ഭദ്ര | ഭാഗം 2 | ആതിര

 

"ഹരിയേട്ടന് ദേഷ്യമാണോ..." കുളപ്പടവിൽ തനിയെ ഇരിക്കുന്ന ഹരിയുടെ അരികിലേക്ക് ചെന്ന് കൊണ്ട് ഗൗരി ചോദിച്ചു.

"ദേഷ്യോ എന്തിന്."

"ഹരിയേട്ടൻ തൊഴുമ്പോൾ ഞാനും ഉണ്ടായിരുന്നല്ലോ അരികിൽ. പക്ഷേ ഹരിയേട്ടൻ കാണാത്തത് പോലെ പോണത് കണ്ടു. അത്കൊണ്ട് ചോദിച്ചതാ." അവനിരിക്കുന്നതിനും ഒരുപടവ് മുകളിലായി ഗൗരിയും ഇരുന്നു.

"ഭദ്ര വന്നില്ലേ."

"വരുന്നില്ലെന്ന് പറഞ്ഞു."

"മ്മ്..."

മൗനമായിരുന്നു ഏറെ നേരം. ഹരിയുടെ മനസ്സിൽ ഭദ്രയായിരിക്കണമെന്ന് തോന്നി ഗൗരിയ്ക്ക്. 

കലങ്ങി മറിയുന്നുണ്ടായിരുന്നു ഹരിയുടെ മനസ്സ്... ദേവനെ കുറിച്ച് ചോദിക്കണമെന്നുണ്ട്. പക്ഷേ ഇതുവരെ ഗൗരിയോ ഭദ്രയോ തന്നോട് ഒന്നും പറയാതിരുന്ന ആളെ കുറിച്ച് ചോദിക്കാൻ ഒരു മടി പോലെ.

"ദേവേട്ടന്റെ കാര്യാണോ ആലോചിക്കണേ." ഗൗരിയുടെ ചോദ്യം കേൾക്കവേ അത്ഭുതം തോന്നി ഹരിയ്ക്ക്. കൃത്യമായി അവൾ തന്റെ മനസ്സ് വായിച്ചിരിക്കുന്നു.

"സത്യം പറഞ്ഞാൽ അതെ." നോട്ടം അങ്ങേ പടവിലേക്ക് പായിച്ചു കൊണ്ട് ഹരി പറഞ്ഞു.

"ദേവേട്ടനെ പറ്റി ഒന്നും അറിഞ്ഞിരുന്നില്ലേ ഹരിയേട്ടൻ."

"ഇതുവരെ കേട്ടിരുന്നില്ല... പക്ഷേ ഇന്നൊന്ന് കേട്ടു." ഒന്ന് നിർത്തി ഗൗരിയെ നോക്കി ഹരി വീണ്ടും തുടർന്നു...

"ഞാനിവിടെ വന്ന് ഈ ഒരു മാസത്തിനിടെ എനിക്കാകെ അടുപ്പം നിങ്ങളുടെ വീടിനോടാണ്. ദേവനെ പറ്റി ഇടയ്ക്ക് എന്തൊക്കെയോ ഞാൻ ചോദിച്ചിരുന്നു... സംഭാഷണങ്ങളിലേക്ക് ആ പേര് കടന്നു വരുമ്പോഴൊക്കെ പലപ്പോഴും ഞാൻ ചോദിച്ചിരുന്നു ദേവൻ എവിടെ ആണെന്ന്.

ഗൗരി വിഷയം മാറ്റാറാണ് പതിവ്. ഭദ്രയ്ക്ക് മൗനമാണ്. അത് അയാളോടുള്ള പ്രണയമായിരുന്നെന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നു.

പലപ്പോഴും പലയിടങ്ങളിലും ആ പേര് ഞാൻ കേട്ടിരുന്നിരിക്കണം പക്ഷേ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഇന്ന് ചായക്കടയിൽ കേട്ടു. ദേവൻ വരാറായെന്ന്. ആദ്യമായി ആ പരദൂഷണസംഘത്തിന്റെ വാക്കുകൾക്ക് ഞാൻ കാതോർത്തു.

