കബനി | ഭാഗം 3 | ചാന്ദിനി

ആരുടെയോ ഉറക്കെയുള്ള സംസാരവും ചിരിയും കേട്ടാണ് കബനി ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്...

കട്ടിയുള്ള കമ്പളി പുതപ്പ് കൊണ്ട് മൂടി പുതച്ചു കിടന്നത് കൊണ്ടാകും നേരം വെളുത്തതൊന്നും അറിയാതെ പോയത് ...
ബാഗിൽ നിന്നും ഒരു ഓയിൽ സാരി പുറത്തേക്ക് എടുത്ത് വെച്ചു... പല്ല് തേപ്പും കുളിയും പെട്ടെന്ന് കഴിച്ചു...ശ്രീ പറഞ്ഞതുപോലെ നല്ല തണുപ്പ് തോന്നിയെങ്കിലും കുളിക്കാതിരിക്കാൻ
തോന്നിയില്ല ...
സന്ധ്യമ്മാ , എനിക്ക് വിശക്കുന്നു.
ശ്രീയുടെ ശബ്ദം കേട്ടതും കബനി മുടി കുളിപിന്നൽ കെട്ടി മുറിയുടെ പുറത്തേക്ക് ഇറങ്ങി...
അയ്യടാ ആദ്യം ആ കുഞ്ഞിനെ പോയിട്ട് വിളിച്ച് ഉണർത്ത്...
ഇത് എന്തൊരു പാടാ നോക്കണേ ...
വിരുന്നുകാർ വന്നപ്പോൾ നമ്മൾ പുറത്ത് ...
പോടാ ചെക്കാ ... കബനി മോള് ഉണർന്നുകാണും പോയി വിളിച്ച് കൊണ്ട് വാ നീ ...
സന്ധ്യ അല്പം ദേഷ്യപ്പെട്ടു ...
ദേ പോകുവല്ലേ...
ശ്രീ മുഖം ഒന്ന് കോട്ടി അമ്മയുടെ അടുത്ത് നിന്നും എഴുന്നേറ്റതും വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ട് അവൻ്റെ കണ്ണുകൾ വിടർന്നു ...
പെട്ടെന്ന് കബനിയെ സാരിയിൽ കണ്ടതിൻ്റെ ഞെട്ടലിൽ ആയിരുന്നു ശ്രീ...
ആഹാ നീ ഇത് വരെ പോയില്ലേ ... അങ്ങോട്ട് മാറി നിൽക്ക് ഞാൻ പോയി വിളിക്കാം ആ കുട്ടിയെ ...
സന്ധ്യ ഗ്യാസ് സ്റ്റൗ ഓഫാക്കി ശ്രീയെ മാറ്റി നിർത്തി മുന്നിലേക്ക് നടക്കാൻ തുടങ്ങും മുൻപ് കബനി അവർക്കടുത്തേക്ക് എത്തിയിരുന്നു ...
അവളുടെ മുഖത്ത് നിന്നും കണ്ണുകൾ വ്യതി ചലിക്കാത്തതിൽ അൽഭുതം തോന്നി ശ്രീയ്ക്ക് ...
മോളേ വിളിക്കാൻ അമ്മ അങ്ങോട്ടേക്ക് വരാൻ ഒരുങ്ങുവായിരുന്നു ... ഉറക്കം ഒക്കെ നന്നായിരുന്നോ ? ഇന്നലെ നിങ്ങളെ കുറച്ച് നേരം കാത്തിരുന്നത് ആയിരുന്നു അമ്മയ്ക്ക് ഈ വെരിക്കോസിൻ്റെ അസുഖം ഉണ്ടേ അധിക സമയം തണുപ്പത്ത് നിൽക്കാൻ പറ്റില്ല...മോൾക്ക് വിഷമം ആയോ രാത്രി ആരെയും കാണാത്തതിൽ ?
