വീണ്ടും | ഭാഗം 4 | Lachumma

ഞാൻ ഇവിടെ ഇത്രയും സീരിയസ് ആയി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നീ ഇതാരെ നോക്കി ചിരിച്ചുകൊണ്ട് നിൽകുവാ വിജയ്??

അവന്റെ ചിരി കണ്ടു അടുത്തേക്ക് വന്നു നിന്നുകൊണ്ട് രാഹുൽ തിരക്കി....
അപ്പോഴും അവന്റെ കണ്ണുകൾ ദൂരെ മാറി ബെഞ്ചിൽ ഇരുന്നു കൊഞ്ചുന്ന വാവാച്ചിയിലും അവളെ ചേർത്തു പിടിച്ചിരിക്കുന്ന മധുവിലും ആയിരുന്നു...
അവന്റെ കണ്ണുകൾ പോയ ദിശയിലേക്ക് നോക്കിയ രാഹുലിന്റെ കണ്ണുകളും അവരിൽ എത്തി നിന്നിരുന്നു...
ഹാ... അത്‌ ആൻ അല്ലെ? നമ്മുടെ ഓപ്പോസിറ്റ് ഫ്ലാറ്റിലെ..... നീ വാ ഒന്ന് പോയി കണ്ടിട്ട് വരാം....
ഹേയ് ആൻ....
ഹാ.... രാഹുലോ.... ഇതെപ്പോൾ എത്തി?
ഞാൻ ഇന്നു ഉച്ചക്ക് എത്തിയെടോ... ഫ്രണ്ടിനെ കാണാൻ വേണ്ടി വന്നതാണ്.... ഓഹ് സോറി ഞാൻ പരിചയപെടുത്തിയില്ലല്ലോ ഇത്....
വിജയ്... അല്ലെ... ഞങ്ങൾ ഇന്ന് രാവിലെ പരിചയപെട്ടിരുന്നു....
ഓഹ് ആണോ... അത്‌ നന്നായി....
ഇവൻ ഡയറക്ടർ സൂര്യകാന്ത് സാറിന്റെ അസിസ്റ്റന്റ് ആയി വർക്ക് ചെയുവായിരുന്നു.... ഇപ്പോൾ സ്വന്തമായി ഒരു സ്ക്രിപ്റ്റ് എഴുതാൻ ഉള്ള ശ്രമത്തിലാണ് അതാ ഞാൻ എന്റെ ഫ്ലാറ്റ് കൊടുത്തത്... വേറെ ശല്യം ഒന്നും ഇല്ലാതെ സ്വസ്ഥമായി എഴുതാൻ.....
ഓഹ് നൈസ്...
ഇതെന്റെ ഫ്രണ്ട് മധുമിത....ഞങ്ങൾ കോളേജ് മേറ്റ്സ് ആണ്.... ഇവിടെ ഒരു കമ്പനിയിൽ വർക്ക്‌ ചെയുവാണ്‌.....ഇത് ഇവളുടെ മകൾ...
മധു ഇത് നമ്മുടെ ഓപ്പോസിറ്റ് ഫ്ലാറ്റിന്റെ ഓണർ ആണ് രാഹുൽ... കുറച്ച് കാലം ഇവിടെ ഉണ്ടായിരുന്നു പിന്നീട് വിദേശത്തേക്ക് പോയി.....
ആൻ അവർ ഇരുവരെയും പരസ്പരം പരിചയപ്പെടുത്തി...
ഈ സമയം എല്ലാം വിജയ് വാവാച്ചിയിൽ തന്നെ ശ്രദ്ധ ചെലുത്തി നിന്നിരുന്നു... അവളെ കുസൃതിചിരിയോടെ നോക്കിയതും വാവാച്ചിയും കൊച്ച് നാണത്തോടെ മധുവിന്റെ നെഞ്ചിൽ ചാരി കഴുത്തിലൂടെ കൈകൾ ഇട്ടു കുഞ്ഞി ചിരിയോടെ മുഖം ഒളിപ്പിച്ചു കളിച്ചുകൊണ്ടിരുന്നു....
അല്പനേരത്തിനു ശേഷമാണു വാവാച്ചിയുടെയും വിജയുടേം ഈ ഒളിച്ചു കളി മധു ഉൾപ്പടെ എല്ലാരും ശ്രദ്ധിക്കുന്നത്....
മധുവിനെയും രാഹുലിനെയും ഒരേപോലെ അത്ഭുതപെടുത്തിയിരുന്നു ആ കാഴ്ച..
വാവച്ചി പുതിയ ഒരാളുമായി പെട്ടെന്ന് അടുക്കുന്ന പ്രകൃതം ആയിരുന്നില്ല....
അധികം ആരുമായും അടുത്ത് ഇടപഴകിയിട്ടും ഇല്ല...
പക്ഷെ ഇപ്പോൾ വിജയുമൊത്തു ആദ്യ കാഴ്ച്ചയിൽ തന്നെ ഒളിച്ചു കളിക്കുന്നത് കണ്ടതും അവൾക് അവനെ ബോധിച്ചു എന്ന് മനസിലായി....
മറുപുറം രാഹുലിന് തന്റെ സുഹൃത്തിന്റെ പെരുമാറ്റം തീർത്തും പുതുമയുള്ളതായിരുന്നു.... അധികം ആരോടും മിണ്ടാത്ത, അടുക്കാത്ത,ഇടപെടാത്ത ഒരാൾ ആയിരുന്നു വിജയ്....
