ഹിമമഴയിൽ | ഭാഗം 2 | അളകനന്ദ ലച്ചു

"ഒരു കല്യാണം നടക്കാൻ പോകുന്ന 

വീടാ.. എന്റെ പൊന്നു മക്കൾ അവിടെ ചെന്ന് അവരെ സഹായിച്ചില്ലേലും വേണ്ടില്ല ഇരട്ടി പണി ഉണ്ടാക്കിവെക്കരുത് ദൈവത്തെ ഓർത്തു "

ഡ്രൈവിങിനിടയിലും അച്ഛൻ പറയുന്നത് കേട്ട് ഞാൻ തലയാട്ടി.. തിരിഞ്ഞു പിൻസീറ്റിലേയ്ക് നോക്കിയപ്പോൾ അവിടെ ഉണ്ടായിരുന്ന രണ്ടും രണ്ട് സൈഡിലേയ്ക് തല വെച് ഭയങ്കര ഉറക്കവും..കാറിൽ കേറിയപ്പോൾ ഉറങ്ങിയതാ ഉറക്കപിശാശുക്കൾ.. 

ആരോട് പറയാൻ.. ആര് കേൾക്കാൻ.. എന്ന കണക്കിൽ അച്ഛൻ എന്നെ ഒരു നോട്ടം.. 

മറുപടിയായി ഒന്ന് ഇളിച്ചു കാണിച്ചു.

നഗരത്തിന്റെ തിക്കും തിരക്കിൽ നിന്നും രക്ഷനേടി പ്രകൃതിയിൽ മനോഹരമായ ദേവപുരം എന്ന ഗ്രാമത്തിലേയ്ക്. കൂടുതൽ വർണ്ണിക്കാൻ നിന്നാൽ എന്നിലെ കവിയും ഗായികയും പുറത്തു ചാടും.. പിന്നെ അച്ഛൻ എന്നെ വഴിയിൽ ഇറക്കിവിടണം. ഞാൻ പിന്നെ നടന്നു വരണം.. എന്തിനാ വെറുതെ.. അല്ലെ..

ടാറിട്ട റോഡിൽ നിന്നും മണ്പാതയിലേയ്ക് കാർ തിരിഞ്ഞു. 

ഇരുവശത്തും തെങ്ങും കവുങ്ങും നിറഞ്ഞു നില്പുണ്ട്. 

പിൻ സീറ്റിൽ തട്ടും മുട്ടും ഒക്കെ കേട്ട് നോക്കിയപ്പോൾ കണ്ടത് കണ്ണൊക്കെ തിരുമ്മി കൈകൾ ഒക്കെ നിവർത്തി രണ്ടും ഇരിക്കുന്നതാണ്. 

"ആഹ്ഹ് പള്ളിയുറക്കം കഴിഞ്ഞ് എഴുന്നേറ്റോ..? "

ഹാ എന്താ ചിരി ... 

അല്പം ദൂരെ നിന്നേ കാണാൻ കഴിയുമായിരുന്നു.

തലയുയർത്തി നിൽക്കുന്ന ഇല്ലിക്കൽ വീട്.. 

വല്യമ്മാവനും അമ്മായിയും അവരുടെ മകൻ ശ്രീനാഥ് എന്ന ശ്രീയേട്ടനും ആണ് 

ഇപ്പോൾ തറവാട്ടിൽ താമസം.

ശ്രീയേട്ടന്റെ വിവാഹം ആണ് അടുത്തമാസം..

നാല് വർഷങ്ങൾക് മുൻപ് ലച്ചുവെച്ചിയുടെ (വലിയമ്മാവന്റെ മൂത്തമകൾ ശ്രീലക്ഷ്മി ) കല്യാണത്തിനാണ് അവസാനമായി ഇല്ലിക്കലേയ്ക് പോയത്.

പിന്നീട് ഇടയ്കെപോളോ അച്ഛനും അമ്മയും വന്നു പോകുമെന്ന് അല്ലാതെ ഞങ്ങളെ കൊണ്ട് വരുമായിരുന്നില്ല..

💜💜💜💜💜💜💜💜💜💜💜

കാറിന്റെ ശബ്‌ദം കേട്ട് വല്യമ്മാവനും കുഞ്ഞമ്മാവനും അമ്മയിമാരും 

ഒക്കെ ഉമ്മറത് ഹാജർ ആയിട്ടുണ്ട്.

കാർ നിർത്തി ഡോർ തുറന്നു അച്ഛൻ ഒരൊറ്റ പോക്ക് ..

ഹോ അളിയന്മാരെ കണ്ട സ്നേഹം.. ഞങ്ങൾ ഡിക്കിയിൽ നിന്നും ലഗേജ് ഒക്കെ വലിച്ചു പൊക്കി പിന്നാലെ..

അഭയാർത്ഥികളെ പോലെ.. 

ഇതൊക്കെ കണ്ടാവും കുഞ്ഞമ്മാവൻ വന്നു ഞങ്ങളെ സഹായിച്ചു. 