മോളേ എന്ന വിളി കേട്ട് കബനിയുടെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു ... അമ്മയ്ക്ക് ശേഷം മറ്റൊരാളാൽ പരിഗണിക്കപ്പെടാതെ പോയവൾ ഇന്ന് അവിചാരിതമായി വന്ന് ചേർന്നവരിൽ അഭയം തേടുന്നു നഷ്ടപ്പെട്ട സ്നേഹവും പരിചരണവും ആവോളം ആസ്വദിക്കുന്നു ...
ഇല്ല അമ്മേ , ശ്രീ ഇന്നലെ വരുമ്പോഴും പറഞ്ഞിരുന്നു അമ്മ ഞങ്ങളെ കണ്ടില്ലെങ്കിൽ കിടന്നുറങ്ങുമെന്ന് അതുകൊണ്ട് സങ്കടം ഒന്നും തോന്നിയില്ല.
മ്മ് ... അയ്യോ ഇത് എന്തിനാ രാവിലെ തന്നെ കുളിച്ചത് ... ഇവിടുത്തെ തണുപ്പിന് രാവിലത്തെ കുളി ഒട്ടും പറ്റില്ല ... നിൽക്ക് ഞാൻ കുറച്ച് രാസനാതി പൊടി എടുത്തിട്ട് വരാം ...അത് നെറുകിൽ ഇട്ട് ഒന്ന് തിരുമ്മി കൊടുത്താൽ മതി നീര് ഇറങ്ങില്ല ...
അമ്മേ അതൊന്നും എനിക്ക് ശീലമില്ല ...
ഇങ്ങനെ ഒക്കെ അല്ലേ ഓരോന്നും ശീലിക്കുന്നത് ... മോൾക്ക് അറിയോ ഇവൻ ഇവിടെ വരുമ്പോഴൊക്കെ ഓരോ പൊതി ഞാൻ കൊടുത്ത് വിടും ... അവിടെ എത്തി കഴിഞ്ഞാൽ പിന്നെ അതൊന്ന് തൊട്ട് നോക്കുക കൂടിയില്ല ... ബാഗിൽ ഏതെങ്കിലും മൂലയിൽ തിരുകി വെച്ചത് പിന്നെ ഞാൻ തന്നെ എടുത്ത് കളയും. അതിൽ പിന്നെ ആ പരിപാടി ഞാൻ നിർത്തി ...
ശ്രീയുടെ ചെവിയിൽ അമ്മയുടെ പരാതി പറച്ചിൽ ഒന്നും പതിഞ്ഞിട്ടില്ല ... അവൻ ഇപ്പോഴും കബനിയുടെ ഭംഗി ആസ്വദിക്കുന്ന തിരക്കിലാണ് ...
കണ്ടോ ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും അവന് എന്തെങ്കിലും ഒരു മറുപടി ഉണ്ടോ നോക്കിക്കേ ...
ടാ...
ഇവൻ എന്താ ഇങ്ങനെ അന്തം വിട്ട് നോക്കി നിൽക്കുന്നത് ...
അപ്പോഴാണ് കബനിയുടെ കണ്ണുകൾ അവനിലേക്ക് ചെന്നത് ... തമ്മിൽ നോട്ടം ഇടഞ്ഞതും കബനി വേഗം കണ്ണുകൾ പിൻവലിച്ചു ... ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അവൻ കാണാതെ ഇരിക്കാൻ അവൾ പാടുപെട്ടു ...
ഇത്ര നാൾ അപരിചിതമായതെന്തോ അവളെ മുഴുവനായി വന്ന് പൊതിയുന്നത് പോലെ തോന്നി കബനിയ്ക്ക് ... ഒരു പക്ഷേ തൻ്റെ ഉള്ളിൽ ഉണ്ടായ ചിന്തകളുടെ വേലിയേറ്റം ഈ നിമിഷം അവനിലും ഉണ്ടായിരിക്കാം ... അല്ലെങ്കിൽ ഇനി ...
