കബനി | അവസാന ഭാഗം | ചാന്ദിനി

രാവിലെ വീട്ടിലേക്ക് തിരിച്ച് എത്തുമ്പോൾ ശ്രീ മനസ്സിൽ വിചാരിച്ചത് പോലെ സന്ധ്യ മുഖവും വീർപ്പിച്ച് ദേഷ്യത്തോടെ അവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നു...

അമ്മ തിരിച്ചും മറിച്ചും ചോദിക്കും അബദ്ധത്തിൽ പോലും ഇന്നലെ ഏറുമാടത്തിൽ ആയിരുന്ന കാര്യം പറയല്ലേട്ടോ ...

ഞാൻ അമ്മയോട് പറയട്ടെ ഈ പാവം മോൻ എന്നോട് കാണിച്ച വഷളത്തരത്തെ പറ്റി...

കബനിയിലെ കുസൃതിക്കാരിയെ കാൺകെ അവൻ്റെ മനവും കുളിരുകോരി ... കഴിഞ്ഞ് പോയ രാത്രി അവനെ സംബന്ധിച്ച് അത്രമേൽ പ്രിയപ്പെട്ടത് ആയിരുന്നു ... സത്യത്തിൽ രാവിലെ അവിടം വിട്ടു വരാൻ അനുവദിക്കാതെ നിന്ന മനസ്സിനെ ഒരു തരത്തിൽ ആണ് പിടിച്ച് നിർത്തിയത് ...

അത്ര ധൈര്യം ഉണ്ടോ തനിക്ക് എന്നാൽ അതൊന്ന് കാണട്ടെ ഞാൻ ... 

ശ്രീയും അതേ നാണയത്തിൽ തിരിച്ച് അടിച്ചു...

കബനി അങ്ങനെ ഒരു മറുപടി ഒട്ടും പ്രതീക്ഷിച്ചില്ല ... 

ശ്രീ , ഞാൻ വെറുതെ പറഞ്ഞതാ ... 

എന്താ രണ്ടും കൂടി അവിടെ ഒരു രഹസ്യം പറച്ചിൽ ?

സന്ധ്യ അപ്പോഴേക്കും മുറ്റത്തേക്ക് ഇറങ്ങി വന്നിരുന്നു... 

കബനി നീ മുൻപിൽ നടന്നോ ... അമ്മ ക്ഷീമകൊന്നയുടെ കൊമ്പ് ഒടിക്കുന്നതിന് മുൻപ് ഞാൻ പുറകു വശം വഴി വീട്ടിൽ കയറട്ടെ ...

അമ്മ അടിയ്ക്കോ?

പിന്നല്ലാതെ ... ഞാൻ വളർന്നത് ഒന്നും അമ്മ അറിഞ്ഞിട്ടില്ല ... 

അവൻ പറയുന്നത് കേട്ട് കബനി അറിയാതെ ചിരിച്ച് പോയി...

നിന്ന് ചിരിക്കാതെ എളുപ്പം വാ ... 

നീ എന്താ ശ്രീ പമ്മി നടക്കുന്നത് ... മോളെ മുന്നിൽ നിർത്തി വീട്ടിലേക്ക് ഓടി കയറാൻ ആണ് ഉദ്ദേശ്യം എങ്കിൽ നടക്കില്ല മോനേ ... നീ ആദ്യം കയറി വാ ... 

ശെ , എൻ്റെ ഐഡിയ അമ്മയ്ക്ക് മനസ്സിലായി ... ഇനി രക്ഷയില്ല ... 

ശ്രീ മുൻപിലേക്ക് വേഗം നടന്നു കയറി എളുപ്പം പോയി സന്ധ്യയുടെ കൈകൾ കോർത്ത് പിടിച്ചു ....

അമ്മ വഴക്ക് പറയരുത് ... വൈകുന്നേരത്തെ മഴയിൽ കുടുങ്ങി പോയി ... 

ഈ പെങ്കൊച്ചിനെ കൂടെ കൊണ്ടുപോയി അതിനെ ഉള്ള മഴ ഒക്കെ കൊള്ളിച്ചിട്ട് ... 