കൊല കുറ്റത്തിന് ജയിലിൽ കിടക്കുന്ന ദേവന് വേണ്ടി കാത്തിരിക്കുന്ന ഭദ്രയെ പറ്റി അവർക്ക് ആർക്കും അറിയില്ലാന്ന് തോന്നുന്നു. ശെരിയല്ലേ." പറഞ്ഞു നിർത്തുമ്പോൾ അവന്റെ ശബ്ദത്തിൽ പുച്ഛം കലർന്നിരുന്നു.

"അതെ കൊലപ്പുള്ളിയാണ് എന്റെ ദേവേട്ടൻ. പക്ഷേ ഞങ്ങൾക്കൊക്കെ എല്ലാമാണ്. പ്രേത്യേകിച്ചു എന്റെ ഭദ്രേച്ചിക്ക്"

"അച്ഛൻ ഇല്ലാത്ത ഭദ്രയെയും അമ്മയെയും നോക്കുന്നതിന് ഗൗരിടെ അച്ഛൻ വിധിച്ചതാണോ ഭദ്രയെ ദേവന്."

"പുച്ഛം തോന്നുന്നുണ്ടോ ദേവേട്ടനോട്. കൊലപ്പുള്ളിയാണെന്ന് ഇന്നും ഈ നാട് പോലും അംഗീകരിച്ചു തുടങ്ങിയിട്ടേയുള്ളൂ. കാരണം എന്റെ ദേവേട്ടൻ അങ്ങനെ ഒന്നും ആയിരുന്നില്ല.

ഇന്നും ആ പേര് ഞങ്ങൾക്കൊക്കെ നൽകുന്ന ധൈര്യമുണ്ട്... അകലെ ഇരുന്ന് ജീവിക്കാൻ തരുന്ന ഊർജ്ജം.

അങ്ങനെയുള്ള ദേവേട്ടനെ എന്റെ ഭദ്രേച്ചി ഇനിയും കാത്തിരിക്കും.. അവസാന ശ്വാസം വരെ.

ഇന്നും പറേണത് എന്റെ ഭദ്രേടെ കൂടെ ഉണ്ടാവണം എന്നാ. ഞാൻ വരുന്നത് വരെ നോക്കണം എന്നാ.

നോക്കും. കണ്ണിലെണ്ണ ഒഴിച്ചു ഞങ്ങളൊക്കെ കൂട്ടിരിക്കും. എന്റെ ദേവേട്ടന്റെ പെണ്ണ് ആയി ഭദ്രേച്ചി കയറി വരുന്നത് കാണാൻ കൊതിക്കുന്ന ചില ജന്മങ്ങളുണ്ട്... ആത്മാക്കളുണ്ട്..." വിതുമ്പി പോയിരുന്നു ഗൗരി. പറഞ്ഞു പോയത്തിലെ പിഴവിനെ പഴിക്കുകയായിരുന്നു ആ നിമിഷം ഹരിയും.

"ഗൗരി ഞാൻ.. " കേൾക്കാൻ നിന്നില്ല ഗൗരി... എണീറ്റ് കണ്ണുകൾ തുടച്ചു പടവുകൾ ഓടി കയറി. തന്റെ ദേവേട്ടന്റെ പേര് പറയുമ്പോഴൊക്കെ ഹരിയുടെ സ്വരത്തിലെ പുച്ഛം ഓർക്കവേ ഉള്ള് പൊള്ളിയിരുന്നു ആ പെണ്ണിന്.

ഓടി ചെന്ന് കയറിയത് ദേവന്റെ മുറിയിലേക്കായിരുന്നു. തലയിണയിൽ മുഖമമർത്തി കരയുമ്പോഴാണ് തൊട്ടരികിൽ ആരുടെയോ സാമിപ്യമവൾ അറിഞ്ഞത്.