ഒരിക്കൽ പോലും ഒരു കുഞ്ഞിനെ പോലും അലിവോടെ നോക്കുന്നതോ, ശ്രദ്ധിക്കുന്നതൊ ഇന്നുവരെ കണ്ടിട്ടില്ല.... എന്തിനേറെ ഒന്ന് നിറഞ്ഞു ചിരിച്ചു കണ്ടിട്ട് വർഷങ്ങൾ ആയി.... അവൻ കടന്ന് വന്ന വഴികളിൽ ഒന്നിലും സന്തോഷത്തിന്റെ വസന്തം ഉണ്ടായിരുന്നില്ല.... ജീവിതത്തിൽ കൈപ്പ് നിറഞ്ഞ ഓർമ്മകൾ മാത്രം ആയിരുന്നു അവശേഷിച്ചിരുന്നതും.....
പക്ഷെ ഇപ്പോൾ കണ്ട അവന്റെ ചിരിയും കുസൃതിയും അവനിൽ ഒരേ സമയം സന്തോഷവും ആശയക്കുഴപ്പവും സൃഷ്ടിച്ചു....
വർഷങ്ങളായി സഹോദരനെ പോലെ കാണുന്നവനെ ഇനിയും മുഴുവനായി മനസിലാക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ല എന്ന തോന്നൽ ഒരു നിമിഷത്തേക്കെങ്കിലും രാഹുലിൽ ഉടലെടുത്തു...
രാഹുൽ വാവച്ചിയെ എടുക്കാനായി രണ്ടു കയ്യും വിരിച്ചു നീട്ടവെ അതിന് വിസമ്മതിച്ചുകൊണ്ട് മധുവിന്റെ മേൽ ഉള്ള പിടി ഒന്നൂടി മുറുക്കി തോളിലേക്ക് ചാരി കിടന്നു....
നാണമാണെന്ന് തോന്നുന്നല്ലോ വാവാച്ചിക്ക്... അങ്കിൾ വിളികുന്നില്ലേ ചെല്ലേടാ ചക്കരെ....
അവളുടെ പുറത്ത് തട്ടി മധുവും തിരക്കിയതും അതിനും ഇല്ല എന്ന് തലയാട്ടി....
വാവച്ചി വന്നാൽ അങ്കിൾ ചോക്ലേറ്റ് വാങ്ങി താരല്ലോ... അല്ലേടാ വിജയ്..?
അവളെ കയ്യിലെടുക്കാൻ അവസാനത്തെ അടവ് പോൽ രാഹുൽ വിജയേ നോക്കി പറഞ്ഞു നിർത്തിയതും പൊടുന്നനെ വാവച്ചി തോളിൽ നിന്നും തല പൊക്കി നോക്കി...
മധുവിനേം രാഹുലിനേം വിടർന്ന കണ്ണാലെ മാറി മാറി നോക്കി.. സമ്മതം എന്നവണ്ണം മധു തലയാട്ടിയതും ഒരുവേള അവൾ വിജയേ ഉറ്റുനോക്കി....
വാവച്ചിയുടെ നോട്ടത്തിൽ എന്തോ ഒരു ഉൾപ്രേരണയാൽ അവനും രണ്ടു കയ്യും വിരിച്ചു നീട്ടിയതും പൊടുന്നനെ വാവാച്ചി അവന്റെ കയ്യിലേക്ക് ചാടി...കഴുത്തിലൂടെ കയ്യിട്ട് തോളിലേക്ക് ചാരി....അവനും ശ്രദ്ധയോടെ അവളെ ചേർത്തു പിടിച്ചു... ഹൃദയം പതിവിലും ശക്തമായി മിടിച്ചു കൊണ്ടിരുന്നു...
അവളുടെ ആ നീക്കം അവിടെ നിന്ന മൂവരിലും ആശ്ചര്യാഭവം ഉളവാക്കി...
വിജയുടെ മാറ്റം രാഹുലിനും വാവച്ചിയുടെ മാറ്റം മധുവിനും ഉത്തരം ഇല്ലാത്ത ഒരു സമസ്യ ആയി നിന്നു....
അവളെയും കൂട്ടി ചോക്ലേറ്റ് വാങ്ങി കൊടുത്തു ഒന്നിച്ചാണ് നാൽവർ സംഘം തിരിച്ചു ഫ്ലാറ്റിലേക്ക് എത്തിയത്....
അപ്പോഴേക്കും വാവച്ചി വിജയുടെ തോളിൽ കിടന്നു ഉറക്കം പിടിച്ചിരുന്നു.... അവനും അവളെ പൊതിഞ്ഞു പിടിച്ചു നടന്നിരുന്നു ആ നേരമത്രയും...
വളരെ മയത്തോടെ സസൂക്ഷ്മമം അവളെ ആനിന്റെ ഫ്ലാറ്റിൽ അവളുടെ റൂമിൽ കിടത്തി പുതപ്പിച്ചു കൊടുത്തു... അൽപ നേരം ആ കുഞ്ഞ് മുഖത്തേക്ക് തന്നെ നോക്കി നിന്നു.....തലയിൽ മൃദുവായി ഒന്ന് തലോടി റൂമിലെ ലൈറ്റ് അണച്ചു പുറത്തേക്കിറങ്ങി അവരോടും യാത്ര പറഞ്ഞു ഫ്ലാറ്റിലേക്ക് പോയി...
🤎🤎🤎🤎
രാത്രി ഫ്ലാറ്റിലെ ബാൽക്കണിയിൽ ആകാശത്തേക്ക് നോക്കി നിൽക്കുകയായിരുന്നു വിജയ്...
അവന്റെ ചിന്തകൾ മുഴുവൻ വാവച്ചിയെ ചുറ്റി പറ്റി ആയിരുന്നു...
അവളെ ആദ്യമായി കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ ഓർത്തെടുത്തു..
