ഹിമമഴയിൽ | ഭാഗം 6 | അളകനന്ദ ലച്ചു

 

" ടാ... ടാ.. എങ്ങോട്ടാ.. വാ ഇങ്ങോട്ട്..." 

" വിടെടി....എന്നെ വിടാൻ.. " 

അതെന്തുവാ പിന്നിൽ ഒരു ബഹളം എന്നോർത്തു തിരിഞ്ഞു നോക്കിയപ്പോൾ ഓടാൻ നിൽക്കുന്ന അപ്പുവിന്റെ ഷർട്ടിൽ പിടിച്ചു വലിക്കുന്ന മീനുവിനെയാണ് കണ്ടത്.. 

ചിരി വന്നെങ്കിലും അടക്കിവെച്ചു. 

കാരണം അവനെ പോലെ അകത്തേയ്ക്കു പോകാൻ എനിക്കും വയ്യായിരുന്നു.. 

രണ്ടെണ്ണം അകത്തേയ്ക്കു പോയിട്ടില്ലേ...

പേടിയൊന്നും ഉണ്ടായിട്ടല്ലട്ടോ... 

അവറ്റകളെ എനിക്ക് കാണുന്നതേ ഇഷ്ടല്യ... അതാണെന്നേ... 

എന്നാൽ പിന്നെ കുറച്ചു പ്രകൃതി ഭംഗി ആസ്വദിചേക്കാം.. ഓരോരോ അവസ്ഥയെ.. എന്താ അല്ലെ.. 

മൂന്നുപേരും കൂടി പിന്നാമ്പുറത്തെ തൊടിയിലേക്കിറങ്ങി.. പറമ്പിനു താഴെ ഒരു പുഴയുണ്ട്.. കുറച്ചു താഴ്ചയിലായാണ്.. 

തൊടിയിലെ ചാഞ്ഞു കിടന്നിരുന്ന ആഞ്ഞിലി മരത്തിൽ പഴുത്തു കിടന്ന ആഞ്ഞിലി ചക്ക കണ്ടതും അപ്പു ചാടികയറുന്നതു കണ്ടു. 

ഇവൻ കഴിഞ്ഞ ജന്മത്തിൽ വെല്ല കൊരങ്ങനോ മറ്റോ ആയിരുന്നോ എന്തോ.. 

എന്താ സ്പീഡ്..

മീനു താഴെ നിന്ന് കിഴക്കോട്ട് നീങ്ങ് വടക്കോട്ട് നീങ്ങേടാ ... എന്നൊക്കെ പറഞ്ഞു ഡയറക്ഷൻ പറഞ്ഞു കൊടുക്കുന്ന തിരക്കിലാണ്.. 

" നീ എന്നെ തെക്കോട്ടു എടുപ്പിക്കുവോ..എന്തോന്നാടി നീ ഈ പറയുന്നേ.. മൊത്തോം ഉറുമ്പ് ആണ് ഇതിൽ.."

താഴെ നിന്ന് ഇളിച്ചു കാണിക്കുന്നുണ്ട് അവൾ. 

കുറച്ചു നേരം കൂടി അവിടെ ഇരുന്നത്തിനു ശേഷം പുഴകടവിലേയ്ക് പോയി..അവിടെ ഇരുന്നാൽ പറമ്പിനു അപ്പുറം ഹരിയേട്ടന്റെ വീട് ചെറുതായി കാണാം.. ഒപ്പം തറവാടും.. 

പുഴക്കടവിൽ മീനുവിന്റെ തള്ളും കേട്ടോണ്ട് ഇരിക്കുവായിരുന്നു 

"ഹോ എന്തൊരു തള്ളാടി . 

ഇതിലും ഭേദം ഈ പുഴയിലോട്ട് എടുത്ത് ചാടുന്നതാ "

അതും പറഞ്ഞു അപ്പു എഴുന്നേറ്റു പടവിറങ്ങി. 

" എന്നാൽ നീ എടുത്ത് ചാടിക്കോടാ. ഞങ്ങൾ അങ്ങനെയെങ്കിലും രക്ഷപെടട്ടെ.. " 

ഇവളെയൊക്കെ എന്ത് പറഞ്ഞിട്ടെന്താ എന്ന രീതിയിൽ നാക്ക് കടിച്ചു കൊണ്ട് ഒന്ന് നോക്കിയിട്ട് അവൻ വെള്ളത്തിലേയ്ക് ഇറങ്ങി നിന്നു.. 