" ദേ.. മൂന്നെണ്ണത്തിനെയും ഞാൻ ഇവിടെ ഏല്പിച്ചിട്ടുണ്ട് . ശേഖരേട്ടൻ കൂടി പറഞ്ഞതുകൊണ്ടാ ഞാൻ കൊണ്ടാക്കാം എന്നു വിചാരിച്ചതു .. ഇനി എന്ത് നടന്നാലും ഞാൻ ഉത്തരവാദി അല്ല . "

ആഹാ.. നല്ല ബെസ്റ്റ് അച്ചൻ.. 

അച്ഛൻ പറയുന്നത് കേട്ട് എല്ലാവരും ചിരിക്കുകയാണ്..

ഞങ്ങൾ മുഖത്തോട് മുഖം നോക്കി നിൽപ്പും . 

" അവർ നല്ല കുട്ടികൾ അല്ലെ.. ഞങ്ങൾ നോക്കിക്കോളാം.. ഒരു പ്രേശ്നവും ഉണ്ടാവില്ല..പിന്നെ ഈ പ്രായത്തിൽ കുറച്ചു കുസൃതിയും കുറുമ്പും ഒക്കെ ഇല്ലങ്കിൽ പിന്നെന്തുവാ..? "

പിന്നല്ലാ.. അങ്ങനെ അങ്ങോട്ട് പറഞ്ഞു കൊടുക്കന്റെ വല്യമ്മാവാ.. 

കണ്ട് പഠി.. ഞാൻ അച്ഛനെ നോക്കി ചിറി കോട്ടി .  

" ശേഖരേട്ടന്റെ വിശ്വാസം ഏട്ടനെ രക്ഷിക്കട്ടെ.. "

അച്ഛാ... !!

" ആഹ്ഹ് പിന്നെ കല്യാണച്ചെക്കൻ.. എവടെ..? ശ്രീയേട്ടൻ..? "

ഞാൻ അത് ചോദിച്ചതും എല്ലാവരുടെയും മുഖം ഇരുണ്ടു. 

" അവൻ വന്നിട്ടില്ല മോളെ.. ഹരികുട്ടനും അവനും ഇനി അടുത്ത ആഴ്ചയേ എത്തു.. "

" കല്യാണച്ചെക്കൻ പോലും വന്നിട്ടില്ല.. അതിനു മുൻപേ കല്യാണത്തിന്റെ പേരും പറഞ്ഞു വന്ന നമ്മൾ ആരായി.. "

അപ്പുവാണ്. 

ഞാൻ കൈമലർത്തി. 

ശ്രീയേട്ടൻ ചെന്നൈയിൽ ആണ്.. ജോലി ഒക്കെ ആയി.. കുഞ്ഞമ്മാവന്റെ ഒറ്റമകൻ ആണ് ശ്രീഹരി എന്ന എല്ലാവരുടേം ഹരികുട്ടൻ.. 

ഹരിയേട്ടനും ശ്രീയേട്ടന് ഒപ്പം അവിടെയാണ്. 

അങ്ങനെ ഉച്ചയൂണ് ഒക്കെ കഴിഞ്ഞ് അച്ഛൻ പോകാൻ ഇറങ്ങി.. 

" എന്നാ ഞാൻ ഇറങ്ങുവാ.. പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ.. എന്തെങ്കിലും കുഴപ്പം ഉണ്ടാക്കിയാൽ അപ്പോൾ ഞാൻ വന്നു മൂന്നിനേയും തിരികെ കൊണ്ട് പോകും.. കേട്ടല്ലോ.. "

വീണ്ടും വീണ്ടും ഭീഷണിയുടെ സ്വരം ആണല്ലോ... 

" അച്ഛന് ഞങ്ങളെ തീരെ വിശ്വാസമില്ല അല്ലെ..? " 

" എങ്ങനെ വിശ്വസിക്കും.. ജനിച്ചപ്പോൾ തൊട്ട് കാണുന്നതല്ലേ മൂന്നിനേം. ഞാൻ.. " 

ശേ... സെന്റിമെൻസ് ഇറക്കി നോക്കിയതാ.. വർക് ഔട്ട്‌ ആയില്ല. 

അച്ഛൻ സ്കോർ ചെയ്തു. 

" കുഴപ്പമൊ.. അതെന്തുവാ

അമ്മാവാ..? "

ആഹാ.. ബെസ്റ്റ്.. ഇവന് ഇതെന്തിന്റെ കേടാ.. 

എല്ലാ കുഴപ്പത്തിന്റെയും ആണിക്കല്ല് അവനാണ്.. എന്നിട്ട് ആ ചോദ്യം കേട്ടില്ലേ.. 

" മോനെ. അപ്പൂട്ടാ .. നിനക്ക് നന്നാവാൻ യാതൊരു ഉദ്ദേശവുമില്ല അല്ലെ.. "

അച്ഛൻ തോളിൽ കൈയിട്ടു അവനെ ചേർത് നിർത്തി ചോദിച്ചു.. മറുപടിയായി മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിയായിരുന്നു.. 

💜💜💜💜💜💜💜💜💜💜💜💜

രാത്രിയിൽ എല്ലാവരോടും വിശേഷം ഒക്കെ പറഞ്ഞു കിടക്കാനായി റൂമിലേയ്ക് പോയി. 