ആദ്യം കണ്ട നിമിഷം മുതൽ പേരറിയാത്ത ഒരു വികാരം ഉടലെടുത്തത് ഓർമയിൽ വന്നു.... കുഞ്ഞി പല്ലുകൾ കാട്ടിയുള്ള കുസൃതി ചിരിയും, തന്നെ നോക്കി നാണത്താൽ ഒളിച്ചു കളിച്ചതും, ഒറ്റ നോട്ടത്തിൽ തന്റെ മേലേക്ക് കുതിച്ചു വട്ടം പിടിച്ചു നെഞ്ചോടു ചേർന്നതും, അവൾക്കിഷ്ടമുള്ള ചോക്ലേറ്റ് കുഞ്ഞി കഷ്ണം മുറിച്ചു എടുത്തു വായിൽ വെച്ചു തന്നതും എല്ലാം എല്ലാം ഓർത്തെടുത്തു.....
തോളിൽ അമർന്ന രാഹുലിന്റെ കയ്യാണ് അവനെ ചിന്തകളിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്നത്...
എന്താടാ ഒരു ആലോചന...
ഏയ്യ്... ഒന്നുല്ല.... വെറുതെ....
വാവച്ചിയെ പറ്റിയല്ലേ നീ ചിന്തിച്ചു നിന്നത്?
രാഹുലിന്റെ ചോദ്യത്തിൽ അത്ഭുതത്തോടെ അതിലുപരി സംശയത്തോടെ ഉത്തരം നൽകാതെ ഉറ്റുനോക്കി അവൻ....
എനിക്ക് എങ്ങനെ മനസിലായി എന്നല്ലേ ഈ നോട്ടത്തിന്റെ അർത്ഥം.... നിന്നെ കാണാൻ തുടങ്ങിട്ട് കൊല്ലങ്ങളായില്ലേ ടാ... നിന്റെ ചെറിയൊരു മാറ്റം പോലും എനിക്ക് മനസിലാകും....
മ്മ്ഹ... അതേ... അവളെ കുറിച്ച് തന്നെയാണ്.... അവളെ പറ്റി കേട്ടപ്പോൾ എന്തോ... നെഞ്ചിനുള്ളിൽ വല്ലാത്തൊരു നീറ്റൽ....സംസാര ശേഷി ഇല്ലാത്ത കുട്ടിയാണ് അവളെന്നു സ്വപ്നത്തിൽ പോലും കരുതിയില്ല....
അവൾക്കിഷ്ടപ്പെട്ട ചോക്ലേറ്റ് തപ്പി നോക്കി കാണാതെയായപ്പോൾ മധുവിനോട് ആംഗ്യഭാഷയിൽ തിരക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് ആൻ കാര്യം പറയുന്നത്... അത്‌ കേട്ടതും നെഞ്ചിൽ വല്ലാത്തൊരു വിങ്ങൽ അനുഭവപ്പെട്ടു....
രാവിലെ തന്നെ കണ്ടതും വിടർന്ന കുഞ്ഞി കണ്ണുകൾ എപ്പോളോ തന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു... പിന്നീട് വീണ്ടും ഇങ്ങനെ കാണുമെന്നോ പരിചയപ്പെടുമെന്നോ കരുതിയിരുന്നില്ല... എന്തോ... ഇന്നുവരെ ആരോടും തോന്നാത്ത ഒരടുപ്പം എനിക്ക് ആ കുഞ്ഞിനോട് തോന്നുന്നു ....
ചിന്തയിലാണ്ടു നിൽക്കുന്നവനെ തോളിൽ പതിയെ തട്ടി രാഹുൽ...
എനിക്ക് നേരത്തെ മനസിലായിരുന്നു... നിന്നെ ഇങ്ങനെ കണ്ടിട്ടു കൂടിയില്ല ഞാൻ.... മ്മ് സാരമില്ല.... നീ വാ...
ആനിന്റെ ഫ്ലാറ്റിൽ ഇതേപോലെ അവർ ഇരുവരും സംസാരിച്ചു നില്കുകയിരുന്നു....
ഒരുപാട് നാളുകൾക്കു ശേഷമാണു വാവച്ചി ഇങ്ങനെ സന്തോഷിച്ചു കാണുന്നത്....
നിനക്കറിയുമോ ആൻ, അരുൺ ഒരിക്കൽ പോലും വാവച്ചിയെ ഒന്നെടുത്തു കൊഞ്ചിക്കുന്നത് കണ്ടിട്ടില്ല, അവൾ മുട്ടിലിഴഞ്ഞു കീഴെ ചെന്നിരുന്നു അവളാൽ ആകും പോൽ ശബ്ദം ഉണ്ടാക്കി ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിച്ചപ്പോൾ പോലും വെറുപ്പോടെ മുഖം തിരിച്ചു എണിറ്റു പോകുന്നവനെ കണ്ടു നെഞ്ച് വിങ്ങിയിട്ടുണ്ട്....
സ്വന്തം അച്ഛൻ തന്നെ അവഗണിക്കുകയാണെന്നറിയാതെ ആ കുരുന്നു വീണ്ടും പ്രതീക്ഷയോടെ അവനേം എന്നേം മാറി മാറി നോക്കുമ്പോൾ ഒരു അമ്മയായി എന്റെ കുഞ്ഞിന് മുന്നിൽ തോറ്റു പോയപോൽ തലകുനിച്ചു നിന്നിട്ടുണ്ട്...
ആകെ ഇടപഴകിയിട്ടുള്ളത് എന്റെ അച്ഛനുമായാണ്...
