ഹിമമഴയിൽ | ഭാഗം 1 | അളകനന്ദ ലച്ചു

" രേവതി.. ഡി.. 

രേവു.. റെഡി ആയില്ലേ നീ ഇതുവരെ .. വേഗം വാ. "

" ദാ വരുന്നമ്മേ.. "

ഡ്രെസ്സൊക്കെ ബാഗിൽ കുത്തിനിറയ്ക്കുന്നതിനിടയിൽ ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. 

ഒരു യാത്രയ്ക് ഉള്ള ഒരുക്കമാണ്. എങ്ങോട്ടാണെന്നല്ലേ.. എല്ലാം പറയാം.. ഇപ്പോൾ ആകെ ധൃതിയിലാണെന്നേ.. 

" വേഗം പെട്ടിയും കിടക്കയും ഒക്കെ എടുത്ത് ഇറങ്ങ് പെണ്ണെ.. നിന്നെയോക്കെ ഇവിടുന്നു പായ്ക്ക് ചെയ്തിട്ട് വേണം മനുഷ്യന് കുറച്ചു സ്വസ്ഥമായിട്ട് ഇരിക്കാൻ.. "

എന്റെ ഒരേയൊരു ആങ്ങള ആണ്.. രാഹുൽ. അല്ലേലും എല്ലാ കുടുംബങ്ങളിലും കാണുമല്ലോ നമ്മളെ പറയിപ്പിക്കാൻ ഓരോന്ന്.. അങ്ങനൊരെണ്ണം.. എവിടെ പഠിക്കാൻ പോയാലും കൊട്ടകണക്കിനു റാങ്കും മാർക്കും ഒക്കെ ആയി വരുന്ന സാധനം.. ആ സമയത്ത് ആയിരിക്കും പാസ്സ് മാർക്കുമായി തോറ്റിട്ടില്ല തോറ്റിട്ടില്ല എന്ന മുദ്രാവാക്യവുമായി ഞാനും അപ്പുവും മീനുവും ഒക്കെ വരുന്നത്. 

രാഹുലിനെ കണ്ട് പഠി..രാഹുലിനെ കണ്ട് പഠി..എന്നു എനിക്ക് മാത്രമല്ല.. അവരുടെ വീടുകളിലും കേൾകാം നാമജപം പോലെ.. 

എന്നിട്ടും ഞാൻ എന്താ ഇങ്ങനെ ആയിപോയേന്നു അമ്മ ഇടയ്കിയ്ക്കിടെ ചോദിക്കുന്നത് കേൾകാം 

അതിനു മറുപടിയായി

ഒരു കുലയിൽ തന്നെ പേടും കാണും നല്ലതും കാണില്ലേ ജയേ. എന്നു അച്ഛൻ ഉപമിക്കുന്നത് കാണാം.. എന്താണോ എന്തോ..

" എടാ ഏട്ടാ.. ഞാൻ പോയിട്ട് തിരികെ ഇങ്ങോട്ട് തന്നെ വരും.. അപ്പോൾ കാണാംട്ടോ.. അല്ല..ഞങ്ങൾ പോകുന്നതിൽ നിനക്കെന്താ ഇത്ര സന്തോഷം..? "

" ആരാ മോളെ അല്പം സന്തോഷവും സമാധാനവും ഒക്കെ ആഗ്രഹിക്കാത്തത് .. " 

ദീർഘമായി നിശ്വസിച്ചുകൊണ്ട് ഏട്ടൻ പറഞ്ഞു. 

മറുപടിയായി മുഷ്ടി ചുരുട്ടി തോളിൽ ഒരിടിയും കൊടുത്ത് നൂറേ നൂറിൽ ഹാളിലേയ്ക് പാഞ്ഞു.

അവിടെയും അവസ്ഥ മറിച്ചായിരുന്നില്ല. ഒരുമാതിരി തീവ്രവാദികളെ ഒക്കെ ചോദ്യം ചെയ്യുന്നപോലെ അപ്പുവിനെയും മീനുവിനെയും നിരത്തി നിർത്തിയിട്ടുണ്ട്.  