" ഒരു ചൂണ്ട കിട്ടിയിരുന്നേൽ.. "

" കിട്ടിയിരുന്നേൽ ഇപ്പോൾ അവൻ അങ്ങ് സ്രാവിനെ പിടിച്ചേനെ.. ചുമ്മാ നിന്ന് തള്ളാതെ കേറിപോഡെർക്കാ.. "

ഇവൾ ഇന്ന് അവന്റെ കയ്യിന്നു വാങ്ങിച്ചു കെട്ടിട്ടേ അടങ്ങുന്നാ തോന്നുന്നേ.. 

പറഞ്ഞു തീർന്നില്ല.. കൈനിറയെ വെളളം കോരി അവൻ അവൾക് നേരെ വീശിയെറിഞ്ഞു.. 

കുറച്ചു എന്റെ ഡ്രെസ്സിലും വീണു. 

" എണിറ്റു പോടീ... " 

" നീ പോടാ.. " 

അവനെ നോക്കി മീനു പല്ല് കടിക്കുന്നത് കണ്ടു. 

" ശേ ... ഒന്നും രണ്ടും പറഞ്ഞു രണ്ടും കൂടി വഴക്കുണ്ടാകാതെ ... 

മൂന്നും നാലും പറഞ്ഞു അടിയുണ്ടാക്കന്നേ ...അവനെ പിടിച്ചു വെള്ളത്തിൽ മുക്കെടി " 

ഞാൻ പറഞ്ഞു നിർത്തിയതും രണ്ടും എന്നെ നോക്കുന്നുണ്ട്.. 

ജസ്റ്റ്‌ ഫോർ എ രസം.. 

അസ്സലായിട്ട് ഇളിച്ചു കൊടുത്തു. 

" ആഹാ.. മൂന്നെണ്ണം കൂടി ഇവിടെ ഇരിക്കുവായിരുന്നോ ..? "

പിന്നിൽ ശബ്‌ദം കേട്ടതും തിരിഞ്ഞു നോക്കി.. ഹരികുട്ടൻ.. ഇങ്ങേരിത് എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്..ഒറ്റയ്ക്കെയുള്ളോ വാല് ഇല്ലേ കൂടെ.. അങ്ങനെ വരാൻ വഴിയില്ലല്ലോ.. 

" മൂന്നുപേരും കൂടി വെളളം കാണാൻ വന്നിരിക്കുവായിരുന്നോ ..? "

ആക്കിയുള്ള അടുത്ത ചോദ്യം .. 

അല്ല മൂന്നുപേരും കൂടി കുളിക്കാൻ വന്നതാ.. എന്നു പറയാൻ തുടങ്ങിയതാ.. പിന്നെയാ ആളെ കണ്ടത്. 

ആഹാ.. ഗോവിന്ദാനല്ലോ ..

എന്തെ താമസിച്ചേ..

ഒരിടത്തും ഇവന്മാർ സമാധാനം തരൂല്ലേ ഈശ്വരാ 

" ആഹ്ഹ്.. അതേലോ.. "

അതേ രീതിയിൽ ഞാനും അങ്ങ് പറഞ്ഞു. 

" ആദ്യായിട്ട് കാണുവായിരിക്കും അല്ലെ.. " 

വീണ്ടും ആക്കുവാണല്ലോ 

ഓഹ് ഇങ്ങേർ ശെരിയാവൂല്ലാ.. അതെങ്ങനാ പട്ടിടെ വാല് പന്തിരാണ്ട് കൊല്ലം കുഴലിലിട്ടാലും അത് സ്ട്രെയിറ്റ് ആക്കിയെടുക്കണം എന്നു പട്ടിയ്ക് കൂടെ തോന്നണ്ടേ.. 

" എന്തെ.. എന്തേലും പറഞ്ഞാരുന്നോ..? "

" ഏയ്യ്....വെളളം കാണാൻ നല്ല ഭംഗി ഉണ്ടെന്ന് പറയുവായിരുന്നു.. " 

" ഹാ... " 

അതും പറഞ്ഞു ഗോവിന്ദൻ പടവുകൾ ഇറങ്ങുന്നത് കണ്ടു. 