കിടന്നിട്ട് ഉറക്കവും വരുന്നില്ല... വീട് മാറിയത് കൊണ്ടാവും. ഞാൻ ഫോണിൽ നോക്കി വെറുതെ കിടന്നു.  

എന്തോ അപശബ്‌ദം കേള്കുന്നുണ്ടല്ലോ.. എന്താത്.. 

ഓഹ് ഇവൾ ആണോ.. 

കൂർക്കം വലിക്കുവാണ്. കട്ടിൽ കണ്ടാൽ മതി പിന്നെ ശവംആ 

മനുഷ്യനെ പേടിപ്പിക്കാനായിട്ട്..  

വാതിലിൽ ആരോ തട്ടുന്ന ശബ്‌ദം കേട്ട് ഞാൻ ചെവിയോർത്തു. 

ക്ലോക്കിൽ നോക്കിയപ്പോൾ 11 മണി.. ഇതാരാ ഇപ്പോൾ.. 

ആഹ്ഹ് തോന്നിയതാവും എന്നു കരുതി ഇരുന്നപ്പോൾ വീണ്ടും.. 

" ആരാ..? "

ഒരു ആവശ്യവുമില്ല.. എന്നാലും ഒരു ഉൾഭയം.. മീനുവിനെ തട്ടി വിളിച്ചു. ആന കുത്താൻവന്നാലും അവൾ പിന്നെ അറിയില്ലല്ലോ.. 

" ആ.. ആരാന്നാ ചോദിച്ചേ..? "

വീണ്ടും ഞാൻ.. 

പുറത്തു നിന്ന് നോ റെസ്പോൺസ് .. 

രണ്ടും കല്പിച്ചു വാതിൽ തുറക്കാൻ തീരുമാനിച്ചു. ചെറുതായിട്ട് വിറയ്ക്കുന്നുണ്ടോ.. ഏയ്യ് തോന്നിയതാവും..ഏയ്യ് എനിക്ക് പേടിയൊന്നുമില്ല.. 

അങ്ങനെ ഒരു കണക്കിന് എങ്ങനെയൊക്കെയോ കുറ്റി നീക്കി വാതിൽ പാളി പയ്യെ ചാരി ഒളികണ്ണിട്ട് പുറത്തേക് നോക്കി.. 

അവിടെങ്ങും ആരും ഉണ്ടായിരുന്നില്ല.. ആ ധൈര്യത്തിന് വാതിൽ മലർക്കെ തുറന്നതും ആ കാഴ്ച കണ്ട് എന്റെ കണ്ണൊക്കെ തെള്ളി വന്നു. മുന്നിൽ ഷീറ്റ് പുതച് അജ്ഞാത രൂപം.. !

" എന്റമ്മച്ചി..... !!" 

നെഞ്ചത്ത് കൈയും വെച് വായും തുറന്നു ഞാൻ ഭിത്തിയിൽ ചാരി അതേ നിൽപ് നിന്നു പോയി.

മുഖത്ത് വെളളം വീണപ്പോൾ ആണ് കണ്ണ് പതിയെ തുറന്നതു.. കണ്ണ് ചിമ്മി തുറന്നതും.. ജഗ്ഗ് ഉം ആയി അതെ രൂപം മുന്നിൽ...

" രേവു.. ഡി... ബോധം പോവല്ലേ.. ഇത് ഞാൻ ആ .. അപ്പു ആ.. "

ഷീറ്റ് മാറ്റി അവൻ എന്നോടായി പറഞ്ഞു. 

" എടാ.. പട്ടി ... നിയോ.. നിനക്കെന്താടാ പ്രാന്താണോ.. മനുഷ്യനെ കൊല്ലാനായിട്ട് പാതിരാത്രി ഇറങ്ങി നടക്കുന്നെ.. "

ഞാൻ നെഞ്ചത്ത് കൈകൊണ്ട് തടവി എഴുന്നേറ്റു.. കൂട്ടത്തിൽ വായിൽ വന്നതെല്ലാം അവനെ പറയാനും മറന്നില്ല..പിന്നല്ലാതെ.. കുറച്ചു കൂടി താമസിച്ചിരുന്നേൽ ഇതേ പോസിൽ വെള്ളത്തുണി പുതപ്പിച് എടുക്കേണ്ടി വന്നേനെ എന്നെ. 

" ഉറക്കം വന്നില്ലെടി . അതാ.. പിന്നെ ഭയങ്കര തണുപ്പു ആയതുകൊണ്ട് ഷീറ്റ് എടുത്ത് പുതച്ചത്. "

"നിനക്ക് ഉറക്കം വന്നില്ലെന്ന് വെച് എന്നെ കൊല്ലാൻ വരുന്നത് എന്തിനാടാ.. .. അല്ല.. നീ ഇപ്പോൾ എന്തിനാ വന്നേ? "

" നിങ്ങൾ ഉറങ്ങിയില്ലേൽ നമുക്ക് ഗെയിം കളിക്കാമായിരുന്നു . അതിനാ..? അപ്പോളേക്കും നിന്റെ ബോധം പോയി " 

അവൻ ഫോൺ എടുത്ത്ഫ്ലാഷ് ഓൺ ചെയ്ത് മുഖത്തേയ്ക്കു കാണിച്ചുകൊണ്ട് കിണിക്കുന്നുണ്ട് .. 