മഴ കൊണ്ടാൽ എന്താ അതിന് വേണ്ട ചൂട് ഒക്കെ ഞാൻ കൊടുത്തിട്ടുണ്ട് ...

മനസ്സിൽ പറഞ്ഞ കൂട്ടത്തിൽ അവൻ്റെ കണ്ണുകൾ കബനിയിൽ തറഞ്ഞു നിന്നു...

അവൻ്റെ നോട്ടത്തിൽ പോലും അവൾ പൂത്തുലഞ്ഞു ... നാണം കൊണ്ട് ചുവന്നു തുടുത്ത മുഖം അവനിൽ നിന്നും മറയ്ക്കാനെന്നോണം കബനി നോട്ടം സന്ധ്യയിലേക്ക് മാറ്റി ... 

എവിടെ ആയിരുന്നു രണ്ടാളും ... ഇന്നലെ രാത്രി അമ്മ എത്ര പേടിച്ചുന്ന് അറിയോ ?

ഒന്ന് വിളിച്ച് നോക്കട്ടെ എന്ന് വെച്ചാൽ ഫോണും എടുക്കാതെ അല്ലേ നീ പോയത് ...

പോയിട്ട് പെട്ടെന്ന് വരാമെന്ന് കരുതി ... അതാ ഫോൺ എടുക്കാതെ പോയത്... മഴ പെയ്ത് തോർന്ന് വരാമെന്ന് കരുതി ഇരുന്നതാ ... പറ്റിയില്ല ... 

മ്മ് ... രണ്ട് പേരും പോയി കുളിച്ച് ഈ വേഷം ഒക്കെ മാറിയിട്ട് വാ... അമ്മ ചായയും പലഹാരവും എടുത്ത് വെക്കാം ..

ശരി അമ്മ ... കബനി വാ ...

ശ്രീ വളരെ കൂളായി കബനിയെ കൂട്ടി അകത്തേക്ക് കയറി പോയി... 

❤️

അഞ്ച് ദിവസങ്ങൾ വളരെ പെട്ടെന്ന് കടന്ന് പോയി ... സന്ധ്യയുടെ കണ്ണ് വെട്ടിച്ച് പലപ്പോഴും ശ്രീ കബനിയെ മതിമറന്ന് സ്നേഹിക്കും ... അതിരുകൾ കവിഞ്ഞ് ഒഴുകുന്ന പ്രണയനദിയിൽ അവർ അവരുടെ ഒഴുക്ക് തുടർന്ന് കൊണ്ടിരുന്നു... 

നാടും പരിസരവും എല്ലാം ആ ദിവസങ്ങൾക്ക് ഇടയിൽ ശ്രീ അവൾക്ക് സുപരിചിതമാക്കി കൊടുത്തിരുന്നു ... 

നാളെ ഒരിക്കൽ തനിച്ച് ഇവിടേക്ക് വരേണ്ടി വന്നാലും ഒറ്റപ്പെട്ടു പോകാതെ ഇരിക്കാൻ ആളുകളും സ്ഥലങ്ങളും അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്ന തോന്നലിൽ ആയിരുന്നു ശ്രീ അത് ചെയ്തത് ... 

ശ്രീയും കബനിയും തമ്മിലുള്ള സൗഹൃദത്തിനും പ്രണയത്തിനും വിവിധ വർണ്ണങ്ങൾ ചാർത്തപ്പെട്ടു... 

അവിടുത്തെ കാഴ്ചകൾ മുഴുവനും കണ്ട് തീർക്കാൻ കഴിയാതെ പോയ സങ്കടം ബാക്കിയാക്കി കബനി ശ്രീയ്ക്ക് ഒപ്പം ചുരം ഇറങ്ങി ... 

❤️

രാത്രിയോടെ വീട്ടിൽ എത്തിച്ചേർന്ന കബനി , ശ്രീയെ അകത്തേക്ക് കയറാൻ അനുവദിച്ചില്ല ... ചെറിയമ്മയുടെ ചൊറിഞ്ഞു കയറുന്ന സംസാരം അവൻ കേൾക്കാതെ ഇരിക്കാൻ ആയിരുന്നു അത് ... 