കബനി മോൾക്ക് ചായ ആണോ കാപ്പി ആണോ കുടിച്ച് ശീലം ...?
സന്ധ്യ ചോദ്യത്തോടൊപ്പം ഗ്യാസ് സ്റ്റൗ ഓൺ ആക്കി പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വെച്ചു...
അങ്ങനെയുള്ള നിർബന്ധങ്ങൾ ഒന്നും ഇല്ലമ്മേ...എന്ത് ആണെങ്കിലും എനിക്ക് കുഴപ്പമില്ല ...
ഏത് സാഹചര്യത്തിലും പൊരുത്തപ്പെട്ട് ജീവിക്കാൻ കഴിയണമെങ്കിൽ ഒന്നിനോടും അധിക ഭ്രമം ഇല്ലാതെ ഇരിക്കുന്നത് ആണ് നല്ലത് ...
സന്ധ്യയും കബനിയും പെട്ടെന്ന് തന്നെ കൂട്ടായി ... ശ്രീയുടെ അമ്മ എന്നതിൽ ഉപരി എന്തും തുറന്ന് പറയാനുള്ള അടുപ്പം അവരോട് അവൾക്ക് ഉള്ളിൽ തോന്നി തുടങ്ങി...
അവർ തമ്മിലുള്ള സംസാരം നീണ്ടു പോകുന്നത് കണ്ട് ശ്രീ പെട്ടെന്ന് അവർക്ക് ഇടയിലേക്ക് ഇടിച്ചു കയറി...
അതേ ഈ ഉള്ളവന് വിശക്കുന്നു ... രണ്ട് മൂന്ന് ദിവസം ഇയാളിവിടെ തന്നെ കാണും അമ്മയ്ക്ക് എത്ര നേരം വേണമെങ്കിലും ആളോട് സംസാരിക്കാൻ സമയമുണ്ട് ....
ഓ ഈ ചെക്കൻ്റെ ഒരു കാര്യം ...
നീ ആദ്യം പോയി കുളിച്ചിട്ട് വാ ശ്രീ ... അപ്പോഴേക്കും ഞങ്ങളിതൊക്കെ എടുത്ത് വെക്കാം...
ശരി ... കബനി ഒരു പത്ത് മിനിറ്റ് ഞാൻ ഓടിപ്പോയി കുളിച്ചേച്ചും വരാം... കഴിച്ച് കഴിഞ്ഞിട്ട് നമുക്ക് ഇവിടെ മൊത്തം ചുറ്റികാണാം ...
കൂട്ടി കൊണ്ടു പോകുന്നത് ഒക്കെ കൊള്ളാം... വൈകുന്നേരം ആന ഇറങ്ങുന്നതിന് മുമ്പ് കൊച്ചിനെ തിരിച്ച് വീട്ടിൽ എത്തിച്ചേക്കണം ...
ആന എന്ന് കേട്ടതും കബനി ഞെട്ടി തരിച്ചു കൊണ്ട് ശ്രീയെ നോക്കി ...
പേടിക്കണ്ടടോ അവൻ ഇടയ്ക്ക് ഒന്ന് നാട്ടുകാരെ കാണാൻ മല ഇറങ്ങി വരും ... ഉപദ്രവകാരി ഒന്നുമല്ല ...
അമ്മ തന്നെ വെറുതെ പേടിപ്പിക്കുന്നതാ...
അതൊന്നുമല്ല കുഞ്ഞേ കഴിഞ്ഞ ദിവസം മല കാണാൻ വന്ന കോളേജ് പിള്ളേർ തലനാരിഴയ്ക്ക് ആണ് രക്ഷപ്പെട്ടത് ...
അത് പിന്നെ , പിള്ളേർ സ്ഥലം കാണാൻ വന്നാൽ അത് കണ്ടിട്ട് പോണം ... അല്ലാതെ കുരുത്തക്കേട് കാണിച്ചാൽ ഇങ്ങനെ ഇരിക്കും ...
