാറിയ പോലെ നില്കുന്നു അപ്പു.. 

തോട്ടപ്പുറത്ത് ഭിത്തിയിൽ ചാരി കഞ്ചാവടിച്ച പോലെ മീനുവും.. 

ഇതിപ്പോൾ എന്താ സംഭവിച്ചേ.. അടി മാറി ഇവൾക്കും കൊണ്ടോ..? !

" അത് നീ നോക്കണ്ട.. കള്ളനെ കണ്ടപ്പോൾ തന്നെ അവളുടെ പാതി ബോധം പോയതാ.. നീ അയാളെ അടിച്ചിടുന്നത് കണ്ടതും അപ്പോൾ ഉണ്ടായിരുന്ന കിളിയും ടാറ്റാ പറഞ്ഞു പോയി. അതാ.. പിന്നെഇങ്ങനെ ചാരി വെച്ചത്.. "

ഓഹ് അത്രേം ഉള്ളായിരുന്നോ . അപ്പോൾ അതിനി നോക്കണ്ട.. കുറച്ചു കഴിയുമ്പോൾ ശെരിയായിക്കൊളും .. 

ഇനി ഈ കിടക്കുന്ന മുതലിനെ ഇപ്പോൾ എന്ത് ചെയ്യും..

ഒരു ആവേശത്തിന് കേറി അടിക്കുവേം ചെയ്തു.....

ഇതിപ്പോൾ അനക്കം ഒന്നുമില്ലല്ലോ 

ബോധം പോയതാണോ അതോ.. ഇനി ചത്തോ.. ഭഗവാനെ.. 

ഞാൻ നിന്ന് വിറയ്ക്കാൻ തുടങ്ങി.

" ചത്ത് ചത്ത്.. ചത്ത്.. "

അപ്പുവാണ്.. ഇവനെ എന്നെ കൊലപ്പുള്ളി ആക്കുവോ? 

ഏയ്യ് അത്ര ശക്തിയിൽ ഒന്നും ഞാൻ അടിച്ചില്ലല്ലോ .. ബോധം പോയി കാണത്തേയുള്ളൂ .. ഇനി എന്റെ ജാതകത്തിൽ ആ കാലൻ ഇങ്ങനെങ്ങാനും എഴുതിട്ടുണ്ടോ. 

" ഇനിയിപ്പോൾ എന്താ ചെയ്യുന്നേ.. കുഴിച്ചിട്ടാലോ ..? "

ഏഹ്ഹ്.. !!!

ഹായ് ബ്യൂട്ടിഫുൾ പ്യൂപ്പിൾസ്.. 

മീനുവാണ് . ബോധം പോയ പോക്കാണ്. അതാ ഇവൾ ഇങ്ങനെ ഓരോന്ന് പറയുന്നത്.

" എന്നാലും ന്റെ രേവു നീ ഒരാളെ അടിച്ചു കൊന്നല്ലോടി.. ഇനി പോലീസ് കേസ്.. ശോ... " 

" പേടിപ്പിക്കാതേടാ.. ദ്രോഹി. "

" ആഹ്ഹ്.. ശ്ശ്.. "

അതെവിടുന്നാ.. നമ്മുടെ കള്ളൻ ആണ്..ഹോ ജീവനുണ്ട്.. ജില്ല വിട്ട എന്റെ ജീവൻ ഒന്ന് നേരെ വീണത് ഇപ്പോഴാ..  

" ഇതാണോടാ ചത്തെന്നു പറഞ്ഞത്.. ബോധം പോയതാ.. "

ഞാൻ അപ്പുവിന് നേരെ ചാടി.. 

" അതിനു നീ ഇങ്ങനെ ദേഷ്യപ്പെടണോ.. സന്തോഷികുവല്ലേ വേണ്ടത്.. ഇല്ലങ്കിൽ നീ ഒരു കൊലക്കേസ് പ്രതി ആവില്ലായിരുന്നോ .. "

അതും പറഞ്ഞു അവൻ ഒരിളിയും.

അതൊന്നുമല്ല 

ഈ വീണുകിടക്കുന്ന സാധനത്തിനെ മുൻപ് എവിടെയോ കണ്ടിട്ടുണ്ടല്ലോ .. 