" ഹോ.. നീ ഇങ്ങനെ ചിരിയ്ക്കല്ലേ എനിക്ക് പേടിയാവുന്നു. 

ഇറങ്ങിപ്പോടാ പ്രാന്താ ... അവന്റെ ഒരു ഗെയിം.. "

ഞാൻ നിന്ന് പല്ല് കടിക്കുന്നത് കണ്ട് 

അപ്പു ഇറങ്ങി ഓടുന്നത് കണ്ടു. 

" എന്തോന്നാടി.. ഇവിടെ..? "

ഉറക്കത്തിനു ഭംഗം വന്നത് തമ്പുരാട്ടിയ്ക് ക്ഷ പിടിച്ചില്യ ല്ലേ.. 

കണ്ണും തിരുമ്മി അടുത്തത് എഴുന്നേറ്റു. ഇത്രേം പുകിൽ ഇവിടെ നടന്നിട്ട് ചക്കവെട്ടിയിട്ട പോലെ കിടന്നവൾ ആണ്. 

എന്നെ ആരേലും തല്ലിക്കൊന്നാൽ പോലും ഇവൾ അറിയില്ലലോ ഈശ്വര.. 

" ഒന്നുമില്ല.. മര്യാദയ്ക്കു അവിടെ എങ്ങാനും കിടന്നുറങ്ങേടി.. ഹോ എന്റെ കൃഷ്ണാ.. ഈ രണ്ടെണ്ണത്തിന്റെ ഇടയിൽ കിടന്നു ഞാൻ ഇങ്ങനെ നട്ടം തിരിയുന്നത് കാണാൻ നല്ല ചേലുണ്ടല്ലേ .. ഹും.. "

തലവഴി പുതപ് വലിച്ചിട്ടു കിടന്നു..

കുറച്ചു നേരം കഴിഞ്ഞപ്പോൾ വീണ്ടും വാതിലിൽ തട്ടുന്ന ശബ്‌ദം.

ഇവൻ ഇതുവരെ പോയില്ലേ.. 

ഇവനെ ഇന്ന് ഞാൻ.. ഒന്നുങ്കിൽ അവൻ അല്ലങ്കിൽ ഞാൻ.. അവന്റെ ഒരു ഗെയിമും.. ഇന്ന് ശെരിയാക്കി കൊടുക്കുന്നുണ്ട്. 

ഹോ പിന്നെ ഇവളെ വിളിക്കുന്നതും കുടം കമിഴ്ത്തി വെച് വെളളം ഒഴികുന്നതും ഒരുപോലെയാണല്ലോ.. 

മീനുവിനെ ഒന്ന് നോക്കിയിട്ട് ഞാൻ വാതിലിനടുത്തേയ്ക് പോയി.. 

വാതിൽ തുറക്കാൻ ചെറിയൊരു പേടി.. ഇനി ഏത് രൂപത്തിലാണോ എന്തോ ലവൻ നില്കുന്നത്..

വാതിൽ തുറന്നപ്പോൾ അവിടെങ്ങും ആരും ഉണ്ടായിരുന്നില്ല. 

ശേ.. അവൻ വന്നു വാതിലിൽ തട്ടിയിട്ട് ഓടിപ്പോയോ.. 

ഞാൻ ചുറ്റും ഒന്ന് നോക്കി.. 

ഇല്ല ആരുമില്ല.. 

പിന്നെ എന്താ ശബ്‌ദം കേട്ടത്.. 

അപ്പു വാതിൽ ചാരിയിട്ടേ ഉള്ളായിരുന്നു.. പതുകെ തുറന്നു നോക്കിയപ്പോൾ അവൻ വെട്ടിയിട്ട പോലെ ഭയങ്കര ഉറക്കവും. 

ഇതിപ്പോൾ എന്താ സംഭവം.. 

അവിടെല്ലാം ഒന്നുകൂടി നോക്കിയിട്ട് ഞാൻ തിരികെ വന്നു കിടന്നു. 

💜💜💜💜💜💜💜💜💜

ഫോൺ നിര്ത്താതെ ചിലയ്ക്കുന്നതു കേട്ടാണ് രാവിലെ ഉണർന്നത്.. നോക്കാതെ തന്നേ അറിയാം.. അമ്മയാണ് . രാവിലെ ക്ഷേത്രത്തിൽ പോകാനുള്ള വിളിയാ.. 

ഹോ.. കാലത്ത് തന്നെ നേരം വെളുക്കുവാണല്ലോ ഈശ്വരാ..ഈ സൂര്യന് ബോർ അടികുന്നില്ലേ എന്നും ഇതേ സമയത്തു ഉദിക്കാൻ. 

ഒന്നൂടെ കിടക്കാം എന്നു കരുതിയപ്പോൾ ദേ വീണ്ടും അമ്മ.. 

കാട്ടുകോഴിക് എന്ത് ചങ്ക്രാന്തി എന്നൊക്കെ പറയുന്നപോലെയാ എനിക്കെന്ത് ഉറക്കം.. 