"എന്തിനാ ഗൗരിമോള് കരെണെ."

"ഒന്നുല്ല അപ്പച്ചി."

"അപ്പച്ചിയോട് നുണ പറെയാ മോള്... മനസ്സ് നന്നായി വേദനിച്ചിരിക്കണു എന്റെ കുട്ടീടെ. അല്ലെങ്കിൽ പിന്നെ ദേവന്റെ മുറിയിൽ വന്നിങ്ങനെ കരയോ."

"അപ്പച്ചി..." ഉച്ചത്തിൽ അവരെ വിളിച്ചു നെഞ്ചിൽ മുഖമമർത്തിയവൾ കരഞ്ഞു. എന്തൊക്കെയോ പതം പറഞ്ഞു കരയുന്നവളിൽ നിന്നും ഇടയ്ക്കിടെ ദേവന്റെ പേര് മാത്രം അവ്യക്തമായി കേട്ടിരുന്നു സേതു ലക്ഷ്മി.

"ഗൗരി..." പൊതുവാളിന്റെ ഉച്ചത്തിലുള്ള വിളി കേൾക്കുമ്പോഴാണ് ഗൗരി സേതുവിൽ നിന്നും അടർന്നു മാറിയത്.

ഉമ്മറത്തേക്ക് ചെല്ലുമ്പോൾ പൊതുവാളിനോട് എന്തോ പറഞ്ഞിരിക്കാണ് ഹരി. ഗൗരിയ്ക്ക് നേരെ നീളുമ്പോൾ ആ കണ്ണുകളിൽ പശ്ചാത്താപമായിരുന്നു.

"സോറി ഗൗരി. ഞാൻ.. ഞാനങ്ങനെ അറിയാതെ പറഞ്ഞതാണ്. സോറി. തനിക്കിത്ര സങ്കടം ഉണ്ടാകുമെന്ന് കരുതിയില്ല." പടിപ്പുര കടന്ന് പാടവരമ്പത്തൂടെ നടക്കുമ്പോൾ ഇരുവർക്കുമിടയിലെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് ഹരി പറഞ്ഞു.

"ഗൗരിടെ ദേഷ്യം മാറിയില്ലെ..."

"ദേഷ്യമൊന്നുമില്ല."

"മ്മ്... ഭദ്രയെ പിന്നെ കണ്ടില്ല. എന്താ എന്റെ മുൻപിൽ വരാൻ ഭദ്രയ്ക്ക് എന്തെങ്കിലും..."

"മ്മ്.. ഇണ്ട്. ലേശം ബുദ്ധിമുട്ട് ഉണ്ട്. ദേവേട്ടൻ അല്ലാതെ മാറ്റാരും ഭദ്രേച്ചിയെ നെഞ്ചിൽ കൊണ്ട് നടക്കണത് ഭദ്രേച്ചിക്ക് ഇഷ്ടല്ല... ഭദ്ര ദേവന്റേത് ആണ്... ദേവന്റേത് മാത്രം." വാക്കുകളിലെ മുറുക്കം മുഖത്തും പ്രകടമായിരുന്നു ഗൗരിടെ.

ഹരിയെ വേദനിപ്പിക്കണം എന്നില്ല. അവന് നോവുമ്പോൾ പൊള്ളുന്നൊരു ഹൃദയമുണ്ട് ആ പെണ്ണിന്റെയുള്ളിൽ. പക്ഷേ ദേവന്റെ പേര് പറയുമ്പോൾ അവനിൽ കണ്ട പുച്ഛം വല്ലാതെ നോവിച്ചിരുന്നു അവളെ.

"ദേവൻ എന്നാ വരാ?"

"അടുത്ത ആഴ്ച."

"അപ്പോൾ രണ്ട് പേരുടെയും വിവാഹം ഉണ്ടാവോ."