നടുവും തടവി എഴുന്നേറ്റിരുന്ന ആളെ കണ്ട് ഇടിവെട്ടേറ്റതു പോലെ ഞങ്ങൾ മുഖത്തോട് മുഖം നോക്കി നിന്ന് പോയി. 

" നിങ്ങളോ...? 😲"!!" 

" ആഹ്ഹ്.. ഞങ്ങളാ.... !!"

മൂവരും ഒരുപോലെ പറഞ്ഞു. 

ഇങ്ങേരിതെപ്പോൾ എവിടുന്നു പൊട്ടി മുളച്ചു.. അടുത്തമാസം എങ്ങാണ്ടെ വരുത്തോള്ളൂ എന്നു പറഞ്ഞിട്ട്.. വാക്കിന് വ്യസ്ഥയില്ലാത്ത മനുഷ്യൻ. 

" അല്ല.. ആരിത് ഹരിയേട്ടനോ ..? എപ്പോൾ വന്നു..? സുഖമാണല്ലോ അല്ലെ. 

ചെന്നൈയിൽ മഴഒക്കെ ഉണ്ടോ..? "

നടും തല്ലി നിലത്തു കിടക്കുന്ന അങ്ങേരോട് വിശേഷം ചോദിക്കുവാ കാലൻ.. ഇവനെ എന്റെ പെട്ടിയിൽ മണ്ണിടിക്കും..  

" നീയൊക്കെ എന്തിനാ എന്നെ അടിച്ചിട്ടേ.. ? "

" അത് പിന്നെ.. രൂപം ഒക്കെ കണ്ടപ്പോൾ.. കള്ളൻ ആണെന്ന് കരുതി..."

" കള്ളനോ..? അടിച്ചു ബോധം കെടുത്തിയതും പോരാ എന്നിട്ട് ഇപ്പോൾ കള്ളനെന്നോ..? "

" ഒരു കൈയബദ്ധം . " 

ഞാൻ നൈസായിട്ട് വടി അപ്പുവിന്റെ കൈയിൽ കൊടുത്തു. 

" ആരാ എന്നെ അടിച്ചത്? "

" ദേ ഇവനാ.. " 

" ഞാൻ അല്ല.. ഇവളാ ... "

ഞാൻ അപ്പുവിന് നേരെയും അവൻ മീനുവിന് നേരെയും അവൾ എനിക്ക് നേരെയും കൈചൂണ്ടി.. 

ആരാന്നു മനസ്സിലാവാതെ ഹരിയേട്ടൻ തലയ്ക്കു കൈയും കൊടുത്തു ഇരിപ്പുണ്ട്. 

" മൂന്നെണ്ണം കൂടി മനുഷ്യനെ കൊല്ലാനായിട്ട് കെട്ടിയെടുത്തതാണോ ? "

ഇങ്ങേരെന്താ എഴുന്നെല്കാതെ നിലത്തു കിടന്നു ഡാൻസ് കളിക്കുന്നത്.. 

"ആരാ ഇവിടെ എണ്ണയൊഴിച്ചത് .? "

" എണ്ണയോ.. ആര്.. എപ്പോൾ...? "

" എടി അത് പിന്നെ എന്താ എപ്പോഴാ സംഭവിക്കുക എന്നറിയില്ലല്ലോ .. അതുകൊണ്ട് ഒരു സേഫ്റ്റിയ്ക് അടുക്കളയിൽ പോയപ്പോൾ എടുത്തതാ.. ഞാൻ അത് ഇവിടെ ഒഴികുവേം ചെയ്തു.. അത്രേ ചെയ്തുള്ളു.. " 

എന്താ അവന്റെ നിഷ്ക്കളങ്കത.. കൊല്ലണം പന്നിയെ.. 

" ഹോ.. അതിന്റിടയിൽ നീ ഇത്രേം ഒക്കെ ഒപ്പിച്ചോ.. " 

കലിയടക്കി പിടിച്ചു ഞാൻ നിന്നു. 