അപ്പച്ചിമാരുടെ മക്കൾ ആണ് രണ്ടും.. 

അനന്തകൃഷ്ണൻ എന്ന അപ്പുവും 

മിഥുന എന്ന മീനുവും. 

ഞാനും അവര്ക് നടുവിലായി നിന്നു.. അങ്ങനെ കോളം തികഞ്ഞു.. ഇനി ഓരോന്നായി പോന്നോട്ടെ..

കമോൺട്ര മഹേഷേ.. 

ആദ്യം മൈ മമ്മി.. 

"നോക്ക്.. വല്യേട്ടൻ വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രമാണ് നിന്നെയൊക്കെ പോകാൻ സമ്മതിച്ചത്.. അവിടേയ്ക് പോകുന്നത് ഒക്കെ കൊള്ളാം.. അവിടെ ചെന്ന് കുരുത്തക്കേട് ഒന്നും കാണിച്ചേക്കരുത് . കേട്ടല്ലോ"

ഭീഷണിയുടെ സ്വരം ആണല്ലോ ദൈവമേ .. 

" കേട്ടല്ലോ.. നിങ്ങളോടാ.. അമ്മ പേടിക്കണ്ട ഇവരെ ഞാൻ നോക്കിക്കോളാം.. "

ഞാൻ അപ്പുവിന്റെയും മീനുവിന്റെയും നേർക് തിരിഞ്ഞു. 

" അവരെയല്ല . എനിക്ക് നിന്നെയാ പേടി രേവു.. ഓരോന്ന് ഒപ്പിച്ചുവെച്ചിട്ട് അതുങ്ങളെ കൂടി അതില്പെടുത്തരുത്. "

അമ്മേ.... !

പിന്നിൽ അപ്പോളേക്കും അപ്പുവും മീനുവും കൂടി വായപൊത്തി ചിരിക്കുന്നുണ്ട്.. ഒന്ന് തുറിച്ചു നോക്കിയിട്ട് മുന്നോട്ട് തിരിഞ്ഞപ്പോൾ എന്റെ പുന്നാര ഏട്ടനും തലയും കുത്തികിടന്നു ചിരിക്കുന്നുണ്ട്.. 

പറഞ്ഞിട്ടെന്താ കയ്യിലിരുപ്പ് നന്നാവണേ .. ഇല്ലങ്കിൽ ഇത് പോലെ ഇരിക്കും.. എങ്ങോട്ടും നോക്കണ്ട ഞാൻ എന്റെ കാര്യം തന്നെ അങ്ങ് പറഞ്ഞതാ.. ഹാ വിധി അല്ലാണ്ടെന്താ.. 

അമ്മയുടെ ഊഴം കഴിഞ്ഞു അമ്മ പോയി.. അടുത്തത് അച്ഛൻ വന്നു...പിന്നെ അപ്പച്ചിമാർ ഓരോരുത്തരായി വന്നു. 

അങ്ങനെ നീണ്ട നീണ്ട ഉപദേശങ്ങൾക്കൊടുവിൽ എല്ലാവരോടും യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങി.

അച്ഛൻ കൊണ്ടാക്കാം എന്നു പറഞ്ഞിരുന്നു.

" ഇവൾ അവിടെ സ്ഥിരതാമസത്തിനു പോവണോ അമ്മേ.. കൊറേയുണ്ടല്ലോ.. "

എന്റെ ബാഗിലേയ്ക് നോക്കി ഏട്ടന്റെ

വക.. 

ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവില്ല ശശിയെ.. മടുത്തു... 

കാറിൽ കയറി ഇരുന്നതും അമ്മ വേഗത്തിൽ അടുത്തേക് വന്നു. 