മ്മ് ... നിനക്ക് പിന്നെ എല്ലാത്തിനും ഓരോ ന്യായങ്ങൾ ഉണ്ടല്ലോ ...
സന്ധ്യ കെറുവിച്ച് കൊണ്ട് പിൻഭാഗം ലക്ഷ്യമാക്കി നടന്നു...
പറഞ്ഞത് ഇഷ്ടപ്പെട്ടിട്ടില്ല ...
ശ്രീ അവളുടെ ചെവിയോരം ചേർന്ന് പതിയെ പറയുമ്പോൾ കബനിയിൽ അത് ഒരു വിറയൽ സൃഷ്ടിച്ചു ...
ശ്വാസം കവിളിൽ മെല്ലെ തട്ടി തെറിച്ച ഞെട്ടലിൽ കബനി പെട്ടെന്ന് അവനിൽ നിന്നും അല്പം നീങ്ങി നിന്നു...
എന്താടോ ഇന്നലെ രാത്രി വരെ ഞാൻ തൻ്റെ കൂടെ തന്നെ അല്ലേ ഉണ്ടായിരുന്നത് ? ഇപ്പോ എന്ത് പറ്റി ആകെ ഒരു വെപ്രാളം പോലെ ...
ഒന്നുമില്ല ശ്രീ , താൻ പെട്ടെന്ന് അടുത്ത് വന്നു നിന്നപ്പോൾ ഞാനൊന്ന് പേടിച്ചു പോയി... ആരും ഇത്ര സ്വതന്ത്രമായി എൻ്റെ അടുത്ത് ഇടപെട്ടിട്ടില്ല ...അതിൻ്റെ ഒരു ...
മുഖത്ത് നോക്കാതെ മറുപടി പറയുന്നവളുടെ അടുത്തേക്ക് അവൻ പതിയെ ചുവടുകൾ വെച്ചു ...
കബനി , എനിക്ക് ഇത് പറയാതിരിക്കാൻ വയ്യ ... താൻ ഒരു കൊച്ചു സുന്ദിരി ആണുട്ടോ ...ഈ സാരി തനിക്ക് നന്നായി ചേരുന്നുണ്ട് ... പിന്നെ
നീ ഇത് വരെ പോയില്ലേ ...??
ദേ പോയി ...
ശ്രീ നിരാശയോടെ അവിടെ നിന്ന് പിൻവാങ്ങി...
ശ്രീ പോയ ആശ്വാസത്തിൽ കബനി എളുപ്പം പലഹാരവും കറിയും ഒരു ട്രേയിൽ എടുത്ത് ടേബിളിൽ വെച്ചു ... സന്ധ്യ ചായ കൂടി എടുത്ത് വെച്ച് കഴിക്കാൻ ഇരുന്നു ... അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ടീ ഷർട്ടും കാവി മുണ്ടും ധരിച്ച് ശ്രീ ഓടിപാഞ്ഞെത്തി...
നിൻ്റെ കുളി ഇത്ര പെട്ടെന്ന് കഴിഞ്ഞോ...?
പിന്നെ ... അമ്മ ആ പാലപ്പം ഇങ്ങോട്ടേക്ക് വിളമ്പിയെ...മനുഷ്യന് അതിൻ്റെ സ്മെൽ അടിച്ചിട്ട് ഇരിക്കപൊറുതിയില്ല ...
തരാടാ ഇങ്ങനെ ഒരു കൊതിയൻ...
പിന്നീടുള്ള ഓരോ നിമിഷവും അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു കബനി...
ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ തന്നെ കബനിയെയും കൂട്ടി ശ്രീ നാട് കാണാൻ ഇറങ്ങി ...