"മ്മ് ഇണ്ടാവും..."

ഒന്ന് പിടഞ്ഞിരുന്നോ തന്റെ ഹൃദയം. ഒന്നും പുറമെ ഭാവിക്കാതെ ഹരി ഗൗരിയ്ക്കൊപ്പം നടന്നു.

"ഭദ്രയ്ക്ക് ശെരിക്കും ഇഷ്ടാണോ ദേവനെ."

"പ്രാണനാണ് എന്റെ ഭദ്രേച്ചിക്ക് ദേവേട്ടനെ... എന്തേയ് സംശയം ഉണ്ടോ ഹരിയേട്ടന്."

"ഇതുവരെ കേൾക്കാത്തിരുന്നൊരു കഥ കേട്ടപ്പോൾ എന്തോ ഒരു ബുദ്ധിമുട്ട് പോലെ..."

വീണ്ടും ഏറെ ദൂരം മുന്നോട്ട് നടന്നു രണ്ടാളും. ഗൗരി എന്തോ കാര്യമായ ചിന്തയിലാണെന്ന് തോന്നി ഹരിയ്ക്ക്.

ദേവനും ഭദ്രയും ആയിരിക്കണം ആ മനസ്സിൽ. ചുറ്റുനുമുള്ളതൊന്നും അറിയാതെ ആ പെണ്ണ് വേറേതോ ലോകത്ത് ആണെന്ന് തോന്നി അവന്.

"ഗൗരിയ്ക്ക് മറ്റൊരു ഏട്ടൻ കൂടി ഉണ്ടാരുന്നുല്ലേ..."

"മ്മ്..." ഒന്ന് മൂളിയതെ ഉള്ളു ഗൗരി... കേൾക്കാൻ ആഗ്രഹമില്ലാത്തതെന്തോ കേട്ടത് പോലെ...

"കാശിയേട്ടൻ മാത്രല്ല. ഹരിയേട്ടൻ അറിയാത്ത കുറെ പേരുണ്ടായിരുന്നു അമ്പാട്ട്..." കഴിഞ്ഞകാലത്തെ മെല്ലെ തഴുകി ഉണർത്തുകയായിരുന്നു ഗൗരിയുടെ മനസ്സ്.

                   ❤︎ ❣︎ ❤︎

ദേവന്റെ കട്ടിലിൽ ഇരുന്ന് തലയിണയിലേക്ക് നോക്കി ഇരിക്കാണ് ഭദ്ര. അതിൽ മുഖമമർത്തി കിടക്കുന്ന പ്രിയപ്പെട്ടവനെ വെറുതെ സങ്കൽപ്പിച്ചു...

ഉള്ളിൽ ആർത്തലയ്ക്കുന്നൊരു കടലുണ്ടായിരുന്നു ഇത്ര കാലം. ഇന്നിപ്പോൾ തിരകളൊക്കെ ശാന്തമാകാൻ തുടങ്ങുന്നത് പോലെ...

"ദേവേട്ടൻ വരുന്നു..." തനിയെ പറഞ്ഞൊന്നു ചിരിച്ചവൾ.

മനസ്സപ്പോഴേക്കും പഴയ പാവാടക്കാരിയിലേക്ക് ചുരുങ്ങാൻ തുടങ്ങിയിരുന്നു.

🔹🔸 🔹🔸 🔹🔸

"ഭദ്രേ..." ദേവന്റെ അലർച്ചെ കേട്ടാണ് എല്ലാവരും കുളപ്പടവിലേക്ക് ഓടി ചെന്നത്...

