ഭദ്ര | ഭാഗം 3 | ആതിര

 

"ഭദ്രേ നിന്നെകൊണ്ടേ ദേവേട്ടനെ നമ്മളെയൊക്കെ പോലെയാക്കാൻ കഴിയു." ഉമ്മറത്തു റിസൾട്ടിന്റെ ടെൻഷനിൽ ഇരിക്കുന്ന ഭദ്രയോടായി കാശി പറഞ്ഞു.

"ഞാനെന്ത് ചെയ്യാനാ."
"അടുത്ത മാസം നിനക്ക് പതിനെട്ടു തികയില്ലേ. പിന്നെ എല്ലാവരും കൂടെ നിന്നെ ദേവേട്ടന് കെട്ടിച്ചു കൊടുക്കും. പെണ്ണ് കെട്ടിയാൽ പിന്നെ നീ വേണം ദേവേട്ടനെ മെരുക്കാൻ."
"ദേവേട്ടനോ... പോ കാശി. ഞാൻ ദേവേട്ടനെ കല്യാണം കഴിക്കില്ല." ഭയമായിരുന്നു ഭദ്രയുടെ മുഖത്തപ്പോൾ.
"ആഹ് വേണ്ട. ദേവേട്ടൻ നിന്നെ കല്യാണം കഴിച്ചോളും."
"ഇല്ല കാശി. എനിക്ക് പേടിയാണ് ദേവേട്ടനെ."
"അമ്മേടെ അവസാനത്തെ ആഗ്രഹം ആയിരുന്നില്ലേ അത്." കാശിയുടെ ശബ്ദത്തിലെ ഇടർച്ച ഭദ്രയെയും നോവിച്ചിരുന്നു.
"എനിക്ക്... എനിക്കറിയാം കാശി. പക്ഷേ നമ്മുടെ ദേവേട്ടനും എന്നോട് അങ്ങനെ ഒന്നും ഇണ്ടാവില്ല. എനിക്ക് പേടിയാണ് ദേവേട്ടനെ."
"അപ്പോൾ ദേവേട്ടൻ ഭദ്രേച്ചിയെ കല്യാണം കഴിച്ചാൽ ഭദ്രേച്ചി എങ്ങും പോകില്ലല്ലേ." ഗൗരിയും ദേവുവും കൂടെ കൈകൊട്ടി ചിരിച്ചു കൊണ്ട് പറയുന്നത് കണ്ട് ഭദ്ര രണ്ട് പേരെയും കനപ്പിച്ചൊന്ന് നോക്കി.
"നിങ്ങളോട് ആര് പറഞ്ഞു ഇതൊക്കെ."
"ഭരതച്ചനും അപ്പച്ചിയും പറേന്നത് ഞാൻ കേട്ടല്ലോ." ഗൗരിയാണ്
"നിനക്ക് ഇഷ്ടല്ലേ ഭദ്രേ ദേവേട്ടനെ..." കാശിയുടെ ശബ്ദത്തിലെ നോവ് ഭദ്രയും അറിയുന്നുണ്ടായിരുന്നു...
"എനിക്ക് ദേവേട്ടനെ ഇഷ്ടാണ് കാശി. നിന്നെ പോലെ. വേറൊന്നുല്ല."
പതിവ് ഗൗരവം വിട്ട് പഠിപ്പുര കടന്നു വരുന്ന ദേവനെ കണ്ട് രണ്ടുപേരും അത്രനേരം സംസാരിച്ചു കൊണ്ടിരുന്ന വിഷയം തന്നെ വിട്ടു.
"രണ്ടാളും ജയിച്ചു." നിറഞ്ഞ സന്തോഷത്തിൽ അതും പറഞ്ഞു ദേവൻ അകത്തേക്ക് കയറി പോയി.
🦋🦋
അമ്പാട്ട് വീടിന്റെ പടിപ്പുര കടന്ന് ഒരല്പം മുന്നോട്ട് നടന്നാൽ ഭദ്രയുടെ വീടാണ്. ഒന്നുകിൽ വാനരപ്പടകൾ എല്ലാം കൂടെ അവിടെ... അല്ലെങ്കിൽ അമ്പാട്ട്... അതാണ്‌ പതിവ്.