തേയില തോട്ടങ്ങൾക്ക് ഇടയിലൂടെ പ്രിയപ്പെട്ടവൻ്റെ കൂടെ ഉള്ള ഓരോ നിമിഷവും അവൾ മതിവരുവോളം ആസ്വദിച്ചു ... ഓരോ സ്ഥലത്തെ പറ്റിയും ശ്രീ വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു ... വഴിവക്കിൽ കാണുന്ന പരിചിത മുഖങ്ങളിൽ താനാരാണെന്ന് അറിയാനുള്ള വ്യഗ്രത നിറഞ്ഞു നിന്നു ...
ശ്രീ , അവരുടെ നോട്ടം അത്ര പന്തിയല്ല ...
തനിക്ക് ഫീൽ ആയോ ... കഴിഞ്ഞ ദിവസം നമ്മൾ രണ്ട് പേരെ കണ്ടത് ഓർക്കുന്നുണ്ടോ ?
ഉവ്വ് ...
ഹാ..അവന്മാർ കൃത്യമായി നമ്മളെ പറ്റി ഇവിടെ ന്യൂസ് എത്തിച്ചിട്ടുണ്ട് ...അതിൻ്റെയാ ചോദ്യവും വിസ്താരവും ഒക്കെ ... പിന്നെ പ്രായപൂർത്തി ആയ രണ്ട് പേര് ഒരുമിച്ച് നടന്നാൽ ഇവിടെ ആകാശം ഇടിഞ്ഞു വീഴുമെന്നാ അവന്മാരുടെ ഒക്കെ വിചാരം...
ശ്രീയ്ക്ക് എല്ലാം നിസ്സാരമാണ് ...
തീർച്ചയായും ... എടോ ഞാൻ ഒരു കാര്യം പറയട്ടെ ... ഈ മാർക്ക് ഇടുന്നവന്മാരുടെ ചിലവിൽ ആണോ നമ്മളൊക്കെ കഴിയുന്നത് ... അല്ല ... അവരെ കൊണ്ട് കുറ്റം കണ്ട് പിടിക്കുക എന്നല്ലാതെ എന്തെങ്കിലും ഉപകാരം ഉണ്ടോ അതും ഇല്ല... പിന്നെ ഇവരെ ഒക്കെ പേടിച്ച് ജീവിക്കണോ... വേണ്ട ...
താൻ വീട് ആകുന്ന ചട്ടക്കൂടിൽ ജീവിച്ചത് കൊണ്ട് ഞാൻ പറയുന്നതും പ്രവർത്തിക്കുന്നതും വിചിത്രമായി തോന്നുന്നതാണ് ... സത്യം പറ തൻ്റെ ഉള്ളിലും ഉണ്ടായിരുന്നില്ലേ ഒന്നിനെയും ആരെയും പേടിക്കാതെ പറന്നു നടക്കണമെന്ന് ... പൂർണ്ണ സ്വാതന്ത്യത്തോടെ ഇഷ്ടങ്ങളെ പൂർത്തീകരിച്ച് ജീവിക്കണമെന്ന് ...
ശ്രീ നടന്നു കയറിയ മലഞ്ചെരുവിൽ പതിയെ ഇരുന്നുകൊണ്ട് അവളോട് ചോദിച്ചു...
ഇല്ലെന്ന് പറഞ്ഞാ കള്ളം ആയി പോകും ശ്രീ ... തന്നോട് ഞാൻ പറഞ്ഞതല്ലേ എൻ്റെ കാര്യങ്ങളൊക്കെ ... അനുസരണ ശീലം കൂടുതലും പ്രതികരണശീലം കുറവും ഉള്ള കൂട്ടത്തിൽ ആണ് ഞാൻ ...