"രേവു.. പോകുന്നവഴി ക്ഷേത്രത്തിൽ കയറണം ട്ടോ .. ഇന്നത്തെ വഴിപാടൊക്കെ നടത്തിയിട്ട് പോയാ മതി.. "

" ഇതിനാരുന്നോ.. ഞാൻ കരുതി ഞാൻ പോകുന്നതിന്റെ വിഷമം കൊണ്ട് അമ്മ ഓടി വന്നതാണെന്നാ "

" നീ പോകുന്നതിനു അമ്മായി എന്തിനാ വിഷമിക്കുന്നത്.. സന്തോഷിക്കുവല്ലേ വേണ്ടത്..?കുറച്ചു നാളത്തേയ്ക് ശല്യം ഉണ്ടാവില്ലല്ലോ "

" ടാ.. അപ്പു.. മിണ്ടാതിരുന്നോണം.. ഹും."

" സങ്കടപെടാനായിട്ട് നീ നാടുവിട്ടു പോകുവോന്നുമല്ലല്ലോ.. നീ നമ്മുടെ അമ്മേടെ വീട്ടിലേയ്ക് അല്ലെ പോകുന്നത്.. അതും കുറച്ചു ദിവസത്തേയ്ക്.. രണ്ടാഴ്ച കഴിഞ്ഞാൽ ഞങ്ങളെല്ലാരും ശ്രീയേട്ടന്റെ കല്യാണത്തിന് അങ്ങ് വരുവേം ചെയ്യും.. നിന്റെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ നീ ചൊവ്വെലോട്ടോ മറ്റോ ആ പോകുന്നതെന്ന്.. "

ഏട്ടൻ പറഞ്ഞത് കേട്ട് എല്ലാരും എന്നെ നോക്കി ഭയങ്കര ചിരിയാണ്. ആകെ ചമ്മി.. കൊളമായി.. 

" ആഹ്ഹ് പിന്നെ.. രേവു.. "

" എന്താ..അമ്മേ..? "

" ഇല്ലിക്കൽ ചെന്നാലും ക്ഷേത്രത്തിൽ പോക്കും നേർച്ചയും ഒന്നും മുടക്കരുത്.. "

" എന്റമ്മേ..!! ഇതുമാത്രേയുള്ളോ അമ്മയ്ക്ക് പറയാൻ.. " 

ഇതിനൊരു അന്ത്യവുമില്ലേ ദൈവമേ.. അവിടേം ഉറക്കം കിട്ടില്ലേ.. 

" നേർച്ചയും വഴിപാടുമൊക്കെ നടത്തി നടത്തി ന്റെ രേവുമോൾ ഒരു നേർച്ചക്കോഴിയെ പോലെയായി... "

ഇതുപോലൊരു ചേട്ടനെ നീ എനിക്കയിട്ട് തന്നെ മാറ്റി വെച്ചല്ലോ ഈശ്വര.. മൂത്തതായി പോയി.. ഇല്ലങ്കിൽ കാണിച്ചുകൊടുത്തേനേ.

ഇനി അവിടെ നിന്നാൽ ശെരിയാവില്ലന്നു കണ്ടു അച്ഛനോട് വേഗം കാർ സ്റ്റാർട്ട്‌ ചെയ്യാൻ പറഞ്ഞു. 

" ഇന്നെന്തുവാ രേവു.. പുഷ്പാഞ്ജലിയാണോ.. " 

അപ്പു കളിയാക്കുവാണ്. ദ്രോഹി.. 

" മ്മ്മ്. "

" ഓഹ്.. അപ്പോൾ ഇന്ന് വെള്ളിയാഴ്ച ആണല്ലെടി മീനു.. "

" ഇവൾ ഉള്ളോണ്ട് ഇപ്പോൾ ദിവസം അറിയാനായിട്ട് കലണ്ടർ പോലും നോക്കണ്ട ആവശ്യം ഇല്ലാണ്ടായിരിക്കുവാണെന്നാ നാട്ടിലെ സംസാരം.. "

" നീയൊക്കെ കളിയാക്കേടാ.. എന്റെ വിധി.. അല്ലാണ്ടെന്താ.. "

എന്നാലും എന്റെ ഭഗവാനെ.. എന്നോട് ഈ ചതി വേണമായിരുന്നോ.. ഉദിച്ചു വരുന്ന സൂര്യൻ പോലും എന്നെ ആക്കിച്ചിരിക്കുന്ന പോലാ എനിക്ക് തോന്നുന്നേ. 