വൈകിട്ട് ദേവുവിനെയും ഭദ്രയെയും ഗൗരിയെയും കൂട്ടാൻ സേതുവും ഭരതനും വന്നപ്പോൾ എല്ലാവരുടെയും ചർച്ച കാശിയുടെയും ഭദ്രയുടെയും തുടർപ്പടനത്തെ കുറിച്ചായിരുന്നു.
രണ്ടാൾക്കും ഡിഗ്രിയ്ക്ക് പോകാനാണ് താല്പര്യം എങ്കിലും ഭദ്രയ്ക്ക് അടുത്ത് തന്നെയുള്ള കോളേജിൽ പോകാനും കാശിയ്ക്ക് പട്ടണത്തിലെ വലിയ കോളേജിൽ പോകാനുമായിരുന്നു മോഹം.
പിന്നീട് അതിനും ഓടി നടന്നത് ദേവൻ തന്നെ ആയിരുന്നു...
ദേവൻ... ചെറുപ്പം മുതലേ കൈവച്ച മേഖലകളിൽ എല്ലാം ഒന്നാമൻ. ദേവനെ കണ്ട് പഠിക്കണം... ദേവനെ പോലെയാകണം എന്നുള്ള എല്ലാവരുടെയും ഉപദേശം ആയിരുന്നു കാശിയ്ക്ക് പറ്റാത്തത്.
ദേവൻ പഠിപ്പിക്കുന്ന കോളേജിൽ ആയിരുന്നു ഭദ്രയ്ക്ക് അഡ്മിഷൻ ശെരിയാക്കിയത്. പതിനെട്ടാം പിറന്നാള് കഴിഞ്ഞ് പാവാടയിൽ നിന്നും ദാവണിയിലേക്കും ചുരിദാറിലേക്കും കയറിയതോടെ ഭദ്രയ്ക്ക് വിവാഹാലോചനകൾ ഒക്കെ വന്ന് തുടങ്ങിയിരുന്നു.
ഭദ്രയുടെ വിവാഹം പണ്ടേ തീരുമാനിച്ചു വച്ചതാണെന്ന് പറഞ്ഞു ഭരതൻ വരുന്ന ആലോചനകളൊക്കെ മടക്കി അയക്കുമ്പോൾ ഗൗരവത്തോടെ തന്നെ ശാസിക്കുന്ന ദേവന്റെ മുഖമായിരുന്നു ഭദ്രയുടെ മനസ്സിൽ.
പലവട്ടം തോന്നിയിട്ടുണ്ട് ദേവേട്ടനെ പേടിയാണെന്ന് പറയാൻ... പക്ഷേ അങ്ങനെ പറഞ്ഞാൽ ഇവിടെ ദേവേട്ടൻ ഉൾപ്പെടെ എല്ലാവർക്കും നോവും. ഈ എനിക്കും നോവും. പാവാണ് ദേവേട്ടൻ. പക്ഷേ ഭർത്താവിന്റെ സ്ഥാനത്തു ഇന്ന് വരെ കണ്ടിട്ടില്ല... അങ്ങനെ സങ്കൽപ്പിച്ചിട്ട് കൂടിയില്ല...ദേവേട്ടനും എന്നെ അങ്ങനൊന്നും കണ്ടിട്ടുണ്ടാവില്ല.
പത്മ അമ്മായിടെ ആഗ്രഹം ആയിരുന്നത് കൊണ്ടാവണം ദേവേട്ടൻ ഇതുവരെ എതിർപ്പ് പ്രകടിപ്പിക്കാതെ ഇരുന്നത്.
"ഭദ്രേ ഞാൻ നാളെ പോകും" കാശിയുടെ ശബ്ദമാണ് ഭദ്രയെ ചിന്തകളിൽ നിന്നും ഉണർത്തിയത്.
"ഞാൻ തനിച്ചു പോകണമല്ലോ നാളെ മുതൽ കോളേജിൽ."
"തനിച്ചോ. ദേവേട്ടനുമില്ലേ കൂടെ."
"ദേവേട്ടന്റെ കൂടെ...ഞാനോ."
"എന്തേയ് പറ്റില്ലേ."
"എനിക്ക് പേടിയാ കാശി."