അകത്തേക്ക് കയറി വന്നാലും ഇല്ലെങ്കിലും അവർക്ക് എന്നെ പറ്റി എന്തെങ്കിലും പറയാൻ ഉണ്ടാകും കബനി...പിന്നെ എന്താ പ്രശ്നം ...

താൻ വാ ...

ശ്രീ അവളുടെ കൈയിൽ നിന്നും ബാഗ് തൻ്റെ കൈയിലേക്ക് എടുത്ത് വെച്ചു... മറുകൈയിൽ അവളുടെ കൈകളും കോർത്ത് പിടിച്ചു മുന്നോട്ട് നടന്നു...

പ്രഭാകറും കാവേരിയും ഉമ്മറത്ത് തന്നെ കുശലം പറഞ്ഞിരിപ്പുണ്ടായിരുന്നു...തങ്ങളെ കണ്ടിട്ടും അവർ അവിടെ തന്നെ ഇരുന്നത് അല്ലാതെ ഒന്നും ചോദിക്കാനോ പറയാനോ നിന്നില്ല...അത് വലിയ ആശ്വാസം ആയി തോന്നി കബനിയ്ക്ക് ...

ഓ എത്തിയോ കൊച്ചു തമ്പുരാട്ടി ... 

ചെറിയമ്മ ...

കബനി ശ്രീയെ ഒന്ന് തിരിഞ്ഞ് നോക്കി...

അവൻ്റെ മുഖം ഇരുണ്ടിട്ടുണ്ട്...ഒരു വാക്ക് തർക്കത്തിന് തയാറാകുന്നത് പോലെ മുഖത്തെ പേശികൾ ഒക്കെ വലിഞ്ഞ് മുറുകി ഇരിക്കുന്നു ...

പോയത് മടങ്ങി വരുമെന്ന് പറഞ്ഞിട്ട് തന്നെയല്ലേ ചെറിയമ്മേ... എന്നിട്ടും എന്തിനാ ഇങ്ങനെ ഒരു സംസാരം...

ഓ .. ഇനി തമ്പുരാട്ടി ആഗ്രഹിക്കുന്നത് പോലെ ആണോ ഇവിടെ ഉള്ളവരൊക്കെ സംസാരിക്കേണ്ടത് ആവോ...

എന്താ ഇവിടെ ഒരു ബഹളം???

അച്ഛൻ ഒട്ടും സ്വബോധത്തിൽ അല്ലെന്ന് തെന്നി നീങ്ങുന്ന കാലുകൾ കണ്ടപ്പോൾ തന്നെ കബനിയ്ക്ക് മനസ്സിലായി...

വെറുതെ പ്രശ്നം ഉണ്ടാക്കരുത്... കബനിയെ സുരക്ഷിതമായി തിരിച്ച് എത്തിക്കാം എന്ന് കരുതി മാത്രമാണ് ഞാൻ ഇവിടേക്ക് കയറി വന്നത്...

നീയാരാടാ ഇവിടെ വന്ന് കയറി ഇങ്ങനെ ഒക്കെ പറയാൻ ...

ശേഖരൻ ശ്രീയുടെ അടുത്തേക്ക് നടന്ന് അടുക്കും മുൻപ് കബനി അവർക്കിടയിൽ കയറി നിന്നു ...

അച്ഛാ ... സൂക്ഷിച്ച് സംസാരിക്കണം...

എന്നെ മര്യാദ പഠിപ്പിക്കാൻ ഇവിടെ ഒരുത്തിയും വളർന്നിട്ടില്ല ...

അയാൾ കബനിയെ നീക്കി നിർത്തി ശ്രീയ്ക്കു നേരെ തിരിഞ്ഞു...

കബനിയുടെ അച്ഛൻ വെറുതെ ദേഷ്യപ്പെടാൻ മാത്രം ഇവിടെ എന്താ ഉണ്ടായത് ? നിങ്ങളും കൂടി സമ്മതിച്ചിട്ടല്ലേ ഞാൻ കബനിയെ ഇവിടെ നിന്നും കൂട്ടി കൊണ്ടുപോയത് ...