" നിന്ന് കഥപറയാതെ ഒന്ന് പിടിച്ചെഴുന്നേല്പികേടി ..? "

ഹോ ഈ മരണത്തിന്റെ കാര്യം മറന്നു പോയല്ലോ.. 

" അയ്യോ.. ടാ.. ഹരി... നിനക്ക് എന്താ പറ്റിയെ..? "

ആരാ.. എവിടുന്നാ... എന്നൊന്നും അറിയില്ല.. 

സ്റ്റെയർ ഓടികേറി ദാ വേറൊരെണ്ണം വരുന്നുണ്ട്.. 

"ഇങ്ങോട്ട് വരല്ലേ... അവിടെ.. നിൽ......."

ഞങ്ങൾ നാലും കൂടി അലറി. 

എവടെ കേൾക്കാൻ..


പടച്ചോനെ..നീ കാത്തോളീ.... 

ബെല്ലും ബ്രേക്കും ഇല്ലാതെ ഓടി വന്നു അലച്ചു തല്ലി ദാ കിടക്കുന്നു ഹരിയേട്ടന്റെ മണ്ടേലോട്ട് അടുത്തത്. 

ആരാ ഇപ്പോൾ ഇവിടെ പടക്കം പൊട്ടിച്ചേ..ആകെ പാടെ ഒരു വെടിയും പൊകയും മിന്നലും മാത്രം. ഈ പുതിയ അവതാരം ഏതാ.. 

" അങ്ങോട്ട് മാറികിടക്കെടാ .. നിന്നോട് ആരാ ഇപ്പോൾ ഇങ്ങോട്ട് എഴുന്നെള്ളാൻ പറഞ്ഞത്.. ഒന്നാമതെ മനുഷ്യനെ ഇഞ്ച ചതച്ചത് പോലെ ആക്കി വെച്ചേക്കുവാ 

അതിന്റെടേൽ അവനും കൂടി "

ഞങ്ങളെ ഏറുകണ്ണിട്ട് നോക്കി ഹരിയേട്ടൻ പറഞ്ഞു. 

" അയ്യോ.. എണ്ണ.. !" 

അങ്ങേര് നിലത്തു കൈവെച്ചു ഉരസി നോക്കിയിട്ട് പറയുവാ. എന്തോ പുതിയ സംഭവം കണ്ട് പിടിച്ചപോലെ.. 

" അല്ല വെണ്ണ... അങ്ങോട്ട് മാറെടാ ശവമേ... " 

അയാളെ തള്ളി മാറ്റി ഹരിയേട്ടൻ എഴുന്നെല്കാൻ തുടങ്ങിയതും ദാ പിന്നേം താഴോട്ട് .. രണ്ടും കൂടി നിലത്തു കിടന്നു തുഴയുന്നത് കണ്ടിട്ട് എനിക്ക് ചിരിയടക്കാൻ വയ്യേ... ഹോ.. ഞാൻ നിന്ന് ചിരിക്കാൻ തുടങ്ങി..

" നിന്ന് കിണിക്കാതെ കൈ ഇങ്ങോട്ട് താടി .... "

ആഹ്ഹ് പോട്ടെ പാവമല്ലേ എന്നു കരുതി കൈ കൊടുത്തതും അങ്ങേര് എന്നേം വലിച്ചു നിലത്തിട്ടു.. 

" അയ്യോ.. ൻറെ അമ്മച്ചി.."

കൈയും തിരുമ്മി നോക്കിയതും അങ്ങേര് ഒടുക്കത്തെ ചിരി. ഹരിയേട്ടൻ മാത്രമല്ല അപ്പുവും മീനുവും ഇപ്പോൾ വന്നവനും എല്ലാം കൂടി കിണിയാ.. 

ഹോ..കാലമാടാ .. എനിക്കിട്ടുള്ള താങ്ങായിരുന്നല്ലേ .. തന്നെ ഞാൻ കാണിച്ചു താരാടോ . ഞാൻ ഇവിടുന്നു ഒന്ന് എഴുന്നേറ്റോട്ടെ.. 

യ്യോ ന്റെ നടുവേ .. 

ഹ ഹ്.. ഹ.. ഹി.. 