"എന്റെ പൊന്ന് ഭദ്രേ. എന്റെ ദേവേട്ടൻ നിന്നെ പിടിച്ചു തിന്നില്ല. നീ ദേവേട്ടന്റെ കൂടെ തന്നെ പോയാൽ മതി."
പിറ്റേന്ന് കാലത്ത് കാശി പോകാനൊരുങ്ങുമ്പോൾ എല്ലാവരിലും മൗനമായിരുന്നു... ആദ്യമായാണ് അഞ്ചു പേരിലൊരാൾ മാറി നിൽക്കുന്നത്.
പത്മിനി പോയതിൽ പിന്നെ സ്വന്തം ചൂട് നൽകി അവരെയൊക്കെ ഇത്രയും ആക്കിയത് സേതുവാണ്. കൺവെട്ടത്ത് നിന്നവൻ ദൂരേക്ക് പോകാനൊരുമ്പോൾ ആ അമ്മ മനം വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു.
കാശിയുടെ നെറ്റിയിലൊന്ന് അമർത്തി ചുംബിക്കുമ്പോഴേക്കും പിടി വിട്ട് പോയിരുന്നു സേതുവിന്റെ.
"എന്താ സേതു... എന്റെ കുട്ടിയെ കരയിപ്പിച്ചു ആണോ നീ വിടണേ..." ഭരതനാണ്.
"കാശി... മോനെ... ദൂരെ ആണെന്ന് വച്ചു ഞങ്ങളെ മറന്ന് ഒന്നും ചെയ്യരുത് ട്ടോ. എന്ത് സങ്കടം ഉണ്ടെങ്കിലും അച്ഛനെയോ ഭരതച്ചനെയോ ഏട്ടനെയോ വിളിച്ചേക്കണം. എല്ലാരും ഒന്ന് വിളിച്ചാൽ ഓടി വരാൻ പറ്റുന്നത്ര ദൂരം ഉണ്ടാവും."
നിറകണ്ണുകളോടെയാണ് കാശി തലയാട്ടിയത്. തൂണിൽ ചാരി നിന്ന ഭദ്രയ്ക്കും ഉള്ളം വിങ്ങിയിരുന്നു. ഓർമ്മ ആയതിൽ പിന്നെ ആദ്യാമായാണ് രണ്ടിടങ്ങളിലേക്ക് പഠിക്കാൻ പോകുന്നത്. ചെറുപ്പം മുതലേ എല്ലാത്തിനും കൂട്ട് കാശിയാണ്.
കാശിയും ഭദ്രയുമാണ് കൂടെപ്പിറപ്പുകളെന്നെ ആർക്കും തോന്നു. അത്രയ്ക്ക് ആത്മബന്ധമാണ് രണ്ടാളും തമ്മിൽ.
ഒന്നും മിണ്ടിയില്ലെങ്കിലും കാശിയുടെ കൈ പിടിച്ചു മുന്നോട്ട് നടക്കുമ്പോൾ ദേവനും ഇതുവരെ അനുഭവിക്കാത്തൊരുതരം വേദനയെ പിടിച്ചു നിർത്താൻ പാട് പെടുകയായിരുന്നു.
കാശിയുടെ പേര് വിളിച്ചു ചിണുങ്ങിക്കരയുന്ന ദേവുവിന്റെയും ഗൗരിയുടെയും ശബ്ദം പടിപ്പുര കടക്കും വരെ കേട്ടിരുന്നു.
സംസാരിച്ചു തുടങ്ങിയാൽ രണ്ടിലൊരാളുടെ പിടി വിട്ടു പോകുമെന്ന ഭയം ഉണ്ടായിരുന്നത് കൊണ്ടാവണം യാത്രയിലുടനീളം ദേവനും കാശിയും നിശബ്ദരായിരുന്നു.