സത്യത്തിൽ പേടി ആയിരുന്നു ഒറ്റയ്ക്ക് കഴിയാൻ ഒറ്റയ്ക്ക് എന്തിനെങ്കിലും ഇറങ്ങി പുറപ്പെടാൻ ... തന്നെ പോലെ ഒരു കൂട്ടുകാരൻ പോലും എനിക്ക് ഉണ്ടായിട്ടില്ല ... ഒരുപക്ഷേ , ഇത്തരത്തിൽ ഒരു സൗഹൃദം എനിക്ക് പണ്ടേ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ കുറച്ച് കൂടി ബോൾഡ് ആയി പെരുമാറിയിരിക്കാം...
ആഹാ അങ്ങനെ ആണോ ... ഇപ്പോ തനിക്ക് നല്ല ധൈര്യം തോന്നുന്നുണ്ടോ അപ്പോ ?
കളിയല്ല ശ്രീ ... എനിക്ക് ഇപ്പോ കുറച്ച് മനസ്സുറപ്പ് തോന്നുന്നുണ്ട്...
കബനി വാ ഈ മലഞ്ചെരുവ് കഴിയുന്ന ഇടത്തെ കാഴ്ച്ച കാണാതെ പോയാൽ അത് വലിയ നഷ്ടമാകും ...
ശ്രീ വേഗം അവളുടെ ചിന്തകളെ വ്യതിചലിപ്പിച്ച് വിട്ടു... അവളുടെ കൈകളെ പൊതിഞ്ഞു പിടിച്ച് ബാക്കിയുള്ള ദൂരം അവൻ വേഗത്തിൽ താണ്ടി ...
ശ്രീ പറഞ്ഞത് ശരിയാ ഇവിടെ നിൽക്കാൻ ഈ കാഴ്ച്ച കാണാൻ ഒക്കെ എന്ത് രസമാ... മലമുകളിൽ നിന്നും താഴേക്ക് കാണുന്ന കാഴ്ചകൾ സസൂക്ഷ്മം വീക്ഷിക്കുന്ന കബനിയെ അവൻ സ്നേഹത്തോടെ നോക്കി നിന്നു...
പെട്ടെന്നാണ് ഒരു ഇടിമുഴക്കം അവിടെ മുഴങ്ങിയത് ...
ശ്രീ മഴ വരുന്നുണ്ട് ... നമുക്ക് തിരിച്ച് പോകാം ...
ആകാശത്ത് കൂട് കൂട്ടുന്ന കാർമേഘങ്ങൾ കബനി പറഞ്ഞത് ശരിവെച്ചു ...
പോകാം ഇവിടെ നിന്ന് ഇറങ്ങുമ്പോഴേക്കും മഴ നമ്മളെ നനയ്ക്കുമെന്നാ തോന്നുന്നത് ...
പറഞ്ഞ് നിന്ന് നേരം കളയാതെ ,
എളുപ്പം പോകാം ശ്രീ ...
പോയേക്കാം ...
ശ്രീ അവളെ ശ്രദ്ധയോടെ താഴേക്ക് ഇറങ്ങാൻ സഹായിച്ചു ... ഒരു വിധത്തിൽ മല ഇറങ്ങി എങ്കിലും ചെറുതുള്ളികളാൽ മഴ അതിൻ്റെ വരവ് അറിയിച്ച് തുടങ്ങിയിരുന്നു...
ശ്രീ കാർ എടുത്ത് വന്നാൽ മതി ആയിരുന്നു ... ഇതിപ്പോ ആകെ നനയുലോ ഈശ്വരാ ...
കാഴ്ചയിൽ കാട് പോലെ തോന്നിക്കുന്ന ഇടത്തിൽ കയറി നിൽക്കാൻ പാകത്തിന് ഒരു കൂരപോലും അവിടെ ഉണ്ടായിരുന്നില്ല ...
പേടിക്കണ്ട ദേ ആ കാണുന്ന മരത്തിൽ ഒരു ഏറുമാടം ഉണ്ട് ... മഴ ചോരുന്നത് വരെ നമുക്ക് അവിടെ കയറി നിൽക്കാം...