അതിന് ശേഷം ഇപ്പോഴാണ് അവൾ വേറൊരു ആളുമായി ആദ്യ കാഴ്ചയിൽ ഇത്രക്ക് അടുപ്പം സൃഷ്ടിക്കുന്നത്.... ഇന്നെനിക് ഒരുപാട് സന്തോഷം തോന്നുന്നുണ്ട്...
പക്ഷെ ചിലപ്പോൾ തോന്നാറുണ്ട് ഇത്രയും അവഗണിക്കാൻ മാത്രം ഭാഗ്യം കെട്ട കുഞ്ഞാണോ ന്റെ വാവാച്ചിയെന്ന്.... അവൾടെ മുഖത്ത് നോക്കി ഒരാൾക്ക് എങ്ങനെ ഇത്രയും ക്രൂരമായ കാര്യങ്ങൾ പറയാൻ കഴിയും എന്ന്.... എന്റെ അമ്മ പോലും....
കണ്ണുകൾ നിറഞ്ഞു കാഴ്ച മറച്ചിരുന്നു... വാക്കുകൾ പലതും ഇടർച്ചയിൽ മുറിഞ്ഞു പോയിരുന്നു....ഉടുത്തിരുന്ന കോട്ടൺ സാരിയുടെ അറ്റം എടുത്തു കണ്ണുകൾ തുടച്ചു പുറത്തേക്ക് കണ്ണും നട്ടു നിന്നു...
അവളെ ആശ്വസിപ്പിക്കാൻ എന്നവണ്ണം ആൻ തലയിൽ തഴുക്കികൊണ്ടിരുന്നു...
സാരമില്ല മധു.... എനിക്ക് എല്ലാം മനസിലാകും.... നീ കഴിഞ്ഞു പോയ കാലത്തെ കുറിച്ച് ചിന്തിച്ചു ഇനിയും വിഷമിക്കല്ലേ.... ഇനിയുള്ള നിന്റെ ജീവിതം അതെങ്ങനെ ആവണം എന്ന് മാത്രം ചിന്തിക്കു.... നിന്റെ വാവച്ചിയെ പറ്റി ആലോചിക്ക്.... നിന്നെപ്പോലൊരു അമ്മയെ കിട്ടാൻ മാത്രം ഭാഗ്യവതിയാണ് ആ കുഞ്ഞ്.... അല്ലാതെ ഒരിക്കലും അവളെ സ്നേഹിച്ചു ചേർത്തു പിടിക്കാത്ത ഒരാളെ കുറിച്ച് ആലോചിച്ചു വിഷമിക്കുകയല്ല വേണ്ടത്.....
ജീവിക്കണം.... ജയിച്ചു കാട്ടണം നിങ്ങൾ രണ്ടു പേരും...
നിങ്ങളെ തോൽപ്പിക്കാൻ നോക്കിയവരുടെ മുന്നിൽ തലയുയർത്തി നിൽക്കണം.... ഈ ലോകത്ത് ഏറ്റോം ഭാഗ്യം ചെയ്ത കുട്ടിയാവും വാവച്ചി.... എനിക്കുറപ്പുണ്ട് ടാ....
അവർക്കായി വീണ്ടും പുതു സൂര്യോദയം ഉണ്ടാകും എന്ന പ്രതീക്ഷയോടെ വാവച്ചിയെ ചേർത്തു പിടിച്ചു നിദ്രയെ പുൽകി...
🤎🤎🤎🤎
ദിവസങ്ങൾ വീണ്ടും ഞെട്ടറ്റു വീണുകൊണ്ടിരുന്നു.... മധു പുതിയ ജോലിയിൽ കയറി, വാവച്ചിയെ എന്നും രാവിലെ അവൾ തന്നെ ഡേ കേറിൽ വിട്ടു വൈകിട്ട് അവളോ അന്നയോ കൂട്ടികൊണ്ട് വന്നിരുന്നു.....
ഈ ചുരുങ്ങിയ കാലയളവിൽ അവരുമായി നല്ലൊരു സൗഹൃദം സ്ഥാപിച്ചെടുക്കാൻ രാഹുലിനും വിജയ്ക്കും ആയി....
വാവച്ചിയെ കാണാനും കളിപ്പിക്കാനുമായി ഇരുവരും ഇടയ്ക്കിടെ ഫ്ലാറ്റിൽ വന്നുകൊണ്ടിരുന്നു....
ഒഴിവു ദിവസങ്ങളിൽ മധുവോ ആനോ വാവച്ചിയെ കൂട്ടി അവരുടെ ഫ്ലാറ്റിനു താഴെ ഉള്ള പാർക്കിൽ കളിക്കാൻ കൊണ്ടുപോയിരുന്നു..... ചില ദിവസങ്ങളിൽ ഏതെങ്കിലും പുസ്തകവും കൊണ്ട് വിജയും കാണും പാർക്കിലെ ഒരു കോണിൽ.....
വിജയേ കണ്ടുകഴിഞ്ഞാൽ പിന്നെ വാവച്ചി കളി മറന്നു അവനോടൊപ്പം ആവും മിക്ക സമയങ്ങളിലും....
വാക്കുകളാൽ വർണിക്കാനാവാത്ത വളരെ അപൂർവമായ വിചിത്രമായൊരു ബന്ധം ഉടലെടുത്തിരുന്നു ഇരുവർക്കുമിടയിൽ.... അവരുടേതായ ലോകത്തിൽ ആകും ഇരുവരും ഒന്നിച്ചുള്ള സമയം....വാവച്ചിയുടെ കളിചിരികളും സന്തോഷവും ആയിരുന്നു മധുവിനും ഊർജം പകർന്നുകൊണ്ടിരുന്നത്....