ഇടയ്ക്കിടെ ഏട്ടന്റെ മുഖത്തേക്ക് നോക്കുമ്പോൾ... ഗൗരവത്തിന്റെ മൂടുപടമണിഞ്ഞു നിൽക്കുന്നയാ മനുഷ്യന്റെ ഉള്ളിലെ പിടപ്പ് എത്രത്തോളം ഉണ്ടാകുമെന്ന് കാശിയ്ക്ക് അറിയാൻ കഴിഞ്ഞിരുന്നു. ഓർമ്മ വച്ചത് മുതൽ അമ്പാട്ട് വിട്ട് ദേവേട്ടനും എവിടെയും പോയിട്ടിമില്ല... തങ്ങളെ എവിടെയും വിട്ടിട്ടുമില്ലല്ലോ എന്നവനോർത്തു.
ആദ്യമായി ആ വേർപാട് അവനെ വേദനിപ്പിച്ചത് തന്നെ ഹോസ്റ്റലിൽ ആക്കി നിറക്കണ്ണുകളോടെ തിരികെ നടക്കുന്ന ദേവനെ കണ്ടപ്പോഴാണ്. ആ ചിറകിനടിയിൽ നിന്നും മാറി സ്വാതന്ത്ര്യമായി പറക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷേ ദേവേട്ടന്റെ സാമിപ്യം പോലുമൊരു സുരക്ഷിത കവചമായിരുന്നെന്ന് ഓർമ്മിപ്പിച്ചത് പുതിയ സുഹൃത്തുക്കളും പട്ടണവും നൽകിയ അപരിചിതത്വമായിരുന്നു.
🌸🌸
ദേവനോടൊപ്പമാണ് ഭദ്ര ആദ്യദിവസം കോളേജിലേക്ക് പോയത്. ദേവന്റെ പിന്നിലായി പകച്ചു നടന്നു ചെല്ലുന്ന പെണ്ണിനെ നോക്കിയ പല കണ്ണുകളിലും ഭദ്ര കണ്ടത് അസൂയയായിരുന്നു... ചിലതിലൊക്കെ സംശയവും.
പരിചിതമല്ലാത്ത ആ ചുറ്റുപാടിൽ ഭയത്തോടെ ദേവനൊപ്പം നടക്കുമ്പോൾ തനിക്ക് മേൽ വീഴുന്ന നോട്ടങ്ങളിലെ അർഥമെന്തെന്ന് തിരയുകയായിരുന്നവൾ...
ഓരോ കാഴ്ചകളോടും കൗതുകം തോന്നി... വിശാലമായ ഗ്രൗണ്ട്... പലയിടങ്ങളിലായി ചിതറി നിൽക്കുന്ന കുട്ടികൾ... ദേവനെ കാണുമ്പോൾ ചിലർ ബഹുമാനത്തോടെ നോക്കുന്നുണ്ട്... മറ്റുചിലർ വിഷ് ചെയ്യുന്നുണ്ട്. ദേവനെ കടന്നു പോകുന്നതിനിടയിൽ അവരൊക്കെ തന്നെയും നോക്കുന്നത് ഭദ്ര ശ്രദ്ധിച്ചു.
"എന്തുണ്ടെങ്കിലും എന്നോട് പറയണം കേട്ടോ. ഇതാണ് ഭദ്രേടെ ക്ലാസ്സ്‌. ഏട്ടനും പഠിപ്പിക്കുന്നുണ്ട്. വിഷമം ഒന്നും വേണ്ട. കുട്ടികളെ ഒക്കെ പരിചയപ്പെട്ട് വരുമ്പോൾ ആദ്യമുള്ള ഈ ബുദ്ധിമുട്ട് മാറും. സ്മാർട്ട്‌ ആയിട്ട് ചെന്ന് ക്ലാസ്സിലിരുന്നോ." മുഖത്ത് ഭാവ വ്യത്യാസങ്ങളൊന്നും ഇല്ലെങ്കിലും ദേവന്റെ വാക്കുകളിലെ കരുതൽ അവളറിഞ്ഞിരുന്നു.
ക്ലാസ്സിലേക്ക് ഭദ്ര കയറി ചെല്ലുമ്പോൾ തന്റേത് പോലുള്ള ഭാവമാണ് പല കണ്ണുകളിലും. പുതിയ അന്തരീക്ഷത്തോടുള്ള ഭയമായിരുന്നു പലരുടെയും കണ്ണുകളിൽ. അടുത്തിരുന്നവരിൽ ചിലരൊക്കെ ഭദ്രയോട് പേര് ചോദിച്ചു... അവൾ തിരിച്ചും ചോദിച്ചു. കുട്ടികളുമായി ഒന്നിണങ്ങി വരുന്നതിനിടയിൽ സീനിയർസ് പലരും ക്ലാസ്സിലേക്ക് കയറി വന്നിരുന്നു.