ദേഹമാകെ നനഞ്ഞ പെണ്ണിനെയും നെഞ്ചിൽ ചേർത്ത് പിടിച്ചു കുളത്തിൽ നിന്നും പടവുകൾ കയറി വരുന്നവനെ കണ്ടാണ് പൊതുവാളും ഭരതനും എത്തിയത്. ബോധം മറഞ്ഞു തന്റെ കയ്യിൽ കിടക്കുന്ന പെണ്ണിന്റെ പേര് ഉറക്കെ വിളിച്ചു കൊണ്ട് പടവുകളോരോന്നും കയറുമ്പോൾ കണ്ണ് നിറയുന്നുണ്ടായിരുന്നു അവന്റെ.

പൊതുവാളും ഭരതനും ദേവനും ചേർന്നാണ് ഭദ്രയെ ആശുപത്രിയിൽ എത്തിച്ചത്... ഹോസ്പിറ്റലിൽ എത്തി ഭദ്ര കണ്ണ് തുറക്കുന്നത് വരെ ദേവൻ കരച്ചിൽ തന്നെയായിരുന്നു.

ഭദ്രയ്ക്ക് ബോധം വന്ന് തിരികെ അവളുമായി വീട്ടിൽ എത്തിയതിനു ശേഷമാണ് അന്നവൻ എന്തെങ്കിലും കഴിക്കാൻ പോലും കൂട്ടാക്കിയത്.

രാമചന്ദ്രപൊതുവാളിന്റെയും മരിച്ചു പോയ പത്മിനിയുടെയും മകനായ ദേവൻ അന്ന് ഒൻപതാം ക്ലാസ്സിൽ. തനിക്ക് താഴെയുള്ള ഗൗരിയെയും കാശിനാഥനെന്ന കാശിയെയും കുഞ്ഞുങ്ങളെ പോലെ നോക്കി വളർത്തുന്ന ദേവന് അപ്പച്ചിയുടെ മക്കളെയും പ്രാണനായിരുന്നു.

പൊതുവാളിന്റെ സഹോദരി സേതുലക്ഷ്മിയ്ക്കും ഭർത്താവ് ഭരതനും രണ്ട് പെണ്മക്കളാണ്. മൂത്തത് ശ്രീഭദ്രയും ഇളയത് ശ്രീദേവിയും.

ഭദ്ര എന്റെ ദേവനുള്ളതാണെന്ന പത്മിനിയുടെ വാക്ക് കേട്ടാണ് കുഞ്ഞു ദേവൻ പിറന്നു വീണ ഭദ്രയെ കൈകളിൽ കോരി എടുക്കുന്നത് തന്നെ. അന്ന് തൊട്ടിന്ന് വരെ ആ നെഞ്ചിൽ

അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഗൗരിയെ പ്രസവിച്ചു പത്മിനി പോയതിൽ പിന്നെ കാശിയ്ക്കും ഗൗരിയ്ക്കും അച്ഛനും അമ്മയുമൊക്കെ ദേവനായിരുന്നു. 

അമ്മയില്ലാത്ത ദേവന് പിന്നെ സേതുലക്ഷ്മി ആയിരുന്നു അമ്മ. സ്വന്തം വയറ്റിൽ പിറന്നവരെ പോലെ തന്നെ അഞ്ചു പേരെയും നോക്കി വളർത്തുമ്പോൾ സേതു ലക്ഷ്മിയ്ക്കും അവർ അഞ്ചാളും തന്റെ ഉദരത്തിൽ പിറന്നതാണെന്നേ തോന്നിയിട്ടുള്ളു.

എന്നിട്ടും ഇടയ്ക്ക് വച്ചേപ്പോഴോ ദേവൻ മാത്രം ചിരിക്കാൻ മറന്നു. തന്റെ പ്രായക്കാരൊക്കെ കളിച്ചും ചിരിച്ചും നടക്കുമ്പോൾ തനിക്ക് താഴെ ഉള്ളവരെ ഊട്ടാനും ഉറക്കാനും ആയിരുന്നു അവന് തിടുക്കം.