ഒരിക്കൽ പതിവുപോലെ മധുവിനോപ്പം പാർക്കിൽ കളിക്കാൻ ചെന്നതായിരുന്നു വാവച്ചി....
ഫ്ലാറ്റിലെ തന്നെ സമപ്രായക്കാരായ കുട്ടികളോടൊപ്പം അവളും എപ്പോഴും കളിക്കാൻ കൂടിയിരുന്നു.... അവളെ അവരുടെ അടുത്തേക് പറഞ്ഞു വിട്ടു ഒഴിഞ്ഞ ഒരു ബെഞ്ചിൽ ഇരുന്നു ഓഫീസിലെ കുറച്ച് പേപ്പേഴ്സ് നോക്കികൊണ്ടിരുന്നു മധു.....
സാധാരണ കളിക്കിടയിൽ ഓടി വന്നു കുഞ്ഞ് മുത്തം തന്നു വീണ്ടും കളിക്കാൻ ഓടിക്കൊണ്ടിരുന്ന വാവച്ചിയെ അന്ന് പതിവ് സമയം കഴിഞ്ഞും അവൾക് അടുത്തേക്ക് കണ്ടില്ല.....
ജോലി കഴിഞ്ഞു ആനും കൂടി വന്നു തിരക്കിയതും പരിഭ്രാന്തയായി അവൾക്കൊപ്പം വാവച്ചിയെ തപ്പി ഇറങ്ങി....
പതിവ് സ്ഥലത്തു വിജയേ കണ്ടതും അവനോടും കാര്യം തിരക്കി....
വാവച്ചിയെ കാണാനില്ല എന്ന് കേട്ടത്തോടെ അവനും പേടിയോടെ നാല് പാടും അന്വേഷിച്ചിറങ്ങി....
അല്പം വലിയ കോമ്പൗണ്ട് ആയിരുന്നതിനാൽ ഒരുപാട് ഇരിപ്പിടങ്ങളും മരങ്ങളും ചുറ്റും നിറഞ്ഞു നിന്നിരുന്നു.... എല്ലായിടത്തും ഒരുപാട് മുതിർന്നവരും കുട്ടികളും സായാഹ്നവേള ആസ്വദിക്കാൻ ഇരുന്നിരുന്നു....
അല്പം മാറി ചിൽഡ്രൻസ് പാർക്കിന്റെ അടുത്തായി കുറെ കുട്ടികളും അല്പം മുതിർന്നവരുടേം ആൾക്കൂട്ടം ശ്രദ്ധയിൽ പെട്ടതും വെപ്രാളപെട്ടു മൂവരും അങ്ങോട്ടേക്ക് പാഞ്ഞു.....
ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റിയത്തും കണ്ടത് തുരുമ്പു പിടിച്ച കമ്പിയിൽ തൂങ്ങിയാടിയിരുന്ന 2 ഊഞ്ഞാലുകൾ നിലം പതിച്ചിരിക്കുന്ന കാഴ്ചയാണ്....
വല്ലാത്തൊരു ഭയം മധുവിൽ ഉടലെടുത്തു.... കണ്ണുകൾ നാല് ചുറ്റും വാവാച്ചിക്കുവേണ്ടി പാഞ്ഞു....
അല്പം മാറി സൈഡിലായി ഇരിക്കാൻ ഒരുക്കിയ പടികളിൽ കുറച്ച് മുകളിലായി നോട്ടം ചെന്നു നിന്നതും പരിഭ്രാന്തിയിൽ നിറഞ്ഞ കണ്ണുകളിൽ അല്പം ആശ്വാസം നിഴലിച്ചു....
വാവച്ചി എന്ന് വിളിച്ചുകൊണ്ടു അവൾക്കടുത്തേക്ക് പായുകയായിരുന്നു മധു.... അവളെ കണ്ടെത്തിയെന്ന ആശ്വാസത്തിൽ പുറകിലായി ആനും വിജയും....
വാവച്ചിയെ വാരിയെടുത്തു മടിയിലായി ഇരുത്തി തുരുതുരെ ഭ്രാന്തമായി ചുംബിച്ചു മധു.... കണ്ണുകൾ ഇടതടവില്ലാതെ പെയ്തുകൊണ്ടിരുന്നു അപ്പോഴും...
അവളെ പൊതിഞ്ഞു പിടിച്ചിരുന്ന കൈകൾ അൽപം മുന്പേ അനുഭവിച്ച ഭയത്താൽ വിറച്ചുകൊണ്ടേയിരുന്നു....മതിവരാതെ പിന്നെയും പിന്നെയും കൊതിയോടെ ചുംബിച്ചു നെഞ്ചോടു ചേർത്തു പിടിച്ചുകൊണ്ടേയിരുന്നു വാവച്ചിയെ... പക്ഷെ അപ്പോഴും ഒന്നു പ്രതികരിക്കാതെ അവളെ തിരിച്ചും ചുറ്റി പിടിക്കാതെ തലകുനിച്ചിരിക്കുന്ന വാവച്ചി അവളിൽ സംശയം ജനിപ്പിച്ചു....
ആനിനും വിജയ്ക്കും അടുത്തേക്ക് നടന്നുവന്നൊരു വായോധിക അവിടെ നടന്നതെന്താണെന്നു പറഞ്ഞു... ഊഞ്ഞാലിൽ ഇരിക്കുകയായിരുന്നു വാവച്ചിയും മറ്റൊരു കുട്ടിയും... ഊഞ്ഞാലിന്റെ വേഗതയിൽ അത്‌ ഞൊടിയിടയിൽ പൊട്ടി വീഴുകയായിരുന്നെന്നും അവർ പറഞ്ഞു... അധികം ആരും ചുറ്റും ഉണ്ടായിരുന്നില്ല ആ നേരം... കൂടെ ഉണ്ടായിരുന്ന കുട്ടിയുടെ ഒപ്പം അവരുടെ മാതാപിതാക്കൾ ഉണ്ടായിരുന്നു...അതിനാൽ വാവച്ചിയെ ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ല..