" നിങ്ങൾ കഴിക്കാൻ വരുന്നില്ലേ..? "

ഹോ.. എന്താ സ്നേഹം.. നിങ്ങളെ ഞാൻ വല്ലാണ്ട് മിസ്അണ്ടേർസ്റ്റാൻഡ് ചെയ്തു പോയല്ലോ ഹരിയേട്ടാ.. 😥

" വിശപ്പില്ലായിരുന്നു .. " 

എങ്ങനെ തോന്നാനാ ഇതുങ്ങളുടെ മോന്തേം കണ്ടോണ്ട് . 

" എന്തോ... എങ്ങനെ..ഞാൻ എന്തൊക്കെയാ ഈ കേൾക്കുന്നത്. ..? "

ഈശ്വര വിശപ്പില്ലെന്നു തന്നെയല്ലേ ഞാൻ പറഞ്ഞത് അക്ഷരം ഒന്നും മാറിപോയില്ലല്ലോ ല്ലേ.. ഏയ്‌ ഇല്ലാലോ.. 

പിന്നെന്തിനാണൊ ഇങ്ങേർ ഇങ്ങനെ പന്തം കണ്ട പെരുച്ചാഴിയെ പോലിരിക്കുന്നത്. 

ദാണ്ടെ ഇപ്പോൾ തലയും കുത്തി കിടന്നു ചിരിക്കുന്നു.

ഓഹോ ട്രോള്ളിയാതണല്ലേ . 

ഇങ്ങേർ പാവമാണെന്നു കുറച്ചു മുൻപ് വിചാരിച്ച എന്നെ എറിഞ്ഞുഇടണം. 

താഴേക്കു നോക്കിയപ്പോൾ, 

അപ്പുവിന്റെ 

പിന്നിൽ ഗോവിന്ദൻ അല്ലെ ആ നില്കുന്നത്.. ഇയാൾ എന്താ അവന്റെ ഭംഗി കാണുവാണോ.. 

അവനാണേൽ കുനിഞ്ഞു നിന്ന് മുഖം കഴുകുവാണ്.. 

അപ്പുവിന്റെ പിന്നിലൂടെ ഉലാത്തികൊണ്ട് നടക്കുന്നുണ്ട് ഗോവിന്ദൻ.. എന്തോ അപാകത ഇല്ലേ.. ഉണ്ട് ഉണ്ട്.. 

ആ പൊട്ടനെ ഇപ്പോൾ എങ്ങനാ ഒന്ന് വിളിക്കുന്നത്.. 

എന്നാലോചിച്ചു ഹരിയേട്ടനെ നോക്കിയപ്പോൾ അങ്ങേര് ദോണ്ടേ ജീവിതത്തിൽ ആദ്യമായിട്ടാണെന്ന് തോന്നുന്നു എന്നെ കാണുന്നത് അങ്ങനെ നോക്കിയിരിക്കുന്നു.  

എന്തെ എന്നു പുരികമുയർത്തി ചോദിച്ചു.. 

ഒന്നുല്ലന്നു പോലും. 

" ടി.. രേവു.. വല്യമ്മ നിങ്ങളെ തിരക്കി ആഹാരം കഴിക്കാൻ.. അതാ ഞങ്ങൾ ഇങ്ങോട്ട് വന്നത്.. " 

ഹരിയേട്ടൻ പറയുന്നത് കേട്ട് പുള്ളിയെ നോക്കിയതും. 

"പ്ലക്കോ.. . " 

എന്നൊരു ശബ്‌ദം കേട്ടു. എന്താ അത്.. 

മീനുവിനെ നോക്കിയപ്പോൾ അവൾ വായും പൊളിച്ചു താഴോട്ട് നോക്കിയിരിക്കുന്നു . ഇനി ഗോവിന്ദൻ എങ്ങാനും. 

അയാൾ ദേ കാറ്റ് വേഗത്തിൽ ഓടിക്കയറി വരുന്നു. 

" ടാ.. ഹരി.. എനിക്ക് വിശക്കുന്നു ബാ.. നമുക്ക് പോകാം .." 

" ആഹ്ഹ്.. പോകാം.. പോകാം.. " 

രണ്ടെണ്ണവും കൂടി എന്താ പെട്ടെന്ന് മുങ്ങി കളഞ്ഞത്.. 