പലരും തന്നെ ലക്ഷ്യമിട്ടാണോ വന്നതെന്ന് പോലും തോന്നിപ്പോയി ഭദ്രയ്ക്ക്. പെൺകുട്ടികളൊക്കെ ആദ്യം വന്ന് ചോദിക്കുന്നത് ദേവൻ സാറിന്റെ ആരാണെന്നാ, പിന്നെയെ ഉള്ളു മറ്റ് ചോദ്യങ്ങളൊക്കെ.
എന്റെ ഏട്ടനാണെന്ന ഭദ്രയുടെ മറുപടിയിൽ തൃപ്തിപ്പെടാതെ പലരും ചോദ്യങ്ങളുടെ ഒരു നീണ്ട നിര തന്നെ ഭദ്രയ്ക്ക് മുൻപിലേക്ക് എറിയും.
മുറച്ചെറുക്കൻ ആണെന്ന് അറിയുന്നതോടെ എതിരെ നിൽക്കുന്ന മുഖങ്ങളിലെ ഒക്കെ ഭാവം മാറും... അസൂയ... ദേഷ്യം... സങ്കടം അങ്ങനെ അങ്ങനെ പലവിധ നോട്ടങ്ങളെയും ഭദ്ര നേരിട്ടു.
"ഭദ്രയെ ഇവിടെ ആക്കിയ സാർ നമ്മളെയും പഠിപ്പിക്കുന്നുണ്ടോ." അടുത്തിരുന്നു ചോദിച്ച കുട്ടിയോട് ഭദ്ര "ഉണ്ട് " എന്ന് മറുപടി പറഞ്ഞു.
"ഭദ്രയുടെ മുറച്ചെറുക്കൻ ആണല്ലേ ആ സാർ." അടുത്ത ചോദ്യവും പിന്നാലെ വന്നു.
"ഉവ്വ്. എന്റെ അമ്മാമേടെ മകൻ ആണ്."
" ഭദ്രേടെ ഭാഗ്യം. എന്ത് സുന്ദരൻ ആണ് സാർ." അപ്പോഴാണ് ഭദ്രയും ദേവനെ കുറിച്ച് കൂടുതൽ ചിന്തിക്കുന്നത്.
വീട്ടിലാണെങ്കിൽ വെള്ളമുണ്ടും അതിന്റെ തന്നെ കരയുടെ നിറമുള്ള തേച്ച് മിനുക്കിയ ഷർട്ടുമാണ് ദേവേട്ടന്റെ വേഷം. കട്ടിയുള്ള പുരികങ്ങൾക്കിടയിൽ എപ്പോഴും ഒരു കുറി ഉണ്ടാവും.
നെറ്റിയിലേക്ക് വീണ് കിടക്കുന്ന ചെറിയ ചെമ്പൻ നിറമുള്ള മുടിയിഴകൾ ആണ് ദേവന്റെ അഴകെന്ന് തോന്നി അവൾക്ക്.
"ഗുഡ് മോർണിംഗ് സർ." ക്ലാസ്സിലേക്ക് കയറി വന്ന ദേവനെ കുട്ടികൾ വിഷ് ചെയ്യുന്നത് കേട്ട് പെട്ടന്നൊരു സ്വപ്‌നത്തിൽ നിന്ന് ഉണർന്നത് പോലെ ഭദ്രയും ചാടി എണീറ്റു.
താൻ ക്ലാസ്സിലേക്ക് കയറി വരുമ്പോൾ മുതൽ മറ്റെന്തോ ആലോചിച്ചിരുന്ന ഭദ്രയിൽ ആയിരുന്നു ദേവന്റെയും ശ്രദ്ധ.
"എന്താണ് ഭദ്ര... ക്ലാസ്സിലേക്ക് കയറി വരുന്ന അധ്യാപകരെ വിഷ് ചെയ്യാൻ പഠിച്ചിട്ടില്ലേ" ഒരടുപ്പവും ഇല്ലാത്ത ഒരാളോടെന്ന പോലെയുള്ള ദേവന്റെ പെരുമാറ്റം ഭദ്രയെ നന്നേ വേദനിപ്പിച്ചിരുന്നു.