ഇതെവിടുന്നാ ഇത്ര വൃത്തികെട്ട ചിരി.. 

ഓഹ് എല്ലാം ഒപ്പിച്ചു വെച്ചിട്ട് നീയും കിണിക്കുവാണല്ലേ ശെരിയാക്കിത്തരാടാ കൊരങ്ങാ.. 

വീണത് അവന്റെ അടുത് തന്നെ ആയതുകൊണ്ട് ഒരു പ്രയാസവും ഉണ്ടായില്ല.. കാലേ വാരി നിലത്തടിക്കുക എന്നൊക്കെ കേട്ടിട്ടില്ലേ അത് തന്നെ.. 

അങ്ങനെ അവനും തറയിലേയ്ക്.. 

ഇപ്പോൾ കോളം തികഞ്ഞു. 

ഇനി നീ ചിരിക്കെടാ ... ചിരിക്കാൻ.. 

" എന്നാലും ഇതുവലിയ ചതിയായി പോയെടാ ഹരി..? "

"ടാ ഗോവിന്ദേ നിന്നോട് ഇങ്ങോട്ട് വരല്ലേ എന്നു പറഞ്ഞതല്ലേ.. പിന്നേം ഇടിച്ചു കേറി ബെല്ലും ബ്രേക്കും ഇല്ലാതെ എണ്ണയിൽ കേറി വീണതിന് ഞാൻ ന്ത്‌ ചെയ്തു.. എല്ലാം ഒപ്പിച്ചിട്ട് ഇരിക്കുന്നു മൂന്നെണ്ണം അങ്ങോട്ട് ചോദിക്.. " 

ഗോവിന്ദൻ ആണേൽ ദാ ഇപ്പോൾ തിന്നും എന്നുള്ള രീതിയിൽ ഞങ്ങളെ നോക്കുന്നു. 

ഇവരെന്തിനാ ഇങ്ങനെ നോക്കുന്നെ നിങ്ങളും വീണു.. ഞങ്ങളേം വീഴ്ത്തി.. ടാലി ആയില്ലേ.. ഇനി ഇപ്പോൾ എന്താ പ്രശ്നം.. 

ഹോ.. പിന്നെ അവിടെ ഒരു എഴുന്നേൽക്കൽ മഹാമഹം തന്നെ ആയിരുന്നു. 

ഹരികുട്ടൻ കർട്ടനെ പിടിച്ചു തൂങ്ങുന്നു.. 

ഗോവിന്ദൻ സ്റ്റെയേറിന്റെ കൈവരിയിൽ ഏന്തിവലിയുന്നു . 

അപ്പു ഇപ്പോളും നിര്ത്താതെ തുഴച്ചിൽ ആണ്.. 

മീനു അവളുടെ ഷാളിന്റെ ഒരറ്റം എനിക്ക് എറിഞ്ഞു തരുന്നു.. ക്യാച്ച്... 

ഞാൻ പിടിച്ചു. 

ചതുപ്പു നിലത്തിൽ നിന്നൊക്കെ ആളെ വലിച്ചുകെട്ടുന്ന പോലെ അവൾ ദൂരേന്നു വലിക്കുന്നു . 

അതാ.. ഞാൻ.. മുന്നോട്ട്.... 

അവസാനം എല്ലാവരും ഒരുവിധം തപ്പിത്തടഞ്ഞു എഴുന്നേറ്റെന്നു പറഞ്ഞാൽ മതിയല്ലോ.. 

ഒന്നിനും നേരെ നില്കാൻ പോലും വയ്യാ.. ഒടിഞ്ഞു തൂങ്ങി ഒരുമാതിരി പാണ്ടിലോറി കേറിയ തവളകളെപോലെ.. 

രണ്ട് ടീമായി രണ്ടു ദിശയിലോട്ട് തിരിഞ്ഞു.. 

ഞാനും അപ്പുവും കൂടി മീനുവിന്റെ പുറത്തേക് ചാഞ്ഞു. തന്നെ നടക്കാൻ പറ്റണ്ടേ.. 