" എടി.. അപ്പു.. അവൻ.. " 

മീനു പറഞ്ഞപ്പോളാ അങ്ങനൊരു കാര്യം ഓർമവന്നത്.. 

ദൈവമേ അങ്ങനൊരു സാധനം ഉണ്ടാരുന്നല്ലോ ഇവിടെ.. എവടെ പോയി.. ഗോവിന്ദൻ ഉലാത്തികൊണ്ട് നടന്ന് പണിഞ്ഞത് ആണല്ലേ. 

അപ്പോഴേക്കും ദാ പൊങ്ങി വരുന്നുണ്ട്.. 

വാ നിറയെ ഉണ്ടായിരുന്ന വെള്ളം നീട്ടി തുപ്പികൊണ്ട് കൈകൊണ്ട് മുഖം തുടച്ചു വെള്ളത്തിൽ നിൽക്കുന്നു അപ്പു. 

"ആരാടി.. എന്നെ തള്ളിയിട്ടത് 

സത്യം പറഞ്ഞോ നിയല്ലെടി മീനു..? 

അവൻ ഞങ്ങളെ രണ്ടാളേം മാറി മാറി നോക്കുന്നുണ്ട്..

" എടി.. ഇത് അയാളാ . ഞാൻ കണ്ടതല്ലേ.. കുനിഞ്ഞു നിന്ന ഇവനെ പിന്നിൽ നിന്ന് അങ്ങേര് ഒറ്റ കിക്ക് ആയിരുന്നു .. ഇവനാണേൽ മോന്തേം കുത്തി വെള്ളത്തിലോട്ടും . "

" നിന്ന് കഥാപ്രസംഗം നടത്താതെ എന്നെ ഒന്ന് പിടിച്ചു കേറ്റെടി ദുഷ്ടകളെ .? "

അങ്ങനെ അവനെ ഒരുവിധം വലിച്ചു പൊക്കിയെടുത്തു  

" അവന് പ്രാന്താടി ... അവൻ എന്റെ പൊക കണ്ടേ അടങ്ങു.. ഒരു സംശയവുമില്ല.." 

ഗോവിന്ദിനെ ചീത്ത പറഞ്ഞുകൊണ്ട് 

പാവം.. ഏന്തി എഴുന്നേൽക്കുന്നത് കണ്ടു തലകുനിച്ചു ചിരിയടക്കി ഞങ്ങൾ നിന്നു. 

" എന്നാലും ഇവൻ വീണത് എനിക്ക് ഒന്ന് കാണാൻ പറ്റിയില്ലല്ലോ .? "

ഒറ്റ ആട്ടായിരുന്നു അവൻ ..


" നിനക്കിപ്പോൾ ഞാൻ വീണത് കാണാൻ പറ്റാത്തതിലാണോടി പുല്ലേ സങ്കടം..? "

" അല്ല.. അത് പിന്നെ... "

" നീ കൂടുതൽ ഒന്നും പണയണ്ട.. കേട്ടോ.."

അങ്ങനെ അവനെയും താങ്ങി തിരികെ നടന്നു.. 

" ദാ.. ദാ ഒരു തത്ത... .. "

അതും പറഞ്ഞു ആ ജന്തു കൈവിട്ട് കളഞ്ഞു.

ഞാനും അപ്പുവും കൂടി പടക്കോ എന്നും പറഞ്ഞു നിലത്തും.. 

അപ്പോഴും ഇതൊന്നും അറിയാതെ തത്തയുടെ ചന്തം നോക്കി നില്കുവാണ് അവൾ. 

" അയ്യോ .. നിങ്ങൾ എന്തിനാ നിലത്തിരിക്കുന്നതു ? വാ "

കാവിലമ്മേ.. ശക്തി തരൂ... 

കണ്ടാ.. കണ്ടാ.. ഏതൊക്കെയോ നട്ട് എവിടെക്കെയോ ലൂസ് ആണ്.. 

ഇവന് പകരം അങ്ങേര് ഇവളെ പിടിച്ചായിരുന്നു വെള്ളത്തിൽ മൂക്കേണ്ടിയിരുന്നത്.  

" ആദ്യായിട്ടാണോടി പുല്ലേ നീ തത്തയെ കാണുന്നത്..? "

അപ്പുവാണേൽ അവളെയും അടുത്തുള്ള വാഴയെയും നോക്കുന്നത് കണ്ടു.. 