എന്തൊക്കെയോ പറഞ്ഞു ദേവൻ ശകാരിക്കുമ്പോൾ ഓക്കെ തല താഴ്ത്തി നിന്നു കേട്ടുതേയുള്ളവൾ.
"സോറി ദേവേ.... സോറി സർ..." ദേവേട്ടാ എന്ന വിളി പകുതിയിൽ നിർത്തി സർ എന്ന വിളി കേട്ട് ഉള്ളിൽ ചിരിച്ചെങ്കിലും പുറമെ ഗൗരവം ഭാവിച്ചു തന്നെ ദേവൻ നിന്നു.
"സിറ്റ് ഡൌൺ." ദേവന്റെ ഭാവമാറ്റത്തിലെ ആശ്ചര്യം അപ്പോഴും ഭദ്രയെ വിട്ടുമാറിയിരുന്നില്ല.
കോളേജിലേക്ക് ഒരുങ്ങി ഇറങ്ങാറുള്ള ദേവട്ടന്റെ വേഷത്തെ മാത്രമേ ഇന്നുവരെ വരെ ശ്രദ്ധിച്ചിട്ടുള്ളു. തേച്ച് മടക്കിയ പാട് വരെ തെളിഞ്ഞു കാണുന്ന പാന്റും ഏതെങ്കിലും ഇളം നിറത്തിള്ള ഷർട്ടും ആയിരിക്കും വേഷം. ദേവേട്ടന്റെ എക്സിക്യൂട്ടീവ് ലൂക്കിനെ പറ്റി പറഞ്ഞു പലപ്പോഴും താനും കാശിയും ചിരിച്ചത് ഭദ്ര ഓർത്തു.
ഈ ഗേറ്റിനു പുറത്തു മാത്രമാണ് ദേവേട്ടൻ. അകത്തു ദേവൻ സർ ആണ്. ഭദ്ര സ്വയമൊന്ന് പറഞ്ഞു.
വൈകിട്ടും ദേവന്റെ കൂടെയാണ് ഭദ്ര ഇറങ്ങിയത്. അപ്പോഴും പലരുടെയും നോട്ടം തന്നിൽ തന്നെ ആണെന്നറിഞ്ഞതും ആരെയും ശ്രദ്ധിക്കാതെ ദേവന്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു മുന്നോട്ട് നടന്നവൾ.
കോളേജിലെ വിശേഷങ്ങളൊന്നും കാശിയോട് പറയാൻ കഴിയാത്ത വിഷമമായിരുന്നു ഭദ്രയ്ക്ക്. ദേവേട്ടന്റെ മറ്റൊരു ഭാവത്തെ പറ്റി ആവോളം സംസാരിച്ചത് ഗൗരിയോടും ദേവുനോടുമാണ്.
രണ്ട് പേരും അവിശ്വസനീയതയോടെ തന്നെ കേട്ടിരിക്കാണ്.
"ദേവേട്ടനെ എല്ലാർക്കും വല്യ കാര്യാ... പ്രേത്യേകിച്ചു പെൺകുട്ട്യോൾക്ക്. ഞാൻ ദേവേട്ടന്റെ മുറപ്പെണ്ണ് ആണെന്ന് അറിഞ്ഞതും അസൂയ ആയിരുന്നു എന്നോട്."
"അപ്പോൾ നമ്മുടെ ദേവേട്ടൻ വല്യ ആളാണല്ലേ..." ദേവുവാണ്.
തന്നെ പറ്റി മതി വരാതെ സംസാരിക്കുന്ന പെണ്ണിന്റെ ശബ്ദം കേട്ടാണ് ദേവൻ മുറിയിലേക്ക് വന്നത്. ചുണ്ടിലൊരു ചിരി മിന്നി മറഞ്ഞെങ്കിലും സ്ഥായിയായ ഗൗരവം വീണ്ടെടുത്ത് നീട്ടി വിളിച്ചു.
"ഭദ്രേ..."
തുടരും...

അഭിപ്രായങ്ങള്‍