" രേവു.. മോളെ.. വാതിൽ തുറക്ക് " 

പുറത്തു വല്യമ്മായി വന്നിട്ടുണ്ട്. അമ്മ വിളിച്ചു പറഞ്ഞിട്ടുണ്ടാവും.. ഈ അമ്മയുടെ ഒരു കാര്യം. 

മീനു ഒക്കെ കിടന്നു ഉറങ്ങുന്നത് കണ്ടിട്ട് എനിക്ക് അവളോട് അസൂയ തോന്നുന്നു.. അങ്ങനിപ്പോൾ നീ അങ്ങനെ സുഖിക്കണ്ട.. 

ഒരൊറ്റ ചവിട്ട്.. 

കട്ടിലിൽ നിന്ന് നിലത്തേയ്ക്.. 

ഹയ്യോ.. ഭൂമി കുലുക്കം.. !!

രേവു.. ഓടിക്കൊ.... 

"ഡി. ഡി.. കണ്ണ് തുറക്ക്.. "

ചവിട്ട് kondവട്ടായി പോയോ ഇനി 

" നീ എന്തിനടി എന്നെ ഉരുട്ടി ഇട്ടതു.?"

" ഏഹ്ഹ്.. ഞാനോ.. ഞാൻ നിന്നെ ഒന്നും ചെയ്തില്ലല്ലോ.. വെല്ല സ്വപനം കണ്ട് ഉരുണ്ട് വീണിട്ട് ഇനി എന്നെ പറ .. " 

" സ്വപ്നം ആയിരുന്നോ .? പക്ഷെ പുറത്തു വേദന ഉണ്ടല്ലോ.. "

നടുവും തിരുമ്മി ഇരിപ്പുണ്ട് പാവം.. ആകെ കൺഫ്യൂഷൻ അടിച്ചിരിക്കുവാ.. 

" നോക്കിയിരിക്കാതെ വാടി..അമ്പലത്തിൽ പോയിട്ട് വരാം." 

പതിവ് പോലെ നേർച്ചയും വഴിപാടും ആള്കാര്ക് ഒരു എന്റർടൈൻമെന്റ് ഒക്കെയായി ഞാൻ അമ്പലത്തിൽ പോയിട്ട് വന്നു. 

" ഹോ.. പട്ടാപകൽ പോലും കള്ളന്മാരുടെ ശല്യമാണല്ലോ " 

പത്രം വായിക്കുന്നതിനിടയിൽ വല്യമ്മാവൻ പറയുന്നത് കേട്ടു.. ഉമ്മറത്ത് തൂണിൽ ചാരി ഇരുന്നു വല്യമ്മായി കൊണ്ട് തന്ന ചായ കുടിച്ചിരിക്കുകയായിരുന്നു .. 

" അതെന്നെ.. ദേ അങ്ങേക്കരയിൽ ആ രാധയുടെ ഒക്കെ വീട്ടിൽ കഴിഞ്ഞ ദിവസം കള്ളൻ കേറിയത്രെ.. " 

വല്യമ്മായി പറയുന്നത് കേട്ട് 

ഞാൻ വെറുതെ എനിക്ക് നേരെ എതിർ വശത്തിരുന്ന അപ്പുവിനെ ഒരു സംശയത്തോടെ നോക്കി.. 

ഇനി ഇവനെങ്ങാനും.. രാത്രിയിൽ ഇറങ്ങി നടപ്പ് അവന്റെ ഒരു ഹോബി ആണല്ലോ. 

" നീ എന്തിനാടി എന്നെ നോക്കുന്നെ? "

" ഓഹ് ന്റെ പൊന്നോ ഞാൻ വെറുതെ ഒന്ന് നോക്കിയതാ.. "

അതും പറഞ്ഞു ചിരിയോടെ ഞാൻ മീനുവിനെ നോക്കി. 

അപ്പോഴാ മറ്റൊരു കാര്യം ഓർമ വന്നത്. 

ഈശ്വരാ.. ഇന്നലെ ഇനി വെല്ല കള്ളന്മാർ മറ്റോ ആണോ വാതിലിൽ തട്ടിയത്..  

ഞാൻ നെഞ്ചത് കൈവെച്ചു കൊണ്ട് മനസ്സിലോർത്തു.  

💜💜💜💜💜💜💜💜💜💜💜

വെറുതെ പറമ്പിലൊക്കെ ഉലാത്തുകയായിരുന്നു . കുഞ്ഞമ്മാവന്റെ വീട് ഈ പറമ്പിനു അപ്പുറം ആണ്.. ഒരു 5 മിനുട്ട് നടക്കണം..  

അവിടെ പണ്ട് ഒരു ലിച്ചി മരം ഉണ്ടായിരുന്ന ഓർമയിൽ അങ്ങോട്ടേയ്ക് വെച്ചു പിടിച്ചു.. 

ഞങ്ങൾ അവിടേയ്ക് ചെല്ലുമ്പോൾ കുഞ്ഞമ്മാവനും അമ്മായിയും കൂടി വാതിൽ പൂട്ടി എവിടേയ്ക്കോ പോകുന്നതാണ് കണ്ടത്.. പക്ഷെ അവർ ഞങ്ങളെ കണ്ടിരുന്നില്ല. 