ശ്രീ അവളെ സമാധാനിപ്പിച്ച് നടക്കുമ്പോഴേക്കും മഴ ആർത്ത് പെയ്തു തുടങ്ങി... കബനിയും ശ്രീയും മുഴുവനായും നനഞ്ഞു കുതിർന്നു ...
ശ്രീ ആ പെരുംമഴയിൽ അവളെയും കൊണ്ട് ഏറുമാടത്തിലേക്ക് വേഗത്തിൽ കയറി കൂടി...
എന്തൊരു മഴയാ ഇത് ? മനുഷ്യൻ ആകെ നനഞ്ഞു കുളിച്ചു...
അപ്പോ ഞാനോ ... ഇനി ഈ വേഷത്തിൽ വീട്ടിൽ കയറി ചെന്നാൽ അമ്മ നമ്മളെ ശരിയാക്കും ...
ആഹ് അത് ശരിയാ ... ശ്രീയ്ക്ക് ഇന്ന് അമ്മയുടെ വക വഴക്ക് ഉറപ്പാ ...
കബനി ചിരിച്ചുകൊണ്ട് സാരിയിലെ വെള്ളം മെല്ലെ പിഴിഞ്ഞ് കളഞ്ഞു...
മഴയുടെ ശക്തി കൂടിയത് അല്ലാതെ കുറഞ്ഞതേയില്ല...
ഇത് ഇപ്പോഴൊന്നും ചോരുന്ന ലക്ഷണം ഇല്ലാട്ടോ കബ‌നി, മിക്കവാറും ഇന്ന് ഇവിടെ കഴിച്ച് കൂട്ടേണ്ടി വരും നമുക്ക്...
അയ്യോ ഈ കാട്ടിലോ ...
അതേ പിന്നെ മഴയത്ത് നമ്മൾക്ക് എന്ത് ചെയ്യാൻ പറ്റും...
ശ്ശോ...
കബനി സങ്കടത്തോടെ ചുറ്റും നോക്കി...മഴ തകർത്ത് പെയ്യുന്നത് കൊണ്ട് ആകെ മൊത്തം രാത്രി സമയം പോലെ തോന്നിച്ചു ...
പേടിക്കണ്ടാട്ടോ ഇത് ഇപ്പോ കുറയും ... മഴ കുറഞ്ഞാൽ നമുക്ക് വീട്ടിൽ പോകാം...
മ്മ് ...
ശ്രീ അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും ഒപ്പിയെടുക്കുന്ന തിരക്കിൽ ആയിരുന്നു ... അതിനിടയിൽ എപ്പോഴോ അവൻ്റെ നോട്ടം അവളുടെ മുഖത്ത് പറ്റിപ്പിടിച്ച് നിൽക്കുന്ന വെള്ളത്തുള്ളികൾ സ്വന്തമാക്കി ... ഒന്നിൽ നിന്ന് ഒന്നിലേക്ക് ചേർന്ന് നീർച്ചാലുപോലെ അവ അവളുടെ ശരീരത്തിലേക്ക് സഞ്ചാര പാത കണ്ടെത്തി കൊണ്ടിരുന്നു ...
ഇനിയും നോട്ടം തുടർന്നാൽ ശരിയാകില്ല എന്ന് കരുതി ശ്രീ പുറത്തേക്ക് നോട്ടം മാറ്റി ...
ഏറുമാടം ഉപയോഗ ശൂന്യമായത് ആണെങ്കിലും ആരോ മറന്ന് വെച്ച ഒരു കമ്പിളി പുതപ്പ് കബനിയുടെ കണ്ണിൽപ്പെട്ടു ... അവൾ അത് വേഗത്തിൽ എടുത്ത് നിലത്ത് വിരിച്ചു അതിൻ്റെ മുകളിൽ കയറി ഇരുന്നു...
ശ്രീ , ഇവിടേക്ക് വന്നിരുന്നോ ... തണുപ്പിന് കുറച്ച് ആശ്വാസം കിട്ടും ...