                         🦋🦋

"ഭദ്രേ... ദേവേട്ടൻ വരുന്നുണ്ട്..." ദൂരെ നിന്നും കാശിയുടെ വിളി കേട്ടതും ഭദ്രയും ദേവുവും ഗൗരിയും കുളപ്പടവിൽ നിന്നും എണീറ്റൊരു ഓട്ടമായിരുന്നു...

പടിപ്പുര കടന്ന് വരുന്ന ദേവനെ കണ്ട് കാശി വീണ്ടും എല്ലാവർക്കും സിഗ്നൽ കൊടുത്തതും പുസ്തകം നിവർത്തി പിടിച്ച് എല്ലാവരും ഉറക്കെ വായന തുടങ്ങി.

കാല് കഴുകി ഉമ്മറത്തേക്ക് കയറുമ്പോഴേ വാനരപ്പടയുടെ വായന കേട്ട് ഒരു ചിരിയോടെയാണ് ദേവൻ അകത്തേക്ക് കയറിയത്. ഗൗരവത്തോടെ തങ്ങളെ കടന്നു പോകുന്ന ദേവനെ കണ്ട് ഒന്ന് നിശ്വസിച്ച് ശബ്ദം അൽപ്പം കുറച്ചു വായന തുടർന്നു.

"ദേവേട്ടന്റെ കയ്യിലൊരു പൊതിയുണ്ട് ഗൗരി." ദേവു മെല്ലെ ഗൗരിയ്ക്ക് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു.

"ഞാൻ പറഞ്ഞാരുന്നു വരുമ്പോൾ ചൂട് ഉഴുന്ന് വട വാങ്ങി വരണെന്ന്..." ഗൗരിയാണ്.

"ഏതായാലും പറഞ്ഞു... പറയുമ്പോൾ നല്ലത് വല്ലോം പറഞ്ഞൂടെ ഗൗരി നിനക്ക്." കാശിയുടെ ചോദ്യം കേട്ട് ഗൗരി ഒന്ന് ചിറി കോട്ടി.

"കാശി... ഭദ്രേ..." ദേവന്റെ ഉറച്ച ശബ്‍ദത്തിലുള്ള വിളി കേട്ടതും രണ്ട് പേരുമൊന്ന് ഞെട്ടിയിരുന്നു.

കാശി മുൻപിലും ഭദ്ര പിന്നിലുമായി ദേവന്റെ മുറിയിലേക്ക് ചെന്നു.

"നാളെയല്ലേ രണ്ടാൾടെയും റിസൾട്ട്‌ വരുന്നത്."

"ഉവ്വ്..." കാശിയാണ്.

"ഭദ്രയുടെ കാര്യത്തിൽ സംശയം വേണ്ട. നീയോ കാശി." ഒന്നും മിണ്ടാതെ കാശി തല കുനിച്ച് നിന്നതേ ഉള്ളു.

ഉമ്മറത്തെ ബഹളം കേട്ടാണ് ദേവൻ കാശിയോട് നിന്നിട്ട് ഭദ്രയോട് പൊക്കോളാൻ പറഞ്ഞത്.

ഉപദേശം മുഴുവൻ കേട്ട് കഴിഞ്ഞ് കാശി ഉമ്മറത്തേക്ക് തല കുടഞ്ഞു വരുമ്പോൾ എല്ലാവരുമുണ്ട്. കാശിയുടെ കയ്യിലെ പൊതി കണ്ട് ഭരതന് ചുറ്റും വട്ടമിട്ട് നടന്ന ഗൗരിയും ദേവുവും പിന്നെ കാശിയുടെ നേർക്കായി. ഉഴുന്നുവട പൊതിയിൽ പിടിച്ചു ആകെ ബഹളം.

അൽപ്പം മാറിയൊരു തൂണിൽ ചാരി അമ്മയോടൊപ്പം ഇരിക്കുന്ന ഭദ്രയിലായിരുന്നു അപ്പോഴും ദേവന്റെ കണ്ണുകൾ...

തുടരും...

അഭിപ്രായങ്ങള്‍