എന്താണ് സംഭവം എന്നല്ലേ.. എന്നാൽ കേട്ടോ.. 

എന്റെ പേര് ഇപ്പോൾ എല്ലാർക്കും അറിയാമായിരികുവല്ലോ.. എന്നലും പറയാം..

രേവതി.. എളുപ്പത്തിൽ രേവുന്നു വിളിക്കും. 

ഒരു മൂന്നു മാസത്തിനു മുൻപ് ഏതോ ഒരുത്തൻ എനിക്കൊരു കല്യാണാലോചനയുമായി വന്നു.. അന്നാണ് എന്റെ ജാതകം എന്ന മഹാസംഭവം വെളിച്ചം കാണാൻ ഇടയായത്. അത് നോക്കിക്കാൻ കൊണ്ട് ചെന്നതോ വേറൊരു കുരിശിന്റെ അടുത്ത്.

പിന്നെ പറയണോ തൃശൂർ പൂരത്തിന് അമിട്ട് പൊട്ടിയ കണക്കല്ലായിരുന്നോ. 

ആകാശത്തിൽ ഇത്രേം ഗ്രഹങ്ങൾ ഉണ്ടായിരുന്നെന്നുള്ള നഗ്നമായ ട്രൂത് അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്.

എല്ലാം എന്റെ ഗ്രഹനിലയിൽ കയറി ഇരിക്കുന്നതു ആവശ്യമില്ലാത്ത ഓരോ സ്ഥലത്തും..ഹും.. 

അങ്ങനെയോരോരോ ദോഷങ്ങൾ ആ ജ്യോൽസ്യൻ അക്കം ഇട്ട് നിരത്തുന്നത് കേട്ട് അറ്റാക് വന്നത് പോലെ നെഞ്ചത് കൈയും വെച് ഞാൻ ഇരുന്നു.

അംഗഭംഗം.. മാനഹാനി.. ധനനഷ്ടം.... കണ്ടകശനി.. 

ഒന്നും പറയണ്ട.. ഇത്രെയൊക്കെ ആയ സ്ഥിതിയ്ക് ഞാൻ അങ്ങ് വടിയായി പോയി എന്നു അങ്ങ് പറഞ്ഞാൽ പോരെ..

പിന്നെ ഇതൊക്കെ മാറാൻ ആയിട്ട് ഓരോരോ നേര്ച്ചകളുമൊക്കെയായി എന്റെ ജീവിതം നായ നക്കിയെന്നു പറഞ്ഞാൽ മതിയല്ലോ.. 

എന്നെ പുറത്തിരുത്തി ആ ജ്യോൽസ്യൻ അച്ഛനോടും അമ്മയോടും ആയി എന്തോ രഹസ്യം കൂടി പറഞ്ഞിരുന്നു..അതിനി എന്ത് കൊനഷ്ട്ടാണോ എന്തോ.  

അതിൽ പിന്നെ അവരുടെയൊക്കെ നോട്ടവും പെരുമാറ്റവുമൊക്കെ കണ്ടാൽ ഞാൻ ആരാണ്ടെടെ കൂടെ ഒളിച്ചോടിപ്പോകുമെന്ന് അയാൾ പറഞ്ഞപോലെയുണ്ട്..അയാൾ അതും പറയും അതിനപ്പുറവും പറയും..

മരുന്നിനു പോലും ഒരു പ്രേമം ഇല്ലാത്ത ഞാൻ ആരുടെ കൂടെ പോവാൻ ആണെന്നുള്ള സത്യം എനിക്ക് മാത്രമല്ലെ അറിയൂ.

ഇപ്പോൾ എനിക്ക് വേണ്ടിയുള്ള ചെക്കനെ തേടി നീണ്ട അന്വേഷണത്തിൽ ആണ് എല്ലാരും. 