വീഴ്ചയിൽ കുട്ടിക്ക്‌ പരിക്കുണ്ടോ എന്ന് നോക്കണമെന്നും അവർ ആവശ്യപ്പെട്ടു....
അവർ പറഞ്ഞത് കേട്ടു ഞെട്ടലോടെ മധു അവളെ നോക്കി...വാവച്ചിയെ ദേഹത്ത് നിന്നും അടർത്തി മാറ്റി നേരെ പിടിച്ചിരുത്തി ദേഹത്തും കയ്യിലും ഒകെ മുറിവ് പട്ടിയിട്ടുണ്ടോ എന്ന് നോക്കി....കൈമുട്ടിനു പുറകിലായി നീളത്തിൽ പോറി ചോരപൊടിയുന്നത് കണ്ടതും തേങ്ങൽ തൊണ്ടകുഴിയിൽ തട്ടി നിന്നു അവൾക്ക്....
അവൾ പതിയെ വാവച്ചിയുടെ താടി തുമ്പിൽ പിടിച്ചു മുഖം ഉയർത്തിയതും കണ്ട കാഴ്ച സഹിക്കാനായില്ല.....
നിറഞ്ഞ തുളുമ്പറായി നിൽക്കുന്ന കണ്ണുകളോടെ, ചുമന്ന കുഞ്ഞ് മുഖത്തോടെ ചുണ്ട് കൂട്ടിപിടിച്ചു വിതുമ്പലടക്കി നിൽക്കുന്ന വാവച്ചിയെ കണ്ടു സങ്കടം സഹിക്കാനായില്ല അവൾക്....
അവൾക് വേദനിക്കുന്നുവെന്നു പറയാൻ പോലും പറ്റാതെ കൂട്ടിനും ആരും ഇല്ലാതെ ഒറ്റയ്ക്കു വന്ന് മാറി ഇരുന്നതാവും... ആലോചിക്കുന്തോറും അവളിൽ നിന്നും എങ്ങൽ അടികൾ ഉയർന്നു.... അവളുടെ അവസ്ഥ മനസിലാക്കി ആൻ വന്നു മധുവിന്റെ അടുത്തിരുന്നു....
പക്ഷെ ഇതിനെക്കാളും അവളെ തളർത്തിയത് മറ്റൊന്നായിരുന്നു.....
അതേ വിതുമ്പലോടെ നിറ കണ്ണുകളോടെ വാവച്ചി കാണിച്ച ദിശയിലേക്ക് നോക്കിയതും അവൾ കണ്ടു ഒപ്പം ഊഞ്ഞാലാടിയ കുട്ടിയെ മടിയിലിരുത്തി മുറിവിൽ പരിശോധിച്ചും, അവളുടെ നിറഞ്ഞ കണ്ണുകളെ തുടച്ചും ആശ്വസിപ്പിക്കുന്ന
അവളുടെ അച്ഛനെ.....അവർക്കടുത്തായി അതേപോലെ ഇരിക്കുന്ന അമ്മയെയും....
വാവച്ചി കാണിച്ച കാഴ്ചയുടെ അർത്ഥം തേടുകയായിരുന്നു ആ സമയം വിജയ്... അവനിൽ ഒരുപാട് ചോദ്യങ്ങൾ ഉടലെടുത്തു....
അതേ സമയം കണ്ട കാഴ്ചയിൽ നെഞ്ച് പിടഞ്ഞു എത്ര ശ്രമിച്ചിട്ടും കരച്ചിൽ അടക്കാൻ പറ്റാതെ വന്നു വാവച്ചിയെ വാരിയെടുത്തു കരഞ്ഞു കൊണ്ടോടിയിരുന്നു മധു.....
അവൾ പോയ വഴിയേ നോക്കി കണ്ണു നിറച്ചു നിന്ന ആനിനെ നോക്കി വിജയ്...
ആൻ.... എന്താ ഇവിടെ നടന്നതിനൊക്കെ അർത്ഥം...?
എനിക്ക് അറിയണം.... വാവച്ചിയെ പറ്റി കൂടുതൽ.... എല്ലാം.... മധുവിനേം വാവാച്ചിയേം കുറിച്ച് ഒരുപാട് കാര്യങ്ങൾ ആദ്യം മുതൽക്കേ നിങ്ങൾ മറച്ചിരുന്നതായി എനിക്ക് തോന്നിയിരുന്നു.... ഇന്നെന്തായാലും എനിക്ക് അറിയണം.....
മ്മ്ഹ.... വിജയ് പറഞ്ഞത് ശെരിയാണ്.... നിങ്ങൾ അറിഞ്ഞതൊന്നും അല്ല മധുവും വാവാച്ചിയും...ഞാൻ എല്ലാം പറയാം....
എന്ന് പറഞ്ഞു അതുവരെ ഉള്ള മധുവിന്റെ ജീവിതം അവന് മുന്നിൽ തുറന്നു കാട്ടുകയായിരുന്നു ആൻ....
എല്ലാം കേട്ടിരുന്ന വിജയുടെ നെഞ്ചും മൗനമായി പിടഞ്ഞുകൊണ്ടിരുന്നു.....