ഹരികുട്ടനും ഗോവിന്ദനും കൂടി കലിപ്പിച്ചു നോക്കുന്നുണ്ട്. ഒട്ടും വിട്ട് കൊടുത്തില്ല.. ആവശ്യത്തിലേറെ പുച്ഛം വരി വിതറികൊണ്ട് മുഖം വെട്ടിച്ചു. 

യ്യോ..കഴുത്തും ഉളുക്കി.. 

അതുടെ ഉള്ളായിരുന്നു ബാക്കി ഇപ്പോൾ പൂർത്തിയായി. 

" ഇതാണോടാ.. നീ പറഞ്ഞത് ശാന്ത സുന്ദരമായ എന്റെ നാട്ടിലോട്ട് വാ.. സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ കാണിച്ച തരാം.. തേങ്ങാകൊലാ . മണ്ണാങ്കട്ടയാ.. . ഈ പ്രാന്ത് പിടിച്ചതുങ്ങൾ ആണോ നിന്റെ സമാധാനത്തിന്റെ പ്രാവുകൾ. " 

" എടാ.. അതിനു ഈ കുരിശുകൾ ഇവിടെ ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ലല്ലോ.. " 

" നീ.. മിണ്ടിപ്പോകരുത്.. അയ്യോ.. എന്റെ എല്ലും പോയി.. പല്ലും പോയെ.. ന്റെ അമ്മോ . "

"നീ ഇങ്ങനെ നിലവിളിക്കാതെ ഗോവിന്ദേ നിനക്കും മാത്രമല്ലല്ലോ എനിക്കും കിട്ടിയില്ലേ.. അതും നടുംപുറത്തു പട്ടിക കഷ്ണം വെച്..?"

" ഇല്ലെടാ.. വേദനയെടുക്കുമ്പോൾ ഞാൻ ഇവിടെ കിടന്നു ഡപ്പാം കൂത്ത് കളിയ്ക്കാം എന്തെ .. മൂന്നെണ്ണത്തിനേം ശെരിയാക്കുന്നുണ്ട് ഞാൻ .. "

💜💜💜💜💜💜💜💜💜

"ഓഹ് . ഇനി ഈ സ്റ്റെപ് എങ്ങനെ ഇറങ്ങും..എനിക്ക് വയ്യായെ "

" ഇവടെ ഇരുന്നിട്ട് നിരങ്ങെടി . വേഗം താഴെ ചെല്ലും.. എങ്ങനെയുണ്ട്..? "

ഒന്ന് തറപ്പിച്ചു അപ്പുവിനെ നോക്കിയിട്ട് ഒരുവിധം പടിയിൽ ഇഴഞ്ഞു ഇറങ്ങി. 

" ഹോ.. എന്തൊക്കെ ആയിരുന്നു മേളം.. മലപ്പുറം കത്തി.. അമ്പും വില്ലും മെഷീൻ ഗണ്ണ് . അവസാനം ദാ കിടക്കുന്നു ചട്ടിയും കലവും .. "

" ആഹാ . ഇപ്പോൾ എല്ലാം എന്റെ മണ്ടയ്ക് ആക്കുന്നോ .. നിന്നോടാരാട കൊരങ്ങാ അവിടെ കൊണ്ട് ചെന്ന് എണ്ണയൊഴിച്ചു വെക്കാൻ പറഞ്ഞത്.? "

" അത് പിന്നെ ഒരു അബദ്ധം പറ്റിയതല്ലേ ..? "

" അവന്റെ ഒരു അബദ്ധം "!

അപ്പു ആണേൽ എന്നെ നോക്കി കാര്യമായിട്ട് പിറുപിറുക്കുണ്ട് . എല്ലാം ഞാനായിട്ട് തുടങ്ങി വെച്ചതുകൊണ്ട് കേട്ടോണ്ട് ഇരിയ്ക്കാം.തിരിച്ചു പറഞ്ഞാൽ തടി കേടാകും.. അതുകൊണ്ട് മാത്രം തല്കാലത്തേയ്ക് മിണ്ടാതിരുന്നു. 