ഇപ്പോൾ എല്ലാദിവസവും ഓരോരോ അമ്പലത്തിൽ പോയി ഓരോ വഴിപാട് കഴിപ്പിക്കലാണ് എന്റെ പണി...

അതുകൊണ്ട് നാട്ടുകാർക്കൊക്കെ എന്നെ കണ്ടാണ് അന്ന് ഏതാ ദിവസം എന്നു തിരിച്ചറിയുന്നത് എന്നൊക്കെ പറഞ്ഞു അപ്പു എപ്പോളും കളിയാക്കാറുണ്ട്. 

ഇതിൽ പിന്നെ ഓരോ ആഴ്ചയിലും ഓരോ പെണ്ണുകാണൽ ആണ്.. അവധിദിവസങ്ങളിൽ ഞങ്ങളുടെ ആസ്ഥാന ബ്രോക്കർ കുറെ ചെക്കന്മാരുടെ ഡീറ്റൈൽസും പെറുക്കി കൂട്ടി വരും. 

പിന്നെ ഒരുമാതിരി ടീവിയിൽ കാണുന്ന മാട്രിമോണി പരസ്യം പോലെയാണ് എന്റെ വീട്.. 

ഈ പയ്യൻ കൊള്ളാല്ലോ.. ഇത് കൊള്ളില്ല.. അങ്ങനെ ഇങ്ങനെ.. ഒന്നും പറയണ്ട. 

നാട്ടിൽ ഇത്രേം ചെക്കന്മാർ സിംഗിൾ ആയിരുന്നെന്ന് ഞാൻ അപ്പോഴാ അറിഞ്ഞത്. എന്റെ ഒരു കാര്യം.. 

പിന്നെ ഓരോരുത്തരുടെയും പേരും അഡ്രസ്സും തപ്പി പിടിക്കും. 

ഈ പടിയെങ്ങാനും ചവിട്ടിയാൽ കാലു തല്ലിയൊടിച്ചു കളയും അല്ലങ്കിൽ വിമ് കലക്കി തരും എന്നൊക്കെ ഭീഷണിപ്പെടുത്തി കുറേയെണ്ണത്തിനെയോകെ ഓടിച്ചു.. 

അതിലൊന്നും വീഴാത്തവന്മാരോട് പിന്നെ മുന്നും പിന്നും നോക്കില്ല.. 

ഒറ്റ വീഴ്ചയാ.. കാലിലോട്ട്.. പിന്നെ ഒരു അലറികൂവലും.. എന്റെ പൊന്നു ചേട്ടാ.. അങ്ങോട്ടൊന്നും വന്നേക്കല്ലേ.. എനിക്കിപ്പോൾ കല്യാണം വേണ്ടായേ .. എന്നു പറഞ്ഞ്‌ 

ഹല്ല പിന്നെ.. വേണ്ട വേണ്ട എന്നു വെക്കുമ്പോൾ..

അങ്ങനെ ഈ ഇയറിലെ ലാസ്റ്റ് ക്സാമും കഴിഞ്ഞ് വീട്ടിൽ ബോർ അടിച്ചിരുന്നപ്പോൾ ആണ് ഇല്ലിക്കലേയ്ക് പോയാലോന്നു ഒരു ആലോചന തോന്നിയത്.. പിന്നെ ഒന്നും നോക്കിയില്ല വല്യമ്മാവനെ വിളിച്ചു സ്പെഷ്യൽ റെക്കമെൻഡേഷൻ നടത്തി.. 

അമ്മയുടെ കയ്യും കാലും ഒക്കെ പിടിച്ചു സമ്മതം വാങ്ങി. ഈ കല്യാണആലോചനകളിൽ നിന്നും കുറച്ചു നാളത്തേയ്ക് എങ്കിലും മുങ്ങണം അതാണ് ആത്യന്തികമായ ലക്ഷ്യം. 

പിന്നിൽ അപ്പുവും മീനുവും ഫോണിൽ കാര്യമായിട്ട് ഇരുന്നു ഗെയിം കളിക്കുവാണ്. 