അതിന് ശേഖരന് മറുപടി ഒന്നും പറയാൻ ഉണ്ടായിരുന്നില്ല ...

പിന്നെ , നിങ്ങളെല്ലാവരും അറിയാൻ വേണ്ടി പറയുകയാ ഈ നിൽക്കുന്നവളെ എനിക്ക് വേണമെങ്കിൽ അവിടെ വെച്ച് തന്നെ ഒരു താലി ചാർത്തി കൂടെ കൂട്ടാമായിരുന്നു... ഇയാള് അത് അവിടെ വെച്ച് എന്നോട് പറഞ്ഞതും ആണ് ... 

ഓ ... എന്നിട്ടാണ് ഇവിടെ വെച്ച് ഇങ്ങനെ ഒരു പ്രഹസനം ... എടീ മോളേ നീ അവനെയും കൂട്ടി അകത്തേക്ക് കയറി പോയി വല്ലതും കഴിക്കാൻ കൊടുക്ക് ...ഇവിടുത്തെ നാടകം കണ്ടുകൊണ്ട് നിന്നിട്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല ...

കബനി അനിയത്തിയെ നോക്കി , പുച്ഛം നിറഞ്ഞ കണ്ണുകൾ തന്നിലും തൊട്ട് അടുത്ത് നിൽക്കുന്നവനിലും മാറി മാറി പതിയുന്നുണ്ട് ... ചുണ്ടുകൾ ഒരു വശത്തേക്ക് കോട്ടി എന്തൊക്കെയോ പിറുപിറുത്തു ഭർത്താവിനെയും കൊണ്ട് അവൾ ചെറിയമ്മയുടെ വാക്ക് അതേപടി അനുസരിച്ചു ...

പ്രഹസനമോ , ചെറിയമ്മ എന്താ അങ്ങനെ പറഞ്ഞു കളഞ്ഞത് ... 

മതി ശ്രീ , പ്ലീസ് ...

ഇല്ല കബനി , ഇവരെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ... വായിൽ തോന്നിയത് എല്ലാം വിളിച്ച് പറഞ്ഞ് ശീലിച്ചത് കൊണ്ടാണ് ഇവർക്കൊക്കെ ഇത്ര തലക്കനം ... 

ഇവരെ എന്തിനാ പറയുന്നത് ... നിങ്ങളൊക്കെ ഒരു അച്ഛൻ ആണോ ... മകളെ സ്വന്തം പോലെ നോക്കി വളർത്താൻ അല്ലേ ഇവരെ നിങ്ങളുടെ ഒപ്പം കൂട്ടിയത് ... എന്നിട്ട് ഇവരിൽ ഒരു കുഞ്ഞ് ഉണ്ടായപ്പോൾ ആദ്യത്തെ കുട്ടി പുറത്ത് ... ഈ പാവം പെണ്ണ് അനുഭവിക്കാത്തതായിട്ട് എന്തെങ്കിലും ഉണ്ടോ ഈ വീട്ടിൽ ... ഇപ്പോ അകത്തേക്ക് ഒരുത്തനെ കൂട്ടി കൊണ്ടുപോയില്ലേ അവനെയും ഇവളിൽ നിന്നും തട്ടിയെടുത്തത് അല്ലേ ...

ദേ ചെക്കാ , വെറുതെ അനാവശ്യം പറയരുത് ... കയറി വന്ന ചെക്കന് ഇവൾക്ക് പകരം എൻ്റെ കുട്ടിയെ ഇഷ്ടപ്പെട്ടതിന് ഞങ്ങളാണോ കുറ്റക്കാർ ...

അല്ല , അത് ഒരു കണക്കിന് നന്നായി ... അല്ലെങ്കിൽ പിന്നെ എനിക്ക് എൻ്റെ കബനിയെ കിട്ടില്ലായിരുന്നല്ലോ... 

ശ്രീ അവളെ തോളോട് ചേർത്ത് പിടിച്ചു...

അവൻ്റെ കണ്ണുകളിലെ തിളക്കം അവളിൽ കുളിർമ പടർത്തി ...

നിന്ന് കഥാപ്രസംഗം നടത്താതെ ഇറങ്ങി പോകാൻ നോക്ക് നീ ... 