🤎🤎🤎🤎
വാവാച്ചിയേം കൊണ്ട് ഫ്ലാറ്റിലേക്ക് വന്ന മധു അവളെ ഇരുത്തി മുറിവിൽ മരുന്ന് വെച്ചു, മേലുകഴുകിച്ചു കൊണ്ടുവന്നു, തോളിൽ കിടത്തി പതിയെ തട്ടി പതിഞ്ഞ ശബ്ദത്തിൽ താരാട്ടു മൂളി ഉറക്കി....
അപ്പോഴേല്ലാം അവളുടെ കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടേയിരുന്നു....അവൾ ഉറങ്ങിയെന്നു ഉറപ്പായതും പതിയെ ബെഡിൽ കിടത്തി പുതപ്പിച്ചു കൊടുത്തു ബെഡിന് താഴെ ഇറങ്ങി ഇരുന്നു ഒരുകയ്യാൽ വളരെ മൃദുലമായി അവളുടെ നെറ്റിയെ തഴുകികൊണ്ടിരുന്നു.... മൗനമായി മാപ്പ് പറഞ്ഞു....
അവളെ ഒറ്റക് വിടാൻ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ടിരുന്നു...
മുറിവ് പറ്റിയ കുഞ്ഞി കൈ കാണെ അവളിൽ നിന്നും എങ്ങൽ ചീളുകൾ തെറിച്ചു കൊണ്ടിരുന്നു... ഒരു കയ്യാൽ വായ പൊത്തി പിടിച്ചു മറുകയ്യാൽ മുറിവിൽ തലോടി.....
വിജയോട് യാത്ര പറഞ്ഞു ഫ്ലാറ്റിലേക് വന്ന ആൻ ചുറ്റും ഇരുട്ട് കണ്ടു ലൈറ്റ് ഓൺ ആക്കി മധുവിനെ തിരഞ്ഞു....
റൂമിലെ ഇരുട്ടിൽ ബെഡിന് താഴെ ആയി ഇരുന്നു ബെഡിലേക് തല വെച്ചു കയ്യാൽ മറച്ചു പിടിച്ചിരിക്കുന്നവളെ കാൺകെ അവളുടെ ഉള്ളിൽ എരിയുന്ന കനലിന്റെ ആക്കം ആനിനു മനസിലായിരുന്നു.... അവളെ ഏറ്റോം കൂടുതൽ തകർത്തത് എന്താണെന്നും ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.....
അവളിൽ നിന്നും ഉയരുന്ന എങ്ങലുകൾ കണ്ടു അവൾ ഉറങ്ങിയിട്ടില്ല എന്ന് ആനിനു മനസിലായി.... പതിയെ അവളുടെ അടുത്തേക്ക് ചെന്നു ഇരു തോളിലും കൈകൾ വെച്ചു എഴുനേൽപ്പിച്ചു ശേഷം ബാൽക്കണിയിലേക്ക് നടന്നു....
മധുവിന്റെ അപ്പോഴത്തെ അവസ്ഥ തീർത്തും ദയനീയം ആയിരുന്നു..... നന്നേ കരഞ്ഞു തളർന്നിരുന്നു.... കണ്ണുകൾ വീങ്ങി, മുഖം ആകെ ചുവന്നിരുന്നു വീങ്ങിയിരുന്നു... ആനിന്റെ ഒരു വിളിയിൽ അവൾ എല്ലാം മറന്നു ആനിന്റെ തോളിലേക്ക് വീണു വീണ്ടും പൊട്ടി കരഞ്ഞു....
എനിക്ക്... എനിക്ക് സഹിക്കാൻ പറ്റണില്ല ടി.... എന്റെ... എന്റെ മോള്... എന്റെ വാ... വാവച്ചി... അവൾക്കിന്ന് എന്തോരം നൊന്തു കാണും..... പാവം ന്റെ കുട്ടി.... ഒന്ന് പറയാൻ പോലും സാധിക്കാതെ.... വേദനിക്കുനെന്നു അറിയിക്കാൻ പോലും കഴിയാതെ..... ഒറ്റക്ക്.... ആലോചിച്ചിട്ട് സഹിക്കാൻ പറ്റണില്ല ടാ..... എനിക്ക്.... അവളെ ഒറ്റക്ക് വിടരുതായിരുന്നു ഞാൻ....
എന്റെയാ... എന്റെ.. തെറ്റാ.....
അവൾ.... അവളുടെ കണ്ണു നിറഞ്ഞില്ലേ....
അവൾക്ക് സങ്കടമായില്ലേ....
എനിക്ക്... എനിക്കറിയാം.... ഇന്നെന്തിനാ എന്റെ മോൾടെ മനസ്സ് വിഷമിച്ചേ എന്ന്...... കണ്ടതാ ഞാൻ..
കാണിച്ചു ന്റെ കുട്ടി......
എത്രയൊക്കെ ആയാലും അച്ഛൻ ഇല്ലാത്തത് ഒരു കുറവ് തന്നെയാ അല്ലെ ടി..... ഞാൻ... ഞാനെന്റെ മോളെ എത്രയൊക്കെ സ്നേഹിച്ചാലും.... അച്ഛൻ ഇല്ല എന്നത് നികത്താൻ ആവാത്ത നഷ്ടം തന്നെയാ ലെ......
അവളുടെ വാക്കുകളിൽ നിന്നും നിറഞ്ഞ കണ്ണുകളിൽ നിന്നും അവൾ അനുഭവിക്കുന്ന മനോവിഷമത്തിന്റെ ആഴം ആനിന് മനസിലായിരുന്നു.....
എന്റെ വാവച്ചി ഇന്നാ അച്ഛൻ മകളെ ആശ്വസിപ്പിക്കുന്ന കാഴ്ച കണ്ടു എന്റെ മുഖത്തേക്ക് ഒരു നോട്ടം നോക്കി ആൻ....