"യ്യോ.. "

" എന്റെ തലമണ്ടയിലോട്ടാണോടാ ദ്രോഹി എറിയുന്നത്..? "

" അത് വായിനോക്കി നിന്നിട്ടല്ലേ.. നേരെ കൈപിടിക്കടി.. "

" വോ.. ശെരി... രാജാവേ... "

അങ്ങനെ ലിച്ചിപഴവും വായിലിട്ട് മതിലിനു മുകളിൽ കയറി ഇരിക്കുന്നതിനിടയിൽ ആണ് ഞാൻ അത് കണ്ടത്.. 

കുഞ്ഞമ്മാവന്റെ വീടിന്റെ മുകൾനിലയിൽ മുറിയിലെ തുറന്ന ജനല്പാളികൾക്കിടയിലൂടെ ഒരു ആളനക്കം.. !

ആരാ.. അത്.. വേറെ ആരും അവിടെ വരാൻ വഴിയില്ല.. അവരാണേൽ പുറത്തും പോയിരിക്കുന്നു.

അപ്പോഴാണ് അമ്മാവൻ കുറച്ചു മുൻപ് പറഞ്ഞതു ഓർമ വന്നത്.. 

" കള്ളൻ... "

വായിൽ കിടന്നാ ലിച്ചിപ്പഴം കുരുവോടെ ഇറങ്ങിപ്പോയി.. 

" കള്ളൻ.. നിന്റെ.. കെട്ടിയോൻ.. "

അപ്പുവാണ് അവൻ കരുതി അവനെയാണെന്ന്.

" എടാ.. നിന്നെയല്ല.. ദോ.. കണ്ടോ..ആ മുറിയിൽ കള്ളൻ.. "

" എവടെ ഞങ്ങൾ ആരെയും കണ്ടില്ലല്ലോ.. "

മീനുവാണ്. 

" ഞാൻ കണ്ടതാ മീനു. 

. വാ പോയി നോക്കിയാലോ.. "

" നിനക്കെന്താ പ്രാന്താണോ എന്തോ നോക്കാനാ..? .. "

" അല്ലേടാ.. ഞാൻ കണ്ടതാ. വാ നോക്കിയിട്ട് വരാം.. "

ഞാൻ പതിയെ തോട്ടം കഴിഞ്ഞു മുന്നിലേയ്ക്.. നടന്നു.. 

വീട് അടുക്കും തോറും നെഞ്ച് പട പട എന്നിടിക്കാൻ തുടങ്ങി.. 

" മുന്പോട്ട് കേറി നടക്കേടാ.. ഒന്നുമല്ലങ്കിൽ നീയൊരു ആണല്ലേ..?"

ഞാൻ അപ്പുവിനെ മുന്നിലേയ്ക് പിടിച്ചു തള്ളിക്കൊണ്ട് നടന്നു എനിക്ക് പിന്നിലായി മീനു. 

" അതെന്താ ഞങ്ങള്ക്ക് മാത്രം ഒരു പ്രത്യേകത .. ആണ്പിള്ളേര്ക് മാത്രം എന്താ വേദനിക്കില്ല ..? "

" എടാ അലയ്ക്കാതിരിയ്ക്.. "

" നീ എന്നെ കൊലയ്ക്കു കൊടുക്കാൻ ഉള്ള പരിപാടി ആണല്ലേ.. ന്റെ ഭഗവാനെ.. അത് കള്ളനൊന്നും ആകല്ലേ .. ഇവൾക്ക് തോന്നിയതാവാണെ .. "

അവന്റെ പ്രാർത്ഥനയിലെ ആത്മാർത്ഥത കണ്ടോ..

വാതിൽ നോക്കിയപ്പോൾ ചാരി ഇട്ടിട്ടേയുള്ളു...

പൂട്ട് പോലും പൊളിക്കാതെ അല്ലെ അകത്തു കയറികുന്നേ.. 

" ഞാൻ പറഞ്ഞില്ലെടാ . കള്ളൻ തന്നെയാ.. ഇതിനകത്ത് തന്നെയുണ്ട്.. ഇപ്പോൾ എന്താ ചെയ്യുക .? "

ശബ്‌ദം താഴ്ത്തി പറഞ്ഞു.. സത്യത്തിൽ വാക്കുകളേക്കാൾ കൂടുതൽ കാറ്റ് മാത്രേ വരുന്നുണ്ടായിരുന്നുള്ളു.. 

" എന്ത് ചെയ്യാനാ.. പോലീസിനെ വിളിച്ചാലോ..? "

മീനുവാണ്. 

കൈയിലാണേൽ ഫോണും ഇല്ല.. ഇനി വീട്ടിൽ പോയി വിളിക്കാന്നു വെച്ചാൽ കള്ളൻ എന്റെ കുഞ്ഞമ്മേടെ മോൻ ഒന്നുമല്ലല്ലോ ഞാൻ പോയിട്ട് വരുന്നവരെ ഇവിടെ വെയിറ്റ് ചെയ്യാൻ പറയാൻ.. ഇവളെയൊക്കെ എന്താ ചെയ്യണ്ടേ.. 