പോകാൻ തന്നെയാണ് വന്നത് ... പിന്നെ ഇന്ന് മുതൽ ഈ നിൽക്കുന്നത് എൻ്റെ ഭാവി വധു ആണ് ... ഞാൻ നിങ്ങളുടെ ഭാവി മരുമകനും അതുകൊണ്ട് ഇനിയും പഴയ പോലെ ഇവളെ നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ നിങ്ങളിൽ ആരെങ്കിലും നോവിച്ചു എന്ന് ഞാൻ അറിഞ്ഞാൽ ഇനി സംസാരം ഉണ്ടാകില്ല...മറിച്ച് ഇവിടെയുള്ള നിയമപാലകരുടെ മേൽനോട്ടത്തിൽ ഉള്ള ഒരു സുഖവാസ കേന്ദ്രത്തിലേക്ക് നാല് പേർക്കും താമസം മാറാം ....

എന്താ അത് വേണോ ???

ശ്രീ ദേഷ്യത്തോടെ ചോദിച്ചു...

പോലീസ് എന്ന് കേട്ടപ്പോൾ ശേഖരൻ പത്തി താഴ്ത്തി പുറകിലെ ചാരുകസേരയിൽ ഇരുന്നു ... 

ഇല്ല ... അങ്ങനെ ഒന്നും ഇനി ഉണ്ടാകില്ല ... ഉറപ്പ് ...

അവൻ പറഞ്ഞത് ചെയ്യുമെന്ന് ചെറിയമ്മയ്ക്ക് ഉറപ്പായിരുന്നു ... കേസും കൂട്ടവും ആയാൽ അവരുടെ അന്തസ്സിനും അഭിമാനത്തിനും കോട്ടം തട്ടും എന്നത് കൊണ്ട് അവർ പെട്ടെന്ന് തന്നെ അവനെ അനുനയിപ്പിച്ച് നിർത്തി ...

മ്മ് ശരി , പിന്നെ ഒരു പ്രധാന കാര്യം കൂടി അടുത്ത ആഴ്‌ച്ച ഞാനും അമ്മയും എൻ്റെ കുറച്ച് ബന്ധുക്കളും സുഹൃത്തുക്കളും ഇവിടേക്ക് വരുന്നുണ്ട് ... അധിക സമയം ഇവളെ ഞാൻ നിങ്ങളുടെ അടുത്ത് നിർത്തുന്നില്ല ... ഒരു നല്ല സമയം നോക്കി ഇവിടെ അടുത്തുള്ള ക്ഷേത്രത്തിൽ വെച്ച് ഞാൻ ഇവളെ കെട്ടി കൂടെ കൊണ്ടുപോകും ... അത് വരെ അത് വരെ മാത്രം എൻ്റെ പെണ്ണ് ഇവിടെ കാണും...ഒരു കാര്യം കൂടി ഇവൾക്ക് വേണ്ട ഡ്രസ്സും ആഭരണങ്ങളും മറ്റും ഞാൻ തന്നെ വാങ്ങി കൊടുത്തോളാം ...അതിന് വേണ്ടി ആരും ബുദ്ധിമുട്ട് സഹിക്കാൻ നിൽക്കണ്ട ...

കബനി അച്ഛനെയും ചെറിയമ്മയെയും മാറി മാറി നോക്കി ... രണ്ട് ആളുടെയും കണ്ണുകൾ ഇപ്പോ പുറത്തേക്ക് വരും എന്ന നിലയിൽ ആണ് ...

കബനി എന്നാൽ ഞാൻ പോയിട്ട് വരാം ...

ശരി എന്ന , ഭാവി അമ്മായി അപ്പാ ,അമ്മേ പോയിട്ട് വരാം ...

ശ്രീ മുറ്റത്തേക്ക് ഇറങ്ങിയതും കബനിയും അവൻ്റെ കൂടെ ഇറങ്ങി ...

എത്തിയിട്ട് വിളിക്കണം ... 

വിളിക്കാലോ ...

ശ്രീ ഇത്ര പെട്ടെന്ന് , ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ...