ഹ ഇജ്ജാതി ക്ലോസ് ഇനഫ്. 

"ഇവൾക്ക് പകരം പത്ത് വാഴ വെച്ചിരുന്നേൽ എത്ര വാഴപ്പഴം തിന്നാമായിരുന്നു ... പറഞ്ഞിട്ടെന്തിനാ .. " 

നിന്ന് കിണിക്കുന്നുണ്ട് അവൾ. 

" ഒരു വഴികൂടെ എങ്ങാണ്ടുന്നോ വന്ന ഒരുത്തനെ കൊണ്ട് തന്നെ എനിക്ക് വയ്യാ. അതിന്റെ ഇടയിലൂടെ ഈ പെണ്ണും.. ഇങ്ങനെ പോയാൽ അതികം കാലമൊന്നും ഞാൻ ഉണ്ടാവുല്ല ന്റെ രേവുവെ . 

നിന്റെ ജാതകത്തിലെ ശനീ ഇപ്പോൾ എന്റെ നേർകാണെന്നാ തോന്നുന്നേ.. " 

അടുത്തുകണ്ട മരത്തിലൊക്കെ പിടിച്ചു എങ്ങനെയോ എഴുന്നേറ്റു. 

" പിടിക്കട്ടെ... " 

മീനുവാണ്.. 

" അയ്യോ... സഹായികല്ലേ പൊന്നേ.. മതിയായി.. നീ ഇച്ചിരി ഡിസ്റ്റൻസ് ഇട്ട് നടന്നാൽ മതിട്ടോ... " 

💜💜💜💜💜💜💜💜💜💜💜💜

തിരികെ ചെന്ന് അപ്പുവിനെ ഉമ്മറത്തെ കസേരയിൽ ചാരി വെച്ചു.അമ്മായി ചോദിച്ചപ്പോൾ കാല് തെന്നി പുഴയിൽ പോയതാണെന്ന് പറഞ്ഞു. 

മീനുവും അവനൊപ്പം ഇരുന്നു.. ഇപ്പോൾ വരാമെന്ന് പറഞ്ഞു ഡ്രെസ്സിലെ ചെളി കഴുകാൻ ഞാൻ പൈപ്പിൻ ചുവട്ടിലേക് നടന്നു.. 

തിരികെ വന്നപ്പോലേക്കും അപ്പുവും മീനുവും അകത്തേയ്ക്കു കേറിയിരുന്നു . 

അകത്തു ആകെ ബഹളം കേൾകാം . 

ദൈവമേ അവന്മാർ അവനെ കൊന്നോ..

ഓടിപ്പാഞ്ഞു അകത്തേയ്ക്കു ചെന്നപ്പോൾ അകത്തെ കാഴ്ച അതിലും ദയനീയമായിരുന്നു. 

ഇങ്ങനെ പോയാൽ അധിക കാലം ഒന്നും വേണ്ടിവരില്ല എന്ന ഭാവത്തിലിരിക്കുന്ന മീനു. 

ഇങ്ങനെയാണ് പണ്ട് പല പല തറവാടുകളും ക്ഷയിച്ചു പോയത് എന്ന രീതിയിൽ താടിയ്ക് കൈയും കൊടുത്ത് ഇരിക്കുന്ന അപ്പു. 

അവര്ക് മുന്നിലായി ഗ്രഹണി പിടിച്ച പിള്ളേർ ചക്ക കൂട്ടാൻ കണ്ടമാതിരി ചോറ് തള്ളികേറ്റുന്ന ഹരിഗോവിന്ദന്മാർ... 

മുടിഞ്ഞ തീറ്റയാണ്.. 

അവർക്കൊപ്പം ഒരു കാഴ്ചക്കാരിയായി ഞാനും കൂടി. 

ഞങ്ങളെ ശര്ദ്ധിക്കാതെ രണ്ടും തീറ്റയോട് തീറ്റയാണ്. ഇവന്മാർ ചെന്നൈയിൽ പട്ടിണി ആയിരുന്നോ..

ഇത്രേം ഒപ്പിച്ചു വെച്ചിട്ട് അതിന്റെ വെല്ല ഭാവവും മുഖത്തുണ്ടോന്ന് നോക്കിക്കേ.. 

ആഹ്ഹ് പോട്ട് അങ്ങോട്ട്.. ഉരുട്ടി ഉരുട്ടി വിഴുങ്ങ്.