ഞാൻ പതിയെ ഡോർ തുറന്ന് അകത്തേയ്ക്കു കയറാൻ ഒരുങ്ങിയതും അപ്പു എന്നെ പിന്നിലേയ്ക് വിളിച്ചു.. 

" നീ എന്ത് കാണിക്കാൻ പോവാ..? "

" അകത്തെ ബിരിയാണി വിളമ്പി വെച്ചേക്കുന്നു .. അത് തിന്നാൻ.. നിന്ന് ഓരോ ഒലക്കെമ്മേലെ ചോദ്യം ചോദിക്കാതെ കേറിവാടാ .."

" ഇവൾ എന്റെ പൊക കണ്ടേ അടങ്ങു.. കൊച്ചേ.. എന്റെ അമ്മയ്കും അച്ഛനും ഞാൻ മാത്രേയുള്ളു.... "

" ഓഹ്.. ഇവനെക്കൊണ്ട്‌ വലിയ ശല്യമായല്ലോ.. ഇനി ഒരക്ഷരം വ തുറന്നു മിണ്ടായാൽ ഉണ്ടല്ലോ കള്ളൻ ആയിരിക്കില്ല .. നിന്നെ ഞാൻ ആവും കൊല്ലുക.. നീ മീനുവിനെ കണ്ട് പഠി.."

" എടി അവൾക് ബോധം പോയി ഇരിക്കുവാ.. കണ്ണ് തുറന്നു വെച്ചേക്കുവാണെന്നേയുള്ളു .. "

അപ്പു മീനുവിന്റെ തുറന്നു പിടിച്ചിരുന്ന വാ കൂട്ടിയടച്ചു . 

" എന്നാൽ പിന്നെ ആ ബോഡി അവിടെ എവിടേലും ചാരി വെച്ചേരെ.. "

" വേണ്ട.. !"

" അലയ്ക്കാതെഡി പുല്ലേ.. ഇവൾ ഇന്നെന്റെ കൈയ്ക് പണി ഉണ്ടാക്കും . "

അപ്പു അവളുടെ വ പൊത്തി പിടിച്ചു.. 

സ്റ്റെയറിനോട്‌ ചേർന്നുള്ള മുറിയുടെ വാതിൽ മലർക്കെ തുറന്നിട്ടിരിക്കുവാ...

അവിടണേൽ എന്തൊക്കെയോ തട്ട് മുട്ടും ചെറുതായി കേൾകാം.. 

ഞങ്ങൾ ആണേൽ ടോം ആൻഡ് ജെറിയിൽ .. ടോമിനെ പോലെ പമ്മി പമ്മി സ്റ്റെയറിനരുകിൽ എത്തി.

" ഇങ്ങനെ വെറും കൈയോടെ ചെന്നാൽ ശെരിയാവില്ല.. "

ഞാൻ പതിയെ പറഞ്ഞു.. 

" എന്നാൽ പിന്നെ പോയി കുറച്ചു ഓറഞ്ച് ആപ്പിളും വാങ്ങിക്കൊണ്ടു പോകാം.. കള്ളൻ എന്തുവാ പ്രസവംകഴിഞ്ഞ് കിടക്കുന്നോ..? ഹും.. "

" ഓഹ് എടാ പ്രാന്താ അതല്ലേ.. ഈ കള്ളൻ എന്നൊക്കെ പറയുമ്പോൾ അയാളുടെ കൈയ് ൽ വെല്ല കത്തിയോ.. വടിവാളോ.. അല്ലേൽ ചിലപ്പോൾ ന്യൂജൻ ആണെങ്കിൽ തോക്കോ.. ബോംബോ ഒക്കെ കാണും.. അപ്പോൾ നമ്മൾ കൈയും വീശി ചെന്നാൽ. "

" ആഹ്ഹ് അത് ശെരിയാ.. ഇത്രേം സെറ്റപ്പിൽ നിൽക്കുന്ന കള്ളന്റെ അടുത്ത ഒരു സേഫ്റ്റി പിൻ പോലും കൈയിൽ ഇല്ലാതെ നമ്മൾ ചെല്ലുന്നത് മോശമാ.. വളരെ മോശമാ.. "

" എന്ന് വെച് തോക്കിനും ബോംബിനും ഒക്കെ ഞാൻ എവടെ പോകാനാ.. അതും ഈ അവസാന നിമിഷത്തിൽ.."

" നീയൊക്കെ എന്ത് തേങ്ങയാ ഈ പറയുന്നേ..? "

പിന്നിൽ നിന്ന് അപ്പുവിന്റെയും മീനുവിന്റെയും ഗൂഡമായ ചർച്ച കേട്ട് ഞാൻ കിളിപോയ പോലെ നിന്നു പോയി. 

ഇതൊക്കെ കേട്ടോണ്ട് വന്നാൽ ആ കള്ളൻ തന്നെ സ്വയം കുത്തി ചാവും.. 

" ദുരന്തങ്ങളെ.. നമിച്ചു... "

ഞാൻ കൈകൂപ്പി .. 