ഞാനും ... തന്നെ ഇനിയും ഇവിടെ നിർത്തിയാൽ ശരിയാകില്ല ... പിന്നെ ഒരാഴ്ച്ചത്തെ കാര്യം അല്ലേ അത് കണ്ണ് തുറക്കുന്ന വേഗത്തിൽ അങ്ങ് പോകും ... പോയിട്ട് വേണം ഏറുമാടത്തിൽ ഒന്നുകൂടി കയറാൻ ...

ഒരു കണ്ണ് അടച്ച് പ്രത്യേക ഈണത്തോട് കൂടിയുള്ള അവൻ്റെ പറച്ചിലിൽ കബനി നാണം കൊണ്ട് ചുവന്നു തുടുത്തു...

ഒന്ന് പോ ശ്രീ ... വെറുതെ ...

ഇങ്ങനെ ചുവന്നു തുടുത്തു നിന്നാൽ എൻ്റെ കണ്ട്രോൾ പോകും കേട്ടോ ... അച്ഛനും അമ്മയും ഉമ്മറത്ത് നിൽക്കുന്നു ... അല്ലെങ്കിൽ ഇപ്പോ ...

ശ്ശൊ ഒന്ന് പോയേ ...

വേണ്ട , ഞാൻ ഒന്നും പറയുന്നില്ല ... ഉള്ളിലേക്ക് കയറി പൊക്കോ ... 

വേഗം വരണം ...

വരാം ... 

അവളെ നോക്കി കണ്ണുചിമ്മി കൊണ്ട് ശ്രീ കാർ എടുത്ത് വീണ്ടും തിരിച്ച് യാത്ര തുടർന്നു...

❤️‍🩹❤️‍🩹❤️‍🩹❤️‍🩹

അന്ന് രാത്രി മുതൽ കബനി പുതിയ ഒരാളായി മാറി ... അച്ഛനോ ചെറിയമ്മയോ വാക്കുകൾ കൊണ്ടോ നോട്ടം കൊണ്ടോ അവളെ അലോസരപ്പെടുത്തുന്നതൊന്നും ചെയ്യാതെ ആയി ... 

നീണ്ട ഏഴ് ദിനങ്ങൾ കടന്നു പോയി... 

അതിനിടയിൽ ശ്രീ തന്നെ വന്ന് അവൾക്ക് വേണ്ട വസ്ത്രങ്ങളും ആഭരണങ്ങളും മറ്റും കൊണ്ട് വന്നു കൊടുത്തു .... അടുത്തുള്ള ക്ഷേത്രത്തിൽ വിവാഹത്തിന് വേണ്ട എല്ലാ കാര്യങ്ങളും നേരത്തെ തന്നെ റെഡിയാക്കി വെച്ചു ...

ഇരുവരും ആഗ്രഹിച്ച പ്രാർത്ഥിച്ച ആ സുദിനം ഒടുവിൽ വന്നെത്തി .... തുളസി മാല പരസ്പരം ചാർത്തി , മഞ്ഞ ചരടിൽ തൻ്റെ പ്രണയത്തിൻ്റെ കയ്യൊപ്പ് ചാർത്തിയ താലി അവളെ ധരിപ്പിക്കുമ്പോൾ അറിയാതെ അവൻ്റെ കണ്ണുകൾ നിറഞ്ഞു... അതേ നിമിഷം അവളുടെ കണ്ണുകളിലും നീരുറവ രൂപപ്പെട്ടു ... 

സന്ധ്യയുടെ കാൽ തൊട്ട് മാത്രമേ അവരിരുവരും അനുഗ്രഹം വാങ്ങിയുള്ളൂ... മനസ്സ് അറിഞ്ഞ് നമ്മളെ സ്നേഹിക്കാൻ കഴിയാത്തവർക്ക് നല്ല ജീവിതം ആശംസിക്കാൻ അതിന് വേണ്ടി പ്രാർഥിക്കാൻ കഴിയില്ലല്ലോ .... അതുകൊണ്ട് അച്ഛൻ്റെയും അമ്മയുടെയും അനുഗ്രഹം കബനി വേണ്ടെന്ന് വെച്ചു ....