രണ്ടെണ്ണം കൂടി തിന്നുന്നത് കണ്ടിട്ട് എനിക്ക് പോലും 

ശ്വാസം കിട്ടുന്നില്ലായിരുന്നു.. പാമ്പ് ഇരയെ വിഴുങ്ങണ പോലെ ഉണ്ടായിരുന്നു. 

" ഇച്ചിരി വെളളം എടുത്ത് കുടിയ്‌ക്കേഡോ. ". തൊണ്ടയിലെങ്ങാനും കുരുങ്ങി ചത്താൽ അതിനു കൂടി സാക്ഷി പറയാൻ എനിക്ക് വയ്യാ.. ഒന്നാമതെ ശനി നക്കിയ പോലെയായി ജീവിതം.. 

ഇയാൾ ഈ കുടുംബം മുടിപ്പിക്കുവോടെ.. പിച്ചച്ചട്ടിയെടുക്കേണ്ടി വരുവോ.. എന്തോ.. 

ഞാൻ അപ്പുവിനെയും മീനുവിനെയും നോക്കി.. അവരണേൽ 

ഇടയ്ക്കിടെ കണ്ണ് തുടയ്ക്കുന്നതു കണ്ടു.. സന്തോഷം കൊണ്ടാണേ.. 🙃 

" എടി.. ഇനി ആ കുറച് പായസം കൂടി ഇങ്ങോട്ട് ഒഴിച്ചേ.. "

ഇനി ഇതും വേണോ.. ഇങ്ങേർക്ക് മതിയായില്ലേ.. 

" പതുകെ.. ഇങ്ങനെയായാൽ എണ്ണയും പിണ്ണാക്കും ഒരുപാട് പോകും.. "

അപ്പുവാണ്.. 

മീനു ഒരു നെടുവീർപ്പോടെ എഴുന്നേറ്റ് പോയി ടീവി വെക്കുന്നത് കണ്ടു.. അപ്പോൾ ഇന്ന് ഉച്ചയ്ക്ക് പട്ടിണി.. 

" കഴിയ്ക്ക്.. പോട്ടെ അങ്ങോട്ട്.. ഒരു തടസ്സവും ഇല്ലല്ലോ.. ല്ലേ.."

" ഓഹ്.. എന്നാലും പണ്ടത്തെ പോലെ അങ്ങോട്ട് വിശപ്പില്ലാടി എന്താണോ എന്തോ.. ഒന്ന് ഡോക്ടറെ കാണിക്കണം.. "

ഒന്ന് രണ്ട് പഴവും കൂടി തച്ചിനിരുന്നു കുത്തികേറ്റുന്നതനിടയിൽ ഹരികുട്ടൻ പറയുന്നത് കേട്ട് 

ഇതൊക്കെ എങ്ങനെ സാധിക്കുന്നെടേയ് എന്നു ഭാവത്തിൽ ഞാനും തലയിൽ കൈവെച്ചിരുന്നു. 

💜💜💜💜💜💜💜💜💜

" ഞങ്ങൾ രണ്ട് ദിവസം ഇവിടെ ഉണ്ട്ട്ടോ .. മറ്റന്നാൾ ശ്രീയേട്ടൻ വരുവല്ലേ... " 

ഹരിഗോവിന്ദന്മാർ അമ്മായിയോട് പറയുന്നത് കേട്ട് ഞാൻ നെഞ്ചത്ത് കൈവെച്ചു. 

" അറ്റാക്കാണോടി .? "

മീനുവിനെ ഒന്ന് ചിറഞ്ഞു നോക്കിയതും അവൾ പിൻവാങ്ങി.. 

ഇപ്പുറത് ബോധം പോവാറായി അപ്പുവും നില്പുണ്ട്. 

ഹരിഗോവിന്ദമാർ രണ്ടു ദിവസം ഇവിടെ കാണുമെന്നു.. രാത്രിയിലും സമാധാനം തരില്ലേ ഈശ്വര നീ എനിക്ക്.. ഉഗാണ്ടയിൽ ഒന്നുമല്ലല്ലോ ഇവന്മാർ.. വിളിച്ചാൽ കേൾക്കുന്ന അപ്പുറത്താ വീട്.. എന്നിട്ടാ.. 