" എടി മീനു.. നീ ആ അടുക്കളയിൽ ചെന്നു ഒരു കമ്പ് എടുത്തോണ്ട് വാ .. 

" എന്തിനാ ഡി രേവുഇപ്പോൾ കമ്പ്..? 

അവൾ അത്ഭുതത്തോടെ ചോദിച്ചു.. 

" എനിക്ക് കുളിക്കാൻ വെളളം ചൂടാക്കാൻ.. "

അല്ല ഇതിനോടൊക്കെ ഇങ്ങനെ അല്ലാതെ ഞാൻ എന്താ പറയണ്ടേ.. 

" അപ്പോൾ നീ കുളിക്കാൻ പോവണോ.. അപ്പോൾ കള്ളൻ..? "

എനിക്കണേ ആകെ പ്രാന്ത് പിടിച്ച മട്ടായി.. ഇത് തന്നെ.. എന്റെ ജാതകത്തിലെ ദോഷങ്ങൾ രാഹുവിന്റെ ദൃഷ്ടി.. 

വെറുതെ അല്ല എന്റെ ഏട്ടൻ പറയുന്നത് എന്റെ ജീവിതം കോഞ്ഞാട്ടയാവാൻ രാഹുവും കേതുവും ഒന്നും വേണ്ട ഇതുങ്ങൾ രണ്ടും മാത്രം മതിയെന്ന്.

" ഒന്ന് പോയി എടുത്തോണ്ട് വാടി വടി.. "

" എടി.. ഞാനും കൂടി പോയിട്ട് വരാം.. " 

" നീ എന്തിനാടാ പോകുന്നെ..? "

" അതൊക്കെ ഉണ്ട്.. "

മീനു 

പയ്യെ പോയി ഒരു വടി എടുത്തോണ്ട് വരുന്നത് കണ്ട് ഞാൻ അന്തം വിട്ട് പണ്ടാരം അടങ്ങി നില്കുവാണ്.  

ഒരു ചുള്ളികമ്പുമായി കള്ളനെ അടിക്കാൻ വന്ന ശവം.. പിന്നാലെ 

അപ്പുവും വന്നു. 

" നീ ഇതെന്തിനാ കൊണ്ട് വന്നേ കള്ളന് പുറം ചൊറിയാനോ ..? "

അവസാനം ഞാൻ തന്നെ പോകേണ്ടി വന്നു. അതിനാണെൽ ഭയങ്കര കനവും ഒരു വിധത്തിനു അതുമായി പയ്യെ സ്റ്റെപ് കയറാൻ തുടങ്ങി.. നിശബ്തമാണ്. . ശ്വാസം വിടാൻ പോലും സമ്മതിക്കാതെ ഞാൻ രണ്ടിനെയും നോക്കി പേടിപ്പിച്ചുണ്ട്. 

അതിന്റെ പ്രതിഫലനമേന്നോണം തുമ്മാൻ വന്ന അപ്പുവിനെ ശ്വാസം വിടാൻ പറ്റാത്ത രീതിയിൽ കൈകൊണ്ട് അമർത്തി പിടിച്ചേക്കുവാണ് മീനു. 

വാതിലിനരികിൽ എത്തിയിട്ട് അകത്തേയ്ക്കു പയ്യെ തലമാത്രം ഇട്ട് നോക്കി.. എനിക്ക് പിന്നിൽ അവരും.. 

അകത്തു അലമാര തുറന്നു എന്തിക്കെയോ തപ്പുവാണ് ഒരാൾ.. ബ്ലാക്ക് ഷർട്ടും പാന്റും.. തല ഷർട്ക്യാപ് വെച് മറച്ചിട്ടുണ്ട് .. തിരിഞ്ഞു നില്കുന്നത് കൊണ്ട് ആരാണെന്ന് കാണാൻ പറ്റുന്നില്ല .. ബ്ലാക്ക് മാൻടെ കൂട്ടൊരു രൂപം. ആറ് ആറരയടി പൊക്കത്തിൽ ഒരു പീസ്... എന്റെ കൃഷ്ണാ.. കട്ടപാരയ്ക് അടിച്ചാലും വീഴുമെന്ന് തോന്നുന്നില്ല.. 

തിരിച്ചു അങ്ങേരുടെ കൈയിലെങ്ങാനും ഞങ്ങളെ കിട്ടിയാൽ.. ഞങ്ങളുടെ പൂട പറിക്കും. ഇവിടാണേൽ 

രണ്ടും കൂടി എന്നെ ഉന്തുവാ.

അവർക്കൊന്നും കാണാൻ പറ്റുന്നില്ലത്രേ. . 

അകത്തു സിനിമ ഷൂട്ടിങ് നടക്കുവല്ലേ കാണാൻ.. അങ്ങനെ ഉന്തും തള്ളുമായി ..

ഒരു ആവേശത്തിന് ചാടികേറിയും പോയി. ഇനിയിപ്പോൾ എന്താ ചെയ്യുക.. ഓടിയാലോ.. 

ഈശ്വരാ .. ഉള്ള ധൈര്യമൊക്കെ കാറ്റഴിച്ചുവിട്ട പോലെ പോയല്ലോ..!

തുടരും.. 

അഭിപ്രായങ്ങള്‍