അവളുടെ ആ നോട്ടത്തിൽ ഞാൻ അങ്ങ് ഇല്ലാണ്ടായിപോയെടി......
അവളുടെ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസിലായി.....
എന്നും പറഞ്ഞു വീണ്ടും എങ്ങലടിച്ചു കരയുന്നവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ ആശയകുഴപ്പത്തിലായി ആൻ... അവളും കണ്ടിരുന്നു വാവച്ചിയുടെ നോട്ടവും മുഖഭാവവും... ആരെയും വേദനിപ്പിക്കുന്ന ഒരു നോട്ടം തന്നെയായിരുന്നു അതും... കുഞ്ഞ് മനസ്സിൽ തോന്നിയ ചിന്തയെ കുറ്റപ്പെടുത്താനും സാധിക്കിലായിരുന്നു...
മധു... നീ ഇങ്ങനെ സങ്കടപെടല്ലേ.... വയ്യാണ്ടാകും നിനക്ക്.... എടാ നീ ഇപ്പോൾ ആവശ്യം ഇല്ലാത്തത് ഒന്നും ചിന്തിച്ചു കൂട്ടല്ലേ...
വാവച്ചി ഒന്ന് വീണു... നമ്മുടെ എല്ലാരുടേം അശ്രദ്ധ ആണ് അതിന് കാരണവും.... നീ കൂടുതൽ ആലോചിച്ചു മനസ്സ് വിഷമിപ്പിക്കല്ലേ...
വാവച്ചി അങ്ങനെ ഒന്നും വിചാരിച്ചു കാണില്ല.... വീണതിന്റേം നിന്നെ കാണാത്തതിന്റെയും ഒക്കെ സങ്കടവും പരിഭവവും ആണ് അവളിൽ കണ്ടത്.... അത്രയും ചിന്തിച്ചാൽ മതി....
നിന്നെപ്പോലെ ചങ്കു പറിച്ചു സ്നേഹിക്കുന്ന ജീവൻ കളയാൻ പോലും തയ്യാറായ ഒരമ്മ അവൾക് ഉള്ളപ്പോൾ അതിലും വലുതല്ല ഒരിക്കലും സ്നേഹിച്ചിട്ടില്ലാത്ത പരിഗണിച്ചിട്ടില്ലാത്ത എങ്ങോ ഉള്ളൊരു അച്ഛൻ.... അയാളെ ഒന്നും അച്ഛനെന്നു വിളിക്കാൻ പോലുമുള്ള യോഗ്യത ഇല്ല....
നീ ഒന്ന് സമാധാനപെടു... എന്നിട്ട് ചെന്നൊന്നു കുളിക്ക്... തല തണുക്കട്ടെ.... എല്ലാം ശെരിയാകും....
വെറുതെ വിഷമിപ്പിച്ചു വയ്യായ്ക വരുത്തി വെച്ചാൽ വാവാച്ചിക്കും സങ്കടമാവും... അതുകൊണ്ട് ചെല്ല്... മ്മ് വേഗം.....
അവളെ കുളിക്കാൻ കേറ്റി വിട്ടു ആൻ ഒന്ന് നിന്നു അടഞ്ഞു കിടന്ന വാതിൽ നോക്കി ദീർഘമായി നിശ്വസിച്ചു... കരഞ്ഞു തളർന്ന് ഉറങ്ങിയ വാവച്ചിയെ ഒന്ന് തലോടി മുറിവിട്ടിറങ്ങി.....
ഷവറിന്റെ ചോട്ടിൽ നിൽകുമ്പോഴും മധുവിന്റെ കണ്ണുകൾ തോർന്നിരുന്നില്ല... ചുടു കണ്ണുനീർ കവിൾതടത്തിലൂടെ വെള്ളത്തുള്ളികൾക്കൊപ്പം തെറിച്ചുകൊണ്ടിരുന്നു.... മറക്കാൻ ശ്രമിക്കുന്നത് വീണ്ടും കണ്മുന്നിൽ തെളിഞ്ഞു വന്നതും വെറുപ്പോടെ കണ്ണുകൾ ഇറുക്കി അടച്ചു.....
അല്പനേരം നിന്നു ആശ്വാസം തോന്നിയത്തും ഒരു കോട്ടൺ സാരീ വാരി ചുറ്റി പുറത്തേക്കിറങ്ങി.... അന്ന് പിന്നീട് അതിനെ കുറിച്ച് സംസാരിക്കാൻ ഇരുവരും നിന്നില്ല.... എന്തെല്ലാമോ കഴിച്ചെന്നു വരുത്തി വാവച്ചിയെ നെഞ്ചോടടക്കി പിടിച്ചു അവൾ നിദ്രയെ പുൽകി.....
മറുപുറം വാവച്ചിയുടെ കരഞ്ഞു കലങ്ങിയ മുഖവും രൂപവും ഒപ്പം ആനിൽ നിന്നും കേട്ടറിഞ്ഞ മധുവിന്റെ ജീവതവും എല്ലാം തിരശീല കണക്കെ കണ്മുന്നിലൂടെ കടന്ന് പോകവേ പതിവിലും വേഗത്തിൽ മിടിക്കുന്ന ഹൃദയത്തെ വരുതിയിൽ വരുത്താൻ ശ്രമിച്ചുകൊണ്ട് ആസ്വസ്തമായ മനസോടെ ഒരുവൻ നിദ്രയെ പുൽകാനാവാതെ നിന്നു ....
അവർ ഇരുവരും മനസ്സിൽ കൂടു കൂട്ടാൻ തുടങ്ങിയെന്നറിയാതെ......
തുടരും...

അഭിപ്രായങ്ങള്‍