" എടി.. രേവു . ഇവിടെ എന്തൊക്കെയോ കുഴപ്പം ഉണ്ട്."

അപ്പു നടുവും തടവി ബാൽക്കണി വഴി പുറത്തേക് നോക്കി പറയുന്നത് കേട്ടു.

" അഹ്.. അതയാൾ നല്ല അസ്സൽ ചവിട്ടല്ലായിരുന്നോ.. അതിന്റെയാവും.. " 

മീനു പറഞ്ഞത് കേട്ട് അവൻ കലിപ്പിച്ചു നോക്കുന്നുണ്ട്.. 

" അതല്ലെടി ... ഈ വീട്ടിൽ എന്തൊക്കെയോ കുഴപ്പം ഉണ്ട്ന്നു വന്നപ്പോൾ തൊട്ട് എന്തൊക്കെയോ ഒരു അപാകത തോന്നിയതാ എനിക്ക് . "

" എന്ത് കുഴപ്പം..? നിയായിട്ട് ഒരു കുഴപ്പവും ഉണ്ടാകാതിരുന്നാൽ മതി.. " 

ഞാൻ നെറ്റിചുളിച്ചു. 

" എടി അന്നു ഞാൻ പറഞ്ഞില്ലേ.. ഒരു പെണ്ണിനെ കണ്ടുന്നു ഇവിടെ വെച് അത് സത്യമാടി .. കുറച്ചു കഴിഞ്ഞ് പിന്നെ കണ്ടതും ഇല്ല .. " 

" നീ അത് ഇതുവരെ വിട്ടില്ലേ..? "

" എടി. ഞാൻ പറഞ്ഞത് സത്യമാ.. ദേ കണ്ടോ.. തണുത്ത കാറ്റടിച്ചതുകണ്ടോ .. ഇപ്പോൾ ഒരു സൈക്കിക് വൈബ്രേഷൻ ഫീൽ ചെയ്യുന്നില്ലേ..? '

ഈശ്വര ഇവനിതെന്തു പറ്റി ... വെള്ളത്തിൽ വീണ് പ്രാന്തായതാണോ.. 

" എന്തോന്നാടാ നീ ഈ പറയുന്നത്.?"

" അല്ല..അത് പിന്നെ..ഇങ്ങനൊരു സിറ്റുവേഷനിൽ ഒരു ഗുമ്മിനു വേണ്ടി.. പറഞ്ഞതാ.. "

"ഞഞ്ഞായിട്ടുണ്ട് "

" എടാ. പൊട്ടാ അത് മഴപെയ്യാൻ പോവാ.. അതിന്റെയാ.." 

മീനു അവന്റെ തലയ്ക്കിട്ട് കൊട്ടി.. ആ അടുത്തത്.. 

" നീയൊക്കെ വിശ്വസിക്കണ്ട ... അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും . " അതും പറഞ്ഞു അവൻ മുഖം വീർപ്പിച്ചു പുറത്തേക് നോക്കിയിരുന്നു.. 

മീനു ഇതെന്താ എന്നാ അർത്ഥത്തിൽ എന്നെ നോക്കി.. ഞാനാണേൽ കൈമലർത്തി കാണിച്ചു. 

💜💜💜💜💜💜💜💜💜💜💜💜

രാത്രിയിൽ ഒരുവിധം ഒന്ന് .ഉറങ്ങിയപോളാ വാതിലിൽ തട്ട് കേട്ടത്.. അല്ലേലും ഉറക്കം പണ്ടേ എനിക്ക് വിധിച്ചിട്ടില്ലല്ലോ.. 

"ടി .. രേവു.. മീനൂ.. വാതിൽ തുറക്ക്."

ഓഹ്.. ഈ പിശാശ് ആയിരുന്നോ..

" എന്താടാ.. നിനക്ക് ഉറക്കം ഒന്നുമില്ലേ ന്റെ കുഞ്ഞേ...? "

" എടി.. അവിടെ ഭയങ്കര മൂട്ട ശല്യം.. ഞാൻ കൂടി ഇവിടെ കിടന്നോട്ടെ.. " 

അപ്പുവിന്റെ ചോദ്യം കേട്ട് ചിരി വന്നു പോയി.. 

ഇത്രേം ദിവസം ഇലാത്ത മൂട്ടയോ.... 

കൊന്നാലും പേടിയാണെന്ന് സമ്മതിക്കരുതെടാ.. 