വിഭവ സമൃദ്ധമായ സദ്യ കഴിച്ച് ഫോട്ടോ സെക്ഷനും കഴിഞ്ഞ് യാത്ര പറച്ചിൽ വളരെ വേണ്ടപെട്ടവരിൽ മാത്രമായി കബനി ചുരുക്കി ... അച്ഛൻ , ചെറിയമ്മ അനിയത്തി എല്ലാവരെയും ഒരിക്കൽ കൂടി തന്നിൽ നിറച്ച് അവസാനമായി കബനി അവിടെ നിന്നും പടി ഇറങ്ങി ... 

                          🍃🍃🍃

സ്വപ്നത്തിൽ നിന്ന് ഉണർന്നത് പോലെ കബനി കട്ടിലിൽ ഞെട്ടി ഉണർന്നു ... തൻ്റെ വലത് വശത്ത് മടക്കി വെച്ച പത്രത്താളുകളിൽ നിന്നും പഴക്കം ചെന്ന ഒരു പേജ് അവൾ നിവർത്തി പിടിച്ചു ... കണ്ണുനീർ ധാര ധാരയായി കവിലുകളെ നനച്ച് കൊണ്ട് അവളിലൂടെ കടന്നുപോയി ... 

വാഹനാപകടം : കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ... അമിത വേഗതയിൽ ലോറി കാറിൽ വന്ന് ഇടിക്കുകയായിരുന്നു ... 

വയനാട് സ്വദേശി ആയ കാർ ഡ്രൈവർ ശ്രീരാജ് ( 28) വയസ്സ് സംഭവ സ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു ... ലോറി ഡ്രൈവറെ ഗുരുതര പരുക്കുകളോടെ അടുത്തുള്ള ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ...

കണ്ണുനീർ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും പത്രത്തിലെ അക്ഷരക്കൂട്ടങ്ങൾ അവളിൽ വളരെ ആഴത്തിൽ പതിഞ്ഞു പോയിരുന്നു ... സ്വപ്നം കാണാൻ പഠിപ്പിച്ചവൻ വരണ്ട് ഉണങ്ങിയ തൻ്റെ ഉള്ളിൽ പ്രണയം എന്ന വികാരം പകർന്നവൻ ... ശരീരം കൊണ്ടും മനസ്സ് കൊണ്ടും പ്രണയം പകുത്ത് നൽകിയവൻ ഇന്നില്ല എന്നത് ഓർക്കാനെ കഴിയുന്നില്ല ... 

അവസാനമായി തമ്മിൽ കണ്ട് പിരിയുമ്പോൾ സുഖമുള്ള ഒരു സ്വപ്നമായി അവൻ തന്നിൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ് ഇടിത്തീ പോലെ ഈ വാർത്തയും ആയി സഹപ്രവർത്തകൻ വിളിക്കുന്നത് ... 

അന്ന് മുതൽ ഈ ദിവസം വരെ ഉള്ള് തുറന്ന് ഒന്ന് ചിരിക്കാനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ല ... സ്വയം നിർമ്മിച്ച കൽപ്പിച്ച ഒരു ഏകാന്ത വാസത്തിൽ ശ്രീയുടെ ഓർമ്മകളും പേറി ആണ് ഇപ്പോ കഴിയുന്നത് ... ജീവിക്കുന്നത് ... അതിനിടയിൽ അമ്മ അവിടേക്ക് വരാൻ നിർബന്ധിക്കുന്നു ... കഴിയണ്ടേ തനിക്ക് അതിന് ... ആ വീട്ടിൽ ആണ് തങ്ങളുടെ ഓർമ്മകളും സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം ... അവിടെ നിന്നാൽ താൻ ഒരു നിലയില്ലാ കയത്തിലേക്ക് എറിയപ്പെടും ... അത് വേണ്ട , ഇവിടെ ചെറിയമ്മയുടെ നാല് ചീത്ത കേൾക്കുമ്പോൾ എങ്കിലും ജീവനുണ്ട് എന്ന ബോധ്യം വരും അത് മതി അത് മാത്രം മതി ... 

                         💔💔💔💔💔

( ശുഭം )

അഭിപ്രായങ്ങള്‍