മനുഷ്യന് ഇവിടെ പ്രാണവേദനയെടുക്കുമ്പോഴാ നിന്റെയൊക്കെ വീണവായന അല്ലെ.. 

രണ്ടും എന്റെയൊപ്പം പോരുന്നുണ്ട്.

അടുത്ത മാസം ആദ്യം വല്യമ്മാവന്റെ മൂത്തമകൻ ശ്രീയെട്ടന്റെ വിവാഹം കൂടിയുള്ളൊണ്ട് എല്ലാവരും അന്നു ഇല്ലിക്കലേയ്ക് വന്നേ പറ്റു.. അതുകൊണ്ടുകൂടിയാണ് ഞങ്ങള്ക്ക് പോകാനുള്ള പെർമിഷൻ കിട്ടിയത്. 

അല്ലങ്കിലും അവർ ഇല്ലാതെ എനിക്കെന്താഘോഷം.. 

അമ്പലത്തിൽ ചെന്നു തൊഴുതു പ്രസാദവും വാങ്ങി വന്നു. 

" എടി.. രേവു. കുറച്ചു അവൽ ഇങ്ങ് തന്നെ.. " 

" അയ്യെടാ.. നീ എന്നെ കുറെ കളിയാക്കിയതല്ലേ.. അങ്ങനിപ്പോൾ തിന്നണ്ട.. " 

" അയ്യേ.. നീ എന്താ ഒരുമാതിരി കൊച്ചുപിള്ളാരെ പോലെ.. " അതുംപറഞ്ഞു അവൻ ഇലകീറിലേക് കൈകടത്താൻ ശ്രമിച്ചു.. 

" തരില്ലെന്ന് പറഞ്ഞാൽ തരില്ല.. "

അവന്റെ കൈതട്ടി മാറ്റി. 

" ഹോ.. നിന്റെ ജാതകം ഇത്രേം അലമ്പായി പോയതിനു ഞങ്ങൾ എന്ത് ചെയ്തു..? ? " 

" ഡി.. മീനു വേണ്ടാട്ടോ.. "

" ചുമ്മാതല്ലെടി.. നിന്നെ അമ്പലത്തിൽ നടയ്ക്കിരുത്തിയത് പോലെയായതു.. " 

" ഓഹ്.. മൂന്നെണ്ണം കൂടി ഇപ്പോളെ തുടങ്ങിയോ.. രേവു നീ കുറച്ചു പ്രസാദം അവർകൂടെ കൊടുത്തേ.. " 

അച്ഛൻ പറഞ്ഞത് കൊണ്ട് മാത്രം.. മുഖം വെട്ടിച്ചുകൊണ്ട് ഞാൻ രണ്ടിനെയും മാറി മാറി നോക്കി. 

എന്തൊക്കെയാണേലും ആ ജ്യോൽസ്യൻ പറഞ്ഞ രണ്ട് കാര്യം കറക്ട് ആണ്.

അംഗഭംഗവും ധനനഷ്ടവും.. 

എന്റെ കൂടെ തന്നെയുണ്ടല്ലോ എപ്പോളും.. 

ഞാൻ പിൻ സീറ്റിലേയ്ക് നോക്കി. 

അപ്പുകുട്ടൻ.. 

അവന്റെ കൂടെ എന്ത് കാര്യത്തിന് കൂടിയാലും നമ്മുടെ ഏതെങ്കിലും ഒരു അംഗത്തിന് ഭംഗം വരുമെന്നുള്ള കാര്യം ഉറപ്പാണ്. 

പിന്നെ.. മീനു 

അവളേം കൊണ്ട് എവിടേലും പോയാൽ തീറ്റ വാങ്ങിക്കൊടുത് മുടിയും.. അങ്ങനെ ധനനഷ്ടം ഉറപ്പാണ്.. 

ഇനി അയാൾ പറഞ്ഞത് പോലെ ശനി..!അത് ഇനി ഏത് രൂപത്തിലാണോ എന്തോ വരാൻ പോകുന്നത്.. !! 

തുടരും. 

അഭിപ്രായങ്ങള്‍