" ഇവിടെ ഒരു കട്ടിലേയുള്ളു.. "

" ആഹ്ഹ്. ഞാൻ അതിൽ കിടന്നോളാം.. നിങ്ങൾ താഴെ കിടന്നോ.. എനിക്കങ്ങനെ ഒന്നുമില്ല.. 

" എന്തോന്നാ..? !!"

" അല്ല.. ഞാൻ താഴെ കിടന്നോളാം.. നിങ്ങൾ കട്ടിലിൽ കിടന്നോളാൻ.. "

" ആഹ്ഹ്.. ശെരി ശെരി.. " 

അവൻ നിലത്തു പാ വിരിച്ചു കിടന്നു.. മീനുവാണേൽ ഒന്നും അറിഞ്ഞിട്ടില്ല.. ഉറക്കത്തിൽ അവളെ ആരേലും പൊക്കിക്കൊണ്ട് പോയാലും ദൈവം സഹായിച്ചു അവളറിയില്ല 

..ഹാ അങ്ങനെ പോത്തുപോലെ ഉറങ്ങാനും വേണം ഒരു ഭാഗ്യം.. 

രാത്രിയിൽ എപ്പോഴോ വല്ലാത്ത ദാഹം തോന്നിയപോളാണ് ഉണർന്നത്.. പതിയെ എഴുനേറ്റ് ടേബിളിനു മുകളിൽ ഇരുന്ന ജഗ്ഗ എടുത്ത് വായിലേയ്ക് കമിഴ്ത്തുന്നതിനിടയിൽ ആണ് ഒരു ശബ്‌ദം കേട്ടത്.. ജനലിന്റെ കര്ട്ടന് പിന്നിൽ ഒരു ഒരുരൂപം.. !

ഒരു നിമിഷം കൊണ്ട് കുടിച്ച വെളളം മുഴുവൻ ആവിയായി പോയ പോലെ തോന്നി... ഒച്ചവെക്കണമെന്നുണ്ട് ശബ്‌ദം പുറത്തേക് വരണ്ടേ... 

കണ്ണ് ഇറുക്കിയടച്ചു.. 

" അയ്യോ... വെള്ളപൊക്കം.. ഓടിക്കോ... !!" 

മീനുവിന്റെ അലർച്ച കേട്ട് കണ്ണ് തുറന്നപ്പോൾ കുറച്ചു മുൻപ് കണ്ട് നിഴൽ അപ്രത്യക്ഷമായിരുന്നു. 

അപ്പോഴാ മറ്റൊരു നഗ്നസത്യം മനസ്സിലായത് ജഗ്ഗിലെ വെളളം മുഴുവൻ അവളുടെ ദേഹത്തൊട്ടാ വീണിരുന്നത്.. 

അവൾ അലറികൊണ്ട് എഴുന്നേറ്റതും ഞാൻ കട്ടിലിൽ നിന്ന് ചാടിയിറങ്ങി.  

" ഓടിവായോ.. അയ്യോ .. ആന ചവിട്ടിയേ..."

സിവനെ ഇതേത് ജില്ലാ.. !!

ഓഹ് ഇതും ഇവിടെ ഉണ്ടായിരുന്നല്ലേ.. 

എടുത്ത് ചാടിയത് അപ്പുന്റെ കാലിലോട്ടയിരുന്നോ..? !. 

ആന അല്ലേടാ കൊരങ്ങാ ചേന.. ഹോ 

നാശം പിടിക്കാൻ രണ്ടും ദുരന്തം മാത്രേ സ്വപനം കാണാത്തൊള്ളോ.. 

ഇവിടിപ്പോൾ എന്തൊക്കെയാ നടന്നത് .. 

വീട് മുഴുവൻ ലൈറ്റ് ഓൺ ആയി.. 

അപ്പുവും മീനുവും കണ്ണും തിരുമ്മി ആരാ എവിടാ പടക്കം പൊട്ടിച്ചേ എന്നകണക്കിനു നോക്കിയിരിപ്പുണ്ട്.. 

" എന്താ.. എന്താ പറ്റിയെ..? "

വാതിലിനു പുറത്ത് ഹരിഗോവിന്ദന്മാരുടെ ശബ്‌ദവും.. !

( തുടരും.. )

അഭിപ്രായങ്ങള്‍