" അമ്മായി... കുറച്ചു കുഴമ്പും ചൂടുവെള്ളവും എടുത്തോ.. രണ്ടെണ്ണത്തിനെ പുഴുങ്ങി എടുക്കാനുണ്ട് . "

ഞങ്ങളെ രണ്ടിനേം ഉമ്മറത്തു ചാരി വെച് ഒരു നോട്ടവും നോക്കിയിട്ട് മീനു അമ്മായിയെ വിളിക്കാൻ പോയി. 

💜💜💜💜💜💜💜💜💜💜💜💜

സന്ധ്യ ആയപ്പോൾ ലത അമ്മായി ( ഹരിയുടെ അമ്മ ) വരുന്നത് കണ്ടു. 

" ടാ.. അപ്പുവേ.. മീനുവേ.. എല്ലാം പായ്ക് ചെയ്തോ... ദേ അമ്മായി വരുന്നുണ്ടെ... "

ഞാൻ ഓടിക്കിതച്ചു മുറിയിൽ എത്തി. 

" എന്താ ഡി.. രേവു.. എന്താ...? "

" അമ്മായി വരുന്നുണ്ട്.. എല്ലാം കൊളമായെന്നാ തോന്നുന്നേ..? "

ഞാൻ തലയിൽ കൈവെച്ചു കട്ടിലിൽ ഇരുന്നു. 

" എന്തിനാടി.. വെളിച്ചെണ്ണയ്ക് ആണോ..? "

അപ്പുവിന്റെ ചോദ്യം കേട്ട് ഞാൻ അവനെ അടിമുടി ഒന്ന് നോക്കി. 

ഇവന് സത്യത്തിൽ എന്തോ കുഴപ്പം ഉണ്ട്.. 

" ഓഹ് നിനക്ക് ഇനിയും മതിയായില്ല അല്ലെ..? "

" എടാ.. ഹരിയേട്ടൻ നടന്നതൊക്കെ അമ്മായിയോട് പറഞ്ഞു കാണും.. അമ്മായി ഇപ്പോൾ വന്നു ഇവിടെ പറയും.. ഇവിടുന്നു വീട്ടിൽ വിളിക്കും.. അച്ഛൻ പറഞ്ഞത് ഓർമയുണ്ടല്ലോ.. എന്തെങ്കിലും കുഴപ്പം ഉണ്ടാക്കിയാൽ അപ്പോൾ ഇറങ്ങിക്കോണം എന്നാ.."

" അപ്പോ...? "

" അപ്പോം അടയും ഒന്നുമില്ല.. എല്ലാം വാരികെട്ടി ഇറങ്ങിക്കോളാൻ.. " 

" നില്ക് നില്ക്.. ആദ്യം അമ്മായി വന്നത് എന്തിനാണെന്ന് നോക്കിട്ട് വരാം.. വാ.. " 

അപ്പുവിന്റെ പിന്നാലെ ഞങ്ങൾ രണ്ടും പതുങ്ങി പതുങ്ങി നടന്നു. 

അകത്തളത്തിൽ അമ്മായിമാർ രണ്ടുപേരുടെ ഭയങ്കര ചർച്ചയാണ്.. 

വല്യമ്മായി താടിയ്ക് കൈയും കൊടുത്ത്.. ആഹാ.. ഓഹോ.. അങ്ങനെയാണോ.. എന്നൊക്കെ പറയുന്നുണ്ട്.. ഇത് അത് തന്നെ.. അങ്ങേര് ഒറ്റി..  

ഇനിയിപ്പോൾ തിരിച്ചു വീട്ടിലോട്ട് ചെന്നാൽ..അമ്മ... അച്ഛൻ.. ചേട്ടൻ.. നേർച്ച.. പെണ്ണുകാണൽ.. കല്യാണം.. ഹോ ഓർക്കാൻ കൂടി വയ്യാ.. 

ഇനിയിപ്പോൾ എന്ത് ചെയ്യും എന്നു ഓർത്തു ശോകമടിച്ചു തിരിഞ്ഞപ്പോൾ ദാ നില്കുന്നു ഫുൾ വോൾട്ടേജിൽ ചിരിച്ചോണ്ട് ഹരികുട്ടനും ഗോവിന്ദനും..!

( തുടരും. ) 

അഭിപ്രായങ്ങള്‍