വേണ്ടടോ താൻ അത് പുതച്ച് ഇരുന്നോ എനിക്ക് ഇതൊക്കെ ശീലം ആണ് ...
പറയുന്നത് കേൾക്കൂ ശ്രീ ...
ശ്രീയ്ക്ക് അവളുടെ അടുത്തേക്ക് പോകാൻ നേരിയ ഭയം തോന്നി...അല്പം മുൻപ് തൻ്റെ ഉള്ളിൽ ഉണ്ടായ ചിന്തകൾ അവൻ്റെ നിയന്ത്രണം തെറ്റിക്കുമോ എന്ന തോന്നൽ അവനിൽ ശക്തമായിരുന്നു ...
കബനിയുടെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ ശ്രീ അവളോടൊപ്പം ആ പുതപ്പിൽ ചെന്നിരുന്നു ...
ഇടിയും മിന്നലും ഒന്നിച്ച് ഭൂമിയിൽ എത്തിയ വേളയിൽ കബനി പേടിച്ച് കൊണ്ട് ശ്രീയെ കെട്ടിപിടിച്ചു ...
ശ്രീ ഒരു നിമിഷം തറഞ്ഞു പോയി ... അവളുടെ ശരീരത്തിലെ തണുപ്പ് അവനിൽ ചേർന്ന് ചെറു ചൂട് പകർന്നതും വല്ലാത്ത ഒരു അവസ്ഥയിൽ എത്തിയിരുന്നു ശ്രീ ...
കബനി എടോ...
എനിക്ക് പേടിയാ ... ഇടിയും മിന്നലും മഴയും എനിക്ക് ... എനിക്ക് എൻ്റെ അമ്മയെ നഷ്ടപ്പെട്ടത് ഇതുപോലെ ഒരു രാത്രിയിലാ ശ്രീ ... എനിക്ക് പേടിയാ...
ശ്രീ അവളെ തന്നിലേക്ക് കൂടുതൽ അമർത്തി പിടിച്ചു...
ഇല്ലടോ ഒന്നും ഇല്ല ... ഞാൻ ഇല്ലേ കൂടെ ...ഇങ്ങനെ പേടിക്കാതെ ...
ശ്രീ അവളെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും കബനി നിർത്താതെ അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു ...ഒടുവിൽ സഹികെട്ട് ശ്രീ അവളുടെ മുഖം കൈകളിൽ താങ്ങി നിർത്തി അവളുടെ ചുണ്ടുകളെ മുഴുവനും തൻ്റേത് ആക്കി മാറ്റി ...അവൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ മുഴുവനായും കവർന്നെടുത്തു ...
കബനി ആദ്യം ഒന്ന് തരിച്ചുവെങ്കിലും... ശക്തിയിൽ അവളവനെ തള്ളിമാറ്റി ...
കബനി ... ഞാൻ
വേണ്ട ശ്രീ ...
കൈവിട്ടു പോയ ഒരു നിമിഷം സംഭവിച്ചത് ആണ് മനസ്സ് മറ്റെന്തോ കൊതിച്ച് തുടങ്ങിയിരിക്കുന്നു ...
ശ്രീയ്‌ക്ക് ഉള്ളിൽ നിരാശ പടർന്നു ...തന്നെ അവൾ തെറ്റിദ്ധരിച്ച് കാണും ഉറപ്പ്...
ശ്രീ അവളുടെ അടുത്ത് നിന്നും വേഗം എണീറ്റ് മാറി ...
കുറച്ച് സമയം അവർക്കിടയിൽ മൗനം സ്ഥാനം പിടിച്ചു... മഴ അതിൻ്റെ പെയ്ത്തു തുടർന്ന് കൊണ്ടിരുന്നു ...
🍃🍃🍃🍃🍃🍃🍃🍃🍃🍃
(തുടരും )

അഭിപ്രായങ്ങള്‍